UPDATES

Explainer: യുഎസ്, താലിബാൻ, സർക്കാർ, ഗോത്രനേതാക്കൾ, ഇടയിൽക്കുടുങ്ങിയ ജനത: ചർച്ചകളിൽ നിന്നുള്ള അമേരിക്കൻ പിന്മാറ്റം നൽകുന്ന സൂചനകൾ

വിദേശം

യുഎസ്സിന്റെ ചർച്ചകളിൽ നിന്നുള്ള പിന്മാറ്റം മേഖലയിൽ‌ അസ്ഥിരത വർധിപ്പിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് പാശ്ചാത്യരാജ്യങ്ങൾക്കു നേരെ ഇസ്ലാമിക് തീവ്രവാദ സംഘങ്ങളുടെ ആക്രമണം വർ‌ധിപ്പിക്കുമെന്ന ഭീതിയും നിലവിലുണ്ട്.

2016ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഡോണൾഡ് ട്രംപ് നടത്തിയ പ്രഖ്യാപനമാണ് യുഎസ്സിന്റെ അഫ്ഗാനിസ്ഥാനിലെ യുദ്ധം അവസാനിപ്പിക്കുമെന്നത്. എന്നാൽ അധികാരത്തിലെത്തി അധികം താമസിക്കാതെ ഈ നയത്തിൽ നിന്ന് ട്രംപ് പിന്മാറി. അഫ്ഗാനിലെ സൈനിക ഇടപെടൽ വർധിപ്പിക്കാനാണ് ട്രംപ് 2017 ഓഗസ്റ്റ് മാസത്തിൽ ട്രംപ് തീരുമാനിച്ചത്. തുറന്ന യുദ്ധപ്രഖ്യാപനവും അദ്ദേഹം നടത്തി. അഫ്ഗാനിസ്ഥാനിലെ യുഎസ് ഇടപെടല്‍ പാഴ്ച്ചെലവാണെന്ന് തിരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പറഞ്ഞ ട്രംപിന്റെ ഈ മലക്കംമറിച്ചിൽ ഏവരെയും അത്ഭുതപ്പെടുത്തി.

സഹജാവബോധത്തിനനുസരിച്ച് തീരുമാനം എടുക്കുന്ന ആളാണ് താനെന്നും എന്നാല്‍ ഓവല്‍ ഓഫീസിലെ മേശയ്ക്ക് പിന്നില്‍ ഇരിക്കുമ്പോള്‍ തീരുമാനങ്ങള്‍ വളരെ വ്യത്യസ്തമാകാറുണ്ട് എന്നതാണ് സത്യമെന്നും ട്രംപ് പറയുന്നു. അഫ്ഗാനിസ്ഥാനെ കുറിച്ച് മനസിലാക്കാവുന്ന എല്ലാ കോണുകളില്‍ നിന്നും കൂടുതല്‍ പഠിച്ചതിനെ തുടര്‍ന്നാണ് മുന്‍നിലപാടില്‍ മാറ്റം വരുത്തിയതെന്ന് അന്ന് അദ്ദേഹം തന്റെ ഭാഗം വിശദീകരിച്ചു. 1972ല്‍ കാബൂളിലെ തെരുവിലൂടെ പാശ്ചാത്യ വസ്ത്രം ധരിച്ചു നീങ്ങുന്ന സ്ത്രീകളുടെ ചിത്രം കാണിച്ച് ട്രംപിനെ അദ്ദേഹത്തിന്റെ സുരക്ഷാ ഉപദേഷ്ടാവ് എച്ച്ആര്‍ മക്മാസ്റ്റർ സ്വാധീനിച്ചുവെന്ന് അന്ന് റിപ്പോർട്ടുകൾ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ പാശ്ചാത്യസംസ്‌കാരം എത്രമാത്രം പുഷ്‌കലമായിരുന്നുവെന്നും അക്കാലം മടക്കിക്കൊണ്ടുവരാന്‍ സാധിക്കുമെന്നും ട്രംപിനെ ബോധ്യപ്പെടുത്താന്‍ മക്മാസ്റ്റർക്ക് സാധിച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ.

