UPDATES

Explainer: ചൈനീസ് ആപ്പിൽ കുടുങ്ങിയ ഇന്ത്യൻ കുട്ടികൾ; ടിക്‌ടോക് കളിക്കുന്നത് വമ്പൻ കളി

ട്രെന്‍ഡിങ്ങ്

ജനപ്രിയമായ മാർഗങ്ങൾ തെരഞ്ഞെടുത്താണ് ടിക്‌ടോക് തങ്ങളുടെ മാർക്കറ്റിങ് നടത്തിയതെന്നു കാണാം.

‘നില്ല് നില്ല് നീയെന്റെ നീലക്കുയിലേ’ എന്ന ജാസി ഗിഫ്റ്റിന്റെ പാട്ടിന് ചുവടു വെച്ച് സ്കൂൾയൂണിഫോമിട്ട കുട്ടികൾ ഓടുന്ന വണ്ടികൾക്കു മുന്നിലേക്ക് എടുത്തു ചാടുന്ന വീഡിയോകൾ ഫേസ്ബുക്ക്, ട്വിറ്റർ, വാട്സാപ്പ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ കറങ്ങാൻ തുടങ്ങിയപ്പോഴാണ് ‘മുതിർന്നവർ’ പലരും ടിക്‌ടോക് എന്നൊരു ആപ്ലിക്കേഷനുണ്ടെന്ന വസ്തുത മനസ്സിലാക്കുന്നത്. കുട്ടികൾക്കു കൗമാരപ്രായക്കാർ‌ക്കുമിടയിൽ എന്തൊക്കെയോ നടക്കുന്നുവെന്നല്ലാതെ അന്നുവരെ ടിക്‌ടോക്കിനെ ആരും ഗൗരവമായെടുത്തിരുന്നില്ല. കുട്ടികൾ എന്തോ അപകടമുള്ള കളി കളിക്കുന്നുവെന്നും അവരെ നിയന്ത്രിക്കേണ്ടതുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെ തന്നെ പ്രചാരണം വന്നു. സംഗതി ഏതാണ്ട് കൈവിട്ടു പോകുന്നത് കണ്ടപ്പോൾ അധികാരികളും ഇടപെട്ടു.

നീലക്കുയിലിനെ നിർത്തുന്ന കളി അവസാനിച്ചെങ്കിലും ടിക്‌ടോക്കിന്റെ എല്ലാ കളികളും അവസാനിച്ചിട്ടില്ല. ഇപ്പോഴും കൗമാരപ്രായക്കാർ തങ്ങളുടെ സാഹസികത പ്രകടിപ്പിക്കാനും മറ്റുമായി ടിക്‌ടോക് ഉപയോഗിച്ചു വരുന്നു. ഉപയോഗിക്കുന്നത് കുട്ടികളാണെങ്കിലും ടിക്‌ടോക് ഒരു വെറും കുട്ടിക്കളിയല്ല. വൻ വരുമാനമുള്ള ഒരു വലിയ ബിസിനസ്സാണത്.

എന്താണ് ടിക്‌ടോക് ആപ്ലിക്കേഷൻ?

ബൈറ്റ്ഡാൻസ് എന്ന ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള മീഡിയ ആപ്ലിക്കേഷനാണ് ടിക്‌ടോക്. 2016 സെപ്തംബറിലാണ് ഈ ആപ്ലിക്കേഷൻ ലോഞ്ച് ചെയ്യുന്നത്. വിദേശ മാർക്കറ്റുകളിലേക്ക് എത്തിത്തുടങ്ങിയത് 2017 മുതലും. 2018ൽ യുഎസ്സിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷൻ എന്ന ബഹുമതി ഈ ആപ്ലിക്കേഷന് ലഭിക്കുകയുണ്ടായി. 15 സെക്കൻഡ് മുതൽ ഒരു മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകൾ ഈ ആപ്ലിക്കേഷനിൽ നിർമിച്ച് ഷെയർ ചെയ്യാൻ കഴിയും. ആഗോളതലത്തിൽ 500 ദശലക്ഷം ഡൗൺലോഡ് ഈ ആപ്ലിക്കേഷനുണ്ട്.

