UPDATES

Explainer: എന്താണ് വിവിപാറ്റ്? തിരഞ്ഞെടുപ്പ് ഫലം ഒരാഴ്ച വൈകിയാലും വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണം എന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നത് എന്തുകൊണ്ട്‌?

ഇന്ന് ഇക്കാര്യത്തിലുള്ള തീരുമാനം സുപ്രീം കോടതി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്

ലോക്‌സഭ തിരഞ്ഞെടുപ്പിന് ഇക്കുറി ആദ്യമായി രാജ്യത്തെ എല്ലാ പോളിംഗ് ബൂത്തുകളിലും
വിവിപാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയില്‍) സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നത് പ്രായോഗികമായി ബുദ്ധിമുട്ടുള്ള കാര്യമാണെന്നും തിരഞ്ഞെടുപ്പ് ഫലം വൈകാന്‍ കുറഞ്ഞത് ആറ് ദിവസമെങ്കിലും വൈകുമെന്നുമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്. എന്നാല്‍ ഇതിനെതിരെ 21 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചു. ഫലം വരാന്‍ വൈകിയാലും കുഴപ്പമില്ല, 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണണം എന്നാണ് പ്രതിപക്ഷം ഉറച്ചുനില്‍ക്കുന്ന നിലപാട്. ഇന്ന് ഇക്കാര്യത്തിലുള്ള തീരുമാനം സുപ്രീം കോടതി പറയും. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ഇലക്ട്രോണിംഗ് വോട്ടിംഗ് മെഷിനുകളിലെ ക്രമക്കേടുകളും തകരാറുകളും സംബന്ധിച്ച് വ്യാപക പരാതികളാണ് 2014ല്‍ നരേന്ദ്ര മോദിയുടെ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഉയര്‍ന്നുവന്നത്. രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും ഉപതിരഞ്ഞെടുപ്പുകളിലുമെല്ലാം വോട്ടിംഗ് യന്ത്രങ്ങള്‍ സംബന്ധിച്ച് വലിയ തോതില്‍ പരാതി ഉയര്‍ന്നു. വോട്ടിംഗ് യന്ത്രങ്ങള്‍ മാറ്റി ബാലറ്റ് തിരിച്ചുകൊണ്ടുവരണം എന്ന ആവശ്യമുയര്‍ന്നു. ആം ആദ്മി പാര്‍ട്ടി അടക്കമുള്ള പാര്‍ട്ടികള്‍, വോട്ടിംഗ് യന്ത്രത്തില്‍ ക്രമക്കേട് നടത്താന്‍ കഴിയുമെന്ന വാദം ഏറ്റവും ശക്തമായി ഉയര്‍ത്തിയിരുന്നു. എന്നാല്‍ വോട്ടിംഗ് മെഷിനുകളില്‍ തിരിമറി നടത്താനാവില്ല എന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടിംഗ് യന്ത്രങ്ങളില്‍ ക്രമക്കേട് നടത്താന്‍ കഴിയുമെന്ന് തെളിയിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്നു.

അതേസമയം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തെ എല്ലാ പോളിംഗ് ബുത്തുകളിലും വിവിപാറ്റ് ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിരുന്നു. വിവിപാറ്റുകള്‍ എണ്ണണമെന്ന ഹര്‍ജിയെ എതിര്‍ത്ത തിരഞ്ഞെടുപ്പ് കമ്മീഷനെ കഴിഞ്ഞ മാസം സുപ്രീം കോടതി വിമര്‍ശിച്ചിരുന്നു. സുതാര്യത ഉറപ്പാക്കാനായി ഒരു ലോക് സഭ മണ്ഡലത്തില്‍ വരുന്ന ഒരു നിയമസഭ മണ്ഡലത്തിലെ ഒരു ബൂത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ മാത്രം എണ്ണിയാല്‍ മതി എന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടിനെ കോടതി വിമര്‍ശിച്ചിരുന്നു. രാജ്യത്ത് ആകെയുള്ള 13.5 ലക്ഷം വോട്ടിംഗ് യന്ത്രങ്ങളില്‍ 50 ശതമാനത്തിന്റെ വിവിപാറ്റ് സ്ലീപ്പുകള്‍ എണ്ണി തിട്ടപ്പെടുത്തണം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെടുന്നത്.

