UPDATES

EXPLAINER: കാര്‍ഗില്‍ യുദ്ധ സമയത്ത് പോലും സഞ്ചാരികളോട് കാശ്മീര്‍ വിടാന്‍ ആവശ്യപ്പെട്ടിട്ടില്ല, ആരാണ് ഭീതി പരത്തുന്നത്? എന്തിന്?

ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പിന്‍വലിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങളുടെ ഭാഗമാകാനിടയുണ്ട് ഈ കരുതല്‍ നടപടികള്‍ എന്ന് വിലയിരുത്തുന്നവരുണ്ട്.

ജമ്മു കാശ്മീരിലെ സംഘര്‍ഷാവസ്ഥ മുന്‍പെങ്ങുമില്ലാത്ത നിലയിലുള്ള ഭീതിയിലേയ്ക്കും ആശങ്കയിലേയ്ക്കുമാണ് സംസ്ഥാനത്തെ ജനങ്ങളെ നയിച്ചിരിക്കുന്നത്. കാശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും സുരക്ഷാഭീഷണികള്‍ക്കും മൂന്ന് പതിറ്റാണ്ടിലധികം പഴക്കമുണ്ട്. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് നീട്ടിക്കൊണ്ടുപോയി സര്‍ക്കാരിന്റെ സൈനികവത്കരണം വര്‍ദ്ധിപ്പിക്കുന്ന മോദി സര്‍ക്കാരിന്റെ നടപടി കാശ്മീര്‍ താഴ്‌വരയെ കൂടുതല്‍ വലിയ അശാന്തിയിലേയ്ക്കാണ് എത്തിച്ചിരിക്കുന്നത്.

ഓഗസ്റ്റ് രണ്ടിന് ആര്‍മിയും സിആര്‍പിഎഫും ജമ്മു കാശ്മീര്‍ പൊലീസും ചേര്‍ന്ന് വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. മിനുട്ടുകള്‍ക്കകം ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരില്‍ സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിക്കൊണ്ടും അമര്‍നാഥ് തീര്‍ത്ഥാടകരും ടൂറിസ്റ്റുകള്‍ അടക്കമുള്ളവരും ഉടന്‍ സംസ്ഥാനം വിടണമെന്ന അസാധാരണ അഡൈ്വസറിയാണ് പുറത്തിറക്കിയത്. സംസ്ഥാനത്തെ മൂന്ന് പതിറ്റാണ്ട് കാലത്തെ ചരിത്രത്തിലില്ലാത്ത ഒരു കാര്യമാണ് നടന്നത് എന്ന് ദ ക്വിന്റ് ചൂണ്ടിക്കാട്ടുന്നു.

ജമ്മു കാശ്മീര്‍ 1947 ഇന്ത്യന്‍ യൂണിയന്റെ ഭാഗമായ സാചചര്യത്തേയും ധാരണകളേയും പരിഗണിച്ച് അതിന് ഇന്ത്യന്‍ ഭരണഘടന അനുവദിച്ചിരിക്കുന്ന പ്രത്യേക അധികാരങ്ങളേയും അവകാശങ്ങളേയും ചോദ്യം ചെയ്യുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്. അതുകൊണ്ടാണ് ആര്‍ട്ടിക്കിള്‍ 35 എ പിന്‍വലിക്കുകയാണ് എങ്കില്‍ അത് വെടിമരുന്ന് വീപ്പ തീയില്‍ വയ്ക്കുമ്പോലുള്ള അനുഭവമാണ് അത് ചെയ്യുന്നവര്‍ക്കുണ്ടാവുക എന്ന് കേന്ദ്ര സര്‍ക്കാരിന് പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി മുന്നറിയിപ്പ് നല്‍കിയത്.

ഭയപ്പെടാനൊന്നുമില്ല എന്ന ഗവര്‍ണര്‍ സത്യാപാല്‍ മാലികിന്റെ ആശ്വാസവചനങ്ങളല്ല തങ്ങള്‍ കേള്‍ക്കാന്‍ ആഗ്രഹിക്കുന്നത് എന്നും കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന് നല്‍കുന്ന വിശദീകരണമാണ് വേണ്ടത് എന്നും മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള പറഞ്ഞു. ഗുല്‍മാര്‍ഗ് പോലുള്ള ഏറ്റവും പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ നിന്ന് പോലും ആളുകളെ ഒഴിപ്പിക്കാനുള്ള എന്ത് അടിയന്തര സാഹചര്യമാണുള്ളത് എന്നാണ് ഒമറിന്റെ ചോദ്യം.

