UPDATES

Explainer: ചൈന പിടിമുറുക്കുമോ? ശ്രീലങ്കൻ രാഷ്ട്രീയവും ഇന്ത്യയും തമ്മിലെന്ത്?

വിദേശം

ആദർശ രാഷ്ട്രീയത്തിന്റെ ബിംബമായി ഉയർന്നുനിന്ന സിരിസേന എന്ന ബിംബം ഉടയുന്ന കാഴ്ചയാണ് ഇപ്പോൾ ശ്രീലങ്കൻ ജനത കാണുന്നത്.

ശ്രീലങ്കൻ രാഷ്ട്രീയം ചരിത്രത്തിലിന്നു വരെ നേരിട്ടിട്ടില്ലാത്ത ഒരു പ്രതിസന്ധിയിൽ വീണു കിടക്കുകയാണ്. പ്രസിഡണ്ട് മൈത്രിപാല സിരിസേനയുടെ അപ്രതീക്ഷിതമെന്ന് വിളിക്കാവുന്ന ഒരു നീക്കമാണ് ഭരണഘടനാപരമായ ചോദ്യങ്ങള്‍ ഉയർത്തുന്ന പ്രതിസന്ധിയായി മാറിയിരിക്കുന്നത്. ഭരണഘടനയുടെ ഒരു വകുപ്പിനെ മുൻനിർത്തി പ്രധാനമന്ത്രി റനിൽ വിക്രമസിംഗെയെ സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു പ്രസിഡണ്ട്. എന്നാൽ പ്രസ്തുത വകുപ്പിന് ഇത്തരമൊരു വ്യാഖ്യാനം സാധ്യമല്ലെന്നും താൻ തന്നെയാണ് പ്രധാനമന്ത്രിയെന്നും
ചൂണ്ടിക്കാട്ടി വിക്രമസിംഗെ സ്ഥാനത്തു നിന്നും ഇറങ്ങാൻ കൂട്ടാക്കുകയുണ്ടായില്ല. ഭരണഘടനാ മൂല്യങ്ങളും രാഷ്ട്രീയ ധാർമികതയുമെല്ലാം വിചാരണക്കൂടുകളിൽ നിൽക്കുന്ന സ്ഥിതിയാണ് ശ്രീലങ്കയിൽ സംജാതമായിരിക്കുന്നത്.

എന്താണ് ശ്രീലങ്കൻ രാഷ്ട്രീയത്തിൽ സംഭവിക്കുന്നത്

ശ്രീലങ്കൻ പ്രസിഡണ്ട് മൈത്രിപാല സിരിസേനയുടെ സഖ്യമായ യുനൈറ്റഡ് പീപ്പിൾസ് ഫ്രീ‍ഡം അലയൻസ് നിലവില്‍ ഭരണം കൈയാളുന്ന ന്യൂ ഡെമോക്രാറ്റിക് അലയൻസിൽ നിന്നും പിന്മാറിയതാണ് ശ്രീലങ്കയിലെ ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സഖ്യം പൊളിഞ്ഞതോടെ ഭരണകക്ഷിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടു. 2015ൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ താൻ തോൽപ്പിച്ച മഹീന്ദ്ര രാജപക്സെയെ സിരിസേന പ്രധാനമന്ത്രി സ്ഥാനത്തേക്ക് ക്ഷണിക്കുകയും ചെയ്തു. ജനാധിപത്യം അട്ടിമറിക്കപ്പെട്ടുവെന്ന് ചതിക്കപ്പെട്ട യുനൈറ്റഡ് നാഷണൽ പാർട്ടി മുറവിളി കൂട്ടി. സിരിസേനയുടെ നീക്കം ഭരണഘടനാപരമായി സാധുവല്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഭരണഘടനാപരമായി പ്രധാനമന്ത്രിയെ നീക്കം ചെയ്യാൻ പ്രസിഡണ്ടിന് അധികാരമില്ലെന്നാണ് ഇവർ പറയുന്നത്. ഏറ്റവുമൊടുവിൽ വന്ന വാർത്തകൾ പ്രകാരം ശ്രീലങ്കൻ പാർലമെന്റിനെ തന്റെ അധികാരങ്ങളുപയോഗിച്ച് സസ്പെൻഡ് ചെയ്തിരിക്കുകയാണ് സിരിസേന.