എന്താണ് വിവിപാറ്റ്?

ആര്‍ക്കാണ് വോട്ട് ചെയ്തത് എന്ന് വോട്ടര്‍ക്ക് ബോധ്യപ്പെടാന്‍ കഴിയുന്ന സംവിധാനമാണിത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനോടൊപ്പം ഘടിപ്പിക്കാവുന്ന പ്രത്യേക പ്രിന്ററാണ് വിവിപാറ്റ് (വോട്ടര്‍ വെരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രെയില്‍).

വിവിപാറ്റുകള്‍ പ്രവര്‍ത്തിക്കുന്നത് എങ്ങനെ?

വോട്ട് രേഖപ്പെടുത്തുമ്പോള്‍ അത് വിവി പാറ്റിലും രേഖപ്പെടുത്തും. തുടര്‍ന്ന് വിവിപാറ്റില്‍ നിന്ന് ഒരു പേപ്പര്‍ റസീറ്റ് വരും. ഇതില്‍ സ്ഥാനാര്‍ത്ഥിയുടെ ചിത്രവും തിരഞ്ഞെടുപ്പ് ചിഹ്നവുമുണ്ടാകും. ആ റെസീറ്റ് നോക്കി തങ്ങളുടെ സ്ഥാനാര്‍ത്ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയത് എന്ന് പരിശോധിച്ച് ഉറപ്പാക്കാം. ഏഴ് സെക്കന്റ് സമയമാണ് ഇതിനായി ലഭിക്കുക.

പ്ലെയിന്‍ ടെക്സ്റ്റിനൊപ്പം വോട്ടറുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച ബാര്‍ കോഡും രേഖപ്പെടുത്തും. ഈ പേജ് ഔദ്യോഗിക ബാലറ്റ് ആണ്. ഇത് സ്‌കാനറിലൂടെ കടന്നുപോയി ബാലറ്റ് ബോക്‌സിലെത്തും. റീകൗണ്ടിംഗോ പരിശോധനയോ വേണ്ടി വരുന്ന പക്ഷം ഇത് ഉപയോഗിക്കാം. വോട്ടിംഗ് മെഷിനിലെ ഇലക്ട്രോണിക് റെക്കോഡും ബാര്‍കോഡ് സ്‌കാനര്‍ റെക്കോഡുമായി താരതമ്യം ചെയ്യും. തര്‍ക്കമുണ്ടാകുന്ന പക്ഷം പേപ്പര്‍ ബാലറ്റ് ആണ് തീരുമാനമെടുക്കാന്‍ ഉപയോഗിക്കുക. ഇലക്ട്രോണിക് റെക്കോഡ് അല്ല.

എന്നാല്‍ ഈ റസീപ്റ്റ് പുറത്തുകൊണ്ടുപോകാന്‍ അനുവദിക്കില്ല. ഇത് പോളിംഗ് ബൂത്തിലെ ബോക്‌സില്‍ നിക്ഷേപിക്കണം. വോട്ടെടുപ്പ് സംബന്ധിച്ച് തര്‍ക്കമുയര്‍ന്നാല്‍ വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണി പരിശോധിക്കാനാകും. വിവിപാറ്റ് പ്രിന്ററുകള്‍ വോട്ടിംഗ് മെഷിനുമായി ബന്ധിപ്പിച്ചിരിക്കുന്നു. വോട്ടര്‍ക്ക് ഇത് പ്രവര്‍ത്തിക്കാനാവില്ല.