ആര്‍ട്ടിക്കിള്‍ 370 ജമ്മു കാശ്മീരിന് പ്രത്യേക സ്വയംഭരണാധികാരം നല്‍കുമ്പോള്‍ ആര്‍ട്ടിക്കിള്‍ 35 എ ജമ്മു കാശ്മീരില്‍ ഭൂമി വാങ്ങുന്നതിന് അടക്കമുള്ള കാര്യങ്ങളില്‍ സ്ഥിരതാമസക്കാര്‍ക്ക് പ്രത്യേക അവകാശം നല്‍കുകയും പുറത്തുനിന്നുള്ളവര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്യുന്നു. ഇന്ത്യന്‍ യൂണിയന്റെ ഭാഗമായുള്ള ജമ്മു കാശ്മീരിന്റെ നിലനില്‍പ്പിന്റെ അടിസ്ഥാന കാര്യങ്ങളാണ് ഇവ രണ്ടുമെന്ന് കാശ്മീരി നേതാക്കള്‍ കേന്ദ്ര സര്‍ക്കാരിനെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നുണ്ട്. അതേസമയം ഇവ രണ്ടും റദ്ദാക്കണം എന്നതാണ് ബിജെപിയുടെ പ്രഖ്യാപിത നിലപാട്. തിരഞ്ഞെടുപ്പ് പ്രകടനപത്രികകളില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിനൊപ്പം ബിജെപി സ്ഥിരമായി ഉള്‍പ്പെടുത്തുന്ന ഒന്നുമാണ് ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുമെന്ന കാര്യം.

അമര്‍നാഥ് തീര്‍ത്ഥാടകരെ ആക്രമിക്കാന്‍ ലക്ഷ്യമിട്ട് പാകിസ്താന്‍ ആര്‍മിയുടെ പിന്തുണയുള്ള ഭീകരര്‍ രംഗത്തുള്ളതായി ഇന്റലിജന്‍സ് മുന്നറിയിപ്പുണ്ട് എന്നതാണ് കൂടുതല്‍ സൈനികരെ അയയ്ക്കാന്‍ ന്യായീകരണമായി കേന്ദ്ര സര്‍ക്കാര്‍ പറയുന്ന ഒരു കാര്യം. ജമ്മു കാശ്മീരിലെ സൈനിക സാന്നിധ്യം കുറയ്ക്കുക ചര്‍ച്ചകള്‍ സജീവമാക്കുക എന്ന ആവശ്യത്തിന് കടകവിരുദ്ധമാണ് മോദി സര്‍ക്കാര്‍ ഇതുവരെ പിന്തുടര്‍ന്ന് പോരുന്ന കാശ്മീര്‍ നയം.

കാശ്മീരിനെ എങ്ങനെ ബാധിച്ചു?

കാശ്മീര്‍ താഴ്‌വരയിലെ ജനങ്ങളേയും പുറത്തുനിന്നെത്തിയ സന്ദര്‍ശകരേയും സര്‍ക്കാരിന്റെ അഡൈ്വസറി ഭീതിയിലും ആശങ്കയിലുമാക്കി. അഡൈ്വസറി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ശ്രീനഗര്‍ അടക്കമുള്ള പ്രദേശങ്ങളില്‍ എടിഎമ്മുകളിലും പെട്രോള്‍ പമ്പുകളിലും പച്ചക്കറി, പലചരക്ക് കടകള്‍ക്ക് മുന്നിലും വലിയ തിരക്കുണ്ടായി. സാധനങ്ങള്‍ സംഭരിച്ച് വയ്ക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ഇത്. കാശ്മീര്‍ വിടാനായി, ടിക്കറ്റ് പോലുമില്ലാതെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ തിരക്കിട്ടെത്തി. കോളേജുകളും യൂണിവേഴ്‌സിറ്റികളും അടച്ചുപൂട്ടി. ജമ്മുവില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികളെ ബസുകളില്‍ തിരിച്ചയച്ചു.

