UPDATES

Explainer: തീവ്രദേശീയതയുടെ രാഷ്ട്രീയം ലോകത്തിലെ ഏറ്റവും സമാധാനമുള്ള ഒരു രാജ്യത്തെ രക്തക്കളമാക്കുമ്പോൾ: എന്താണ് ന്യൂ സീലാൻഡിൽ നടക്കുന്നത്?

വിദേശം

യുഎസ്, ഇന്ത്യ, യുകെ തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഒരേപോലെ പടർന്നു പിടിച്ചിട്ടുള്ള ഒന്നാണ് കുടിയേറ്റ വിരുദ്ധ വികാരം. വലിയ രാഷ്ട്രീയ വോട്ടുബാങ്കുകളെ സൃഷ്ടിച്ചു കഴിഞ്ഞ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി ഇത് മാറിയിട്ടുണ്ട്.

‘ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇക്കണോമിക്സ് ആൻഡ് പീസ്’ എന്ന, ഓസ്ട്രേലിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വിചാരകേന്ദ്രം വർഷാവർഷം ‘ആഗോള സമാധാന സൂചിക’ (Global Peace Index) തയ്യാറാക്കുന്ന പതിവുണ്ട്. 2018ൽ ഈ സൂചികയിൽ ഒന്നാം സ്ഥാനത്തു വന്ന രാജ്യം ഐസ്‌ലാൻഡ് ആണ്. രണ്ടാമതെത്തിയത് ന്യൂ സീലാൻഡ് ആയിരുന്നു. ഈ സൂചിക തയ്യാറാക്കാൻ തുടങ്ങിയ രണ്ടായിരത്തിപ്പതിനെട്ടാമാണ്ട് മുതൽ ന്യൂ സീലാൻഡ് ഏറ്റവും സമാധാനമുള്ള രാജ്യങ്ങളുടെ കൂട്ടത്തിൽ തന്നെ നിലകൊണ്ടു. ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്ന് എപ്പോഴും ഈ ദ്വീപ് രാഷ്ട്രത്തിനുണ്ടായിരുന്നു. ചുരുക്കം ചില കൊല്ലങ്ങളിൽ മാത്രമാണ് രണ്ടാംസ്ഥാനത്തു നിന്നിറങ്ങിയത്. ഇന്ന് ക്രൈസ്റ്റ് ചർച്ച് എന്ന, നാല് ലക്ഷത്തോളം ജനങ്ങൾ പാർക്കുന്ന തലസ്ഥാന നഗരത്തിലുണ്ടായ ഭീകരാക്രമണം ലോകത്തെ മൊത്തം ഞെട്ടിക്കുന്നതിന്റെ കാരണവും ഇതൊക്കെത്തന്നെയാണ്. സമാധാനമാഗ്രഹിക്കുന്ന മനുഷ്യർക്ക് ഓടിപ്പോകാൻ ഇനി ശേഷിക്കുന്ന ചുരുക്കം ചിലയിടങ്ങളിലേക്കും ഭീകരവാദത്തിന്റെ അലകൾ ചെന്നെത്തിയിരിക്കുന്നു എന്ന അസ്വസ്ഥത ജനിപ്പിക്കുന്ന വാർത്തയിലേക്കാണ് ലോകം ഇന്നുണർന്നിരിക്കുന്നത്.

എന്തൊക്കെയാണ് ക്രൈസ്റ്റ് ചർച്ച് വെടിവെപ്പിനെക്കുറിച്ച് നമുക്ക് ഇതുവരെ പുറത്തുവന്നിട്ടുള്ള കാര്യങ്ങൾ?