ഭരണഘടന എന്താണ് പറയുന്നത്

ശ്രീലങ്കൻ ഭരണഘടനയുടെ ആർട്ടിക്കിൾ 42(4) പ്രകാരമാണ് പ്രധാനമന്ത്രിയെ നീക്കം ചെയ്തുള്ള പ്രസിഡണ്ടിന്റെ നടപടി വരുന്നത്. ഈ വകുപ്പ് ഇത്രയുമാണ് പറയുന്നത്: പാർലമെന്റംഗങ്ങളിൽ നിന്നും പ്രധാനമന്ത്രിയെ നിയമിക്കുന്നത് പ്രസിഡണ്ടാണ്. പാർലമെന്റിനെ ഉത്തമവിശ്വാസത്തിൽ കൊണ്ടുപോകാൻ പ്രധാനമന്ത്രിക്ക് സാധിക്കണമെന്നും ഈ വകുപ്പ് പറയുന്നുണ്ട്. പാർലമെന്റ് അംഗത്വമുള്ള ഒരാളെ പ്രധാനമന്ത്രിയാക്കണം എന്ന ഭരണഘടനയുടെ പ്രസ്താവനയെ അക്ഷരാർത്ഥത്തിലെടുത്ത് പ്രവർത്തിക്കുകയാണ് സിരിസേന ഇപ്പോൾ ചെയ്തിരിക്കുന്നത് എന്നാണ് ആരോപണം. പ്രസിഡണ്ടിന് തോന്നുന്ന ഒരു എംപിയെ പിടിച്ച് പ്രധാനമന്ത്രിയാക്കാൻ ഈ വകുപ്പ് അനുവാദം നൽകുന്നില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. പാർലമെന്റിൽ കുറച്ചുമാസങ്ങൾക്കു മുമ്പ് വിശ്വാസവോട്ടെടുപ്പിൽ വിജയിച്ചയാൾ കൂടിയാണ് പ്രധാനമന്ത്രി വിക്രമസിംഗെ. പാർലമെന്റിൽ വിശ്വാസം തെളിയിച്ച ഒരാളെയാണ് പ്രസിഡണ്ട് നീക്കം ചെയ്തിരിക്കുന്നത്. ഇതോടൊപ്പം, ആർട്ടിക്കിൾ 42(4) പ്രധാനമന്ത്രിയെ നിയമിക്കുന്ന കാര്യം മാത്രമേ പറയുന്നുള്ളൂവെന്നതും ശ്രദ്ധിക്കണം. നിയമിക്കുന്നയാൾക്ക് നീക്കം ചെയ്യാനും അധികാരമുണ്ടെന്ന് ധരിക്കപ്പെടാമെന്ന പ്രശ്നം ഉയർന്നു വന്നപ്പോൾ 2015ൽ ഭരണഘടനയുടെ പത്തൊമ്പതാം ഭേദഗതിയിലൂടെ ഇക്കാര്യത്തിലും വ്യക്തതയുണ്ടാക്കി. പ്രധാനമന്ത്രിയെ എങ്ങനെയെല്ലാം നീക്കം ചെയ്യാമെന്ന് സുവ്യക്തമായി പ്രതിപാദിക്കുന്ന ചട്ടങ്ങൾ നിലവിൽ വന്നു. ഈ ചട്ടങ്ങൾ പ്രകാരവും ഇപ്പോഴത്തെ പ്രസിഡണ്ടിന്റെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

