UPDATES

EXPLAINER: ട്രംപും ചൈനയും തമ്മിലുള്ള വ്യാപാര യുദ്ധം തുടര്‍ന്നാല്‍ ലോകത്ത് എന്തു സംഭവിക്കും?

വിപണി/സാമ്പത്തികം

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലുള്ള ഉലച്ചില്‍ ആഗോള തലത്തിലുള്ള മൊത്തം വ്യാപാരത്തെ പ്രതികൂലമായി സ്വാധീനിക്കും

ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ മേല്‍ 34 ബില്ല്യന്‍ ഡോളറിന്‍റെ (2,35,000 കോടി രൂപ) ഇറക്കുമതിക്ക് മേല്‍ അധിക നികുതി ഏര്‍പ്പെടുത്തി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിറക്കി. അമേരിക്കയ്ക്കു മേല്‍ മേല്‍ക്കൈ നേടാന്‍ ചൈന നീതിയുക്തമല്ലാത്ത വ്യാപാര സമ്പ്രദായങ്ങള്‍ പിന്തുടരുകയാണെന്നും, യുഎസ് ആഭ്യന്തര വിപണിയുടെ നല്ലൊരു ഭാഗവും കയ്യടക്കിയിരിക്കുകയാണെന്നും ട്രംപ് ഭരണകൂടം വിലയിരുത്തുന്നു. സ്റ്റീല്‍ കയറ്റുമതിക്ക് സബ്‌സിഡി നല്‍കുന്ന ചൈനയുടെ നയം അമേരിക്കയിലെ സ്റ്റീല്‍ വ്യവസായത്തിന് ഭീഷണിയാണെന്ന് ട്രംപ് പറയുന്നു. ചൈനയുമായി ഉണ്ടാക്കിയ ഉഭയകക്ഷി വ്യാപാരത്തില്‍ അമേരിക്ക നേരിടുന്ന വ്യാപാരക്കമ്മി ചൂണ്ടിക്കാണിച്ചാണ് ട്രംപ് തന്റെ വാദങ്ങള്‍ നിരത്തുന്നത്.

സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകുമോ?

സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാകുവാന്‍ തന്നെയാണ് സാധ്യത. കൂടുതല്‍ താരിഫ് പരിഷ്‌കാരങ്ങള്‍ വരുന്നുണ്ടെന്നാണ് ട്രംപ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍, 16 ബില്ല്യന്‍ ഡോളര്‍ വില വരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങളുടെമേല്‍ അമേരിക്ക കൂടുതല്‍ ബഡ്ജറ്റ് നികുതി ചുമത്തും. ചൈനയുടെ പ്രതികരണത്തെ ആശ്രയിച്ച് വീണ്ടും 500 ബില്ല്യന്‍ ഡോളര്‍ വിലവരുന്ന ചൈനീസ് ഉല്‍പ്പന്നങ്ങളുടെമേല്‍ അധിക നികുതി ചുമത്തണമോ എന്ന് ആലോചിക്കുമെന്നും ട്രംപ് പറയുന്നുണ്ട്.

ചൈനയുടെ പക്കല്‍ 1.18 ലക്ഷം കോടി രൂപയുടെ അമേരിക്കന്‍ ട്രഷറി നോട്ടുകള്‍ ഉണ്ട്. ഇത് വിദേശ രാജ്യങ്ങളുടെ കയ്യിലുള്ള അമേരിക്കന്‍ കറന്‍സിയുടെ 19%ത്തോളം വരും. അമേരിക്കന്‍ സമ്പദ് വ്യവസ്ഥയില്‍ ചൈനയ്ക്ക് വലിയ സ്വാധീനം നല്‍കുന്ന പ്രധാന ഘടകം ഇതാണ്. എന്നാല്‍ ചൈനയുടെ ഈ ഇടപെടല്‍ പലിശനിരക്ക് കുറയ്ക്കാന്‍ അമേരിക്കയെ പ്രേരിപ്പിച്ചു. അതുകൊണ്ടാണ് യുഎസ് ഭവനവളര്‍ച്ചാ നിരക്ക് കൂടിയത്. കൂടാതെ, സമ്പദ് വ്യവസ്ഥയുടെ മറ്റു മേഖലകളിലും അതിന്റെ അനുരണനങ്ങള്‍ കാണാമായിരുന്നു.

Read Also: യുഎസ് അടിച്ചു, ചൈന തിരിച്ചടിച്ചു: ലോക വ്യാപാര യുദ്ധം തുടങ്ങി

അധിക തീരുവകളില്‍ നിന്ന് എന്താണ് ട്രംപ് നേടുന്നത്?