ന്യൂ സീലാൻഡ് തലസ്ഥാനമായ ക്രൈസ്റ്റ്ചർച്ചിലെ രണ്ട് മുസ്ലിം പള്ളികളിലാണ് ഭീകരാക്രമണം നടന്നത്. സായാഹ്ന പ്രാർത്ഥനകള്‍ നടക്കുന്നതിനിടെ അക്രമികൾ അകത്തു ചെല്ലുകയും വെടിയുതിർക്കുകയുമായിരുന്നു. ലഭ്യമായ വിവരങ്ങളനുസരിച്ച് ഇതുവരെ 49 പേർ കൊല്ലപ്പെട്ടിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരിലൊരാൾ ഓസ്ട്രേലിയക്കാരനാണെന്ന വിവരവും ലഭിച്ചിട്ടുണ്ട്. അക്രമികൾ തങ്ങൾ നടത്തിയ ആക്രമണങ്ങളിലൊന്ന് ലൈവ് സ്ട്രീം ചെയ്യുകയുമുണ്ടായി. ഇത് ഓസ്ട്രേലിയൻ മാധ്യമങ്ങൾ സംപ്രേഷണം ചെയ്തത് വിവാദമായിട്ടുണ്ട്. ഉയർന്ന മാധ്യമമൂല്യങ്ങൾ പുലർത്തുന്ന പാശ്ചാത്യ മാധ്യമങ്ങൾ ഇത്തരം വീഡിയോകളോ ദൃശ്യങ്ങളോ പ്രസിദ്ധീകരിക്കുക പതിവില്ല. ഇത്തവണ ന്യൂ സീലാൻഡിന്റെ പ്രത്യേക അഭ്യർത്ഥനയുണ്ടായിട്ടും ചില മാധ്യമങ്ങൾ അത് പാലിക്കാൻ തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്.

ആദ്യത്തെ ആക്രമണ റിപ്പോർട്ട് വന്നത് അൽ നൂർ മോസ്കിൽ നിന്നാണ്. മധ്യ ക്രൈസ്റ്റ്ചർച്ചിലാണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. രണ്ടാമത്തെ ആക്രമണം നഗരപ്രാന്തത്തിലെ ലിൻ‍വുഡ് എന്ന സ്ഥലത്തുള്ള ഒരു പള്ളിക്കു നേരെയായിരുന്നു. ഇവിടെ നിന്നുള്ള റിപ്പോർട്ടുകൽ പ്രകാരം വാഹനങ്ങളിൽ‍ ഘടിപ്പിച്ചിട്ടുള്ള നിരവധി ഐഇഡികൾ പൊലീസ് നിർവ്വീര്യമാക്കി. നഗരത്തിലെ എല്ലാ പള്ളികളും അനിശ്ചിത കാലത്തേക്ക് അടച്ചിടാൻ അധികൃതർ നിർദ്ദേശം നൽകിയിരിക്കുകയാണ്. രണ്ട് ആക്രമണസ്ഥലത്തു നിന്നും നിരവധി തോക്കുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഒരാൾ പറയുന്നതു പ്രകാരം അക്രമികൾ ആദ്യം പുരുഷന്മാർ പ്രാർത്ഥന നടത്തുന്നിടത്തേക്കാണ് പോയത്. പിന്നീട് സ്ത്രീകളുടെ ഭാഗത്തേക്കെത്തിയും വെടിവെപ്പ് നടത്തി.

എന്താണ് ന്യൂസീലാൻഡിന് പറയാനുളത്

തങ്ങളുടെ നാട്ടിൽ ഇത്തരമൊരാക്രമണം പ്രതീക്ഷിച്ചില്ലെന്നാണ് കൊല്ലപ്പെട്ട അഭയാർത്ഥികളുടെ ബന്ധുക്കളോടും അവരെക്കുറിച്ച് ആശങ്കപ്പെടുന്ന ലോകത്തോടും ന്യൂസീലാൻഡുകാർ പറയുന്നത്. വികാരനിർഭരമായിരുന്നു പ്രധാനമന്ത്രി ജസീന്‍ഡ ആർഡേണിന്റെ പ്രസംഗം. ഈ വെടിവെപ്പിൽ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തിട്ടുള്ളത് ന്യൂസീലാൻഡിലേക്ക് അഭിയാർത്ഥികളായി എത്തിയവരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. “ഇത് ന്യൂസിലാൻഡ് നേരിട്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഇരുണ്ട കാലഘട്ടമാണ്, എത്രപേർ മരിച്ചു, എത്ര പേർക്ക് പരിക്കുപറ്റി എന്നത് വിശദമാക്കാനല്ല ഞാൻ ഇപ്പോൾ ഉദ്ദേശിക്കുന്നത്. ഈ ആക്രമണത്തിന്റെ ഇരകൾ ന്യൂസിലാഡിൽ താമസമാക്കിയ മറ്റ് രാജ്യക്കാരാണ്. ഈ രാജ്യത്ത് താമസിക്കാനായി ആഗ്രഹിച്ച് എത്തിയ അവരുടേതും കൂടിയാണ് ഈ രാജ്യം. എന്നെ സംബന്ധിച്ച് വെടിവെപ്പുനടത്തിയ ന്യൂസിലന്റുകാരല്ല, ഇവിടെ വെടിയേറ്റുവീണ അഭയാര്‍ത്ഥികളാണ് ഈ നാടിന്‍റെ യഥാർത്ഥ മക്കൾ, അവരാണ് ‘നമ്മൾ’ …” -ജസീന്‍ഡ ആർ‍ഡേണിന്റെ വാക്കുകൾ.