പ്രശ്നങ്ങളിലേക്ക് നയിച്ച രാഷ്ട്രീയ സംഭവവികാസങ്ങൾ

2015ലെ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ശ്രീലങ്ക ഫ്രീഡം പാർട്ടിയുടെ മൈത്രിപാല സിരിസേനയുടെ വിഭാഗം പിരിഞ്ഞ് യുനൈറ്റഡ് നാഷണൽ പാർട്ടിയുമായി ചേർന്ന് ഒരു ധാരണയുണ്ടാക്കി. തെരഞ്ഞെടുപ്പിൽ സഹകരിക്കാമെന്നും വിജയിക്കുകയാണെങ്കിൽ സിരിസേന പ്രസിഡണ്ടാകുമെന്നുമായിരുന്നു ധാരണ. യുഎൻപിയുടെ റനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രിയുമാക്കും. യുനൈറ്റഡ് നാഷണൽ പാർട്ടി ഇതിനായി രൂപീകരിച്ച സഖ്യമായ ന്യൂ ഡെമോക്രാറ്റിക് ഫ്രോണ്ടിന്റെ പിന്തുണയോടെ സിരിസേന പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച് വിജയിച്ചു. സിംഹള-ബുദ്ധിസ്റ്റ് ദേശീയതയെ കൈവിടാതെ പ്രവർത്തിക്കുന്ന ഒരു സോഷ്യലിസ്റ്റ് കക്ഷിയാണ് ശ്രീലങ്ക ഫ്രീഡം പാർട്ടി. മഹീന്ദ രാജപക്സെയുമായി സിരിസേനയ്ക്കുള്ള വിയോജിപ്പുകളാണ് പാർട്ടിയെ ഏതാണ്ട് പിളർത്തിയത്. 1968 വരെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായിരുന്ന സിരിസേന പിന്നീടാണ് ഒരു ദേശീയ കക്ഷിയെ തേടി പോകുന്നത്.

സിരിസേനയെ പിന്തുണയ്ക്കുന്ന വലിയ വിഭാഗം പേർ പ്രതിപക്ഷത്തേക്ക് പോയതിനെ തുടർന്ന് ശ്രീലങ്കൻ ഫ്രീഡം പാർട്ടിയുടെ ചെയർമാൻ സ്ഥാനത്തു നിന്നും മഹീന്ദ രാജപക്സെ നീങ്ങി. സിനിസേന ചെയർമാനായി.

വലതുപക്ഷമായ യുനൈറ്റഡ് നാഷണൽ പാർട്ടിയോടുള്ള വിയോജിപ്പിനെ അടിസ്ഥാനമാക്കി ഒരു സഖ്യത്തെ സംഘടിപ്പിച്ചിരുന്നവരാണ് 2015ൽ രണ്ട് വിഭാഗമായി പിരിഞ്ഞത്. ശ്രീലങ്കയിലെ കമ്യൂണിസ്റ്റ് പാർട്ടിയായ ജനത വിമുക്തി പെരമുനയും ശ്രീലങ്ക ഫ്രീഡം പാർട്ടിയും മറ്റ് നിരവധി ഇടത് പാർട്ടികളും ന്യൂനപക്ഷ വിഭാഗങ്ങളുടെ പാർട്ടികളുമെല്ലാം ചേർന്ന് സൃഷ്ടിച്ച സഖ്യമാണ് യുനൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസ്.

തെരഞ്ഞെടുപ്പിൽ 95 സീറ്റുകളാണ് ശ്രീലങ്ക ഫ്രീഡം പാർട്ടി നേടിയത്. ഈ 95 സീറ്റുകളിൽ 52 സീറ്റുകൾ രാജപക്സെയുടെ വിഭാഗത്തിന് ലഭിക്കുകയുണ്ടായി. ഇവർ ഇടതുപക്ഷത്തോട് ചായ്‌വ് പ്രകടിപ്പിക്കുന്ന ചില കക്ഷികളെ ചേർത്ത് ഒരു അനൗദ്യോഗിക പ്രതിപക്ഷമായി മാറി. യുപിഎഫ്എ, എസ്എൽഎഫ്പി വോട്ടർമാരെ സിരിസേന ചതിച്ചതായി ചൂണ്ടിക്കാട്ടിയായിരുന്നു നീക്കം.

