UPDATES

Explainer: വിയറ്റ്നാമിൽ അമേരിക്കൻ പ്രസിഡണ്ടിനേറ്റ തിരിച്ചടി; കൊറിയയുടെ ആണവ പദ്ധതികൾ തുടരും; യുഎസ്സിന്റെ ഉപരോധങ്ങളും

വിദേശം

തന്റെ രാജ്യത്ത് യോങ്ബിയോൺ കോംപ്ലക്സിലെ ആണവ ഗവേഷണ, നിർമാണ സംവിധാനത്തിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാമെന്ന് കിം വാഗ്ദാനം ചെയ്തു. പകരമായി അമേരിക്ക ഇപ്പോൾ തങ്ങൾക്കെതിരെ പ്രയോഗിച്ചിട്ടുള്ള എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യണം.

ഒമ്പത് മാസങ്ങൾക്കു മുമ്പാണ് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ഇതിനു മുമ്പ് ഉച്ചകോടി നടത്തിയത്. ഫലപ്രദമെന്ന് പൊതുവിൽ അംഗീകരിക്കപ്പെട്ട പ്രസ്തുത കൂടിക്കാഴ്ചയ്ക്കു ശേഷമാണ് വിയറ്റ്നാമിലെ ഉച്ചകോടി ആസൂത്രണം ചെയ്യപ്പെട്ടത്. മുൻ ഉച്ചകോടിക്കു മുമ്പുണ്ടായതു പോലത്തെ സന്ദേഹങ്ങളോ അനിശ്ചിതത്വങ്ങളോ ഇത്തവണയുണ്ടായില്ല. ട്രംപ് തന്റെ ഫോഴ്സ് വൺ വിമാനത്തിൽ വിയറ്റ്നാം തലസ്ഥാനത്തേക്ക് എത്തിച്ചേർന്നു. കിം ജോങ് ഉൻ വിയറ്റ്നാമിലെത്തിയത് പ്രത്യേകമായി സജ്ജമാക്കിയ ഒരു സായുധ ട്രെയിനിലും ലിമോസിനിലുമായാണ്. ഇന്നലെയും ഇന്നുമായി നടന്ന ഉച്ചകോടിയുടെ പ്രധാന ഉദ്ദേശ്യം ആണവായുധങ്ങളിലൂന്നിയുള്ള ചർച്ചയായിരുന്നു. വിയറ്റ്നാം തലസ്ഥാനമായ ഹാനോയിലാണ് ഉച്ചകോടി ചേർന്നത്.

കഴിഞ്ഞവർഷം ജൂൺ മാസത്തിൽ സിംഗപ്പൂരിൽ വെച്ചായിരുന്നു ഇരുവരും ഇതിനു മുൻപ് കൂടിക്കണ്ടത്. ട്രംപിന്റെ ഇടക്കിടെയുള്ള ചാഞ്ചാട്ടങ്ങൾക്കൊടുവിലാണ് ഈ ഉച്ചകോടി നടന്നത്. ഇവിടെ വെച്ചാണ് ഉത്തരകൊറിയയുടെ ആണവനിരായുധീകരണം, മിസൈല്‍ പദ്ധതികളില്‍ നിന്ന് പൂര്‍ണമായും പിന്‍വാങ്ങല്‍ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ വിയറ്റ്നാമിൽ വെച്ച് വീണ്ടുമൊരു കൂടിക്കാഴ്ച നടക്കാനുള്ള അവസരമൊരുങ്ങിയത്.

കഴിഞ്ഞദിവസം ഊഷ്മളമായ സ്വീകരണപരിപാടികൾക്കും സംഭാഷണങ്ങൾക്കും അത്താഴത്തിനുമൊടുവിൽ പിരിഞ്ഞ നേതാക്കൾ ഇന്ന് ഏറെ സംഘർഷഭരിതമായ സംവാദങ്ങൾക്കൊടുവിൽ മുൻനിശ്ചയപ്രകാരമുള്ള ഉച്ചഭക്ഷണത്തിനു പോലും നിൽക്കാതെ ഇരുവരും താന്താങ്ങളുടെ ഹോട്ടൽ മുറികളിലേക്ക് മടങ്ങിയതായാണ് പുറത്തുവരുന്ന വാര്‍ത്തകൾ പറയുന്നത്.

