UPDATES

Explainer: ട്രംപ്-മോദി കൂടിക്കാഴ്ചയ്ക്കു മുമ്പ് മൈക്ക് പോംപിയോ ഇന്ത്യയിലെത്തുന്നത് എന്തിന്?

പോംപിയോയുടെ ഈ സന്ദർശനത്തിൽ വാവെയുമായുള്ള ഇന്ത്യയുടെ സഹകരണവും ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കഴിഞ്ഞ മാർച്ച് മാസത്തിലാണ് യുഎസ് ഭരണകൂടം ഇന്ത്യയെ വ്യാപാര മുൻഗണനാ പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. ജൂലൈ അഞ്ചാം തിയ്യതിയോടെ ഇന്ത്യക്ക് നൽകിവന്ന വ്യാപാര മുൻഗണന അവസാനിച്ചു. ഇതോടെ നിരവധി ഉല്‍പന്നങ്ങൾ നികുതിയിളവോടെ യുഎസ്സിലേക്ക് കയറ്റിയയയ്ക്കാൻ ലഭിച്ചിരുന്ന അവസരത്തിന് അവസാനമായി. രണ്ടായിരത്തിലധികം ഉൽപന്നങ്ങൾക്കാണ് നികുതിയിളവ് ലഭിച്ചു വന്നിരുന്നത്. ഇതിനെതിരെ യുഎസ് കോൺഗ്രസ്സിലെ ഒരു വിഭാഗം സമ്മർദ്ദം ചെലുത്തി വന്നിരുന്നു. ട്രംപും വ്യക്തിപരമായി ഈ മുൻഗണനയോട് എതിർപ്പ് പുലർത്തി വരികയായിരുന്നു. അമേരിക്കൻ ഉൽപന്നങ്ങൾക്ക് ഇന്ത്യയിൽ‌ സമാനമായ പരിഗണന ലഭിക്കുന്നില്ലെന്നാണ് ട്രംപിന്റെ പരാതി. ഈ പ്രശ്നം കഴിഞ്ഞ മാർച്ച് മാസത്തിലാണ് ട്രംപ് ശക്തമായി ഉന്നയിച്ചു തുടങ്ങിയത്. വ്യാപാര മുൻഗണന അവസാനിപ്പിക്കുമെന്ന് യുഎസ് അന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. വികസ്വര രാജ്യങ്ങളെ ഉൾപ്പെടുത്തിയാണ് യുഎസ് മുൻഗണനാ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. 1970കള്‍ മുതൽ ഈ പട്ടിക നിലവിലുണ്ട്. പകരമായി യുഎസ്സിന്റെ ഉൽപന്നങ്ങള്‍ വിൽക്കാൻ ഈ രാജ്യങ്ങൾ വിപണി തുറന്നു കൊടുത്താൽ മതിയെന്നായിരുന്നു നിബന്ധന.

മുൻഗണനാ പട്ടികയിൽ നിന്നും ഒഴിവാക്കപ്പെട്ടതോടെ ഇന്ത്യയും പ്രതികരിച്ചു തുടങ്ങി. യുഎസ്സിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾ‌ക്ക് തീരുവ ഉയർത്തുന്ന നടപടികളിലേക്ക് ഇന്ത്യ കടന്നു. യുഎസ്സും ചൈനയും തമ്മിൽ നടക്കുന്ന വ്യാപാരയുദ്ധത്തോളം പോരില്ലെങ്കിലും ഇന്ത്യയും യുഎസ്സും തമ്മിലുള്ള വ്യാപാരനയതന്ത്രം മോശമായിരിക്കുകയാണ്. ഈ പ്രശ്നങ്ങൾക്കിടയിലാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യ സന്ദർശിക്കുന്നത്.

എന്താണ് മൈക്ക് പോംപിയോയുടെ സന്ദർശനത്തിന്റെ പ്രാധാന്യം?

ജൂൺ 28നും 29നുമായി ജപ്പാനിലെ ഒസാകയിൽ നടക്കുന്ന ജി20 ഉച്ചകോടിയിൽ വെച്ച് ട്രംപും നരേന്ദ്രമോദിയും കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതിനുള്ള നയതന്ത്ര മുന്നൊരുക്കമായിട്ടാണ് മൈക്ക് പോംപിയോയുടെ വരവിനു പിന്നിലുള്ളതെന്ന് ഊഹിക്കാവുന്നതാണ്. ജൂൺ 25 മുതൽ 27 വരെ പോംപിയോ ഇന്ത്യയിലുണ്ടാകും. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറും യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും തമ്മിലാണ് ഈ വരവിൽ ചർച്ച നടക്കുക. പോംപിയോ ഈ കൂടിക്കാഴ്ചയ്ക്കൊടുവിൽ ഒരു നയതന്ത്ര പ്രസ്താവനയും നടത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നുണ്ട്.

