UPDATES

Explainer: 182 മീറ്റർ കുത്തനെ ഗുജറാത്തിലുയര്‍ന്ന ഇന്ത്യയുടെ ‘ആത്മാഭിമാനം’; എന്തുകൊണ്ട് സര്‍ദാര്‍ പട്ടേൽ പ്രതിമ?

എന്തുകൊണ്ടാണ് സർദാർ വല്ലഭായി പട്ടേലിനെ തങ്ങളുടെയാളായി ചിത്രീകരിക്കാൻ ബിജെപിയും ആർഎസ്എസ്സും കൊണ്ടുപിടിച്ച ശ്രമം നടത്തുന്നത്?

ഇന്ത്യയുടെ ആഗോളതലത്തിലെ പ്രതീക്ഷകളുടെ വലിപ്പം എന്താണെന്നു ചോദിച്ചാൽ ചുരുങ്ങിയത് 182 മീറ്റർ കുത്തനെ എന്ന് ഉത്തരം കിട്ടണം. വലിപ്പമേറിയ ഉരുവങ്ങൾ നിർമിക്കുന്നത് രാജ്യത്തിന്റെ സ്വാഭിമാനം ഉയർത്തുമെന്നും അത് വളർച്ചയിലേക്കുള്ള കുതിപ്പിന് ബലം നൽകുമെന്നുമാണ് സങ്കൽപം. മൂവായിരം കോടി ചെലവാക്കി ഇല്ലാത്ത വലിപ്പം ഉണ്ടെന്നു കാണിക്കാനുള്ള തത്രപ്പാടാണിതെന്നും ഇതൊന്നും സാമ്പത്തിക വളർച്ചയെ സഹായിക്കില്ലെന്നും മറിച്ച്, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ഉപകരിച്ചേക്കുമെന്നുമാണ് വിമർ‌ശകർ പറയുന്നത്. എന്തായാലും സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമ നർമദാ നദീതീരത്ത് അല്‍പ്പസമയത്തിനുള്ളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. രാജ്യത്തെ മിക്ക മാധ്യമങ്ങളിലും ഈ പ്രതിമയുടെ പരസ്യങ്ങള്‍ നിറഞ്ഞിരിക്കുന്നു. മാധ്യമങ്ങളുടെ വാഴ്ത്തു പാട്ടുകൾ വേറെയും. അതുകൊണ്ടു തന്നെ ഈയൊരു പ്രതിമ എന്താണ് നിർമിച്ചെടുക്കാൻ ശ്രമിക്കുന്നതെന്ന് ആലോചിക്കാവുന്ന ഒരു കാര്യമാണ്.

എന്തുകൊണ്ട് സർദാർ വല്ലഭായി പട്ടേൽ പ്രതിമ?

