UPDATES

Explainer: എന്തുകൊണ്ടാണ് ഇന്തോനീഷ്യയിൽ നിരന്തരമായി സുനാമികളും ഭൂകമ്പങ്ങളുമുണ്ടാകുന്നത്?

വിദേശം

പ്ലേറ്റ് ടെക്റ്റോണിക്സ് എന്ന പ്രതിഭാസമാണ് റിങ് ഓഫ് ഫയർ മേഖലയിലെ അസ്ഥിരമായ ഭൂമിശാസ്ത്രസാഹചര്യങ്ങൾക്ക് കാരണമെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്.

ഇന്തോനീഷ്യയിലെ സുനാമിയിൽ ഇതുവരെ 429 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ആയിരത്തിലധികമാളുകൾക്ക് പരിക്കേൽക്കുകയും ആയിരങ്ങൾക്ക് വീട് നഷ്ടമാകുകയും ചെയ്തു. ജാവ ദ്വീപിന്റെ പടിഞ്ഞാറൻ പ്രദേശമനായ പന്തെങ്‌ലാങ്ങിലാണ് സുനാമിത്തിരകളുടെ ഏറ്റവും കൊടിയ ആക്രമണമുണ്ടായത്. ഇവിടെ മാത്രം 207 പേർ‌ കൊല്ലപ്പെട്ടു. 755 പേർക്ക് പരിക്കേറ്റു.

ഒരു അഗ്നിപർവ്വതം സജീവമായതിനു പിന്നാലെയാണ് ഇന്തോനീഷ്യയിൽ സുനാമിയുണ്ടായത്. അനാക് ക്രാകതോവു എന്ന അഗ്നിപർവ്വതം ഏറെ നാളായി സജീവമായിരിക്കുകയാണ്. 2018 ജൂൺ മാസം മുതലാണ് ഈ അഗ്നിപർവ്വതം വീണ്ടും സജീവാവസ്ഥയിലെത്തിയത്. ഒക്ടോബർ മാസത്തിൽ ലാവയൊഴുക്ക് ശക്തമായി. കടലിലേക്ക് ‘ലാവ ബോംബു’കൾ വീഴുന്നതിന്റെ വീഡിയോ വൈറലായിരുന്നു.

എന്താണ് സുനാമിയും അഗ്നിപർവ്വതവും തമ്മിലുള്ള ബന്ധം?

അനക് ക്രാകതോവ അഗ്നിപർവ്വതം ജൂൺ മാസം മുതൽ സജീവമായിരുന്നെങ്കിലും സുനാമി സംഭവിച്ച ദിവസങ്ങളിൽ കാര്യമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇക്കാരണത്താൽ തന്നെ സുനാമിയുടെ കാരണമെന്തെന്ന് ശാസ്ത്രജ്ഞർക്ക് ഉറപ്പിച്ചു പറയാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞദിവസം ഇക്കാര്യത്തിൽ വ്യക്തതയിലെത്താൻ ശാസ്ത്രജ്ഞർക്കായി. ദീർഘമായ സജീവാവസ്ഥ മൂലം ഈ അഗ്നിപർവ്വതത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുമാറിയിരുന്നു. അഗ്നിപർവ്വതത്തിനു താഴെയായി പാറകൾ ഉരുകി (മാഗ്മ) ഇതരഭാഗങ്ങളിലേക്ക് നീങ്ങാൻ തുടങ്ങിയതോടെയാണ് ഇത് സംഭവിച്ചത്. ഏതാണ്ട് 138 ഏക്കറോളം ഭാഗം ഇങ്ങനെ കടലിലേക്ക് തള്ളിയിറങ്ങി. ഇത് കടലിനടിയിലും വൻതോതിലുള്ള മണ്ണിടിച്ചിലിന് കാരണമായി. ഇതാണ് സുനാമിയിലേക്ക് നയിച്ചത്. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സെന്റിനൽ-1 സാറ്റലൈറ്റ് നൽകിയ ചിത്രങ്ങളിൽ നിന്നാണ് ഇത് സ്ഥിരീകരിക്കാനായത്. പർവ്വതത്തിന്റെ വടക്കുഭാഗം ഇടിഞിറങ്ങുന്ന ചിത്രങ്ങൾ സാറ്റലൈറ്റ് നൽകി.