“തീവ്രവാദ പ്രവർത്തനങ്ങളും ക്രൂരകൃത്യങ്ങളും നടത്തുന്നവരെ നമ്മിൽ പെട്ടവരായി കണക്കാക്കാനാകില്ല. ഇന്ന് പള്ളിയിൽ നടന്നത് അതുപോലൊരു പൊറുക്കാനാകാത്ത തെറ്റാണ്. എനിക്ക് ചോദ്യങ്ങളെ നേരിടാൻ മടിയില്ല, നിങ്ങളുടെ എല്ലാ വ്യാകുലതകളും പരിഹരിക്കും, എല്ലാത്തിനും മറുപടിയുണ്ട്. ക്രൈസ്റ്റ് ചർച്ച് ആശുപത്രി സജീവമായി ഉണർന്നു പ്രവർത്തിക്കുകയാണ്. ജീവൻ രക്ഷിക്കാനുള്ള ശ്രമണങ്ങളെല്ലാം ഊര്‍ജ്ജിതമാണ്‌.

എന്താണ് ന്യൂ സീലാൻഡിന്റെ സമാധാനം കെടുത്തുന്ന പ്രശ്നങ്ങൾ?

2017ലെ തെരഞ്ഞെടുപ്പിൽ പോലും കുടിയേറ്റം ഒരു വലിയ രാഷ്ട്രീയപ്രശ്നമോ ചർച്ചയോ ആയിരുന്നില്ല ന്യൂ സീലാൻഡിൽ. എങ്കിലും ‘ന്യൂ സീലാൻഡ് ഫസ്റ്റ്’ പോലുള്ള തീവ്ര ദേശീയ വാദികളായ പാർട്ടികളുടെ ശബ്ദം ശ്രദ്ധിക്കപ്പെടുകയുണ്ടായി. ഈ തെരഞ്ഞെടുപ്പിൽ വോട്ടുവിഹിതത്തിൽ സാരമായ ഇടിവ് പാർട്ടി നേരിട്ടു, പാർലമെന്റ് പ്രാതിനിധ്യത്തിലും ഇടിവുണ്ടായി. ന്യൂ സീലാൻഡിന്റെ സമൂഹവുമായി ഇഴുകിച്ചേരാൻ സാധ്യതയില്ലാത്ത പുറംനാട്ടുകാരെ കുടിയേറ്റത്തിന് അനുവദിക്കരുതെന്നത് അടക്കമുള്ള പ്രചാരണങ്ങളായിരുന്നു ഇവരുടേത്.