ഗുജറാത്തിലെ പട്ടീദാർ സമുദായത്തിന്റെ പിന്തുണ സംസ്ഥാനത്തെ ബിജെപിയുടെ ‌നിലനിൽപ്പിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമാണ്. ഹർദിക് പട്ടേലിന്റെ നേതൃത്വത്തിൽ നടന്ന സംവരണ പ്രക്ഷോഭം ബിജെപിയുടെ ഈ വോട്ട്ബാങ്കിലുണ്ടാക്കിയ വിള്ളൽ ചെറുതല്ല. ഇതാണ് പട്ടേൽ സമുദായക്കാരനായ ഒരു സമുന്നത നേതാവിനെ സ്വാംശീകരിച്ച് പിന്തുണ തിരിച്ചുപിടിക്കാമെന്ന പദ്ധതിയിലേക്ക് ബിജെപി എത്തിയതിനു പിന്നിൽ. ഉയർത്തിക്കാട്ടാൻ തങ്ങൾക്ക് ഒരു നേതാവ് പ്രസ്തുത സമുദായത്തിൽ നിന്ന് ബിജെപിക്കില്ലാതെ പോയതും ഈ നടപടിയില്‍ കാണാവുന്നതാണ്. എങ്കിലും പ്രചണ്ഡമായ പ്രചാരണങ്ങളിലൂടെ പട്ടേൽ ഏതോ പഴയ സംഘപരിവാറുകാരനാണെന്ന ധ്വനിയുണ്ടാക്കാൻ ബിജെപി ശ്രമിക്കുന്നുണ്ട്. ഗുജറാത്തുകാരനായ കോൺഗ്രസിന്റെ ഈ ഉന്നതനേതാവിന് വേണ്ടത്ര ഇടം കൊടുത്തില്ലെന്നും നെഹ്റു കുടുംബത്തിന്റെ അധിനിവേശമാണ് അതിനു കാരണമായതെന്നും കൂട്ടത്തിൽ പ്രചരിപ്പിക്കുന്നു. പ്രാദേശിക ദേശീയത ഉണർത്തി ഗുജറാത്തികളെ തങ്ങൾക്കൊപ്പം നിറുത്താനുള്ള ഒരു ഗൂഢ പദ്ധതിയും ഇവിടെ കാണാവുന്നതാണ്.

സർദാർ പട്ടേൽ ആർഎസ്എസ്സിനെ പിന്തുണച്ചിരുന്നുവോ?

സ്വാംശീകരണം ഒരു ബ്രാഹ്മണ അധിനിവേശ രീതിയായി ആരോപിക്കപ്പെടുന്ന കാര്യമാണ്. നിലവിലുള്ള വ്യവസ്ഥയെയും അതിന്റെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും അടയാളങ്ങളെയുമെല്ലാം തങ്ങളുടേതാണെന്ന് വരുത്തിത്തീർക്കുക. ഇതിനാവശ്യമായ സിദ്ധാന്തങ്ങൾ ചമയ്ക്കുക. ഈ സിദ്ധാന്തങ്ങൾ ആവർത്തിച്ചുറപ്പിച്ചും അടയാളങ്ങളെ ആവർത്തിച്ചുപയോഗിച്ചും അവയ്ക്ക് മറ്റൊരു ചരിത്രമില്ലായിരുന്നുവെന്ന് തോന്നിപ്പിക്കുക. ഈ അധിനിവേശ രീതികൾ പ്രയോഗിക്കുന്നതിൽ മിടുക്കുള്ളയാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പൊതുവേ വിലയിരുത്തലുണ്ട്. ഉദാഹരണമായി, നെഹ്റുവിന്റെ ജന്മദിനത്തിന് നെഹ്റു തൊപ്പി വെച്ചും (നെഹ്‌റുവിന്റെ കാര്യത്തില്‍ മോദി ഇതുവരെ അക്കാര്യത്തിന് ശ്രമിച്ചിട്ടില്ലെങ്കില്‍ പോലും) സുഭാഷ് ചന്ദ്രബോസ്സിന്റെ ജന്മദിനം അദ്ദേഹത്തിന്റെ പട്ടാളത്തൊപ്പി വെച്ചും പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെടുന്ന മോദിയെ പരിഹസിക്കുന്നവർ ഏറെയാണ്. എന്നാല്‍ ഇതൊരു വെറും കോമാളിക്കളിയല്ലെന്ന് സ്വാംശീകരണത്തിന്റെ രാഷ്ട്രീയമറിയുന്നവർ പറയില്ല.

