UPDATES

EXPLAINER: എന്താണ് കൊറിയയില്‍ നടന്നത്?

വിദേശം

ഈ ഉച്ചകോടിയോടെ, 1953-ല്‍ കൊറിയന്‍ യുദ്ധത്തിന്റെ താത്ക്കാലികവിരാമത്തിന് ശേഷം തെക്കന്‍ കൊറിയയിലേക്ക് പോകുന്ന ആദ്യത്തെ വടക്കന്‍ കൊറിയന്‍ നേതാവായി കിം ജോങ് ഉന്‍

ഒരു വര്‍ഷത്തിനുള്ളില്‍ കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ എല്ലാ ആണവായുധങ്ങളും നീക്കം ചെയ്യാനും, 1950 മുതല്‍ 1953 വരെ മേഖലയെ തകര്‍ത്തെറിഞ്ഞ കൊറിയന്‍ യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ തുടരാനും വടക്ക്, തെക്ക് കൊറിയകളുടെ നേതാക്കള്‍ വെള്ളിയാഴ്ച്ച തീരുമാനിച്ചു.

തെക്കന്‍ കൊറിയന്‍ പ്രസിഡണ്ട് മൂണ്‍ ജേ ഇനും വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉനും, 30 മിനിറ്റ് നീണ്ട രഹസ്യമായ ചര്‍ച്ചയടക്കമുള്ള നീണ്ട സംഭാഷണങ്ങളുടെ ഒരു ചരിത്രപ്രധാനമായ ദിവസത്തിനൊടുവില്‍, സേനാമുക്ത പ്രദേശത്തുവെച്ച് “കൊറിയന്‍ ഉപഭൂഖണ്ഡത്തിന്റെ സമാധാനത്തിനും അഭിവൃദ്ധിക്കും ഐക്യത്തിനും വേണ്ടിയുള്ള പാന്‍മുന്‍ജോം പ്രഖ്യാപന”ത്തില്‍
ഒപ്പുവെച്ചു.

“സമ്പൂര്‍ണ്ണ ആണവായുധ നിരായുധീകരണത്തിലൂടെ, ആണവ മുക്ത കൊറിയന്‍ ഉപഭൂഖണ്ഡമെന്ന പൊതുസ്വപ്നം സാക്ഷാത്കരിക്കുമെന്ന് തെക്കന്‍, വടക്കന്‍ കൊറിയകള്‍ സ്ഥിരീകരിച്ചു,” പാന്‍മുന്‍ജോമില്‍ ഇരുനേതാക്കളും ഒപ്പുവെച്ച ഒരു പ്രസ്താവനയില്‍ പറയുന്നു.

എന്തുകൊണ്ടാണ് ഇത്രയും പ്രാധാന്യം?

ഈ ഉച്ചകോടിയോടെ, 1953-ല്‍ കൊറിയന്‍ യുദ്ധത്തിന്റെ താത്ക്കാലികവിരാമത്തിന് ശേഷം തെക്കന്‍ കൊറിയയിലേക്ക് പോകുന്ന ആദ്യത്തെ വടക്കന്‍ കൊറിയന്‍ നേതാവായി കിം ജോങ് ഉന്‍.

എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചത്?

ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സൈനികമുക്തമായ പ്രദേശത്തുള്ള അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജോമില്‍ തെക്കന്‍ കൊറിയന്‍ പ്രസിഡണ്ട് മൂണ്‍, കിമ്മിനെ ഹസ്തദാനം നല്കി സ്വീകരിച്ചു. അതിര്‍ത്തി രേഖ കടക്കും മുമ്പ് ഇരുനേതാക്കളും ഒരുമിച്ച് ചിത്രമെടുക്കാന്‍ നിന്നു. ഒരു പതിറ്റാണ്ടിനിപ്പുറം വിഭജിക്കപ്പെട്ട കൊറിയകള്‍ക്കിടയില്‍ ആദ്യമായി നടക്കുന്ന നേതൃതല ഉച്ചകോടിയാണിത്. അതിര്‍ത്തി രേഖ കടന്നു അല്പനേരം വടക്കന്‍ കൊറിയയില്‍ നില്‍ക്കാനും കിം, മൂണിനെ ക്ഷണിച്ചു.