സിംഗപ്പൂരിൽ നടന്ന ഉച്ചകോടിയിൽ തന്നെ ഇരുനേതാക്കളും പരസ്പരം വീണ്ടും കാണുന്നതിനെപ്പറ്റി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അന്നും കാര്യമായ മുന്നേറ്റമൊന്നും യുഎസ്സിനെ സംബന്ധിച്ചിടത്തോളം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ട്രംപിന്റെ ഉഗ്യോഗസ്ഥർ പോലും ഇക്കാര്യത്തിൽ അശുഭചിന്തയുള്ളവരാണ്. ആണവപരിപാടിയിൽ നിന്നും ഏകാധിപതിയായ കിമ്മിന് മാറാനാകില്ലെന്നാണ് വൈറ്റ് ഹൗസിലെ ഉന്നതോദ്യോഗസ്ഥർ കരുതുന്നത്. എന്നാൽ ട്രംപ് വലിയ ശുഭചിന്തയാണ് ഇക്കാര്യത്തിൽ വെച്ചു പുലർത്തുന്നത്.

എന്തുകൊണ്ട് വിയറ്റ്നാമിൽ തന്നെ കൂടിക്കാഴ്ച?

വിയറ്റ്നാം യുദ്ധവും, ജനങ്ങളുടെ ചെറുത്തുനിൽപ്പിൽ യുഎസ് സൈന്യത്തിന്റെ ദയനീയമായ പിൻവാങ്ങലും ചരിത്രമാണ്. ഇതേ വിയറ്റ്നാമിലേക്ക് ഏറെക്കാലമായി തങ്ങൾ ശത്രുത പുലർത്തി വന്ന മറ്റൊരു രാഷ്ട്രത്തിന്റെ തലവനുമായി കൂടിക്കാഴ്ച നടത്താൻ യുഎസ് പ്രസിഡണ്ട് എത്തുന്നത് ലോകം മുഴുവൻ കൗതുകത്തോടെ നോക്കിക്കണ്ടു. ഒരു ശത്രുതയും എക്കാലത്തേക്കുമുള്ളതല്ല എന്ന സന്ദേശം പകരാൻ വിയറ്റ്നാമിൽ ഉച്ചകോടി നടത്താനുള്ള യുഎസ്സിന്റെയും കൊറിയയുടെ തീരുമാനത്തിനു സാധിക്കുന്നുണ്ടാകാമെന്നാണ് നീരീക്ഷണം.

എന്തൊക്കെയായിരുന്നു ട്രംപിന്റെ പ്രധാന അജണ്ട?

ചർച്ചകൾ പ്രധാനമായും ആണവനിരായുധീകരണത്തിൽ കേന്ദ്രീകരിക്കുമെന്നാണ് ലഭ്യമായ വിവരങ്ങളിൽ നിന്നും മനസ്സിലാക്കാനാകുന്നത്. കൊറിയൻ ഉപദ്വീപിനെ ആണവനിരായുധീകരിക്കുക എന്ന യുഎസ് ലക്ഷ്യത്തോട് അടുത്തും അടുക്കാതെയും നിൽക്കുകയാണ് കിം. ഇക്കാരണത്താൽ തന്നെ കൃത്യമായ സമയപദ്ധതിയോ മറ്റോ ഇല്ലാതെയുള്ള തികച്ചും പ്രാഥമികമെന്നു വിളിക്കാവുന്ന ചർച്ചകളാണ് ഉച്ചകോടിയിൽ നടക്കുക. ഈ സംവാദങ്ങളെല്ലാം നടക്കുന്നതിനിടയിലും കൊറിയ ആണവായുധങ്ങൾ നിർമിച്ചു കൊണ്ടിരിക്കുകയാണെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

എന്തൊക്കെയാണ് കൊറിയയുടെ ഉന്നം?