ഇതിനിടെ യുഎസ് വ്യവസായ സെക്രട്ടറി റോബർട്ട് ലൈറ്റ്ഹൈസറുമായി ഇന്ത്യൻ വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഒരു കൂടിക്കാഴ്ച നടത്തുമെന്നും കേൾക്കുന്നുണ്ട്. വ്യാപാര മുൻഗണന പിൻവലിച്ച യുഎസ്സിന്റെ നടപടിയിന്മേൽ ഒരു മാറ്റത്തിനായി ഇന്ത്യ ശ്രമിക്കില്ലെന്നാണ് പീയൂഷ് ഗോയൽ പറയുന്നത്.

യുഎസ്സിന്റെ കാർക്കശ്യം ഇന്ത്യയെ ബാധിക്കുന്നതെങ്ങനെ?

നികുതിയിളവോടെ രണ്ടായിരത്തിലധികം ഉൽപന്നങ്ങൾ യുഎസ്സിലെത്തിക്കാൻ ഇന്ത്യൻ വ്യവസായികൾക്ക് അവസരം ലഭിച്ചു വന്നിരുന്നതാണ്. 6.35 ബില്യൺ ഡോളറിന്റെ കയറ്റുമതികൾക്കാണ് വ്യാപാര മുൻഗണന അഥവാ ജിഎസ്പി ആനുകൂല്യം ലഭിച്ചിരുന്നത്. ഇത് ഇല്ലാതാകുന്നത് വലിയൊരു തിരിച്ചടി തന്നെയാണ്. അതെസമയം സമാനമായ കാർക്കശ്യം ഇതര രാജ്യങ്ങളോടും യുഎസ് പുലർത്തുന്നത് അവസരമാക്കി മാറ്റാനാണ് ഇന്ത്യ ശ്രമിക്കുന്നത്. ഉദാഹരണത്തിന്, ചൈനയുമായി യുഎസ് തുടരുന്ന വ്യാപാരയുദ്ധത്തിനിടയിൽ ഇന്ത്യക്ക് ചില നീക്കങ്ങൾ നടത്താനാകും. ചൈനയിലേക്ക് യുഎസ് കയറ്റുമതി ചെയ്തിരുന്ന 203 ഉൽപ്പന്നങ്ങൾ ഇന്ത്യ ലിസ്റ്റ് ചെയ്തിട്ടുണ്ട്. കൂടാതെ ചൈനയിൽ നിന്നും യുഎസ് ഇറക്കുമതി ചെയ്തു വന്നിരുന്നതും ഇപ്പോൾ പ്രതിസന്ധിയിലായിട്ടുള്ളതുമായ 531 ഉൽപ്പനങ്ങളും ഇന്ത്യ പട്ടികപ്പെടുത്തിയിട്ടുണ്ട്. ഇവയെല്ലാം രാജ്യത്തു നിന്നും ഇരുരാജ്യങ്ങളിക്കും കയറ്റി അയയ്ക്കാവുന്നതാണ്.

ചൈനയില്‍ ഇന്ത്യക്ക് എത്തിക്കാൻ കഴിയുന്ന ഉൽപ്പന്നങ്ങളുടെ ഉൽപാദനം രാജ്യത്ത് കൂടുതൽ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ എടുക്കുമെന്നാണ് അറിയുന്നത്.

പോംപിയോയുടെ സന്ദർശനത്തിന് പശ്ചാത്തലമാകുന്ന മറ്റു വിഷയങ്ങൾ?

യുഎസ്സിന്റെ H-1B വിസ പ്രോഗ്രാമിൽ വരുത്തുമെന്ന് കരുതപ്പെടുന്ന നിയന്ത്രണങ്ങളാണ് മറ്റൊരു വിഷയം. വിദേശകമ്പനികൾ രാജ്യത്തു നിന്നും ശേഖരിക്കുന്ന ഡാറ്റ രാജ്യത്തു തന്നെ ശേഖരിച്ചു വെക്കണമെന്ന ഇന്ത്യയുടെ നയം അമേരിക്കയ്ക്ക് അംഗീകരിക്കാൻ കഴിയുന്നില്ല. ഇന്ത്യൻ ടെക്നോളജി കമ്പനികളില്‍ ജോലി ചെയ്യാനായി പോകുന്ന ഇന്ത്യാക്കാരാണ് H-1B വിസയുടെ ഉപയോക്താക്കൾ. യുഎസ് നികുതി ഉയർത്തുന്നതിന് ആനുപാതികമായി ഇന്ത്യയും നികുതികളിൽ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു നാളുകളായി ഇത് തുടർന്നു വരുന്നു. H-1B വിസയിന്മേൽ യുഎസ് വരുത്തുന്ന നിയന്ത്രണം ഇന്ത്യൻ സാങ്കേതിക സ്ഥാപനങ്ങൾക്ക് വലിയ തിരിച്ചടി തന്നെയായിരിക്കും.