സഹോദരി കിം യോ-ജോങ് അടക്കം ഒമ്പത് ഔദ്യോഗികാംഗങ്ങള്‍ക്കൊപ്പം വടക്കന്‍ കൊറിയന്‍ ഏകാധിപതി, വിദേശ, പ്രതിരോധ, ഐക്യ മന്ത്രിമാര്‍ അടങ്ങുന്ന മൂണിന്റെ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച്ച നടത്തി.

സൈനിക മുക്ത പ്രദേശത്തെ ഗ്രാമത്തില്‍ ഒരു തെക്കന്‍ കൊറിയന്‍ ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും ഇരുനേതാക്കള്‍ക്കും പൂക്കള്‍ നല്കി. തുടര്‍ന്ന് നേതാക്കള്‍ പാന്‍മുന്‍ജോമിലെ സമാധാന മന്ദിരത്തിലേക്ക് പോയി.

എന്താണ് ചരിത്രം?

1945-ല്‍ രണ്ടാം ലോകമാഹായുദ്ധത്തിന് ശേഷം, ജപ്പാന്റെ കോളനിയായിരുന്ന കൊറിയ, രണ്ടു മേഖലകളായി വിഭജിക്കപ്പെട്ടു. സോവിയറ്റ് യൂണിയന്‍ വടക്കും അമേരിക്കക്കാര്‍ തെക്കും ഏറ്റെടുത്തു.

1948-ല്‍ രണ്ടു ഭാഗക്കാരും സ്വന്തം സര്‍ക്കാരുകളെ തെരഞ്ഞെടുത്തു. 1950-ല്‍ വടക്കന്‍ കൊറിയ തെക്കന്‍ കൊറിയയെ ആക്രമിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ നേതൃത്വത്തിലുള്ള ഐക്യരാഷ്ട്ര സഭ സേന തെക്കന്‍ കൊറിയക്കൊപ്പം ചേര്‍ന്നു. ചൈന വടക്കന്‍ കൊറിയക്കൊപ്പം നിന്നു.

1953-ല്‍ ഇതേ പാന്‍മുന്‍ജോം ഗ്രാമത്തില്‍ വെച്ചു ഇരു കൊറിയകളും യു എന്‍ പ്രതിനിധിയും അമേരിക്കന്‍ ലെഫ്റ്റനന്‍റ് ജനറലുമായ വില്ല്യം കെ ഹാരിസണും വടക്കന്‍ കൊറിയ, ചൈന സേനകളെ പ്രതിനിധീകരിച്ച ജനറല്‍ നാം 2-ഉം താത്ക്കാലിക യുദ്ധവിരാമക്കരാറില്‍ ഒപ്പിട്ടു.

പിന്നീട് വടക്കന്‍ കൊറിയന്‍ നേതാവ് കിം ഇല്‍-സുങ്, യു എന്‍ സേനയെ നയിച്ച അമേരിക്കന്‍ ജനറല്‍ മാര്‍ക് ഡബ്ലിയു ക്ലാര്‍ക്, ചൈനയുടെ സേന കമാണ്ടര്‍ (സന്നദ്ധ സേവകര്‍ എന്നാണവര്‍ വിളിച്ചിരുന്നത്) പെങ് ദേഹുവായി എന്നിവര്‍ അതില്‍ ഒപ്പിട്ടു.