തങ്ങൾക്കെതിരെ യുഎസ് ചുമത്തിയിട്ടുള്ള വൻ ഉപരോധങ്ങള്‍ പിൻവലിപ്പിക്കുക എന്ന ഉദ്ദേശ്യമാണ് കിം ജോങ് ഉന്നിനുള്ളത്. എന്നാൽ കിമ്മിന്റെ ഭാഗത്തു നിന്നും, ആണവനിരായുധീകരണത്തിന്റെയും, മിസൈൽ പദ്ധതികളിൽ നിന്നും പിൻവാങ്ങലിന്റെയും കാര്യത്തിൽ വ്യക്തമായ നീക്കങ്ങൾ ഉണ്ടാകാതെ ഉപരോധങ്ങൾ പിൻവലിക്കാനാകില്ലെന്ന നിലപാടിലാണ് ട്രംപ്.

1953ൽ തുടങ്ങിയ കൊറിയൻ യുദ്ധം ഇനിയും ഔദ്യോഗികമായി അവസാനിച്ചിട്ടില്ല. ഇരുരാജ്യങ്ങളുടെയും നേതാക്കൾ തമ്മിൽ നേരത്തെ നടത്തിയ ചരിത്രപരമായ കൂടിക്കാഴ്ച ചെറുതെങ്കിലും നിർണായകമായ പുരോഗതിയുണ്ടാക്കിയിരുന്നു. കാര്യമായ മാറ്റങ്ങൾ ഇനിയും ഉണ്ടാകേണ്ടതായിട്ടാണുള്ളത്.

എന്തൊക്കെയാണ് സമാധാന ശ്രമങ്ങൾക്കുള്ള പ്രതിബന്ധങ്ങൾ?

ശക്തമായ ആണവ പദ്ധതികളും മിസൈൽ വികസന പദ്ധതികളുമെല്ലാമാണ് ഏറ്റവും പ്രാഥമികമായ പ്രശ്നമായി പൊതുവിൽ കാണുന്നതെങ്കിലും ഇത് യുഎസ് കാഴ്ചപ്പാട് മാത്രമാണ്. വേറെയും നിരവധി പ്രശ്നങ്ങൾ കൊറിയൻ ഉപദ്വീപിലുണ്ട്. അമേരിക്കൻ നഗരങ്ങളെ എരിച്ചുകളയാൻ പാങ്ങുള്ള ആണവായുധങ്ങൾ കിമ്മിന്റെ പക്കലുണ്ട്. ഭീതികളിൽ ജീവിക്കുന്ന യുഎസ് പൗരനെ അദൃശ്യമായി വേട്ടയാടുന്ന നിരവധി പ്രശ്നങ്ങളിലൊന്നാണിത്. തന്റെ ഭരണാധികാരത്തെ നിലനിർത്താൻ ആണവായുധത്തിന്റെ സാന്നിധ്യം അത്യാവശ്യമാണെന്ന് കിം കരുതുന്നു. ഇപ്പോൾ യുഎസ് പ്രസിഡണ്ട് പോലും നിരന്തരം വന്നുകാണുന്നത് ഈ ആയുധങ്ങൾ തന്റെ പക്കലുള്ളതു കൊണ്ടാണെന്ന് കിമ്മിനറിയാം.

പതിയെപ്പതിയെ ഈ മാരകായുധങ്ങളുടെ ശേഖരം കൊറിയ കുറച്ചു കൊണ്ടുവരണമെന്നാണ് യുഎസ്സിന്റെ താൽപര്യം. മേഖലയിലെ യുഎസ് സഖ്യരാജ്യങ്ങൾക്കാണ് ഇക്കാര്യത്തിൽ ഏറിയ താൽപര്യമുള്ളതെന്നും പറയാം. ഉത്തര കൊറിയ യുഎസ്സിന്റെ ഉദ്യോഗസ്ഥരെ തങ്ങളുടെ ആണവനിരായുധീകരണ പരിപാടികൾ കുറച്ചു കൊണ്ടുവരുന്നത് നേരിൽക്കണ്ട് വിലയിരുത്താൻ അവസരം നൽകണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത്.