തന്റെ ജീവിതകാലയളവ് മുഴുവന്‍ കോണ്‍ഗ്രസുകാരനായി ജീവിച്ചയാളാണ് സര്‍ദാര്‍ പട്ടേല്‍ എങ്കിലും എവിടെയെങ്കിലും ആർഎസ്എസ്സിനോട് അടുപ്പം കാണിച്ചതിന് തെളിവുകളില്ല. ഇക്കാര്യത്തില്‍ നെഹ്‌റുവിന്റെ കൃത്യമായ ഇടപെടലുകള്‍ ഉണ്ടായിരുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്നും ആര്‍എസ്എസിനോട് അകലം പാലിക്കുകയും വിമർശനങ്ങളുന്നയിക്കുകയും ചെയ്യുമ്പോള്‍ തന്നെ, ഒരു ഘട്ടത്തില്‍ മൃദുസമീപനവും പുലര്‍ത്തിയിരുന്നതായി പിന്നീട് തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. (ആര്‍എസ്എസിനെ നിരോധിക്കുന്നു; സര്‍ദാര്‍ പട്ടേല്‍ നിരോധനം നീക്കുന്നു- ഭാഗം 5എന്നാല്‍ ആർഎസ്എസ്സിന്റെയും ഹിന്ദു മഹാസഭയുടെയും വർഗീയ അജണ്ടകളെ നേരിട്ടെതിർത്ത് പൊളിച്ചതിന്റെ ചരിത്രവും പട്ടേലിന് സ്വന്തമായുണ്ട്. കോൺഗ്രസ്സിലെ അക്കാലത്തെ മറ്റോതൊരു നേതാവിനെക്കാളും കടുത്തവയായിരുന്നു പട്ടേലിന്റെ പല ആർഎസ്എസ് വിമർശനങ്ങളും. മാത്രമല്ല, ആര്‍എസ്എസിനെ നിരോധിച്ച നേതാവ് കൂടിയായിരുന്നു നെഹ്‌റു മന്ത്രിസഭയിലെ ഈ ആഭ്യന്തര മന്ത്രി.

ഗാന്ധിവധത്തെ തുടർന്ന് ആർഎസ്എസ്സിന് ഏർപ്പെടുത്തിയ വിലക്ക് നീക്കിക്കിട്ടാൻ സംഘടനയുടെ തലവൻ എംഎസ് ഗോൾവാൾക്കർ പട്ടേലിനോട് തുടർച്ചയായി അപേക്ഷിച്ചു കൊണ്ടിരുന്നു. ഒടുവിൽ, അക്രമവും രഹസ്യപ്രവർത്തനങ്ങളും അവസാനിപ്പിക്കുകയും ഇന്ത്യയെയും ഇന്ത്യന്‍ ദേശീയപതാകയെയും ബഹുമാനിക്കുകയും ചെയ്യാമെന്ന് ആർഎസ്എസ്സിനെക്കൊണ്ട് വ്യവസ്ഥ ചെയ്യിപ്പിച്ചാണ് പട്ടേൽ നിരോധനം നീക്കിയത്. എന്നിട്ടും എന്തുകൊണ്ടാണ് സർദാർ വല്ലഭായി പട്ടേലിനെ തങ്ങളുടെയാളായി ചിത്രീകരിക്കാൻ ബിജെപിയും ആർഎസ്എസ്സും കൊണ്ടുപിടിച്ച ശ്രമം നടത്തുന്നതെന്ന് ആർക്കും അത്ഭുതം തോന്നാം. ഇതിന് പൊതുവായി പറയേണ്ട ഒരു കാരണം, തങ്ങൾക്ക് ഇന്ത്യയുടെ ആധുനിക രാഷ്ട്രീയ ചരിത്രത്തിൽ എടുത്തു പറയാൻ നല്ലൊരു നേതാവില്ല എന്ന തിരിച്ചറിവ് സംഘപരിവാറിനുണ്ട് എന്നതാണ്.