വെടിനിര്‍ത്തല്‍ പാലിക്കാമെന്ന് തെക്കന്‍ കൊറിയ ഉറപ്പ് നല്‍കിയെങ്കിലും കൊറിയന്‍ ഉപഭൂഖണ്ഡത്തിന്‍റെ ഏകീകരണ പ്രതീക്ഷയില്‍ അവര്‍ കരാറില്‍ ഒപ്പുവെച്ചില്ല. അതുകൊണ്ട് സംഘര്‍ഷം നിര്‍ത്താനുള്ള വെടിനിര്‍ത്തല്‍, യുദ്ധതടവുകാരെ കൈമാറാനുള്ള വ്യവസ്ഥകള്‍, രണ്ടര മൈല്‍ നീളത്തില്‍ വടക്കും തെക്കും കൊറിയകളെ വിഭജിക്കുന്ന സൈനികമുക്ത മേഖലകള്‍ എന്നിങ്ങനെ താത്ക്കാലിക യുദ്ധവിരാമമേയുണ്ടായുള്ളൂ.

അറുപാതാണ്ടുകളില്‍ ഒരു കരാറുമില്ലേ?

സമാധാനചര്‍ച്ചകള്‍ എപ്പോഴും ഒരു ‘ഉടമ്പടി’യെക്കുറിച്ച് പറയുമെങ്കിലും അതിനുള്ള തടസങ്ങള്‍ ഏറെയാണ്. മുഴുവന്‍ കൊറിയന്‍ ഉപഭൂഖണ്ഡത്തിന്റെയും യഥാര്‍ത്ഥ സര്‍ക്കാര്‍ തങ്ങളാണ് എന്നാണ് ഇരു കൊറിയകളും അവകാശപ്പെടുന്നത്. ഒരു ഔദ്യോഗിക ഉടമ്പടി പരമാധികാരത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ഉയര്‍ത്തൂം.

അതിനുള്ള ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല എന്നല്ല, വടക്കന്‍ കൊറിയന്‍ നേതാവായിരുന്ന കിം ജോങ് ഇലും അന്നത്തെ തെക്കന്‍ കൊറിയന്‍ പ്രസിഡണ്ട് കിം ഡേ ജുങും 2000-ത്തിലെ ഉച്ചകോടിയില്‍ ഒരു ‘സമാധാന പ്രഖ്യാപനം’ നടത്തി.

2007-ല്‍ കിം ജോങ് ഇലും അന്നത്തെ തെക്കന്‍ കൊറിയന്‍ പ്രസിഡണ്ട് റോ മൂ ഹ്യൂനും തമ്മില്‍ സാമ്പത്തിക കരാറുകളിലും പടിഞ്ഞാറന്‍ സമുദ്രാതിര്‍ത്തിയില്‍ സംഘര്‍ഷം കുറയ്ക്കുന്നതിനുള്ള കരാറിലും ഏര്‍പ്പെട്ടു.

ഇത്തവണയുള്ള ശ്രദ്ധേയമായ വ്യത്യാസം, തെക്കന്‍ കൊറിയയെ അവഗണിച്ചു യു എസുമായി സമാധാന കരാറിന് ശ്രമിച്ചുകൊണ്ടിരുന്ന വടക്കന്‍ കൊറിയ, ഇത്തവണ തങ്ങളുടെ അയല്‍ക്കാരന് കൂടുതല്‍ പങ്കാളിത്തം നല്കി എന്നതാണ്.

എന്താണ് ഭാവി?

മെയ് അവസാനത്തിലോ ജൂണിലോ യു എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് കിമ്മുമായി കൂടിക്കാഴ്ച്ച നടത്തും.
വടക്കന്‍ കൊറിയയുടെ നിര്‍ണായകമായ ആണവായുധ, മിസൈല്‍ പദ്ധതികള്‍ക്കപ്പുറമുള്ള പല ചോദ്യങ്ങള്‍ക്കും ഉത്തരം കാണാന്‍ വെള്ളിയാഴ്ച്ചത്തെ ഉച്ചകോടിയോടെ ശ്രമം തുടങ്ങും. അതിര്‍ത്തിയില്‍ നിന്നും തങ്ങളുടെ സൈന്യങ്ങളെ പിന്‍വലിക്കാനും അത് നടപ്പാക്കുമെന്ന് എന്നുറപ്പാക്കാന്‍ പരസ്പര പരിശോധനയ്ക്കും ഇരു കൊറിയകളും തയ്യാറായേക്കാം.