ദക്ഷിണ കൊറിയ നടത്തിവരുന്ന ആണവ പരീക്ഷണങ്ങൾ അവസാനിപ്പിക്കണമെന്നതാണ് യുഎസ്സിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്. കഴിഞ്ഞ ഞായറാഴ്ച ഇക്കാര്യത്തിൽ കൊറിയയുടെ ഒരു പ്രഖ്യാപനം വന്നു. തങ്ങൾ ആണവ പരീക്ഷണങ്ങൾ താൽക്കാലികമായി നിർത്തി വെക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ നഗരങ്ങളെ നശിപ്പിക്കാൻ ശേഷിയുള്ള ആണവായുധങ്ങൾ കൈവശമുണ്ടായിരിക്കുക എന്നതാണ് കൊറിയയുടെ ഉന്നം. ഇത് നിലവിൽ ഏതാണ്ട് സാധിച്ചു കഴിഞ്ഞിട്ടുണ്ട്. ഇക്കാരണത്താൽ തന്നെ ഇനി വിട്ടുവീഴ്ചകൾക്ക് കിം തയ്യാറായേക്കുമെന്ന പ്രതീക്ഷ ഉച്ചകോടിക്കു മുമ്പുണ്ടായിരുന്നു.

ദക്ഷിണ കൊറിയയിലെ അമേരിക്കൻ സൈനിക സാന്നിധ്യം സംബന്ധിച്ച് ഉത്തര കൊറിയയ്ക്ക് വലിയ പരാതിയുണ്ട്. 28,000 സൈനികരാണ് ഇവിടെയുള്ളത്. എഴുപത് കൊല്ലം മുമ്പ് തുടങ്ങിയ കൊറിയൻ യുദ്ധകാലം മുതൽക്കേ ദക്ഷിണ കൊറിയയിൽ അമേരിക്കൻ സൈനികരുണ്ട്. ഈ സൈനികരുമായി ചേർന്ന് ദക്ഷിണ കൊറിയ നടത്തി വരാറുള്ള സൈനികാഭ്യാസങ്ങൾ ഉത്തര കൊറിയയെ പ്രകോപിപ്പിക്കാറുണ്ട്.

ഒരു സമാധാനക്കരാർ വടക്കും തെക്കുമുള്ള കൊറിയകൾ തമ്മിലുണ്ടാകണമെന്ന് ലോകരാജ്യങ്ങൾക്ക് ആഗ്രഹമുണ്ട്. എന്നാൽ ഇത് ഏതുവിധത്തിൽ നടപ്പാക്കുമെന്നതിൽ ആശയക്കുഴപ്പമുണ്ട്. ചൈനയും യുഎസ്സും യഥാക്രമം വടക്കും തെക്കുമായി നിൽക്കും. ഇത്തരമൊരു സമാധാനക്കരാർ നിലവിൽ വരണമെങ്കിൽ അമേരിക്കയുടെ സൈന്യത്തെ ദക്ഷിണ കൊറിയയിൽ നിന്നും നീക്കണമെന്ന് കിമ്മിന് ആവശ്യപ്പെടാം.

ഉപരോധങ്ങളാണ് കൊറിയ നേരിടുന്ന വലിയൊരി പ്രശ്നം. യുഎസ്സിന്റെ കടുത്ത ഉപരോധങ്ങൾ രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയെ വലിയ തോതിൽ ബാധിക്കുന്നുണ്ട്. ഇതിനെ മറികടക്കാനുള്ള വഴികൾ തേടിയാണ് യുഎസ് പ്രസിഡണ്ടിനെ കാണാൻ കിം തയ്യാറാകുന്നത്. ഉപരോധങ്ങൾ കിമ്മിനെ തങ്ങളുടെ വഴിക്കെത്തിക്കുമെന്നാണ് നല്ലൊരു ബിസിനസ്സുകാരൻ കൂടിയായ ട്രംപ് വിചാരിക്കുന്നത്. തന്റെ ഉദ്യോഗസ്ഥർക്കില്ലാത്ത ആത്മവിശ്വാസം ട്രംപ് പുലർത്തുന്നത് ഈ കച്ചവടബുദ്ധിയിലൂന്നിയാണ്.

എന്താണ് വിയറ്റ്നാം ഉച്ചകോടി പൊളിയാൻ കാരണമായത്?