ഒരിക്കൽ ആർഎസ്എസ്സിന്റെ പ്രവർ‌ത്തനങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഗോൾവാൾക്കറിന് കടുത്ത ഭാഷയിൽ വിമർശനങ്ങളുന്നയിച്ച് പട്ടേൽ എഴുതുകയുണ്ടായി: “ഹിന്ദുക്കളെ സംഘടിപ്പിക്കുന്നതും അവരെ സഹായിക്കുന്നതും ഒരു കാര്യം. പക്ഷേ അവരുടെ ദുരന്തത്തിന് പ്രതികാരം നിസഹായരായ സ്ത്രീപുരുഷന്മാരുടേയും കുഞ്ഞുങ്ങളുടെയും മേല്‍ നിര്‍വ്വഹിക്കുന്നത് മറ്റൊരു കാര്യമാണ്. ആര്‍എസ്എസിന്റെ കോണ്‍ഗ്രസിനോടുള്ള എതിര്‍പ്പ് വിഷം വമിപ്പിക്കുന്നതും എല്ലാത്തരത്തിലുള്ള വ്യക്തിത്വവും മാന്യതയും പെരുമാറ്റമര്യാദകളേയും ലംഘിക്കുന്നതുമാണ്”.

ഈ കത്തിൽ പട്ടേൽ ഇങ്ങനെയും പറഞ്ഞു: “ഹിന്ദുക്കളെ ഉത്സാഹഭരിതരാക്കുന്നതിനും അവരെ അവരുടെ സുരക്ഷക്കായി സംഘടിപ്പിക്കുന്നതിനും ഇത്തരത്തില്‍ വിഷം പടര്‍ത്തേണ്ട ആവശ്യമില്ല. അവരുടെ വിഷപ്രയോഗത്തിന്റെ അവസാന ഫലമായാണ്, ഗാന്ധിജിയുടെ അമൂല്യമായ ജീവിതത്തിന്റെ ബലി ഈ രാജ്യത്തിന് അനുഭവിക്കേണ്ടിവന്നത്.

‘ഐക്യത്തിന്റെ ശിൽപ’ത്തിന്റെ അളവുതൂക്കങ്ങൾ

2010 ഒക്ടോബർ മാസത്തിലാണ് സ്റ്റാച്യു ഓഫ് യൂണിറ്റി എന്ന പട്ടേൽ പ്രതിമയുടെ നിർമാണ പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. സർദാർ വല്ലഭായി പട്ടേൽ രാഷ്ട്രീയ ഏക്ത എന്നൊരു ട്രസ്റ്റ് ഇതിനായി രൂപീകരിക്കുകയും ചെയ്തു. ഇതൊരു വലിയ ജനകീയ മുന്നേറ്റമാക്കാനുള്ള പദ്ധതികളെല്ലാം ചെയ്തുവെച്ചിരുന്നു ഗുജറാത്ത് സർക്കാർ. ശിൽപം നിർമിക്കാനാവശ്യമായ ഇരുമ്പിനായി രാജ്യത്തെ കർഷകരുടെ പഴയ പണിസാമാനങ്ങൾ നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടു. രാജ്യത്തെമ്പാടുമായി നാൽപ്പതോളം ഓഫീസുകൾ സ്ഥാപിച്ചാണ് ഇവ ശേഖരിച്ചത്. സ്റ്റാച്യൂ ഓഫ് യൂണിറ്റി മൂവ്മെന്റ് എന്ന പേരിൽ ഇതിനെയൊരു പ്രസ്ഥാനമാക്കി മാറ്റി. ആറ് ലക്ഷം ഇന്ത്യൻ ഗ്രാമങ്ങളിൽ പ്രചാരണം നടത്തി 5000 ടൺ ഇരുമ്പ് ശേഖരിച്ചു. എന്നാല്‍ ഇങ്ങനെ ശേഖരിച്ച ഇരുമ്പ് ശിൽപ്പത്തിന്റെ നിർമാണത്തിനായി ഉപയോഗിക്കുകയുണ്ടായില്ല എന്നത് മറ്റൊരു വസ്തുത.