ഗവര്‍ണര്‍ സത്യപാല്‍ മാലികും ഡിവിഷണല്‍ കമ്മീഷണര്‍ ബഷീര്‍ ഖാനും ഡെപ്യൂട്ടി കമ്മീഷണര്‍മാരുമെല്ലാം നിരന്തരം ഭീതി പരത്തരുതെന്നും വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് എന്നും ഭയപ്പെടേണ്ട യാതൊരു കാര്യവുമില്ലെന്നും പറഞ്ഞു കൊണ്ടിരുന്നു. അതേസമയം ഗവര്‍ണറുടെ ഏറ്റവും ഒടുവിലെ പ്രസ്താവന ശ്രദ്ധേയമാണ്. നിലവില്‍ കാശ്മീരില്‍ പ്രശ്‌നമില്ല. അതേസമയം നാളെ എന്താകും എന്ന് എനിക്ക് പറയാനാകില്ലെന്നുമാണ് ഗവര്‍ണര്‍ ഒടുവില്‍ പ്രതികരിച്ചത്. മെഹബൂബ മുഫ്തിയും ഒമര്‍ അബ്ദുള്ളയും ഷാ ഫൈസലുമടക്കമുള്ള വിവിധ കക്ഷി നേതാക്കളുമായുള്ള കൂടിക്കാഴ്ചകളില്‍ യാതൊരു സംഘര്‍ഷാവസ്ഥയുമുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ ഇക്കാര്യം പ്രതികരിച്ചത്.

ടൂറിസ്റ്റുകളെ വ്യാപകമായി ഒഴിപ്പിക്കല്‍, കാര്‍ഗില്‍ യുദ്ധ കാലത്ത് പോലുമില്ലാത്ത തരത്തില്‍

ശ്രീനഗറിന് സമീപമുള്ള ചനാപോരയിലുള്ള തന്റെ ഓഫീസ് ടൂറിസം ഡയറക്ടര്‍
നിസാര്‍ അഹമ്മദ് വാനി പുല്‍വാമയിലുള്ള ബന്ധുക്കളെ കാണാനായി പോയപ്പോളാണ് ഡിവിഷണല്‍ കമ്മീഷണറുടെ ഉത്തരവ് പ്രകാരം അടിയന്തരമായി തിരിച്ചുവിളിക്കുന്നത്. 5000ത്തോളം വരുന്ന ടൂറിസ്റ്റുകളുടെ മടക്കയാത്രയ്ക്ക് ആവശ്യമായ സൗകര്യങ്ങളൊരുക്കാന്‍ നിസാര്‍ അഹമ്മദ് വാനിക്ക് നിര്‍ദ്ദേശം നല്‍കി. ശ്രീനഗറില്‍ ഹോട്ടലുകളിലും ഹൗസ് ബോട്ടുകളിലുമായി കഴിയുന്നവര്‍, ഗുല്‍മാര്‍ഗിലും പഹല്‍ഗാമിലും സോന്‍മാര്‍ഗിലുമുള്ള ടൂറിസ്റ്റുകള്‍ എഇവരെയെല്ലാം ഒഴിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. 1999ല്‍ കാര്‍ഗില്‍ യുദ്ധം ശക്തമായിരുന്ന സമയത്ത് പോലും ടൂറിസ്റ്റുകളോട് കാശ്മീര്‍ താഴ്‌വര വിടാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ല.

നിര്‍ദ്ദേശപ്രകാരം നിസാര്‍ വാനിയും ടീമും ചേര്‍ന്ന് നൂറ് കണക്കിന് സ്വകാര്യ ബസുകളും കാറുകളും മറ്റും വാടകയ്‌ക്കെടുത്തു. അര്‍ദ്ധരാത്രിക്കുള്ളില്‍ 15,000ത്തോളം വരുന്ന തീര്‍ത്ഥാടകരേയും 5000ത്തോളം വരുന്ന ടൂറിസ്റ്റുകളേയും കാശ്മീര്‍ താഴ്‌വരയില്‍ നിന്ന് ഒഴിപ്പിച്ചു. സംസ്ഥാനത്ത് യാതൊരു പ്രശ്‌നവുമില്ലെന്ന് പറയുന്ന ഗവര്‍ണര്‍ അടക്കമുള്ളവര്‍ തന്നെയാണ് വ്യാപകമായ ചാവേര്‍ ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ട് എന്നും പറയുന്നത്. എന്താണ് സംഭവിക്കുന്നത് എന്നത് സംബന്ധിച്ച് യാതൊരു വിവരവും ലഭിക്കുന്നില്ല എന്നാണ് ഒമര്‍ അബ്ദുള്ള പ്രതികരിച്ചത്.