‘കമ്മ്യൂണിസ്റ്റ് ആധിപത്യം’ ഇല്ലാതാക്കാൻ അഫ്ഗാനിസ്ഥാനിൽ തങ്ങൾ നടത്തിയ ഇടപെടലുകളെക്കുറിച്ച് വേണ്ടത്ര ചരിത്രധാരണ ട്രംപിനുണ്ടാകാനിടയില്ല. കമ്മ്യൂണിസ്റ്റുകാർക്കെതിരെ മതാധികാരത്തിന് അർത്ഥവും ആയുധവും നൽകി വളർത്തിയത് അമേരിക്കയാണ്. മൗദൂദി, വഹാബി, ജലാലുദ്ദീൻ അഫ്ഗാനി ആശയധാരകൾക്ക് പടരാൻ വേണ്ട വളം യുഎസ് വെച്ചുകൊടുത്തു. അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് ഇടപെടൽ 1992ൽ അവസാനിക്കുമ്പോഴേക്ക് താലിബാനിസം വളർന്നു തെഴുത്തിരുന്നു. ബലൂചിസ്താനിലെ അസ്വാരസ്യങ്ങൾ മുതലെടുത്ത് സോവിയറ്റ് യൂണിയൻ അങ്ങോട്ട് കയറുമോയെന്ന ഭീതിയുണ്ടായിരുന്ന പാകിസ്താൻ മുഖാന്തിരം യുഎസ്സും സൗദി അറേബ്യയും വൻതോതിൽ ഫണ്ടിറക്കി. 1980കളിൽ ഏതാണ്ട് ഒരു ലക്ഷത്തോളം അഫ്ഗാനികളെ പാകിസ്താൻ ചാരസംഘടനയായ ഐഎസ്ഐ പരിശീലനം നൽകി സജ്ജരാക്കി.

സോവിയറ്റ് യൂണിയൻ‌ അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങിയതിനു ശേഷം രാഷ്ട്രീയ അപ്രമാദിത്യം നേടിയ താലിബാനിൽ ഒരു ഘട്ടത്തിൽ ലോകം വിശ്വാസം പുലർത്തുക വരെയുണ്ടായി. പിന്നീടാണ് അഫ്ഗാനി ജനതയെ ഭീതിക്കു കീഴീൽ അണിനിരത്താൻ ശ്രമിക്കുന്ന ഒരു അക്രമി സംഘമെന്ന അതിന്റെ യഥാർത്ഥ മുഖം പുറത്തു വന്നത്.

എന്താണ് അമേരിക്കയുടെ ഇപ്പോഴത്തെ താല്‍പര്യം?

അഫ്ഗാനിസ്ഥാനിൽ നിന്ന് സഖ്യസേനയെ പിൻവലിക്കുകയെന്ന തന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം നിറവേറ്റാനുള്ള ശ്രമത്തിലാണ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ഇപ്പോൾ. 2019 ജനുവരി 28ന് ദോഹയിൽ വെച്ച് യുഎസ്സും താലിബാനും ചർച്ച നടത്തുകയുണ്ടായി. ഈ ചർച്ചയ്ക്ക് തുടർച്ചയുമുണ്ടായി. എന്നാൽ സ്ഥിതിഗതികൾ ഏറെ സങ്കീർണമാണ് ഇപ്പോഴും.

എന്താണ് അഫ്ഗാനിസ്ഥാന്റെ ഇപ്പോഴത്തെ സ്ഥിതി?

യുഎസ് സൈന്യം പിൻവാങ്ങുകയാണെങ്കിൽ ഔദ്യോഗിക സൈന്യത്തിന് എന്ത് ചെയ്യാനാകുമെന്ന ചോദ്യം അവശേഷിക്കുന്നു. ഒട്ടും ശക്തമല്ലാത്ത ഔദ്യോഗിക സൈന്യത്തെക്കൊണ്ട് കാര്യമായൊന്നിനും സാധിക്കില്ല. അഷ്റഫ് ഘനിയുടെ സർക്കാര്‍ നിസ്സംഗത പുലർത്തുന്നുവെന്ന വിമർശനവും നിലനിൽക്കുന്നു. പല താൽപര്യങ്ങളുള്ള ഗോത്രവർഗങ്ങൾ അങ്ങോട്ടുമിങ്ങോട്ടും തൊടാനാകാത്ത നിലപാടുകളിലാണ്. ഇതിനെല്ലാം പുറമെയാണ് അഫ്ഗാനിസ്ഥാനിൽ പല താൽപര്യങ്ങൾ വെച്ചുപുലർത്തുന്ന ലോകരാജ്യങ്ങൾ‌. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അഫ്ഗാനിസ്ഥാനിൽ പലവിധ താൽപര്യങ്ങളുണ്ട്. ഇതെല്ലാം നിസ്സഹായരായ അവിടുത്തെ ജനങ്ങൾക്ക് അനുകൂലമാകണമെന്നില്ല. രാജ്യത്തിന്റെ പകുതിയിലധികം താലിബാന്റെ കൈവശം തന്നെയാണ് ഇപ്പോഴുമുള്ളത്. അമേരിക്കയുടെ ഇപ്പോഴത്തെ പിന്മാറ്റ താൽപര്യം ആ രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളി വിട്ടതിനു ശേഷമാണ് നടക്കുന്നത്.

