UPDATES

Explainer: 62 കോടിയുടെ യന്ത്രങ്ങള്‍ തുരുമ്പെടുത്ത ടൈറ്റാനിയം അഴിമതി; പാല കടക്കുമോ സി ബി ഐ അന്വേഷണം?

കേരളം

പതിമുന്ന് വര്‍ഷത്തിനിടെ കേസില്‍ സംഭവിച്ചത്.

ഒരിടവേളയ്ക്ക് ശേഷം ടൈറ്റാനിയം അഴിമതി കേസ് കേരളത്തില്‍ വീണ്ടും വാര്‍ത്തയാകുകയാണ്.  കേസ് സിബിഐയ്ക്ക് കൈമാറാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതിന്റെ രാഷ്ട്രീയ ശരികളെ കുറിച്ചുള്ള ചര്‍ച്ചകളാണ് കാര്യമായി നടക്കുന്നത്. പാല ഉപതെരഞ്ഞെടുപ്പാണ് ടൈറ്റാനിയത്തിലേക്ക് ഇപ്പോള്‍ സിബിഐയെ എത്തിച്ചതെന്ന് കേസില്‍ ആരോപണവിധേയരായ പ്രതിപക്ഷം പറയുമ്പോള്‍, അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സര്‍ക്കാര്‍ നയമെന്ന് ഭരണപക്ഷവും പറയുന്നു.

എന്താണ് ടൈറ്റാനിയം അഴിമതി കേസ്

മലീനികരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുന്നതിന് വിദേശത്തുനിന്ന് യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തതാണ് കേസിനാസ്പദമായ സംഭവം. മലീനികരണ നിയന്ത്രണ യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തതില്‍ 68 കോടി രൂപയുടെ അഴിമതി നടന്നതായാണ് കേസ്. മലീനകരണ നിയന്ത്രണ പ്ലാന്റ് നിര്‍മ്മിക്കാന്‍ മെക്കോണ്‍ എന്ന കമ്പനി വഴിയാണ് യന്ത്രങ്ങള്‍ ഇറക്കുമതി ചെയ്തത്. 256 കോടി രുപയുടെ കരാറിലാണ് ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏര്‍പ്പെട്ടത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും ടി കെ ഇബ്രാഹിംകുഞ്ഞ് വ്യവസായ മന്ത്രിയുമായിരിക്കുമ്പോഴാണ് കരാറുണ്ടാക്കുന്നത്. രമേശ് ചെന്നിത്തല ഈ ഘട്ടത്തില്‍ കെ പി സി സി അധ്യക്ഷനായിരുന്നു. ബ്രിട്ടനിലെ വി എ ടെക് വെബാഗ്, എവിഐ യുറോപ്പ്, ഫിന്‍ലാന്റിലെ കെമ ടോര്‍ എക്കോ പ്ലാനിംങ് കമ്പനി എന്നിവ വഴിയാണ് യന്ത്രങ്ങള്‍ വാങ്ങിയത്. ഇതിന് ആവശ്യമായ അന്തരാഷ്ട്ര ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും 68 കോടി രൂപയുടെ അഴിമതി നടന്നുവെന്നും കാണിച്ച് ജീവനക്കാരില്‍ ചിലര്‍ നല്‍കിയ പരാതിയാണ് ആദ്യം ഉണ്ടായത്. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ വി എസ് അച്യുതാനന്ദന്‍ സര്‍ക്കാരിൻ്റെ കാലത്ത്  കേസ് എടുത്തു.

കേസ് മുന്നോട്ട് പോയത് എങ്ങനെയാണ്

2006 ലാണ് വിജിലന്‍സ് കേസെടുത്തത്. എന്നാല്‍ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ നേതാക്കളെ ഒഴിവാക്കി ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് കേസെടുത്തത്. ടൈറ്റാനിയം മുന്‍ ചെയര്‍മാന്‍ ടി ബാലകൃഷ്ണനും മുന്‍ എംഡിമാരുമാണ് കേസില്‍ ഉള്‍പ്പെട്ടിരുന്നത്. കേസില്‍ രാഷ്ട്രീയ നേതാക്കളെ പ്രതിചേര്‍ക്കാന്‍ ആവശ്യമായ തെളിവുകള്‍ ഇല്ലെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. എന്നാല്‍ തുടരന്വേഷണത്തിന് കോടതി ഉത്തരവിടുകയായിരുന്നു.