എന്തായിരുന്നു രാജപക്സെക്കെതിരായ ഇന്ത്യയുടെ അതൃപ്തിക്ക് കാരണം

രാജപക്സെ തന്റെ കാലയളവില്‍ ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ മാറ്റം വരുത്താനാഗ്രഹിച്ചു. ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന വൻ നീക്കങ്ങളാണ് രാജപക്സെ നടത്തിയത്. ഇവയിലൊന്നായിരുന്നു കൊളംബോ തുറമുഖത്തിന്റെ നിർമാണ പദ്ധതി. തനിക്കെതിരെ ആരോപിക്കപ്പെടുന്ന വംശഹത്യയും മറ്റും വികസനനീക്കങ്ങളിലൂടെ മറികടക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതാണ് കൊളംബോ തുറമുഖ നിർമാണം ചൈനയുടെ സഹായത്തോടെ പൂർത്തിയാക്കാൻ രാജപക്സെയെ പ്രേരിപ്പിച്ചത്. കൊളംബോ ഇന്റർനാഷണൽ ഫിനാൻഷ്യൽ സിറ്റി എന്ന പേരിൽ ഒരു പ്രത്യേക സാമ്പത്തികമേഖല രാജപക്സെ വിഭാവനം ചെയ്തു. 2014ൽ രാജപക്സെയും ചൈനീസ് പ്രസിഡണ്ട് സി ജിങ്പിങ്ങും ചേർന്നാണ് ഈ തുറമുഖനഗര പദ്ധതി ഉദ്ഘാടനം ചെയ്തത്.

ഇതോടൊപ്പം ഹാംബന്തോട്ട തുറമുഖം (മാഗംപുര മഹീന്ദ്ര രാജപക്സ തുറമുഖമെന്നും ഇത് അറിയപ്പെടുന്നു) ചൈനീസ് കമ്പനിക്ക് പാട്ടത്തിന് നൽകാനുള്ള തീരുമാനവും രാജപക്സെ എടുക്കുകയുണ്ടായി. തുറമുഖം നിർമിക്കാൻ ഒരു ചൈനീസ് കമ്പനിയിൽ നിന്നും കടം വാങ്ങിയത് തിരിച്ചടയ്ക്കാൻ സാധിക്കാതെ വന്നപ്പോഴാണ് ഇത്തരമൊരു നീക്കം നടത്തിയതെങ്കിലും രാജപക്സെയുടെ ചൈനീസ് വിധേയത്വം വിമർശിക്കപ്പെട്ടു. ചൈനീസ് അന്തർവാഹിനികൾക്ക് തങ്ങളുടെ തുറമുഖങ്ങളിൽ ഇടം നൽകാനുള്ള നയപരമായ തീരുമാനവും ശ്രീലങ്ക രാജപക്സെയുടെ കാലത്ത് വരികയുണ്ടായി.

റനിൽ വിക്രമസിംഗെയുടെ ഇന്ത്യാ വിധേയത്വം

റനിൽ വിക്രമസിംഗെക്ക് ഇന്ത്യയുമായി അമിതമായ വിധേയത്വമുണ്ടെന്ന് മുൻ കമ്മ്യൂണിസ്റ്റ് നേതാവു കൂടിയായ സിരിസേനയ്ക്ക് പരാതിയുണ്ട്. ഹാംബന്തോട്ട തുറമുഖം ചൈനീസ് കമ്പനി പാട്ടത്തിനെടുത്തത് രാജപക്സെയുടെ കാലത്താണ്. ഇത് ഇന്ത്യക്ക് ക്ഷീണമുണ്ടാക്കിയ നടപടിയായിരുന്നു. ശ്രീലങ്കയുമായി നയതന്ത്രബന്ധം ശരിയായി തുടരാൻ സാധിക്കാത്തതിന്റെ പേരിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനകത്ത് ഏറെ പഴി കേട്ടു. ഈ പ്രശ്നം ബാലൻസ് ചെയ്യാൻ നഷ്ടത്തിലുള്ള മറ്റാല രാജപക്സ ഇന്റർനാഷണൽ എയർപോർട്ട് ഇന്ത്യക്ക് പാട്ടത്തിന് നൽകാൻ ശ്രീലങ്ക തീരുമാനിക്കുകയുണ്ടായി. ലോകത്തിലെ ഏറ്റവും ശൂന്യമായ വിമാനത്താവളമെന്ന കെട്ട പേര് ഈ വിമാനത്താവളത്തിനുണ്ട്. വിമാനങ്ങളില്ലാത്ത ഈ വിമാനത്താവളത്തെ സജീവമാക്കാൻ ഇന്ത്യൻ നിക്ഷേപം സഹായകമാകുമെന്ന് ശ്രീലങ്ക പ്രതീക്ഷിച്ചു. എന്നാൽ ഈ ബാലൻസിങ് കളിയിൽ സിരിസേനയ്ക്ക് അതൃപ്തിയുണ്ടായിരുന്നെന്ന് പറയപ്പെടുന്നു.