എന്താണ് യുഎസ്-താലിബാൻ ചർച്ചകളുടെ അജണ്ട?

അഫ്ഗാൻ മേഖലയെ മറ്റൊരു കക്ഷി തങ്ങളുടെ താൽപര്യത്തിനു വേണ്ടി ഉപയോഗിക്കരുതെന്നതാണ് അമേരിക്കയുടെയും സഖ്യകക്ഷികളുടെയും പ്രധാന താൽപര്യം. ചൈനയും ഇന്ത്യയും റഷ്യയുമെല്ലാം താന്താങ്ങളുടെ താൽപര്യങ്ങളുമായി രംഗത്തുണ്ട്. സാധാരണമായ വ്യാപാര നീക്കങ്ങളും മറ്റുമല്ലാതെ വലിയ സ്വാധീനങ്ങൾക്ക് വഴിപ്പെടുന്ന തരത്തിലുള്ള ബന്ധം ഈ രാജ്യങ്ങളുമായി ഉണ്ടാകാതിരിക്കുക എന്നത് യുഎസ്സിന്റെയും സഖ്യകക്ഷികളുടെയും താൽപര്യമാണ്. ചർച്ചയിൽ ഇതൊരു പ്രധാന അജണ്ടയാണ്.

അഫ്ഗാൻ പ്രദേശത്തു നിന്നും വിദേശ സൈനികരെ പിൻവലിക്കലാണ് മറ്റൊരു അജണ്ട. സമഗ്ര വെടി നിർത്തൽ, അഫ്ഗാനിലെ വിവിധ ഗോത്രങ്ങളും താലിബാനും അഫ്ഗാൻ സർക്കാരും തമ്മിൽ നടക്കേണ്ട തുടർ ചർച്ചകൾ തുടങ്ങിയവയാണ് യുഎസ്-താലിബാൻ ചർച്ചാ പരമ്പരകളുടെ മറ്റൊരു അജണ്ട.

എന്താണ് യുഎസ്-താലിബാൻ ചർച്ചകളുടെ പുരോഗതി?

ഒമ്പത് ഘട്ടങ്ങളിലായി ചർച്ചകൾ നടന്നു കഴിഞ്ഞു ഇതുവരെ. ഓഗസ്റ്റ് മാസത്തിൽ നടന്ന എട്ടാംറൗണ്ട് ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടെന്ന സന്ദേശമാണ് പുറത്തു വന്നത്. ഖത്തറിന്റെ മധ്യസ്ഥതയിലായിരുന്നു ചർച്ച. അടുത്ത ഈദിന് യുഎസ് സൈന്യം അഫ്ഗാനിസ്ഥാനിലുണ്ടാകില്ലെന്നാണ് അമേരിക്ക നിയോഗിച്ച സമാധാന ദൂതൻ സൽമെയ് ഖലിൽസാദ് പറഞ്ഞത്. സൈന്യത്തെ പിൻവലിക്കുന്നതിന്റെ സമയക്രമത്തിൽ മാത്രമാണ് അഭിപ്രായൈക്യം വരാത്തതെന്നും അദ്ദേഹം അന്ന് പറയുകയുണ്ടായി.

എന്താണ് യുഎസ്-താലിബാൻ ചർച്ചയിലെ ഇപ്പോഴത്തെ പ്രശ്നങ്ങൾ?

താലിബാൻ നേതാക്കളുമായും അഫ്ഗാനിസ്ഥാൻ പ്രസിഡണ്ടുമായും അടച്ചിട്ട മുറിയിൽ ചർച്ച നടത്താന്‍ ട്രംപ് തീരുമാനിച്ചിരുന്നതാണ്. എന്നാൽ കാബൂളിൽ നടന്ന ഒരു കാർ ബോംബ് സ്ഫോടനത്തിന്റെ ഉത്തരവാദിത്വം താലിബാൻ ഏറ്റെടുത്തതോടെ ട്രംപ് ചർച്ചയിൽ നിന്നും പിൻവാങ്ങി. ഗൗരവപ്പെട്ട ഒരു ചർച്ച നടക്കുന്നതിനിടയിൽപ്പോലും അക്രമം നിർത്തിവെക്കാൻ താലിബാന് സാധിക്കില്ലെങ്കിൽ ചർച്ചയുടെ ഫലത്തെക്കുറിച്ച് സംശയമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അമേരിക്കയുടെ പിന്മാറ്റം. വ്യാഴാഴ്ചയാണ് അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ താലിബാൻ ആക്രമണം നടത്തിയത്. അതീവസുരക്ഷാ മേഖലയായ ഷഷ്ദരാക്കിലെ ചെക്ക്‌പോസ്റ്റിനെ ലക്ഷ്യമിട്ടായിരുന്നു കാര്‍ ബോംബ് സ്‌ഫോടനം. വിവിധ രാജ്യങ്ങളുടെ നയതന്ത്ര കാര്യാലയങ്ങളും അഫ്ഗാൻ രഹസ്യാന്വേഷണ വിഭാഗമായ നാഷണൽ സെക്യൂരിറ്റി ഡയറക്ടറേറ്റും ഉൾപ്പെടെ നിരവധി പ്രധാന സമുച്ചയങ്ങളും ഇവിടെയുണ്ട്. ഈ വർഷം മാത്രം അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ട യുഎസ് സൈനികരുടെ എണ്ണം ഇതുവരെ 16 കടന്നു.

ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാൻ ഏറ്റെടുക്കുന്നതായി അവരുടെ വക്താവ് സാബിഹുള്ള മുജാഹിദ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്. അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്ക സൈനികരെ പിൻവലിക്കാൻ തയ്യാറായാല്‍ മേഖലയിലെ ഭീകരപ്രവർത്തനങ്ങള്‍ അവസാനിപ്പിക്കാമെന്നായിരുന്നു താലിബാനുമായുള്ള സമാധാന ഉടമ്പടി.

എന്താണ് താലിബാന്റെ പ്രതികരണം?

ഈ പിൻവാങ്ങൽ നഷ്ടമുണ്ടാക്കുക അമേരിക്കക്കായിരിക്കുമെന്നാണ് താലിബാൻ പ്രതികരിച്ചത്. ട്രംപിന്റെ നീക്കം സമാധാന വിരുദ്ധ നടപടിയാണെന്നും താലിബാൻ വിശദീകരിച്ചു.

അതെസമയം അഫ്ഗാനിസ്ഥാനിലെ തങ്ങളുടെ ദൂതനെ അമേരിക്ക തിരിച്ചു വിളിക്കുകയും ചെയ്തിട്ടുണ്ട്. കാര്യങ്ങൾ കൂടുചൽ വഷളാകാൻ പോകുകയാണെന്നാണ് യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പ്രതികരിച്ചത്. കാർബോംബ് ആക്രമണത്തിൽ ഒരു യുഎസ് സൈനികനും കൊല്ലപ്പെട്ടിട്ടുണ്ട്.

എന്താണ് ഇനി അഫ്ഗാനിസ്ഥാന്റെ ഭാവി?

യുഎസ്സിന്റെ ചർച്ചകളിൽ നിന്നുള്ള പിന്മാറ്റം മേഖലയിൽ‌ അസ്ഥിരത വർധിപ്പിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇത് പാശ്ചാത്യരാജ്യങ്ങൾക്കു നേരെ ഇസ്ലാമിക് തീവ്രവാദ സംഘങ്ങളുടെ ആക്രമണം വർ‌ധിപ്പിക്കുമെന്ന ഭീതിയും നിലവിലുണ്ട്. 2001ൽ യുഎസ് കടന്നു ചെല്ലുമ്പോൾ താലിബാന്റെ കൈവശമുണ്ടായിരുന്നതിനെക്കാൾ പ്രദേശം ഇപ്പോൾ അവരുടെ കീഴിലുണ്ട്.

സൈന്യത്തിന്റെ പിന്മാറ്റം താലിബാന്റെ ശക്തമായ തിരിച്ചുവരവിനും മനുഷ്യാവകാശ ലംഘനങ്ങൾ കൂടുതൽ ശക്തമാകുന്നതിനും കാരണമാകുമെന്ന് ചിലർ ഭയപ്പെടുന്നു. 1996നും 2001നും ഇടയിൽ താലിബാൻ ഭരണകാലത്ത് സ്ത്രീകൾക്കെതിരെ നടന്ന ആക്രമണങ്ങളെ ഭീതിയോടെയാണ് ജനം ഓർക്കുന്നത്.

ഒരു യുഎസ് സൈനികൻ കൊല്ലപ്പെട്ടതിന് സമാധാന ചർച്ച അവസാനിപ്പിക്കുന്നതിനെ ചോദ്യം ചെയ്യുന്നവരുമുണ്ട്. ഇക്കാലമത്രയും അഫ്ഗാനികളുടെ ജീവനുകൾ ഏറെ നഷ്ടമായിട്ടുണ്ട്. ഏറ്റവുമൊടുവിലത്തെ ആക്രമണത്തിലും കൊല്ലപ്പെട്ടത് ഭൂരിഭാഗവും അഫ്ഗാനികൾ തന്നെയാണ്. അഫ്ഗാനികളുടെ ജീവൻ ഇത്രയും വിലകെട്ടതാണോയെന്നാണ് ചോദ്യം.

Share on

മറ്റുവാർത്തകൾ