എന്താണ് ഈ പ്രശ്നങ്ങളിൽ ഇരു രാജ്യങ്ങൾക്കും പറയാനുള്ളത്?

തങ്ങൾ പ്രശ്ന പരിഹാരത്തിനായി ആത്മാര്‍ത്ഥമായി ശ്രമിക്കുന്നതായി ഇന്ത്യ പറയുന്നു. എന്നാൽ, ഒരു വികസ്വര രാജ്യമെന്ന നിലയിൽ തങ്ങളുടെ ജനങ്ങളുടെ താൽപര്യം വിട്ടുവീഴ്ച ചെയ്യാൻ കഴിയില്ലെന്നും ഇന്ത്യ നിലപാടെടുത്തിരിക്കുന്നു. വേണ്ട സമയത്ത് ഈ പ്രശ്നങ്ങളെല്ലാം ചർച്ച ചെയ്യപ്പെടുമെന്ന പ്രതീക്ഷയും ഇന്ത്യൻ ഉദ്യോഗസ്ഥർക്കുണ്ട്. ഇത്തരം പ്രശ്നങ്ങൾ രണ്ട് രാജ്യങ്ങളും തമ്മിലുള്ള പൊതു ഐക്യത്തെ ഇല്ലാതാക്കരുതെന്ന താൽപര്യവും ഇന്ത്യ മുമ്പോട്ടു വെക്കുന്നു.

രണ്ട് രാജ്യങ്ങളുടെ തമ്മിലുള്ള വ്യാപാരബന്ധം വളരെ മോശമായിക്കൊണ്ടിരിക്കുകയാണെന്ന വസ്തുത യുഎസ് വിദേശകാര്യ മന്ത്രാലയം സമ്മതിക്കുന്നു. രണ്ടു കൂട്ടർക്കും വ്യാപാരം ഒരു നഷ്ടക്കച്ചവടമല്ലാതെ നോക്കാൻ കഴിയുന്ന നേതാക്കൾ തങ്ങൾക്കുണ്ടെന്നാണ് വാഷിങ്ടണിലെ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിലെ റിച്ചാർഡ് റോസ്സോ പറയുന്നത്.

റഷ്യയുമായുള്ള ഇന്ത്യയുടെ ബന്ധം അമേരിക്കയുടെ ബാധിക്കുന്നതെങ്ങനെ?

ആയുധ ഇറക്കുമതിയിൽ ഇന്ത്യ ഏറ്റവുമധികം ആശ്രയിക്കുന്നത് റഷ്യയെയാണ്. 2014-18 കാലയളവിൽ ഇന്ത്യയുടെ ആയുധ ഇറക്കുമതിയുടെ 58 ശതമാനവും റഷ്യയിൽ നിന്നായിരുന്നു. യുഎസ്എസ്ആർ നിലവിലുള്ള കാലത്തേയുള്ളതാണ് ഇന്ത്യയും റഷ്യയും തമ്മിലുള്ള ആയുധവ്യാപാര ബന്ധം. ഇസ്രായേൽ. യുഎസ് എന്നിവയാണ് ആയുധങ്ങൾക്കായി ഇന്ത്യ ആശ്രയിക്കുന്ന മറ്റു രണ്ട് രാജ്യങ്ങൾ. പക്ഷെ ഇറക്കുമതി താരതമ്യേന കുറവാണ് ഇവിടങ്ങളിൽ നിന്ന്.

2018ൽ റഷ്യയിൽ നിന്നും എസ് 400 ട്രയംഫ് മിസ്സൈൽ ഇന്ത്യ വാങ്ങിയത് അമേരിക്കയുടെ ഉപരോധ ഭീഷണി തള്ളിക്കളഞ്ഞാണ്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചയ്‌ക്കൊടുവിലാണ് കരാറില്‍ ധാരണായത്. 39,000 കോടി രൂപയുടെ കരാറായിരുന്നു ഇത്. റാഫേലിന് ശേഷമുള്ള ഏറ്റവും വലിയ ആയുധ ഇടപാടിനാണ് റഷ്യയും ഇന്ത്യയും ഒപ്പു വെച്ചത്. ഈ നീക്കം അമേരിക്കയെ അതൃപ്തരാക്കിയിരുന്നു.

എന്താണ് ഇന്ത്യന്‍-യുഎസ് വ്യവസായികൾക്ക് പറയാനുള്ളത്?

ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായതോടെ ഇടയിൽ കുടുങ്ങിയത് ബിസിനസ്സുകാരാണ്. പോംപിയോയുടെ ഇന്ത്യാ സന്ദർശനത്തിൽ ‘യുഎസ് ഇന്ത്യ ബിസിനസ് കൗൺസിൽ’ സന്തോഷം പ്രകടിപ്പിക്കുന്നതും ഇക്കാരണത്താലാണ്. രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബിസിനസ്സ് പ്രശ്നങ്ങൾ പറഞ്ഞു തീർക്കാൻ പോംപിയോയുടെ സന്ദർശനത്തിന് കഴിയണമെന്ന് അവർ ആഗ്രഹിക്കുന്നു. തീരുവകൾ ഉയർത്തിക്കൊണ്ടിരിക്കുന്നതും, നിർബന്ധിത ഡാറ്റാ ദേശസാൽക്കരണവുമെല്ലാം ഉപഭോക്താക്കളെയാണ് ആത്യന്തികമായി ദോഷകരമായി ബാധിക്കുക എന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. വിട്ടുവീഴ്ചകൾക്ക് ഇരുകൂട്ടരും തയ്യാറാകണം.

വാവെയും 5ജി പങ്കാളിത്തവും ചർച്ചയാകുമോ?

ചൈനീസ് കമ്പനിയായ വാവെയെ രാജ്യത്തെ 5ജി സംവിധാനം നടപ്പിലാക്കാനുള്ള സാങ്കേതിക സഹകരണത്തിൽ ഉൾപ്പെടുത്തരുതെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. അമേരിക്കയിൽ നിന്നും വാങ്ങുന്ന ഉൽപ്പന്നങ്ങൾ വാവേക്ക് കൈമാറരുതെന്നും അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. മേയ് 27 ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന് അയച്ച കത്തിലാണ് യുഎസ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.ചൈനീസ് രജിസ്ട്രേഷനുളള 35 കമ്പനികള്‍ ഉള്‍പ്പടെ വാവെയുടെ ശ്രീലങ്ക, പാകിസ്ഥാന്‍, ഹോങ്കോംഗ് എന്നീ രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്കും ഘടകങ്ങള്‍ യാതൊരു കാരണവശാലും കൈമാറരുതെന്നാണ് കത്തിലെ ഉളളടക്കം.

രാജ്യത്തെ അഞ്ചാംതലമുറ ടെലികോം ശൃംഖല ശക്തമാക്കുന്നതിന് വാവെയുടെ സഹായം റഷ്യ അടക്കമുള്ള നിരവധി രാജ്യങ്ങൾ തേടിയിട്ടുണ്ട്. മുപ്പതോളം രാജ്യങ്ങൾ ഈ ചൈനീസ് കമ്പനിയിൽ വിശ്വാസമർപ്പിച്ചിട്ടുണ്ടെന്നാണ് വിവരം. ചൈനയും റഷ്യയും ഈ നീക്കം തുടർന്നാൽ ഇന്റർനെറ്റിൽ തങ്ങൾക്കുള്ള ആധിപത്യം നഷ്ടമാകുമെന്ന് അമേരിക്കൻ കമ്പനികൾ പലതും കരുതുന്നുണ്ട്. ഗൂഗിൾ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന അഭിപ്രായവും ഉയരുന്നുണ്ട്. ഗൂഗിൾ പോലും വലിയ ആശങ്കയിലാണ് ഇപ്പോഴുള്ളത്. വലിയ വിലക്കുകൾ ഗൂഗിളിനും പ്ലേസ്റ്റോറിനുമെല്ലാം ട്രംപ് ഏർപ്പെടുത്തിക്കഴിഞ്ഞു.

വാവെ ടെലികോം മേഖലയിൽ നേടിയിട്ടുള്ള വളർച്ച മറ്റധികം കമ്പനികൾക്കില്ല. 5ജി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ ഇന്ന് ലോകത്തിൽ വിശ്വസിച്ച് സമീപിക്കാവുന്ന മറ്റ് കമ്പനികൾ കുറവാണ്. ഇതിലാണ് ഇന്ത്യ കുടുങ്ങിയിരിക്കുന്നത്. വാവെയെ കൂടെ ചേർക്കണോ എന്ന കാര്യത്തിൽ ഇന്ത്യ ഇനിയും തീരുമാനമെടുത്തിട്ടില്ല.

പോംപിയോയുടെ ഈ സന്ദർശനത്തിൽ വാവെയുമായുള്ള ഇന്ത്യയുടെ സഹകരണവും ചർച്ചയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Share on

മറ്റുവാർത്തകൾ