മ്യൂസിക്കലിയുമായുള്ള ലയനം എങ്ങനെയാണ് ടിക്‌ടോക്കിന് ഗുണം ചെയ്തത്?

2017ൽ മ്യൂസിക്കലി ആപ്ലിക്കേഷൻ ടിക്ടോക്കുമായി ലയിച്ചതോടെ കമ്പനിയുടെ പ്ലാറ്റ്ഫോം വളരെ വിശാലമായിത്തീർന്നു. ജനപ്രിയമായ വിപണനതന്ത്രങ്ങൾ ഉപയോഗിച്ചാണ് ഇവർ എല്ലായിടത്തും വളർന്നത്. പ്രാദേശിക ഭാഷകളിലേക്ക് അതിവേഗത്തിൽ ഇറങ്ങിച്ചെല്ലാൻ ഇവർക്ക് സാധിച്ചു. അമേരിക്കയിൽ ശക്തമായ സാന്നിധ്യം മ്യൂസിക്കലിക്ക് ഉണ്ടായിരുന്നതിനാൽ വലിയ വളർച്ച കൈവരിക്കാൻ ടിക്‌ടോക്കിനെ ഈ ലയനം സഹായിച്ചു.

ആരാണ് ടിക്‌ടോക്കിന്റെ ഉപയോക്താക്കൾ‌?

പ്രധാനമായും കൗമാരപ്രായക്കാരാണ് ടിക്‌ടോക് ഉപയോഗിക്കുന്നത്. യുഎസ് അടക്കമുള്ള വിപണികളിൽ കൗമാരപ്രായക്കാർക്കി‍ടയിൽ ഈ ആപ്ലിക്കേഷൻ വലിയ പ്രിയം നേടി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ പലതും ‘പ്രായപൂർത്തി’യായതും സാധാരണമായ തമാശകൾക്ക് അവയിൽ ഇടമില്ലാതെ പോകുകയും ചെയ്തതാണ് ടിക്‌ടോക് പോലുള്ള ആപ്ലിക്കേഷനുകളുടെ സാധ്യത. ടിക്‌ടോക്കിൽ കളിക്കുന്ന കളികൾ ഫേസ്ബുക്കിലോ ട്വിറ്ററിലോ ചിന്തിക്കാൻ പോലും സാധിക്കില്ല. അവയെല്ലാം ‘മുതിർന്നവരുടെ കളി’കളിൽ കുടുങ്ങിക്കഴിഞ്ഞു. ഗൗരവപ്പെട്ടത് മാത്രം അംഗീകരിക്കുന്ന ഒരു ഓഡിയൻസാണ് അവിടെ ഇപ്പോഴുള്ളത്. സോഷ്യൽ മീഡിയയിലേക്ക് ‘തമാശക്കളികൾ’ തിരിച്ചു കൊണ്ടുവന്ന ആപ്ലിക്കേഷനാണ് ടിക്‌ടോക് എന്നാണ് ദി ന്യൂയോർക്ക് ടൈംസ് വിലയിരുത്തിയത്. ഓർക്കൂട്ടിന്റെ കാലത്തും ഫേസ്ബുക്കിന്റെ തുടക്കകാലത്തുമെല്ലാം ഉണ്ടായിരുന്ന തമാശക്കളികൾ ഇടക്കാലത്ത് സോഷ്യൽ മീഡിയയിൽ നിന്നും മാറിപ്പോയിരുന്നു. ഈ ഒഴിവിടത്തിലേക്കാണ് ടിക്‌ടോക് കയറിയിരുന്നത്.

എന്തൊക്കെയാണ് ടിക്‌ടോക്കിലുള്ളത്?