2017 തെരഞ്ഞെടുപ്പിൽ രണ്ട് മുഖ്യധാരാ പാർട്ടികൾ ഏതാണ്ടൊരേ മാര്‍ജിനിൽ വോട്ടുകൾ നേടിയപ്പോൾ ന്യൂ സീലാൻഡ് ഫസ്റ്റ് പാർട്ടിയുടെ നിലപാട് സുപ്രധാനമാകുന്ന സാഹചര്യം വരെ നിലവിലുണ്ടായി. ഈ പാർട്ടിയുടെ നേതാവായ വിൻസ്റ്റൺ പീറ്റേഴ്സ് ആണ് ഇപ്പോഴത്തെ ഉപപ്രധാനമന്ത്രി. അങ്ങേയറ്റത്തെ വംശവെറിയും വിദ്വേഷ രാഷ്ട്രീയവും കൊണ്ടുനടക്കുന്നയാളാണ് പീറ്റേഴ്സ്. തികച്ചും പുരോഗമനപരമായ നിലപാടുകളുള്ള ജസീന്‍ഡ ആർഡേണിന്റെ (ലേബർ പാർട്ടി) കാഴ്ചപ്പാടുകളെ നിർവ്വീര്യമാക്കുന്ന സാന്നിധ്യമാണ് സർക്കാരിൽ പീറ്റേഴ്സിന്റേത്. മറ്റു പല രാജ്യങ്ങളിലും സംഭവിക്കുന്നതു പോലെ, വളരെ ചുരുങ്ങിയ ജനപിന്തുണ മാത്രം ഉപയോഗിച്ച് അധികാരത്തിലെത്താൻ പാർട്ടിക്ക് കഴിഞ്ഞു. തികച്ചും തീവ്രവാദപരമായ പരിപാടികളാണ് പീറ്റേഴ്സ് സഖ്യം ചേരാനായി മുമ്പോട്ടു വെച്ചത്. ഇവയെല്ലാം ലേബർ പാർട്ടി അംഗീകരിക്കുകയും ചെയ്തു. രാജ്യത്തേക്കുള്ള കുടിയേറ്റം കുറച്ചു കൊണ്ടുവരുമെന്നത് അടക്കമുള്ള ആവശ്യങ്ങളാണ് ലേബർ പാർട്ടി അംഗീകരിച്ചത്. ന്യൂ സീലാൻഡുകാരല്ലാത്തവരുമായുള്ള ഭൂമിയിടപാടുകൾക്ക് ഒരു പ്രത്യേക രജിസ്റ്റർ സംവിധാനം കൊണ്ടുവരണമെന്നും ഇവരുടെ ആവശ്യങ്ങളിലൊന്നായിരുന്നു. ഇതിനിടയിൽ തികച്ചും അപ്രായോഗികവും എന്നാൽ ജനകീയവുമായ പരിപാടികളും ലേബർ പാർട്ടിയെക്കൊണ്ട് അംഗീകരിപ്പിക്കാൻ പീറ്റേഴ്സിന് കഴിഞ്ഞു.

ഇതിനകം തന്നെ കുടിയേറ്റ വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കാൻ പീറ്റേഴ്സിന് സാധിച്ചിട്ടുണ്ട്. രാജ്യത്തേക്ക് വരാനാഗ്രഹിക്കുന്ന തൊഴിലാളികൾക്ക് വിസ ലഭിക്കുന്നതിന് നിരവധി പ്രതിബന്ധങ്ങൾ ചട്ടങ്ങളിലൂടെ തീർത്തു കഴിഞ്ഞു. പുറത്തു നിന്ന് ഒരു തൊഴിലാളിയെ എടുക്കാനാഗ്രഹിക്കുന്ന കമ്പനിക്ക് പ്രസ്തുത തൊഴിൽ ചെയ്യാൻ യോഗ്യരായ ന്യൂ സീലാൻഡുകാർ ഇല്ലെന്ന് തെളിയിക്കേണ്ട ബാധ്യതയുണ്ട് ഇപ്പോൾ.

രാജ്യത്ത് പൗരത്വമില്ലാത്തവർക്ക് വസ്തുവഹകളുടെ ഉടമസ്ഥത അനുവദിക്കാത്ത നിയമം കൊണ്ടുവരാനുള്ള ശ്രമങ്ങൾ ഈ കക്ഷി നടത്തി. രാജ്യത്തെ തൊഴിലില്ലായ്മയ്ക്കു കാരണം പുറംനാടുകളിൽ നിന്നുള്ളവരുടെ വരവാണെന്ന യുക്തിരഹിതമായ കാഴ്ചപ്പാടാണ് ഈ പാർട്ടിക്കുള്ളത്.

വെളുത്തവരുടെ രാഷ്ട്രീയം

ലേബർ പാർട്ടിയും ന്യൂ സീലാൻഡ് ഫസ്റ്റ് പാർട്ടിയും അധികാരമേറ്റെടുത്തതിനു പിന്നാലെ വെളുത്തവരുടെ ഐക്യം ഉദ്ഘോഷിക്കുന്ന ന്യൂസീലാൻഡ് നാഷണൽ ഫ്രണ്ട് എന്ന ചെറു പാർട്ടിയുടെ അംഗങ്ങളും മാവോരി ഗോത്രവർഗക്കാരുടെ മറ്റൊരു സംഘവും തമ്മിൽ പാർലമെന്റിനു മുമ്പിൽ സംഘർഷമുണ്ടായി. നാഷണൽ ഫ്രണ്ടുകാർ തങ്ങളുടെ വംശമഹിമകളിൽ മതിമറന്നുള്ള വാദങ്ങൾക്ക് മുതിർന്നു. ഫാഷിസ്റ്റുകളാണ് നാഷണൽ ഫ്രണ്ടുകാരെന്ന് മറ്റേ കൂട്ടരും ആരോപിച്ചു.