എന്തുകൊണ്ടാണ് സുനാമിയുടെ വരവ് പ്രവചിക്കാൻ ഇന്തോനീഷ്യക്ക് കഴിയാതെ പോയത്?

നിരന്തരമായ പ്രക‍ൃതിക്ഷോഭങ്ങള്‍ സംഭവിക്കുന്ന മേഖലയായതിനാൽ സാമാന്യം ഭേദപ്പെട്ട പ്രവചന സംവിധാനങ്ങൾ ഇന്തോനീഷ്യക്കുണ്ടാകേണ്ടതാണ്. കൂടാതെ ഇക്കാര്യത്തിൽ വിദേശരാജ്യങ്ങളുടെ സഹായം ലഭിക്കാനുള്ള ആശയവിനിമയ സംവിധാനങ്ങളും ഉണ്ടാകണം. എന്നാൽ ഇതെല്ലാം ഇന്തോനീഷ്യൻ സർക്കാരിനുണ്ടോയെന്ന ചോദ്യം ഇപ്പോൾ ഉയരുന്നുണ്ട്. എതായാലും ഇത്തവണ സുനാമിയെ മുൻകൂട്ടി കാണാൻ കഴിയാഞ്ഞതിൽ സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്. ഇതിനു കാരണം, ഭൂകമ്പമല്ല സുനാമിക്ക് കാരണമായതെന്നതാണ്. ഭൂകമ്പം മൂലമുണ്ടാകുന്ന സുനാമികളുടെ വരവ് പ്രവചിക്കാൻ പ്രയാസമില്ല. എന്നാൽ അഗ്നിപർവ്വതത്തിന്റെ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന സുനാമികളെ പ്രവചിക്കുക വളരെ പ്രയാസമാണ്. ഇത്തവണ മരണസംഖ്യ കൂടിയതിനു കാരണവും സ്ഥിതിഗതികൾ തിരിച്ചറിയാൻ കഴിയാതിരുന്നതു തന്നെയാണ്.

ജലോപരിതലത്തിൽ പ്രത്യേക തരം പൊങ്ങുകൾ സ്ഥാപിക്കുന്ന ഒരു രീതി നിലവിലുണ്ട്. സുനാമിക്കു മുമ്പുള്ള വെള്ളത്തിന്റെ പിൻവലിച്ചിൽ തിരിച്ചറിയാനും അപകട സിഗ്നലുകൾ കൈമാറാനും ഇവയ്ക്ക് സാധിക്കും. എന്നാൽ ഇത് എല്ലായിടത്തും സ്ഥാപിക്കുകയും പരിപാലിക്കുകയും ചെയ്യുക ഏതാണ്ട് അസാധ്യമായ കാര്യമാണ്. ഇന്തോനീഷ്യയിലാണെങ്കില്‍ 147 അഗ്നിപർവ്വതങ്ങളുണ്ട്. ഇവയിൽ 76 എണ്ണം സജീവവുമാണ്!

എന്തുകൊണ്ടാണ് ഇന്തോനീഷ്യയിൽ നിരന്തരമായ പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്നത്?

പസിഫിക് സമുദ്രത്തിൽ കുതിരക്കുളമ്പിന്റെ ആകൃതിയിൽ കിടക്കുന്ന ഭൂപ്രദേശത്തെയൊന്നാകെ വിളിക്കുന്ന പേരാണ് ‘റിങ് ഓഫ് ഫയർ’. ഏതാണ്ടൊരു അർധവൃത്തത്തില്‍ 40,000 കിലോമീറ്ററുകളോളം നീളമുള്ള തീരപ്രദേശം നിലകൊള്ളുന്നു. ഈ തീരങ്ങളിലാണ് ലോകത്തിലെ 90 ശതമാനം ഭൂകമ്പങ്ങളും സംഭവിക്കുന്നത്. ഇവിടെയാണ്. ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പങ്ങളില്‍ 81 ശതമാനവും ഇവിടെ സംഭവിക്കുന്നു. 11,700 വർഷങ്ങള്‍ക്കിടയിൽ ലോകത്ത് സംഭവിച്ച ഏറ്റവും വലിയ അഗ്നിപർവ്വത സ്ഫോടനങ്ങളിൽ മൂന്നെണ്ണവും ഈ ‘തീവളയ’ത്തിലാണ് ഉണ്ടായത്. 425 അഗ്നിപർവ്വതങ്ങളാണ് ഈ മേഖലയിലുള്ളത്. അതായത് ലോകത്താകെയുള്ള അഗ്നിപർവ്വതങ്ങളിൽ 75 ശതമാനവും ഇവിടെയാണുള്ളത്! ഈ പസിഫിക് മേഖലയിലാണ് ഇന്തോനീഷ്യയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം.