ഉരുക്കു കൊണ്ടുണ്ടാക്കിയ ഫ്രെയിമിനുള്ളിൽ കോൺക്രീറ്റ് നിറച്ചാണ് പ്രതിമയുടെ നിർമാണം. ഇതിനു പുറമെ ചെമ്പ് പൂശുകയും ചെയ്തിരിക്കുന്നു. 182 മീറ്റർ അഥവാ 597 അടിയാണ് ഈ പ്രതിമയുടെ ഉയരം. പ്രതിമയെ ഉറപ്പിച്ചു നിർത്തിയിട്ടുള്ള തറയുടെ ഉയരമടക്കം 240 അടി ഉയരം വരും. 75,000 ക്യൂബിക് മീറ്റർ കോൺക്രീറ്റും 5700 ടൺ ഉരുക്കും 18,500 ടൺ ഉരുക്ക് കമ്പികളും 22,500 ടണ്‍ ചെമ്പുമാണ് പ്രതിമാ നിർമാണത്തിന്റെ അസംസ്കൃത വസ്തുക്കൾ. പ്രതിമയ്ക്ക് ചുറ്റുമായി ഒരു വൻ പൂന്തോട്ടവും കൺവെൻഷൻ സെന്ററും അമ്യൂസ്മെന്റ് പാർക്കും റിസർച്ച് സെന്ററും ഒരു ഹോട്ടലുമെല്ലാം പണിതീർത്തിട്ടുണ്ട്.

പ്രതിമാനിർമാണത്തിന്റെ ചെലവ്

ഗുജറാത്ത് സർക്കാർ 100 കോടി രൂപ ഈ പദ്ധതിക്കായി നീക്കി വെച്ചതാണ് ആദ്യത്തെ ഫണ്ട്. 2012-13 ബജറ്റിലായിരുന്നു ഇത്. പിന്നീട് 500 കോടി രൂപയുടെ നീക്കിവെയ്പ്പ് നടന്നു 2014-15 കാലത്ത്. ഇതേ സാമ്പത്തികവർഷത്തിലെ കേന്ദ്ര ബജറ്റിൽ 200 കോടി രൂപ നീക്കി വെക്കുകയുണ്ടായി. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ നിർമിച്ച പ്രതിമയ്ക്ക് ഇതുവരെ 3001 കോടി രൂപ ചെലവായി. ഗുജറാത്ത് സർ‌ക്കാരാണ് നിർമാണച്ചെലവ് വിവിധ വഴികളിലൂടെ കണ്ടെത്തിയത്. എൽ&ടിയാണ് നിർമാണക്കരാർ ലേലത്തിലൂടെ ഏറ്റെടുത്തത്.

അപ്പോള്‍ ചൈന?

പട്ടേൽ പ്രതിമയെ ചെമ്പ് പൊതിയാൻ ചൈനയിലെ നാൻചാങ്ങിലെ ജിയാങ്സി ടോക്വിൻ കമ്പനിയെ സമീപിച്ച സംഭവം വലിയ വിവാദമായി മാറി. ഈ മെറ്റല്‍ ഹാന്‍ഡിക്രാഫ്റ്റ്‌സ് കമ്പനിയുടെ 51,000 ചതുരശ്ര മീറ്റര്‍ വിശാലമായ നിര്‍മ്മാണശാലയിലാണ് ഈ പ്രതിമയുടെ നിര്‍മ്മാണം. ലോകത്തെ ഏറ്റവും വലിയ ഉരുക്കുവാര്‍പ്പു ശാല എന്നാണ് കമ്പനി സ്വയം വിശേഷിപ്പിക്കുന്നത്. നിർമാണക്കരാർ നേടിയ എൽ‌&ടിയാണ് ഈ ഉപകരാറിലേർപ്പെട്ടത്. മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായാണ് ഈ പ്രതിമയുടെ നിർമാണമെന്ന് പ്രചാരണം നടത്തിവന്ന സംസ്ഥാന-കേന്ദ്ര സർക്കാരുകള്‍ ഇതോടെ പ്രതിക്കൂട്ടിലായി. ചൈനയിൽ നിന്നും പട്ടേല്‍ പ്രതിമയുടെ ചെമ്പ് ഭാഗങ്ങൾ വരുന്നതിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.