ഇത്തരം സംഘർഷങ്ങൾ ന്യൂ സീലാൻഡിന്റെ സമൂഹമനസ്സിൽ കയറിക്കൂടിക്കഴിഞ്ഞിട്ടുണ്ട്. വിദ്വേഷ പ്രചാരകർ നാടിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയിട്ടുണ്ട്.

Read More: “കൊലയാളികളല്ല, വെടിയേറ്റുവീണ അഭയാര്‍ത്ഥികളാണ് ഈ നാടിന്‍റെ യഥാർത്ഥ മക്കൾ”; വെടിവെയ്പ്പിനെ കുറിച്ച് ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്‍ഡ ആര്‍ഡൻ

എന്താണ് പരിഹാരം?

നിലവിൽ രാജ്യത്ത് വളർന്നു വന്നിട്ടുള്ള കുടിയേറ്റ വിരുദ്ധ മനോഭാവത്തെ ഇല്ലാതാക്കുക മാത്രമാണ് ഇതിനുള്ള പരിഹാരം. ഇന്ന് കൊല്ലപ്പെട്ടവരെക്കുറിച്ച് ഏറെ വികാരനിർഭരമായി സംസാരിച്ച പ്രധാനമന്ത്രി ജസീന്‍ഡയ്ക്ക് താൻ പറഞ്ഞ കാര്യങ്ങളിൽ അൽ‌പമെങ്കിലും ആത്മാർത്ഥതയുണ്ടോയെന്നാണ് ആലോചിക്കേണ്ടത്. ഉണ്ടെങ്കിൽ എന്തുകൊണ്ടാണ് ന്യൂ സീലാൻഡ് ഫസ്റ്റ് പാർട്ടിയുമായി ഇപ്പോഴും അവർ സഖ്യത്തിൽ തുടരുന്നത്? ഈ പാർട്ടിയുടെ ഭീഷണികളിൽ കുടുങ്ങി നടപ്പാക്കിയ നയങ്ങളെല്ലാം തന്നെ അങ്ങേയറ്റം പിന്തിരിപ്പനായിരുന്നു. ഇന്നത്തെ ആക്രമണത്തിന് അടിത്തറ പാകിയതും ഈ പിന്തിരിപ്പൻ നയങ്ങൾ തന്നെയാണ്. രാജ്യത്തെത്തിയ പുറംനാട്ടുകാരോട് വിദ്വേഷമുള്ള ഒരു വിഭാഗത്തെ (അവർ ഏറെ ന്യൂനപക്ഷമാണെങ്കിൽക്കൂടിയും) സൃഷ്ടിച്ചെടുക്കാനും അവർക്ക് അധികാരത്തിൽ പങ്കാളിത്തം നൽകാനും ലേബർ പാർട്ടിയുടെ ഈ സഖ്യത്തിലൂടെ സാധിച്ചു. ശരിയായ ഒരു നിലപാടെടുക്കുക എന്നാൽ ഒരു പക്ഷെ, തന്റെ പ്രധാനമന്ത്രി സ്ഥാനത്തെ ത്യജിക്കേണ്ടി വരിക എന്നതുകൂടിയാണ് ജസീന്ദയെ സംബന്ധിച്ചിടത്തോളം അർത്ഥം. എന്നാൽ‌ ലോകത്തിലെ ഏറ്റവും സമാധാനമുള്ള രാജ്യങ്ങളിലൊന്ന് എന്ന, ഒരു ജനതയെ സംബന്ധിച്ചിടത്തോളെ ഏറ്റവും വലിയതായ നേട്ടത്തെ ബലി കൊടുത്ത് പ്രധാനമന്ത്രി സ്ഥാനത്ത് തുടരുകയാണെങ്കിൽ അതൊരു വലിയ ദുരന്തത്തിനു തന്നെ കാരണമായിത്തീരും.

Read More: ഡിലന്‍ തോമസിന്റെ കവിത, 74 പേജുള്ള ഇസ്ലാം വിരുദ്ധ മാനിഫെസ്റ്റോ, കൂട്ടക്കൊലയുടെ ഫേസ്ബുക്ക് ലൈവ്; ആരാണ് ന്യൂസിലാന്റില്‍ 49 പേരെ കൊന്ന ബ്രെണ്ടൻ ടറന്‍റ്?