വീഡിയോ രൂപത്തിലാണ് ടിക് ടോക്കിലെ എല്ലാ കണ്ടന്റും. തമാശകള്‍ക്കൊപ്പം ഗൗരവപ്പെട്ട സന്ദേശങ്ങളും ഈ ആപ്ലിക്കേഷനിലൂടെ പുറത്തുവരാറുണ്ട്. പ്രളയകാലത്തും ശബരിമല സ്ത്രീപ്രവേശന പ്രശ്നം പുകഞ്ഞ സന്ദർഭത്തിലുമെല്ലാം അഭിപ്രായപ്രകടനങ്ങളുടെ വേദിയായി ടിക് ടോക്ക് മാറി. ലിപ് സിങ്കിങ്, നൃത്തങ്ങൾ, ഡബ്സ്മാഷ്, ചെറിയ സ്കിറ്റുകൾ, രസകരമായ ചെറിയ സ്കിറ്റുകൾ തുടങ്ങിയവയെല്ലാം ഈ ആപ്ലിക്കേഷനിലുണ്ട്. ഫോളോവർമാർ, ഹാഷ്ടാഗുകൾ, കമന്റുകൾ, ലൈക്കുകൾ തുടങ്ങി മറ്റ് സോഷ്യൽ മീഡിയ ആപ്പുകളിൽ കാണുന്ന പ്രത്യേകതകളെല്ലാം ഇതിലുമുണ്ട്. ലൈവ് സ്ട്രീമിങ്ങും അനുവദിക്കുന്നുണ്ട്.

മാർക്കറ്റിങ് രീതികൾ

ജനപ്രിയമായ മാർഗങ്ങൾ തെരഞ്ഞെടുത്താണ് ടിക്‌ടോക് തങ്ങളുടെ മാർക്കറ്റിങ് നടത്തിയതെന്നു കാണാം. ടിക്‌ടോക് ചലഞ്ചുകൾ ഇത്തരമൊരു മാർക്കറ്റിങ് രീതിയാണെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. കേരളത്തിൽ ഇടക്കാലത്ത് പടർന്നു പിടിച്ച ‘നില്ല് നില്ല് നീയെന്റെ നീലക്കിളിയേ’ചലഞ്ച് ടിക്‌ടോക്കിനെ കൂടുതൽ പരിചിതമാക്കിത്തീർത്തു. അപകടകരമായ ഇത്തരം ചലഞ്ചുകളുടെ പേരിലാണ് ഇപ്പോഴും ടിക്‌ടോക് അറിയപ്പെടുന്നത്. കൗമാരക്കാരുടെ കൗതുകങ്ങളെ കമ്പനി വിറ്റ് കാശാക്കുന്നുവെന്ന ആരോപണം ശക്തമാണ്.

എന്താണ് ടിക്‌ടോക്കിന്റെ വരുമാന മാർഗം?

‘വിർച്വൽ ഗിഫ്റ്റു’കളുടെ വിൽപന വഴി കമ്പനി പണമുണ്ടാക്കുന്നുണ്ട്. ഫാഷൻ കണ്ടന്റുകൾ കൗമാരക്കാർക്കിടയിൽ എത്തിക്കാനായി ചില വസ്ത്രനിർമാണ ബ്രാൻഡുകളുമായി ടിക്‌ടോക് പ്രചാരണപരിപാടികൾ നടത്തുന്നുണ്ട്. ഇതുവഴിയും വരുമാനമുണ്ടാക്കുന്നു. നിലവിൽ ടിക്‌ടോക്കിൽ പരസ്യങ്ങളില്ലെങ്കിലും അവരുടെ പ്രൈവസി പോളിസിയിൽ പരസ്യങ്ങളിടാനുള്ള വകുപ്പ് ചേർത്തിട്ടുണ്ട്.

എത്ര വരുമാനമുണ്ടാക്കുന്നുണ്ട് ടിക്‌ടോക്?