പട്ടേലിന്റെ വലിപ്പം

സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയ്ക്ക് 182 മീറ്ററാണ് ഉയരം. ലോകത്തിലെ ഏറ്റവും വലിയ പ്രതിമയായി പട്ടേൽ പ്രതിമ മാറിക്കഴിഞ്ഞു. നിലവിൽ ഏറ്റവും ഉയരമുള്ള പ്രതിമ എന്ന ഖ്യാതി ചൈനയിലെ ഹെനാനിൽ സ്ഥിതി ചെയ്യുന്ന സ്പ്രിങ് ടെമ്പിൾ ബുദ്ധ പ്രതിമയ്ക്കാണ്. 153 മീറ്ററാണ് ഈ പ്രതിമയുടെ ഉയരം. ഭക്തിയോ ആരാധനയോ ആയിരുന്നില്ല ഈ പ്രതിമയുടെ സ്ഥാപനത്തിനു പിന്നിൽ എന്നതും കൗതുകകരമാണ്. അഫ്ഗാനിസ്ഥാനിൽ താലിബാൻ തീവ്രവാദികൾ പുരാതനമായ ബുദ്ധപ്രതിമകൾ തകർത്തപ്പോഴാണ് പ്രതിമയുടെ സ്ഥാപനത്തിന് വഴിയൊരുങ്ങിയത്. വലിപ്പത്തിന്റെ കാര്യത്തിൽ രണ്ടാംസ്ഥാനവും മൂന്നാംസ്ഥാനവും ബുദ്ധപ്രതിമകൾക്കു തന്നെയാണ്. നാലാംസ്ഥാനത്ത് റിയോ ഡി ജെനീറോയിലെ ക്രിസ്തു പ്രതിമയും അഞ്ചാംസ്ഥാനത്ത് ചൈനയിലെ ഒരു ബോധിസത്വ പ്രതിമയുമാണുള്ളത്. പ്രതിമകളുടെ നിർമാണവുമായി ബന്ധപ്പെട്ടു നിൽക്കുന്ന മതപരമായ അധിനിവേശ സ്വഭാവം ശ്രദ്ധിക്കേണ്ടതാണ്. രാഷ്ട്രീയത്തിലേക്ക് മതപരത കയറിക്കൂടുന്നതിന്റെ ലക്ഷണങ്ങളായും പ്രതിമാസ്ഥാപനങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

പട്ടേൽ പ്രതിമയുടെ ശിൽപി

ഡല്‍ഹിയിലെ പ്രശസ്ത ശില്‍പ്പി 90-കാരന്‍ റാം വി സുതര്‍ ആണ് പട്ടേല്‍ പ്രതിമ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ഊര്‍ദ്ധ്വകായ പ്രതിമ നിര്‍മ്മാണത്തില്‍ ഏറെ പേരെടുത്തയാളാണ് സുതര്‍. ഇതിന്റെ പകര്‍പ്പുകള്‍ ഫ്രാന്‍സ്, ഇറ്റലി, അര്‍ജന്റീന, ബാര്‍ബഡോസ്, റഷ്യ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളിലും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെ ഏറ്റവും വലിയ പകര്‍പ്പ് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനില്‍ കാണാം. ഗാന്ധിനഗറിലും ഡല്‍ഹിയിലെ പാര്‍ലമെന്റ് മന്ദിരത്തിലും ഉള്ള 17 അടി ഉയരമുള്ള ധ്യാനനിമഗ്നനായിരിക്കുന്ന മഹാത്മാ ഗാന്ധി പ്രതികളും അദ്ദേഹത്തിന്റേതാണ്.

