UPDATES

Explainer: കിഫ്ബിയുടേത് കേരളമെന്ന ബ്രാൻഡിന്റെ കൂടി വിജയം; മസാല ബോണ്ടിന് കിട്ടിയ സ്വീകാര്യതയ്ക്കു പിന്നിലെ മസാലക്കൂട്ട്

ട്രെന്‍ഡിങ്ങ്

സത്യസന്ധതനായ സിവിൽ സെർവന്റ് എന്ന നിലയിൽ ഖ്യാതിയുള്ള കെഎം അബ്രഹാമാണ് കിഫ്ബിയുടെ മാനേജിങ് ഡയറക്ടർ.

കേരളത്തിന്റെ സവിശേഷമായ സാമ്പത്തിക സാഹചര്യങ്ങളാണ് കിഫ്ബി അഥവാ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. 1999 നവംബർ മാസത്തിൽ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ആക്ട് പ്രകാരം ഈ സ്ഥാപനം നിലവിൽ വന്നു. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനങ്ങൾക്കാവശ്യമായ നിക്ഷേപങ്ങൾ കണ്ടെത്തുകയായിരുന്നു ഈ സ്ഥാപനത്തിന്റെ ലക്ഷ്യം.

ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് ആഭ്യന്തര മൊത്ത ഉൽപാദന വളർച്ചയിലുള്ള ദൗർബല്യം അടക്കമുള്ള പ്രശ്നങ്ങൾ മൂലം സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യ വികസനം വേണ്ടവിധം നടക്കാത്തതും ഇതുമൂലം വികസന പരിപാടികൾക്ക് ഊർജസ്വലത ലഭിക്കാത്തതുമായ പ്രശ്നത്തെ നേരിടുകയെന്ന ലക്ഷ്യമാണ് ഈ സ്ഥാപനത്തിന്റെ രൂപികരണത്തിന് അടിസ്ഥാനമായത്. നിരവധി മേഖലകളിലേക്കാണ് കിഫ്ബിയിലൂടെയുള്ള നിക്ഷേപം ഇതുവരെ സാധ്യമായിട്ടുള്ളത്. സംസ്ഥാനത്തിന്റെ ഊർജപ്രതിസന്ധികൾ തരണം ചെയ്യാനായി 5200 കോടി രൂപയുടെ നിക്ഷേപം കിഫ്ബി വഴി നടക്കുകയുണ്ടായി. ഇത്തരം ചെറുതും വലുതുമായ നിരവധി നിക്ഷേപ പരിപാടികളിലൂടെ സംസ്ഥാനത്തിന്റെ അടിസ്ഥാനവികസന സാധ്യമാക്കുകയാണ് സ്ഥാപനത്തിൽ നിക്ഷിപ്തമായിട്ടുള്ള ലക്ഷ്യം. സംസ്ഥാനത്തിന്റെ ബജറ്റ് വിഹിതത്തെ ആശ്രയിക്കാതെ തന്നെ സംസ്ഥാന വികസനത്തിന് മികച്ച സാമ്പത്തിക സ്രോതസ്സുകളെ കണ്ടെത്താൻ കിഫ്ബിക്ക് സാധിക്കുന്നുണ്ട്. ഇതിന്റെ ഏറ്റവുമൊടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞദിവസം മുതൽ വാർത്തകളിൽ നിറയുന്നത്.

എന്തിനാണ് മസാല ബോണ്ട് പുറത്തിറക്കിയത്?

സംസ്ഥാനത്തിന്റെ ഇന്നത്തെ സാമ്പത്തിക നില നേരത്തെ വിശദീകരിച്ചതു പോലെ ഏറെ ഭദ്രമല്ല. സംസ്ഥാനത്തിന്റെ തിരിച്ചടവ് ശേഷി ഇന്ത്യയിലെ തന്നെ ഏറ്റവും കുറഞ്ഞ നിലയിലാണ്. സംസ്ഥാനത്തിന്റെ ഡെബ്റ്റ്-റ്റു-ഡിജിപി റേഷ്യോ (സംസ്ഥാനത്തെ വായ്പാ ബാധ്യതയും ഉൽപാദനവും തമ്മിലുള്ള അനുപാതം) ഇന്ത്യയിലെ തന്നെ ഏറ്റവും ഉയർന്ന നിലയിലാണ്. നിലവിൽ 27.36% ആണിത്. ഇക്കാരണത്താൽ പലിശനിരക്കുകൾ ഉയർന്നതായി മാറുന്നു. ഇത് അടിസ്ഥാന സൗകര്യ വികസനത്തിൽ കുറഞ്ഞ തോതിലുള്ള ചെലവുചെയ്യലിന് കാരണമാകുന്നു.

