UPDATES

EXPLAINER: തുർക്കിയുടെ സമ്പ‍ദ്‍വ്യവസ്ഥയെ അമേരിക്ക തകര്‍ക്കുന്നതെങ്ങനെ?

തുര്‍ക്കിയുടെ സമ്പ‍ദ്‍വ്യവസ്ഥ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇറക്കുമതി കൂടുന്നു. സ്വകാര്യ മേഖലയിലെ കടബാധ്യതയും, ബാങ്കുകളില്‍ വിദേശ പണവും പെരുകുന്നു. ജൂലായിൽ പണപ്പെരുപ്പ നിരക്ക് 15.9 ശതമാനത്തിലെത്തി. ഇത് മറ്റു സമ്പന്ന രാജ്യങ്ങളുടെ ശരാശരി നിരക്കിനേക്കാള്‍ അഞ്ചു മടങ്ങ് കൂടുതലാണ്.

അമേരിക്കന്‍ സമ്മര്‍ദ്ദം മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി തുർക്കിയുടെ സമ്പ‍ദ്‍വ്യവസ്ഥയെ തകര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. തുര്‍ക്കി കറന്‍സിയായ ലിറയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. ഓഹരിവിപണിയിലും നഷ്ടം തുടരുകയാണ്. എന്നാല്‍ അമേരിക്കക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും പ്രതിസന്ധികള്‍ തരണം ചെയ്യുമെന്നും പ്രഖ്യാപിച്ച് മുന്നോട്ട് പോവുകയാണ് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍. 80 ദശലക്ഷം ജനസംഖ്യയുള്ള നാറ്റോ സഖ്യകക്ഷി കൂടിയായ തുര്‍ക്കിയില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിക്കുന്നത്?

കറൻസിക്ക് എന്താണ് സംഭവിച്ചത്?
ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ ലിറയുടെ മൂല്യം കഴിഞ്ഞ ആഴ്ച മാത്രം അഞ്ചില്‍ ഒന്നായി കുറഞ്ഞു. എന്നാല്‍, ഇപ്പോഴത്തെ പ്രതിസന്ധികള്‍ തുടങ്ങുന്നതിന് മുമ്പും ലിറയുടെ പ്രകടനം വളരെ മോശമായിരുന്നു. കഴിഞ്ഞ 12 മാസത്തിനുള്ളിൽ ഏതാണ്ട് 50%-ത്തോളമാണ് മൂല്യം ഇടിഞ്ഞത്.

എന്തുകൊണ്ടാണ് ലിറയുടെ മൂല്യം ഇത്ര വേഗം ഇടിയുന്നത്?
തുര്‍ക്കിയുടെ സമ്പ‍ദ്‍വ്യവസ്ഥ നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ഇറക്കുമതി കൂടുന്നു. സ്വകാര്യ മേഖലയിലെ കടബാധ്യതയും, ബാങ്കുകളില്‍ വിദേശ പണവും പെരുകുന്നു. ജൂലായിൽ പണപ്പെരുപ്പ നിരക്ക് 15.9 ശതമാനത്തിലെത്തി. ഇത് മറ്റു സമ്പന്ന രാജ്യങ്ങളുടെ ശരാശരി നിരക്കിനേക്കാള്‍ അഞ്ചു മടങ്ങ് കൂടുതലാണ്. കൂടാതെ വിദേശത്ത് നിന്നും വായ്പ എടുക്കുന്നതും അപകടകരമാം വിധം വര്‍ധിച്ചു. വർഷങ്ങൾ നീണ്ട വളർച്ചയുടെ ഫലമായി നിർമ്മാണ മേഖല ആശങ്കയിലായത് ബാങ്കുകള്‍ക്ക് വൻതോതിലുള്ള കടബാധ്യത വരുത്തിവച്ചു.