ആദ്യം ഉപയോഗിച്ചത്

2013ല്‍ നാഗാലാന്‍ഡിലെ നോക്‌സെന്‍ നിയമസഭ മണ്ഡലത്തിലാണ് ആദ്യമായി വിവിപാറ്റ് സംവിധാനം ഉപയോഗിച്ചത്. 2013ല്‍ തന്നെ വോട്ടിംഗ് യന്ത്രങ്ങളില്‍ പേപ്പര്‍ ട്രെയിലുകള്‍ ഘടിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. വിവിപാറ്റ് ഏര്‍പ്പെടുത്തുന്നത് വോട്ടിംഗ് പ്രക്രിയയ്ക്ക് വിശ്വാസ്യത നല്‍കുമെന്ന് സുപ്രീം കോടതി അന്ന് അഭിപ്രായപ്പെട്ടിരുന്നു. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പേപ്പര്‍ ട്രെയിലുകള്‍ ഏര്‍പ്പെടുത്താനും ആവശ്യപ്പെട്ടു. 2017 ഏപ്രിലില്‍ ബി എസ് പിയുടെ ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

വിവിപാറ്റ് പരിശോധനയില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്

രാജ്യത്തെ ഒരു പോളിംഗ് സ്‌റ്റേഷനില്‍ മാത്രം വിവിപാറ്റ് പരിശോധന നടത്തിയാല്‍ മതി എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആദ്യ നിലപാട്. എന്നാല്‍ മുഴുവന്‍ പോളിംഗ് ബൂത്തുകളിലും വിവിപാറ്റ് സ്ലിപ്പുകള്‍ പരിശോധിക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോള്‍ കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം 50 ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുകയാണെങ്കില്‍ ഫലം വരാന്‍ ആറ് ദിവസമെങ്കിലും വൈകും എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീം കോടതിയെ അറിയിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടിനെതിരെ സുപ്രീം കോടതിയ സമീപിച്ചവര്‍

ദേശീയ, പ്രാദേശിക പാര്‍ട്ടികളായ 21 കക്ഷികളുടെ നേതാക്കളാണ് ഹര്‍ജി നല്‍കിയത്. ചന്ദ്രബാബു നായിഡു, അരവിന്ദ് കെജ്രിവാള്‍, അഖിലേ് യാദവ്, ശരദ് പവാര്‍, ഫാറൂഖ് അബ്ദുള്ള, ശരദ് യാദവ്, ഡെറിക് ഒബ്രിയന്‍ തുടങ്ങിയവര്‍.

പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാട്‌

ഫലം വരാന്‍ ആറ് ദിവസം വൈകിയാലും കുഴപ്പമില്ല. തിരഞ്ഞെടുപ്പ് പ്രക്രിയ വിശ്വസനീയമായി നടക്കണം. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പ് ഉറപ്പ് വരുത്തുകയാണ് വേണ്ടത് എന്ന് പ്രതിപക്ഷം പറയുന്നു.

തിരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി വോട്ടിംഗ് യന്ത്രങ്ങള്‍ സംബന്ധിച്ച് ഐഎസ്‌ഐ (ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്) നടത്തിയ പഠനത്തിലും റിപ്പോര്‍ട്ടിലും പ്രതിപക്ഷ പാര്‍ട്ടികള്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. 479 ഇവിഎമ്മുകളുടെ വിവിപാറ്റ് ആണ് പരിശോധിച്ചത്. വോട്ടിംഗ് യന്ത്രങ്ങള്‍ 99.99 ശതമാനം കൃത്യതയുള്ളവയാണ് എന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്. 543 മണ്ഡലങ്ങളില്‍ ആറാഴ്ചയിലധികം സമയത്തില്‍ പൂര്‍ത്തിയാകുന്ന തിരഞ്ഞെടുപ്പിനെ ഒറ്റയടിക്ക് നടക്കുന്ന ഒരു പ്രക്രിയയായി കണ്ടാണ് ഇത്തരത്തില്‍ 479 സാമ്പിളുകളെടുത്തത് എന്ന് പ്രതിപക്ഷം പറയുന്നു. വിവിപാറ്റ് സ്ലിപ്പുകള്‍ പരിശോധിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയാല്‍ ആറ് ദിവസമൊന്നും വേണ്ടിവരില്ല, രണ്ടര ദിവസം കൊണ്ട് എണ്ണി തീര്‍ക്കാന്‍ കഴിയും എന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വാദിക്കുന്നു.

Share on

മറ്റുവാർത്തകൾ