സംസ്ഥാനത്തെ അടിസ്ഥാന സൗകര്യ വികസനത്തിനായുള്ള ഇതര ഏജന്‍സികൾ ബജറ്റ് വിഹിതത്തെ പൂർണമായും ആശ്രയിച്ചു നിൽക്കുന്നവയോ പൊതുവുടമയിലുള്ള കമ്പനികളോ ആണ്. അദാനി ഗ്രൂപ്പ് അടക്കമുള്ള സ്വകാര്യ സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യ വികസനത്തിൽ ഇടപെടുന്നുണ്ട്. പൊതുവിൽ പൊതുവുടമയെ കേന്ദ്രീകരിച്ചുള്ള നീക്കങ്ങളാണ് കാര്യമായി സംസ്ഥാനത്ത് നടക്കുന്നത്. ഫണ്ട് പരിമിതി ഇവയ്ക്കെല്ലാം ഒരു പ്രശ്നമാണ്. ഇക്കാരണത്താൽ തന്നെ ബദൽ മാർഗങ്ങൾ ആരായേണ്ടത് അത്യാവശ്യമാണ്.

എന്താണ് മസാല ബോണ്ടുകൾ?

ഇന്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് ആഗോള ധനകാര്യ വിപണിയില്‍ നിന്നും പണം ഇന്ത്യന്‍ രൂപയില്‍ സമാഹരിക്കാനുള്ള കടപത്രത്തിനെയാണ് മസാലബോണ്ട് എന്നു വിളിക്കുന്നത്. രാജ്യത്തിന്റെ സ്വന്തം കറൻസിയിൽ തന്നെയാണ് ഈ ബോണ്ട് ഇറക്കുന്നത് എന്നതാണ് പ്രത്യേകത. ഇന്ത്യയുടെ സാംസ്കാരിക സ്വഭാവം പുലർത്തുന്ന ഒരു പേരെന്ന നിലയിലാണ് ‘മസാല’ എന്ന് ഈ ബോണ്ടുകൾക്ക് പേരിട്ടത്. മസാല ബോണ്ടുകളിൽ കറൻസി എക്സ്ചേഞ്ച് റിസ്ക് ഏറ്റെടുക്കുക നിക്ഷേപകർ തന്നെയാണെന്ന പ്രത്യേകതയുമുണ്. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസനങ്ങള്‍ക്ക് തുക സമാഹരിക്കാനായി 2004ൽ ലോകബാങ്കാണ് ഈ ബോണ്ട് ആദ്യം പുറത്തിറക്കിയത്. ഇന്റർനാഷണൽ ഫിനാൻഷ്യൽ കോർപ്പറേഷൻ 2015ൽ ഗ്രീൻ മസാല ബോണ്ടുകൾ വഴി 3.15 ബില്യൺ രൂപ ശേഖരിച്ചിരുന്നു. ഇത് കാലാവസ്ഥാ വ്യതിയാനത്തെ അഭിസംബോധന ചെയ്യുന്ന സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങൾക്കായാണ് ഉപയോഗിക്കുക. എച്ച്ഡിഎഫ്സി ബാങ്കാണ് ആദ്യമായി മസാല ബോണ്ട് പുറത്തിറക്കിയ ഇന്ത്യൻ കമ്പനി. 2016ലായിരുന്നു ഇത്. ഇതുവഴി 3000 കോടി രൂപ ഇവർ സമാഹരിക്കുകയുണ്ടായി. ദേശീയ പാതാ അതോരിറ്റി 4000 കോടി രൂപ മസാല ബോണ്ട് വഴി ശേഖരിക്കാൻ ശ്രമിക്കുന്നുണ്ട്.

എന്താണ് കൺട്രോൾഡ് ലീവറേജ്?

മസാല ബോണ്ടുകളിലൂടെ ശേഖരിക്കുന്ന കടപ്പത്രങ്ങളുടെ തിരിച്ചടവ് ഒരു വലിയ ബാധ്യതയാക്കുക ഇന്നത്തെ സാഹചര്യത്തിൽ കേരള സർക്കാരിന് കഴിയുന്നതല്ല. ഈ പ്രശ്നത്തെ കിഫ്ബി അഭിസംബോധന ചെയ്യുന്നത് ‘കൺട്രോൾഡ് ലീവറേജ്’ എന്ന സങ്കേതത്തിലൂടെയാണ്. ഈ പണത്തിന്റെ തിരിച്ചടവിലേക്ക് വാഹനനികുതിയിലെ ഒരു വിഹിതവും നിലവിലുള്ള ഇന്ധനസെസിലെ ഒരു വിഹിതവും ഓരോദിവസവും തിരിച്ചടവിലേക്ക് പോകുംവിധമാണ് ക്രമപ്പെടുത്തിയിരിക്കുന്നത്. ഇതുവഴി വിദേശത്തു നിന്നുള്ള നിക്ഷേപകരുടെ വിശ്വാസമുയർത്താനും കിഫ്ബിക്ക് സാധിച്ചു.

എന്തുകൊണ്ടാണ് കിഫ്ബിയുടെ ധനസമാഹരണം ഒരു നേട്ടമാകുന്നത്?

കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ട് കണ്ടെത്തൽ എക്കാലത്തെയും ഒരു തലവേദനയായിരുന്നു ആസൂത്രകർക്ക്. കാര്യക്ഷമമായ പുതിയ ചില മാർഗ്ഗങ്ങൾ തുറന്നു കിട്ടുന്നു എന്നതാണ് ഈ ഫണ്ട് സ്വരൂപിക്കലിന്റെ നേട്ടങ്ങളിലൊന്ന്. നിക്ഷേപകരുടെ വിശ്വാസ്യത നേടുന്നതിൽ കിഫ്ബി വിജയിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. കേരളത്തിന്റെ വരുംകാല വികസന ഫണ്ട് രൂപീകരണങ്ങൾക്ക് ഇത് ഗുണം ചെയ്യും.

എന്തൊക്കെയായിരുന്നു കിഫ്ബിക്കു മുന്നിലെ വെല്ലുവിളികള്‍?

ഡോളർ ബോണ്ടുകളിൽ നിന്നും മസാല ബോണ്ടിനുള്ള പ്രധാനപ്പെട്ട ഒരു വ്യത്യാസം കടം നൽ‌കുന്നയാൾ രൂപയുടെ വിനിമയ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളുടെ റിസ്ക് ഏറ്റെടുക്കേണ്ടതുണ്ട് എന്നതാണ്. അതായത് രാജ്യത്തിന്റെ കറൻസിയുടെ സ്ഥിരതയില്ലായ്മ നിക്ഷേപകരെ പിന്നാക്കം വലിപ്പിക്കും എന്ന് ചുരുക്കം. രാജ്യത്തിന്റെ കറൻസി കുറച്ചു വർ‌ഷങ്ങളായി ഏറ്റവും മോശപ്പെട്ട പ്രകടനം നടത്തിവരികയാണ് എന്നിരിക്കെ ഇത്തരം നിക്ഷേപങ്ങൾ നടത്താൻ നിക്ഷേപകർ താല്‍പര്യം കാണിക്കുന്നതു തന്നെ അത്ഭുതകരമാണ്. കടപ്പത്രത്തിന്റെ നിരക്കുകൾ നിശ്ചയിക്കുന്നതു മുതൽ നിരവധി കാര്യങ്ങളിൽ പ്രതിബന്ധങ്ങളുണ്ടായിരുന്നു. മുൻമാതൃകകളില്ലാത്തതിനാൽ പ്രയാസങ്ങൾ ഏറി. അന്തർദ്ദേശീയ ലീഗൽ കൺസൾട്ടന്റുമാരുടെ സഹായം നിർണായകമായി. ലണ്ടൻ, സിംഗപ്പൂർ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ മസാല ബോണ്ട് ലിസ്റ്റ് ചെയ്തത് കഴിഞ്ഞ വർഷം സെപ്തംബറിലായിരുന്നു.

ഇന്ത്യയിൽ നിന്നും ഒരു സംസ്ഥാന സർക്കാർ മസാല ബോണ്ട് പുറത്തിറക്കുന്നത് ഇതാദ്യമായാണ് എന്നതിനാൽത്തന്നെ മൂലനിക്ഷേപകരെ കണ്ടെത്തുക എളുപ്പമായിരുന്നില്ല. സംസ്ഥാനത്തിന്റെ ബ്രാൻഡിൽ നിക്ഷേപകർക്ക് വിശ്വാസം വരേണ്ടതുണ്ട്. കാനഡയിലെ സിഡിപിക്യു ആണ് മൂലനിക്ഷേപകർ. ഇവർ കിഫ്ബിയിൽ നേരിട്ടെത്തി കാര്യങ്ങൾ ബോധ്യപ്പെട്ടു. മാര്‍ച്ച് 21ന് കരാറിന് അംഗീകാരം ലഭിച്ചു.

9.25% പലിശനിരക്കിലാണ് കടപ്പത്രങ്ങൾ വഴി നിക്ഷേപം ശേഖരിച്ചിരിക്കുന്നത്. 2024ൽ മാത്രമേ ഈ തുക തിരിച്ചു നൽകേണ്ടൂ.

കെഎം അബ്രഹാമിന്റെ ശ്രമങ്ങൾ

സത്യസന്ധതനായ സിവിൽ സെർവന്റ് എന്ന നിലയിൽ ഖ്യാതിയുള്ള കെഎം അബ്രഹാമാണ് കിഫ്ബിയുടെ മാനേജിങ് ഡയറക്ടർ. സഹാറ ഗ്രൂപ്പിനെതിരായ സാമ്പത്തിക തട്ടിപ്പുകേസ് അന്വേഷിച്ചത് സെബി (SEBI) ചെയർമാനായിരുന്ന കെഎം അബ്രഹാമാണ്. സഹാറ ചെയർമാൻ സുബ്രത റോയിയെ ജയിലിലയയ്ക്കാൻ ഇദ്ദേഹത്തിന് സാധിച്ചു.

Share on

മറ്റുവാർത്തകൾ