ഇപ്പോള്‍ പ്രതിസന്ധി രൂക്ഷമാകാനുള്ള കാരണം?
രാഷ്ട്രീയ കാരണങ്ങളാല്‍ തുര്‍ക്കിയില്‍ നിന്നുള്ള അലൂമിനിയം സ്റ്റീല്‍ കയറ്റുമതിയുടെ താരിഫ് നിരക്ക് കുത്തനെ കൂട്ടുകയാണെന്ന് വെള്ളിയാഴ്ച അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. രണ്ടു വര്‍ഷമായി തുര്‍ക്കിയില്‍ തടങ്കലില്‍ കഴിയുന്ന യു.എസ് പുരോഹിതന്‍ ആന്‍ഡ്ര്യൂ ബ്രന്‍സനെ വിട്ടയക്കണമെന്ന അമേരിക്കന്‍ ഭരണകൂടത്തിന്‍റെ ആവശ്യം തുര്‍ക്കി തള്ളിക്കളഞ്ഞിരുന്നു. ഇതാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമാക്കിയത്. 2016ല്‍ തീവ്രവാദ സംഘടനകള്‍ ആസൂത്രണം ചെയ്ത് പരാജയപ്പെട്ട പട്ടാള അട്ടിമറിയില്‍ മുഖ്യ പങ്കുണ്ടെന്ന ഗുരുതരമായ ആരോപണമാണ് പുരോഹിതന്‍ നേരിടുന്നത്. എന്നാല്‍, ഈ കേസ് അമേരിക്കയിലെ മതയാഥാസ്ഥിതികര്‍ ഏറ്റെടുക്കുകയായിരുന്നു. ബ്രന്‍സനെ ഒരാഴ്ചക്കകം വിട്ടയക്കണമെന്നാണ് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നതെന്ന് തുര്‍ക്കിയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും വാഷിങ്ടൺ ഇത് സ്ഥിരീകരിച്ചിട്ടില്ല.

ഇത് തുർക്കിയുടെ ഒരു പ്രാദേശിക പ്രശ്നം മാത്രമാണോ?
ആഗോള വിപണികളുടെ പ്രതികരണം കാണുമ്പോള്‍ അങ്ങനെയല്ല തോന്നുന്നത്. യൂറോപ്യൻ വിപണികൾ ഇടിവ് രേഖപ്പെടുത്തിത്തുടങ്ങിയിരിക്കുന്നു. ഇത് നിക്ഷേപകരെ ആശങ്കയിലാക്കുന്നുണ്ട്. വെള്ളിയാഴ്ച എഫ്.ടി.എസ്.ഇ. (ഫിനാൻഷ്യൽ ടൈംസ് സ്റ്റോക്ക് എക്സ്ചേഞ്ച്) 75 പോയിന്‍റ് ഇടിഞ്ഞു. ജർമനിയുടെ ഡോക്സും 2 ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിച്ചത്.

ഐഎംഎഫ് സഹായിക്കുമോ?
വളർന്നുവരുന്ന സമ്പ‍ദ്‍വ്യവസ്ഥകളിൽ തുർക്കിയുടെ കരുതൽ ധനശേഖരം വളരെ കുറവാണെന്നാണ് ഐഎംഎഫ് കണക്കുകൂട്ടുന്നത്. എന്നാല്‍, എര്‍ദോഗന്‍ ശക്തമായ പ്രധിരോധമാണ് തീര്‍ക്കുന്നത്. നാണയപ്പെരുപ്പത്തെ പ്രതിരോധിക്കാനും വിലക്കയറ്റം തടയാനുമായി അദ്ദേഹം പലിശനിരക്കുകള്‍ ഉയർത്തുകയും, അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായം തേടുകയും ചെയ്തിരുന്നു. അതേസമയം നിലവില്‍ സ്വതന്ത്രമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന സെന്‍ട്രല്‍ ബാങ്കിനെകുറിച്ചും ആശങ്കയുണ്ട്. പ്രത്യേകിച്ച് പ്രസിഡന്റ് തന്‍റെ മരുമകനെ തന്നെ ധനകാര്യ മന്ത്രിയായി നിയമിച്ച സാഹചര്യത്തില്‍.

Share on

മറ്റുവാർത്തകൾ