സൈനിക മുക്ത പ്രദേശങ്ങളിലെ ആയിരക്കണക്കിന് കുഴിബോംബുകള്‍ നീക്കം ചെയ്യാനുള്ള മുന്‍വര്‍ഷങ്ങളിലെ നിര്‍ദേശമാണ് മറ്റൊന്ന്. സംരക്ഷിത മേഖലയായതുകൊണ്ട് വന്യജീവികളാല്‍ സമൃദ്ധമായ ഈ പ്രദേശം വിനോദ സഞ്ചാരത്തിനും ഉപയോഗിക്കാം.

കൊറിയന്‍ ഉപഭൂഖണ്ഡത്തിന്റെ പടിഞ്ഞാറുള്ള സമുദ്രാതിര്‍ത്തിയും സമാധാന ചര്‍ച്ചകളില്‍ നിര്‍ണായകമാകും. ഈയടുത്തും കടുത്ത സംഘര്‍ഷങ്ങള്‍ ഇവിടെ നടന്നു. 2010-ല്‍ വടക്കന്‍ കൊറിയ ഒരു തെക്കന്‍ കൊറിയന്‍ ദ്വീപിന് നേരെ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ടു തെക്കന്‍ കൊറിയ സൈനികരും രണ്ടു നിര്‍മ്മാണ ജോലിക്കാരും കൊല്ലപ്പെട്ടു. ആ വര്‍ഷം തന്നെ ഒരു തെക്കന്‍ കൊറിയന്‍ നാവിക ബോട്ട് മുങ്ങി 46 പേര്‍ മരിച്ചു. വടക്കന്‍ കൊറിയയാണ് അതിനു പിന്നിലെന്ന് തെക്കന്‍ കൊറിയ ആരോപിച്ചിരുന്നു.

ഇന്ത്യയുടെ താത്പര്യങ്ങള്‍ എന്താണ്?

കൊറിയന്‍ യുദ്ധം തുടങ്ങിയപ്പോള്‍ ഇന്ത്യ രക്ഷ സമിതി പ്രമേയങ്ങളെ പിന്തുണയ്ക്കുകയും ആക്രമണകാരി എന്ന നിലയില്‍ വടക്കന്‍ കൊറിയയെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ തെക്കന്‍ കൊറിയക്ക് സൈനിക പിന്തുണ നല്‍കാനുള്ള പ്രമേയത്തെ ഇന്ത്യ പിന്തുണച്ചിരുന്നില്ല.

ചേരി ചേര രാജ്യം എന്ന നിലയില്‍ വടക്കന്‍ കൊറിയക്കെതിരായ സൈനിക നീക്കത്തില്‍ ഉള്‍പ്പെടാന്‍ ഇന്ത്യ സന്ദേഹിച്ചു. പകരം യു എന്‍ ദൌത്യത്തിന് ഇന്ത്യ ധാര്‍മിക പിന്തുണ നല്കി. മനുഷ്യ കാരുണ്യ സൂചനയായി കൊറിയയിലേക്ക് ഇന്ത്യ വൈദ്യ സംഘത്തെ അയച്ചു. പരിക്കേറ്റവരെ സഹായിക്കാന്‍ 14 ഡോക്ടര്‍മാര്‍ അടങ്ങുന്ന 346 പേരുള്ള 60th Indian Field Ambulance Unit പോയി.

1947-ല്‍ നടന്ന അവിഭജിത കൊറിയന്‍ തെരഞ്ഞെടുപ്പിന് മേല്‍നോട്ടം വഹിച്ച 9 അംഗം യു എന്‍ കമ്മീഷന്റെ അദ്ധ്യക്ഷസ്ഥാനം ഇന്ത്യക്കായിരുന്നു. കൊറിയന്‍ യുദ്ധത്തിന് ശേഷം കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ Neutral Nations Repatriation Commission അധ്യക്ഷസ്ഥാനത്തിരുന്നു നിര്‍ണായക പങ്കും ഇന്ത്യ വഹിച്ചു.

==

Share on

മറ്റുവാർത്തകൾ