തങ്ങൾക്കെതിരായ ഉപരോധങ്ങളിൽ ഇളവ് വരുത്താൻ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ‍് ട്രംപ് വിസമ്മതിച്ചതാണ് വിയറ്റ്നം ഉച്ചകോടി പൊളിയാൻ കാരണമായതെന്നാണ് അറിയുന്നത്. ട്രംപ് തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. ഉപരോധം പൂർണമായും നീക്കണമെന്നാണ് കിമ്മിന്റെ താൽപര്യമെന്നും അത് തനിക്ക് ചെയ്തു കൊടുക്കുക അസാധ്യമാണെന്നും പ്രസിഡണ്ട് വ്യക്തമാക്കി. ഇത്തവണത്തെ ഉച്ചകോടിയിൽ യാതൊരു പദ്ധതിയും രൂപം കൊണ്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ന് ഉച്ചകോടി അവസാനിക്കുമ്പോൾ ഇരു നേതാക്കളും ചേർന്ന് ഒരു സംയുക്ത കരാറൊപ്പിടൽ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുന്നതും പരിപാടിയിലുണ്ടായിരുന്നു. ഇതെല്ലാം ഒറ്റയടിക്ക് റദ്ദ് ചെയ്യപ്പെട്ടു. ഇരുനേതാക്കളും തങ്ങളുടെ സംഭാഷണങ്ങൾ അവസാനിപ്പിച്ച് സ്വന്തം മുറികളിലേക്ക് നീങ്ങി.

എന്തായിരുന്നു ഉപരോധം നീക്കുന്നതിന് കിമ്മിന്റെ ഓഫർ

തന്റെ രാജ്യത്ത് യോങ്ബിയോൺ കോംപ്ലക്സിലെ ആണവ ഗവേഷണ, നിർമാണ സംവിധാനത്തിന്റെ പ്രവർത്തനം പൂർണമായും അവസാനിപ്പിക്കാമെന്ന് കിം വാഗ്ദാനം ചെയ്തു. പകരമായി അമേരിക്ക ഇപ്പോൾ തങ്ങൾക്കെതിരെ പ്രയോഗിച്ചിട്ടുള്ള എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യണം. എന്നാൽ ഇതിനോട് യോജിക്കാൻ ട്രംപ് തയ്യാറായില്ല.

യോങ്ബിയോൺ കോംപ്ലക്സിലാണ് എല്ലാ യുറേനിയം, പ്ലൂട്ടോണിയം സമ്പുഷ്ടമാക്കൽ പ്രവർത്തനങ്ങളെല്ലാം നടക്കുന്നതെന്നാണ് പൊതുവിൽ അറിയപ്പെടുന്നത്. ഉത്തര കൊറിയയും ലോകത്തെ ഇങ്ങനെ വിശ്വസിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിലും സത്യത്തിൽ മറ്റ് രണ്ട് പ്ലാന്റുകൾ കൂടിയുണ്ടെന്ന് ഊഹിക്കപ്പെടുന്നുണ്ട്.

ഇത് ട്രംപിനൊരു തിരിച്ചടിയാണോ?

വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെയുമെല്ലാം അഭിപ്രായങ്ങളെ അന്ധമായി അവഗണിക്കുകയായിരുന്നു ട്രംപ് ഇതുവരെയും. കൊറിയ ഇപ്പോൾ കാണിക്കുന്ന സംവാദ മനോഭാവം അവരുടെ പ്രത്യേക സാമ്പത്തിക പരിതസ്ഥിതിയിൽ നിന്നുണ്ടായതാണെന്ന് പൊതുവിൽ അഭിപ്രായമുണ്ടായിരുന്നു. ഒരു കാരണവശാലും ആണവ നിരായുധീകരണത്തിന് കൊറിയ തയ്യാറാകില്ലെന്ന അഭിപ്രായങ്ങളെയെല്ലാം ട്രംപ് അവഗണിച്ചു. സ്വന്തം ഇഷ്ടപ്രകാരം മുമ്പോട്ടു പോയി. ഹാനോയ് ഉച്ചകോടിയിൽ വെച്ച് കിമ്മിനെ ആണവനിരായുധീകരണത്തിന് സമ്മതിപ്പിക്കുമെന്ന തരത്തിലായിരുന്നു ട്രംപിന്റെ പ്രസ്താവനകളെല്ലാം. ഒരടി പോലും മുമ്പോട്ടു നീങ്ങാതെയാണ് ട്രംപ് യുഎസ്സിലേക്ക് തിരിച്ചുപോകുന്നത്. ഇത് ചെറുതല്ലാത്ത ഒറു തിരിച്ചടി തന്നെയാണ്.

Share on

മറ്റുവാർത്തകൾ