സൈനികരുടെ എണ്ണം വര്‍ദ്ധിപ്പിക്കല്‍

35,000 അര്‍ദ്ധസൈനികരെ അധികമായി നിയോഗിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ആദ്യം 10,000 പേരെ നിയോഗിച്ചു. പിന്നീട് 25,000 സൈനികരെ കൂടി നിയോഗിക്കാന്‍ തീരുമാനിച്ചു. 28,000 സൈനികര്‍ കാശ്മീരിലെത്തിയിട്ടുണ്ട്്. ഭൂരിഭാഗവും സിആര്‍പിഎഫുകാര്‍. ജമ്മു കാശ്മീരിലെ അര്‍ദ്ധ സൈനികരുടെ എണ്ണം ഇതോടെ 1,80,000 കടന്നു. കഴിഞ്ഞ എട്ട് ദിവസമായി ഡല്‍ഹിയില്‍ നിന്ന് വ്യോമസേന വിമാനങ്ങളില്‍ സിആര്‍പിഎഫുകാരെ ശ്രീനറില്‍ എത്തിച്ചുകൊണ്ടിരിക്കുന്നു.

മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പോലും അവ്യക്തത

പൊലീസ്, പാരാമിലിട്ടറി, ആര്‍മി, സുരക്ഷാ ഏജന്‍സികള്‍ എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് പോലും എന്താണ് സംഭവിക്കുന്നത് എന്നത് സംബന്ധിച്ച് അവ്യക്തതകളുണ്ട്്. ഏത് സാഹചര്യവും നേരിടാനാണ് സര്‍ക്കാരിന്‍ നിന്നുള്ള നിര്‍ദ്ദേശം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ക്കല്ലാതെ മറ്റാര്‍ക്കും ഒന്നുമറിയില്ല എന്നാണ് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ക്വിന്റിനോട് പ്രതികരിച്ചത്. ശ്രീനഗറിലെ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വാര്‍ റൂം പോലൊന്ന് സ്ഥാപിച്ചിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പിന്‍വലിക്കാനുള്ള നീക്കമോ? കേന്ദ്ര സര്‍ക്കാരിന് ഇത് എളുപ്പമാണോ?

ആര്‍ട്ടിക്കിള്‍ 370, 35 എ എന്നിവ പിന്‍വലിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കങ്ങളുടെ ഭാഗമാകാനിടയുണ്ട് ഈ കരുതല്‍ നടപടികള്‍ എന്ന് പ്രതിപക്ഷ കക്ഷി നേതാക്കളില്‍ പലരും കാശ്മീരി മാധ്യമപ്രവര്‍ത്തകരും കരുതുന്നു. ജമ്മു കാശ്മീരിന് സ്വയംഭരണാധികാരം നല്‍കുന്നതാണ് ആര്‍ട്ടിക്കിള്‍ 370. സ്ഥിരതാമസക്കാര്‍ക്ക് മാത്രം ഭൂമി വാങ്ങുന്നത് അടക്കമുള്ള അവകാശങ്ങള്‍ പരിമിതപ്പെടുത്തുന്നതാണ് ആര്‍ട്ടിക്കിള്‍ 35 എ. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനവും ബിജെപിയുടെ കോര്‍ ഗ്രൂപ്പ് ചര്‍ച്ചയും ഈ അഭ്യൂഹം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്.

1954ല്‍ രാഷ്ട്രപതിയുടെ ഉത്തരവിലൂടെയാണ് ആര്‍ട്ടിക്കിള്‍ 35 എ നിലവില്‍ വന്നത്. ഇത് രാഷ്ട്രപതിയുടെ ഉത്തരവിലൂടെ തന്നെ ഇല്ലാതാക്കാനാകും എന്ന് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

പാകിസ്താനെതിരെ സൈനിക നടപടിയുണ്ടാകുമോ?

സൈനികമേധാവികളും ഉദ്യോഗസ്ഥരും രാഷ്ട്രീവും നയപരവുമായ കാര്യങ്ങളും പറയാതിരിക്കുന്ന കീഴ്‌വഴക്കം ലംഘിച്ചാണ് മോദി സര്‍ക്കാരിന്റെ കാലത്ത് പലപ്പോഴും കരസേന മേധാവി ബിപിന്‍ റാവത്ത് അടക്കമുള്ളവര്‍ പ്രതികരിച്ചിട്ടുള്ളത്. പാകിസ്താന് ബിപിന്‍ റാവത്ത് നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു. പാകിസ്താനെതിരെ സൈനിക നടപടിയ്ക്ക് ഇന്ത്യ മുതിര്‍ന്നേക്കാം എന്ന് കരുതുന്നവരുണ്ട്.

Share on

മറ്റുവാർത്തകൾ