കഴിഞ്ഞ രണ്ടുമൂന്നു മാസങ്ങൾക്കിടയിൽ ശ്രീലങ്കയിലെ രാഷ്ട്രീയം അശാന്തമായി മാറി. ഭരണസഖ്യത്തിൽ പലതരം അതൃപ്തികൾ വളർന്നു. ഇക്കഴിഞ്ഞയാഴ്ചയിൽ റനിൽ വിക്രമസിംഗെ ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിൽക്കണ്ട് ചർച്ച നടത്തിയിരുന്നു.

ഇന്ത്യൻ ചാരസംഘടനയ്ക്കെതിരായ സിരിസേനയുടെ ആരോപണം

ഇന്ത്യയുടെ ചാരസംഘടന തന്നെ കൊലപ്പെടുത്താൻ ശ്രമം നടത്തുന്നുവെന്ന അതീവഗുരുതരമായ ആരോപണം ശ്രീലങ്കൻ പ്രസിഡണ്ട് സിരിസേന ഉന്നയിച്ചതിനു പിന്നാലെയാണ് ഇപ്പോഴത്തെ രാഷ്ട്രീയ പ്രതിസന്ധി ഉടലെടുത്തതെന്നത് ശ്രദ്ധേയമാണ്. ഒക്ടോബർ 17നാണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ ആദ്യമായി മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. കാബിനറ്റ് മീറ്റിങ്ങിലാണ് തന്നെ കൊലപ്പെടുത്താൻ റോ പദ്ധതിയിടുന്നുണ്ടെന്ന ആരോപണം സിരിസേന ഉന്നയിച്ചത്. സെപ്തംബർ മാസത്തില്‍ സിരിസേനയെ കൊലപ്പെടുത്താനുള്ള പദ്ധതിയിട്ടെന്നാരോപിച്ച് പിടിയിലായ തോമസ് എന്ന ഇന്ത്യൻ പൗരനെതിരെ അന്വേഷണം നടത്താൻ റിനിൽ വിക്രമസിംഗെയുടെ സർക്കാര്‍ വലിയ താൽപര്യം കാണിക്കാത്തത് പ്രശ്നവല്ക്കരിക്കപ്പെടുകയുണ്ടായി. രണ്ടായിരാമാണ്ടു മുതൽ മാനസിക അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിക്കുന്നയാളാണ് തോമസ് എന്ന് ഇന്ത്യൻ ഹൈക്കമീഷന്‍ വിശദീകരണം നൽകിയെങ്കിലും ഇത് സിരിസേനയെ തൃപ്തനാക്കിയില്ലെന്നു വേണം കരുതാൻ.