25% അധിക താരിഫ് ചുമത്തിയതോടെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ ചെലവേറും. ഇത് യുഎസ് ഉപഭോക്താക്കളെ ചൈനീസ് ഉല്‍പ്പന്നങ്ങളില്‍ നിന്നും അകറ്റി അമേരിക്കയില്‍ ഉത്പാദിപ്പിക്കുന്നതോ മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതോ ആയ ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കും. ചൈനക്ക് ബിസിനസ് മേധാവിത്വം നഷ്ടപ്പെടുമെന്നും, തല്‍സ്ഥാനത്ത് അമേരിക്കന്‍ കമ്പനികള്‍ക്ക് കയറിക്കൂടാന്‍ കഴിയും എന്നതുമാണ് ട്രംപിന്റെ കണക്കുകൂട്ടല്‍.

യുഎസ് ടാര്‍ഗറ്റ് ചെയ്യുന്ന ചൈനീസ് ഉല്‍പ്പന്നങ്ങള്‍

മെഡിക്കല്‍ ഉപകരണങ്ങള്‍, ഫ്ലാറ്റ് സ്‌ക്രീന്‍ ടെലിവിഷനുകള്‍, ബോട്ടുകള്‍, ആണവ റിയാക്ടറുകള്‍, എയര്‍ക്രാഫ്റ്റ് ഭാഗങ്ങള്‍, കാര്‍ഷിക യന്ത്രങ്ങള്‍ തുടങ്ങിയവ നികുതി കൂട്ടുന്ന, 818 ഇനങ്ങളില്‍ ചിലതു മാത്രമാണ്.

ചൈനയുടെ പ്രതികരണം?

34 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ചൈനയും 24% തീരുവ വര്‍ധിപ്പിച്ചു. സോയാബീന്‍, പോര്‍ക്ക്, ഇലക്ട്രിക് കാറുകള്‍, കോട്ടണ്‍, ധാന്യങ്ങള്‍, പുകയില തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. ട്രംപിന്റെ വിശ്വസ്ത വോട്ടര്‍മാരായ കാര്‍ഷിക വിഭാഗങ്ങളെയും ഫാക്ടറി തൊഴിലാളികളെയുമാണ് ഇതേറ്റവും കൂടുതല്‍ ബാധിക്കുക.

യുഎസ്-ചൈന വ്യാപാരത്തിന്റെ വലുപ്പം?

ലോകത്തിലെ ഏറ്റവും വലിയ വ്യാപാര പങ്കാളികളാണ് അമേരിക്കയും ചൈനയും. കഴിഞ്ഞ വര്‍ഷം അമേരിക്ക 505.5 ബില്യണ്‍ ഡോളറിന്റെ ചൈനീസ് ഉത്പന്നങ്ങള്‍ അമേരിക്ക ഇറക്കുമതി ചെയ്തപ്പോള്‍ 129.9 ബില്യണ്‍ ഡോളറിന്റെ അമേരിക്കന്‍ ഉത്പന്നങ്ങള്‍ ചൈനയും ഇറക്കുമതിചെയ്തു. 375.6 ബില്ല്യണ്‍ ഡോളറിന്റെ വ്യാപാരക്കമ്മിയാണ് ഈ ഇടപാടില്‍ ട്രംപിനെ അസ്വസ്ഥനാക്കുന്നത്. ചൈനീസ് മൊബൈല്‍ ഫോണുകള്‍, കംപ്യൂട്ടറുകള്‍, ഗെയിമുകള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയാണ് അമേരിക്കയിലെ ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത്.

ഇത് നമ്മളെ ബാധിക്കുമോ?

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധത്തിലുള്ള ഉലച്ചില്‍ ആഗോള തലത്തിലുള്ള മൊത്തം വ്യാപാരത്തെ പ്രതികൂലമായി സ്വാധീനിക്കും. അമേരിക്കയിലേക്ക് ചൈനീസ് കയറ്റുമതി കുറഞ്ഞാല്‍ അത് ഏഷ്യന്‍ വിതരണ ശൃംഖലകളെ ഗണ്യമായി ബാധിക്കും. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് വിലകൂടും. ലോക സമ്പദ്ഘടനയുടെ ജിഡിപി വളര്‍ച്ചയില്‍ ഒരു ശതമാനത്തിന്റെ കുറവ് അനുഭവപ്പെടുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് വിലയിരുത്തുന്നു. അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയില്‍ അടുത്ത മൂന്നു വര്‍ഷത്തിനിടയില്‍ 5 ശതമാനം കുറവുണ്ടായേക്കാം എന്നാണ് വിലയിരുത്തപ്പെടുന്നത്.

Share on

മറ്റുവാർത്തകൾ