കുടിയേറ്റത്തെക്കുറിച്ച് ന്യൂ സീലാൻഡുകാർ ആലോചിക്കുന്നതെന്ത്?

അത്രയേറെ പ്രതീക്ഷയറ്റിട്ടില്ലെന്ന് കരുതേണ്ടുന്ന കാര്യങ്ങളാണ് ചില സർവ്വേകൾ ചൂണ്ടിക്കാണിക്കുന്നത്. തങ്ങളുടെ രാജ്യത്തേക്കുള്ള കുടിയേറ്റക്കാരുടെ വരവ് ന്യൂ സീലാൻഡുകാരെ പരിഭ്രമിപ്പിക്കുന്നില്ല. ഇപ്സോസ് ന്യൂസീലാൻഡ് എന്ന ഗവേഷണ സ്ഥാപനം 2018ൽ നടത്തിയ സർവ്വേയിൽ “We must close our borders to refugees entirely – we can’t accept any at this time” എന്ന പ്രസ്താവനയോട് 62% പേരും യോജിച്ചില്ല. 2017നെ അപേക്ഷിച്ച് അഞ്ച് പോയിന്റ് കുറവാണിതെന്ന യാഥാർത്ഥ്യവും നിലനില്‍ക്കുന്നു. അതിർത്തി പൂർണമായും അടയ്ക്കണമെന്ന് കരുതുന്നവർ 2016ൽ 26 ശതമാനമായിരുന്നെങ്കിൽ 2017ൽ ഇത് 29 ശതമാനമായി വർധിക്കുകയുണ്ടായി. ന്യൂ സീലാൻഡിലേക്ക് കടന്നുവരുന്ന കുടിയേറ്റക്കാർ അധികം താമസിക്കാതെ തന്നെ തങ്ങളുടെ രാജ്യത്തിന്റെ സംസ്കാരവുമായി ഇഴുകിച്ചേരുമെന്ന് പ്രതീക്ഷിക്കുന്നവർ 56% ആയിരുന്നു. കുടിയേറ്റം അനുവദിക്കുന്നതിലൂടെ ന്യൂ സീലാൻഡ് ജീവിക്കാൻ കൂടുതൽ രസകരമായ ഒരിടമായി മാറുമെന്ന് കരുതുന്നവര്‍ 55% ആണ്. ഇതോടൊപ്പം ഉയർന്ന വിദ്യാഭ്യാസമുള്ള കുടിയേറ്റക്കാർക്ക് പരിഗണന കൂടുതൽ നൽകണമെന്നും ന്യൂ സീലാന്‍ഡുകാർ ആവശ്യപ്പെടുന്നുണ്ട്. 65% പേരും ഈ നിലപാടുള്ളവരാണ്.

യുഎസ്, ഇന്ത്യ, യുകെ തുടങ്ങി ലോകത്തിന്റെ നാനാഭാഗങ്ങളിൽ ഒരേപോലെ പടർന്നു പിടിച്ചിട്ടുള്ള ഒന്നാണ് കുടിയേറ്റ വിരുദ്ധ വികാരം. വലിയ രാഷ്ട്രീയ വോട്ടുബാങ്കുകളെ സൃഷ്ടിച്ചു കഴിഞ്ഞ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി ഇത് മാറിയിട്ടുണ്ട്. മുതലെടുക്കുന്ന തീവ്ര വലതു പാർട്ടികൾ ഇവിടങ്ങളിലെല്ലാം വളർച്ച പ്രാപിക്കുന്നു. അതിന്റെ പരിണിത ഫലങ്ങളായ അക്രമങ്ങളും വർധിക്കുന്നു. ന്യൂ സീലാൻഡും ഈ കൂട്ടത്തിൽ ഒരാളായി മാറുന്നത് മാനവികതയ്ക്ക് ഒരു നഷ്ടം തന്നെ.

Read More: “യുദ്ധമില്ലാത്ത നാടാണെന്ന് കരുതിയാണ് ഞാൻ ഇങ്ങോട്ട് വന്നത്”; ന്യൂസിലൻഡിലെ കൂട്ടക്കൊലയെ കുറിച്ച് ക്രൈസ്റ്റ് ചര്‍ച്ച് സ്വദേശിയായ ശ്രീലങ്കൻ മുസ്ലീം

Share on

മറ്റുവാർത്തകൾ