ഇക്കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. 2017ൽ 3.5 ദശലക്ഷം ഡോളർ വരുമാനമുണ്ടാക്കിയെന്നാണ് ചില റിപ്പോർട്ടുകൾ പറയുന്നത്. ഇതിൽ 42 ശതമാനം യുഎസ്സിൽ നിന്നായിരുന്നു. ചൈനയിൽ നിന്നാണ് 39 ശതമാനം വരുമാനം വന്നത്.

ഇന്ത്യയിൽ ടിക്‍‌ടോക് നേരിടുന്ന എതിർപ്പുകൾ

ഇക്കഴിഞ്ഞ ദിവസമാണ് രാഷ്ട്രീയ സ്വയംസേവക സംഘത്തിൽ അഫിലിയേറ്റ് ചെയ്ത സംഘടനകളിലൊന്നായ സ്വദേശി ജാഗരൺ മഞ്ച് ടിൿടോക്കിനെതിരെ രംഗത്തു വന്നത്. ജമ്മു കശ്മീരിലെ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. ചൈനയാണ് പാകിസ്താന് സഹായങ്ങൾ നൽകുന്നത്. ജെയ്ഷെ മൊഹമ്മദിനെയും പാലൂട്ടി വളർത്തുന്നത് ചൈനയാണ്. ഇത്തരമൊരു രാജ്യത്തു നിന്നും പ്രവർത്തിപ്പിക്കുന്ന ആപ്ലിക്കേഷൻ ഇനിയും രാജ്യത്ത് തുടരരുതെന്നാണ് സ്വദേശി ജാഗരൺ മഞ്ചിന്റെ അഭിപ്രായം. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇക്കാര്യമാവശ്യപ്പെട്ട് സംഘടന കത്തയയ്ക്കുകയും ചെയ്തു.

എന്നാൽ ഈ വാദങ്ങളെ മുഖവിലയ്ക്കെടുത്ത് ചൈനീസ് ആപ്ലിക്കേഷനുകളെ നിരോധിക്കുക സർക്കാരിന് അസാധ്യമാണ്. അന്താരാഷ്ട്ര വ്യാപാരക്കരാറുകളുടെ ലംഘനമായിത്തീരും അത്. കൂടാതെ നിരവധി തൊഴിലവസരങ്ങളാണ് ഈ കമ്പനികൾ രാജ്യത്തേക്ക് കൊണ്ടുവരുന്നത്. തൊഴിലില്ലായ്മ സംബന്ധിച്ച് പ്രതിപക്ഷ ആരോപണങ്ങൾ നേരിടുന്ന കേന്ദ്രം ഇങ്ങനെയൊരു നടപടിക്ക് മുതിരില്ലെന്ന് ഉറപ്പാണ്. ഈയൊരു ചൈനീസ് കമ്പനി മാത്രമല്ല രാജ്യത്ത് പ്രവർത്തിക്കുന്നത്.

കേരളാ പൊലീസിന്റെ ഇടപെടൽ

പൊലീസുകാരാണ് ടിക്‌ടോക്ക് പയ്യന്മാരെക്കൊണ്ട് കുടുങ്ങിയ ഒരു കൂട്ടർ. പയ്യന്മാർ കളിക്കുന്ന ‘നില്ല് നില്ല്’ ചലഞ്ചും മറ്റും അപകടങ്ങൾക്ക് കാരണമാകുന്നത് വാർത്തയായിരുന്നു. മലപ്പുറം ജില്ലയിലെ തിരൂരിൽ ഈ കളിയുമായെത്തിയ കൗമാരക്കാരെ നാട്ടുകാർ നന്നായി പെരുമാറി. റോഡിൽ ഗതാഗതത്തടസ്സമുണ്ടാക്കിയതിനായിരുന്നു ഇത്. കുട്ടികൾ പിന്നീട് സംഘടിച്ചെത്തി വൻ പ്രത്യാക്രമണം നടത്തി. ഇക്കഴിഞ്ഞ ദിവസമാണ് മലപ്പുറം ജില്ലയിലെത്തന്നെ കടലുണ്ടിയിൽ പാലത്തിനു മുകളിൽ നിന്ന് പുഴയിലേക്ക് ചാടി ടിക്‌ടോക് വീഡിയോ പിടിക്കുകയായിരുന്ന കൗമാരക്കാർ കുടുങ്ങിയ വാർത്ത വന്നത്. അഴിമുഖ പ്രദേശമായ ഇവിടുത്തെ കുത്തൊഴുക്കിൽ കുട്ടികള്‍ പെട്ടതോടെ മത്സ്യത്തൊഴിലാളികൾ എത്തിയാണ് ഇവരെ രക്ഷിച്ചത്.