തുടരന്വേഷണത്തില്‍ എന്ത് സംഭവിച്ചു.

രാഷട്രീയക്കാരുടെ പങ്ക് കൂടി അന്വേഷിക്കണമെന്നായിരുന്നു കോടതി വിധി. ഇതേതുടര്‍ന്നാണ് പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചത്. അന്വേഷണത്തില്‍ സഹായം തേടി വിജിലന്‍സ് ഇന്റര്‍പോളിന്റെ സഹായം തേടിയിരുന്നു. വിദേശത്തും അന്വേഷണം നടത്തണമെന്നുള്ളതുകൊണ്ടാണ് ഇന്റര്‍പോളിന്റെ സഹായം തേടിയത്. സിബിഐ അന്വേഷണമാണ് ഉചിതമെന്ന നിലപാടും വിജിലന്‍സ് സ്വീകിരിച്ചിരുന്നു.

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വിജിലന്‍സ് കോടതി നടത്തിയ പരാമര്‍ശങ്ങള്‍ വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. ഇതേതുടര്‍ന്ന് ഉമ്മന്‍ചാണ്ടി വിജിലന്‍സിന്റെയും ആഭ്യന്തര വകുപ്പിന്റെയും ചുമതലയൊഴിഞ്ഞു. അന്ന് പ്രതിപക്ഷ ഉപനേതാവായിരുന്ന കോടിയേരി ബാലകൃഷ്ണന്‍, കോടതി പരമാര്‍ശത്തെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടി വിജിലന്‍സ് ഒഴിയണമെന്നാണ് ആവശ്യപ്പെട്ടത്. പ്രതിപക്ഷ നേതാവായിരുന്ന വിഎസ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്നും ആവശ്യപ്പെട്ടു. ഭിന്ന നിലപാട് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നുണ്ടായതും വിവാദമായി.

കോണ്‍ഗ്രസ് നേതാവ് കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ ഇടപെടല്‍ എന്തായിരുന്നു.

കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന കെ കെ രാമചന്ദ്രന്‍ മാസ്റ്ററുടെ നിലപാട് ടൈറ്റാനിയം കേസി്ല്‍ വലിയ കോളിളക്കം സൃഷ്ടിച്ചു. ടൈറ്റാനിയത്തില്‍ അഴിമതി നടന്നുവെന്നായിരുന്നു ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലെ അംഗമായിരുന്ന രാമചന്ദ്രന്റെ ആരോപണം. ഇദ്ദേഹത്തെ പരിസ്ഥിതി മന്ത്രിസ്ഥാനത്തുനിന്ന് മാറ്റിയാണ് അഴിമതി നടത്തിയതെന്നായിരുന്നു ആരോപണം. പിന്നീട് ഇതിന്റെ പേരില്‍ അദ്ദേഹം കോണ്‍ഗ്രസില്‍നിന്ന് പുറത്തായി.

വിവാദ തീരുമാനത്തിന് എന്ത് സംഭവിച്ചു 

2006 ല്‍ ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ പദ്ധതിയെക്കുറിച്ച് പഠിക്കാന്‍ ചെന്നൈ ഐഐടിയിലെ ഡോ. പുഷ്പാവനത്തെ നിയമിച്ചു. പദ്ധതി നടപ്പിലാക്കരുതെന്ന് അദ്ദേഹം ശുപാര്‍ശ ചെയ്തു. കിറ്റ്‌കോയുടെയും റിപ്പോര്‍ട്ട് സംസ്ഥാനത്തിന് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നായിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍ പദ്ധതി സര്‍ക്കാര്‍ റദ്ദാക്കി. 90 കോടി രുപയുടെ പുതിയ പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുകയും ചെയ്തു. ഫലത്തില്‍ സംസ്ഥാനത്തിന്റെ 62 കോടി രുപ ചിലവഴിച്ച് വാങ്ങിയ യന്ത്രങ്ങള്‍ തുരുമ്പെടുക്കുകയും ചെയ്തു.

Share on

മറ്റുവാർത്തകൾ