പട്ടേൽ പ്രതിമയുടെ ഉദ്ഘാടനദിവസം ആദിവാസികളുടെ പ്രതിഷേധം

പ്രതിമാനിർമാണത്തിന് ഗുജറാത്ത് സർക്കാർ ആദിവാസികളുടെ കൈവശമുണ്ടായിരുന്ന ഏക്കറുകണക്കിന് ഭൂമിയാണ് ഏറ്റെടുത്തത്. ഭൂമിയേറ്റെടുക്കലിൽ രാജ്യത്ത് ഏറ്റവും കുപ്രസിദ്ധിയുള്ള സംസ്ഥാനമാണ് ഗുജറാത്ത്. കർഷകരുടെ ഭൂമി യാതൊരു വ്യവസ്ഥയുമില്ലാതെ ഏറ്റെടുത്ത് വ്യവസായങ്ങൾക്ക് നൽകുന്നത് ഗുജറാത്തിൽ ഒരു സാധാരണ കാര്യമാണ്. പട്ടേൽ പ്രതിമയുടെ കാര്യത്തിലും ക്രൂരമായ ഈ ഏറ്റെടുക്കൽ മാർഗങ്ങൾ അവലംബിക്കപ്പെട്ടു. തങ്ങളുടെ ഭൂമി നഷ്ടപ്പെട്ട ആദിവാസികൾ പട്ടേല്‍ പ്രതിമ മോദി ഉദ്ഘാടനം ചെയ്യുന്ന ദിവസം ആഹാരം കഴിക്കാതെ പ്രതിഷേധിക്കും. ആരെങ്കിലും മരിക്കുമ്പോഴാണ് സാധാരണ ഇങ്ങനെ നിരാഹാരം അനുഷ്ഠിക്കാറുള്ളത്. വടക്കേ ഗുജറാത്തിലെ ബാണസ്കന്ദ മുതൽ തെക്കൻ ഗുജറാത്തിലെ ഡാങ് ജില്ല വരെയുള്ള 9 ആദിവാസി ജില്ലകൾ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നുണ്ട്.

പ്രതിമ പദ്ധതി പ്രതികൂലമായി ബാധിച്ച 72 ഗ്രാമങ്ങളിൽ ഏറ്റവും രൂക്ഷമായ ആഘാതം നേരിട്ടത് 32 ഗ്രാമങ്ങൾക്കാണ്. അതിൽ 19 ഗ്രാമങ്ങളിൽ പുനരധിവാസപ്രവർത്തനം നടന്നിട്ടില്ല എന്ന ആരോപണമുണ്ട്. അതിൽ ഇപ്പോൾ കെവാഡിയ കോളനി ഉള്ളിടത്താണ് ആറെണ്ണം. നഷ്ടപരിഹാരം മാത്രം നൽകുകയും ഭൂമി, ജോലി തുടങ്ങിയ മറ്റു ഉറപ്പുകൾ പാലിക്കാതിരിക്കുകയും ചെയ്ത ഗരുഡേശ്വർ ബ്ളോക്കിലാണ് ഏഴ് ഗ്രാമങ്ങൾ.

നുണ പറഞ്ഞു പോലും സംഘപരിവാറിന് മോഷ്ടിക്കാന്‍ കഴിയാത്ത നെഹ്റു

ആര്‍എസ്എസിനെ നിരോധിക്കുന്നു; സര്‍ദാര്‍ പട്ടേല്‍ നിരോധനം നീക്കുന്നു- ഭാഗം 5

പട്ടേൽ പ്രതിമയുടെ ഉദ്ഘാടന ദിവസം 72 ഗ്രാമങ്ങളില്‍ അടുപ്പ് പുകയില്ല; മോദിക്കെതിരെ പ്രതിഷേധവുമായി ആദിവാസികൾ

പട്ടേല്‍ പ്രതിമ, മെയ്ഡ് ഇന്‍ ചൈന

Share on

മറ്റുവാർത്തകൾ