കാര്യങ്ങൾ അതിര് വിടുകയാണെന്ന് ചൂണ്ടിക്കാട്ടി ഒരു താക്കീതിന്റെ സ്വരത്തിൽ കേരളാ പൊലീസ് ഫേസ്ബുക്കിൽ പോസ്റ്റിടുകയുണ്ടായി. അവഹേളിക്കൽ, ഭീഷണിപ്പെടുത്തൽ തുടങ്ങിയവയടങ്ങിയ ടിക് ടോക് വീഡിയോകൾ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും സോഷ്യൽ മീഡിയയിൽ സഭ്യതയും മാന്യതയും പുലർത്തണമെന്നും പൊലീസ് അഭ്യർത്ഥിച്ചു.

തമിഴ്നാടിന്റെ ആശങ്ക

യുവതീയുവാക്കൾ ‘അശ്ലീല വീഡിയോകൾ’ ടിക്‌ടോക്കിൽ പോസ്റ്റ് ചെയ്യുന്നതായിരുന്നു തമിഴ്നാട് ഇൻഫർമേഷൻ ടെക്നോളജി മന്ത്രി എം മണികണ്ഠന്റെ ആശങ്ക. ഈ പ്രശ്നം ഉന്നയിച്ച് ആപ്പിനെ നിരോധിക്കണമെന്ന് ആവശ്യപ്പെടുമെന്ന് ഫെബ്രുവരി 12ന് മന്ത്രി പ്രഖ്യാപിച്ചു. കേന്ദ്ര സർക്കാരിനാണ് ഇതിനുള്ള അധികാരം. നാഗപട്ടിനം എംഎൽഎ എം തമീനുൻ അൻസാരിയാണ് നിരോധനത്തിന് ആദ്യം ആവശ്യപ്പെട്ടത്. ഇദ്ദേഹത്തിന്റെ ഈ വിഷയത്തിലുള്ള പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

ടിക്‌ടോക്കിനെതിരെ മറ്റ് പരാതികൾ എന്തെല്ലാമാണ്?

ടിക്‌ടോക്കിലൂടെ ആളുകളെ അപഹസിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമെല്ലാം പരാതികൾക്ക് കാരണമാകുന്നുണ്ട്. തമിഴ്നാട്ടിൽ 104 ഹെൽപ്‌ലൈനിൽ പ്രവർത്തിക്കുന്ന ഒരു കൗൺസിലർക്ക് ഒരു മാസത്തിൽ നാല്‍പ്പതോളം കേസുകൾ ടിക്‌ടോക്കുമായി ബന്ധപ്പെട്ട് ഏറ്റെടുക്കേണ്ടി വരുന്നുണ്ടെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ടിക്‌ടോക് ട്രോൾ സഹിക്കാനാകാതെ ആത്മഹത്യാ ശ്രമങ്ങൾ വരെയുണ്ടായിട്ടുണ്ട് ഇന്ത്യയിൽ പലയിടങ്ങളിലും. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ അപേക്ഷിച്ച് താരതമ്യേന പുതിയതായ ഈ പ്ലാറ്റ്ഫോമിൽ സാമൂഹ്യവിമർശനങ്ങളും നിയന്ത്രണങ്ങളും കുറവാണ്. ഉപയോക്താക്കളാണെങ്കിൽ അധികവും കൗമാരക്കാരും.

Share on

മറ്റുവാർത്തകൾ