സിരിസേനയിൽ ഇന്ത്യയുടെ അതൃപ്തി

ഇന്ത്യക്ക് ഒരു വിമാനത്താവളം പാട്ടത്തിന് നൽകാനുള്ള സർക്കാരിന്റെ നീക്കത്തോട് സിരിസേന വിയോജിപ്പ് പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളുടെ പ്രതിഫലനം കൂടിയായിരുന്നു. ചൈനയുമായി ബന്ധം ശക്തമാക്കണമെന്ന മഹീന്ദ രാജപക്സെയുടെ അതേ നിലപാടു തന്നെയാണ് സിരിസേനയ്ക്കുമുള്ളത്. ഇക്കാരണത്താൽ രാജപക്സെയോട് ഇന്ത്യക്കുള്ള സമീപനത്തിൽ നിന്നും വ്യത്യസ്തമല്ല സിരിസേനയോടുള്ളതും. ഒരുകാലത്ത് ഇന്ത്യക്ക് ഏറ്റവും അടുപ്പമുള്ള അയൽരാജ്യങ്ങളിലൊന്നായിരുന്ന ശ്രീലങ്ക ഇന്ന് ഏതാണ്ടൊരു ചൈനീസ് ആസ്തിയായി മാറിയിരിക്കുകയാണ്. ദക്ഷിണേഷ്യയിലെമ്പാടുമുള്ള ഇന്ത്യയുടെ ഭൗമരാഷ്ട്രീയത്തെ ചൈനയുടെ മേഖലയിലെ നയതന്ത്രവിജയം സാരമായി ബാധിച്ചു കഴിഞ്ഞു.

2017ൽ ഇന്ത്യയുമായി ഒപ്പിട്ട ഉടമ്പടി പ്രകാരം കൊളംബോ തുറമുഖത്തിലെ ഈസ്റ്റേണ്‍ കണ്ടൈനർ ടെർമിനലിന്റെ നടത്തിപ്പ് ഇന്ത്യക്ക് ലഭിക്കേണ്ടതുണ്ട്. എന്നാൽ ഇത് സാധ്യമല്ലെന്ന് ശ്രീലങ്കയുടെ തുറമുഖ മന്ത്രി മഹീന്ദ സമരസിംഗെ ഈയിടെ പ്രഖ്യാപിക്കുകയുണ്ടായി. കരാറിന്റെ ഈ തുറന്ന ലംഘനം ഇന്ത്യയുടെ താൽപര്യങ്ങളെ നിരാശയിലാഴ്ത്തിയിട്ടുണ്ട്. ഇനിയും നിരവധി പ്രോജക്ടുകൾ ഇന്ത്യക്ക് കിട്ടേണ്ടതായിട്ടുണ്ട്. ഇവയുടെയെല്ലാം ഭാവി അനിശ്ചിതമാണ് ഇപ്പോൾ. ചൈനീസ് കമ്പനികളുടെ വലയത്തിലാണ് ശ്രീലങ്ക.

സിരിസേന എന്ന നായകബിംബത്തിന്റെ പതനം

2015 തെരഞ്ഞെടുപ്പിനു മുമ്പ് രാജപക്സെക്കെതിരെ അതിശക്തമായ വികാരം പാർട്ടിക്കും മുന്നണിക്കും അകത്ത് ഉയർന്നു വന്നിരുന്നു. ജനങ്ങൾക്കിടയിലും ഇതിന്റെ പ്രതിഫലനങ്ങള്‍ പ്രകടമായിരുന്നു. ജനാധിപത്യപരമല്ലാത്ത രാജപക്സെയുടെ ഭരണത്തിനെതിരെ ഉയർന്നുവന്ന വികാരത്തെ പാർട്ടിക്കകത്ത് തനിക്കനുകൂലമായി ഉപയോഗപ്പെടുത്താൻ സിരിസേനയ്ക്ക് സാധിക്കുകയുണ്ടായി. ആദർശ രാഷ്ട്രീയത്തിന്റെ ബിംബമായി അക്കാലത്ത് സിരിസേന ഉയർന്നുനിന്നു. ഈ ബിംബം ഉടയുന്ന കാഴ്ചയാണ് ഇപ്പോൾ ശ്രീലങ്കൻ ജനത കാണുന്നത്.

പ്രധാനമന്ത്രി സ്ഥാനത്തേക്ക് മഹീന്ദ രാജപക്സെ നിർദ്ദേശിക്കപ്പെട്ടതിനു പിന്നാലെ ശ്രീലങ്കയിൽ രാഷ്ട്രീയ പ്രതിസന്ധി കനക്കുന്നു

Share on

മറ്റുവാർത്തകൾ