എന്താണ് ഈ മേഖലയിലെ ഭൂമിശാസ്ത്രപരമായ അസ്ഥിരതയ്ക്ക് കാരണം

പ്ലേറ്റ് ടെക്റ്റോണിക്സ് എന്ന പ്രതിഭാസമാണ് റിങ് ഓഫ് ഫയർ മേഖലയിലെ അസ്ഥിരമായ ഭൂമിശാസ്ത്രസാഹചര്യങ്ങൾക്ക് കാരണമെന്നാണ് ശാസ്ത്രജ്ഞർ അഭിപ്രായപ്പെടുന്നത്. ഭൂമിയുടെ ഉപരിതലം കടുപ്പമേറിയ ഏതാനും ഫലകങ്ങളാലാണ് (Plates) നിർമിക്കപ്പെട്ടിരിക്കുന്നത് എന്നാണ് പ്ലേറ്റ് ടെക്റ്റോണിക്സ് സിദ്ധാന്തം പറയുന്നത്. ഭൂമിയിൽ പതിനഞ്ച് വലിയ ഫലകങ്ങളുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സിദ്ധാന്തത്തെ പൂർണതയിൽ വിശദീകരിക്കാൻ ശാസ്ത്രജ്ഞർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെങ്കിലും അഗ്നിപർവ്വത സ്ഫോടനങ്ങളുമായി ബന്ധപ്പെട്ട വിശദീകരണങ്ങൾക്ക് ഇപ്പോഴും ഇതിനെ വലിയ തോതിൽ ആശ്രയിക്കേണ്ടി വരുന്നുണ്ട്.

ഇന്തോനീഷ്യ എത്രത്തോളം സജ്ജമാണ്?

ഈ ചോദ്യം അന്തർദ്ദേശീയമായി ഉയരുന്നുണ്ട്. സമാനമായ സംഭവങ്ങൾ മുൻകാലങ്ങളിലും ഉണ്ടായിട്ടുണ്ട് എന്നതിനാലും അനാക് ക്രാകതോവ അഗ്നിപര്‍വ്വതം സജീവമായിട്ട് മാസം ആറ് പിന്നിട്ടു എന്നതിനാലും ഈ ചോദ്യത്തിന്റെ ഉത്തരം വളരെ പ്രധാനമാണ്. ഇന്തോനീഷ്യയിൽ ഇത്തരം പ്രകൃതിക്ഷോഭങ്ങള്‍ സംഭവിക്കാനിടയുള്ള ഇടങ്ങളിൽ 10 കോടിയോളം ആളുകൾ താമസിക്കുന്നുണ്ട്. അഗ്നിപർവ്വതങ്ങളുള്ള സ്ഥലങ്ങളും ഭൂമികുലുക്ക സാധ്യതയുള്ള സ്ഥലങ്ങളും വെള്ളപ്പൊക്ക സാധ്യതയുള്ള സ്ഥലങ്ങളുമെല്ലാം ഇതിൽപ്പെടും. സർക്കാരിനെ സംബന്ധിച്ചിടത്തോളം ദുരിതാശ്വാസ പ്രവർത്തനമെന്നത് ഒരു തുടർപ്രക്രിയയാണ്.

ഈ വർഷത്തിലും നിരവധി ദുരന്തങ്ങളെയാണ് ഇന്തോനീഷ്യക്ക് നേരിടേണ്ടി വന്നത്. ഫെബ്രുവരി മാസത്തിൽ വടക്കൻ സുമാത്രയിലെ സിനബങ് അഗ്നിപർവ്വതത്തിൽ നിന്ന് ലാവയും ചൂടുവാതകവും പുറത്തേക്ക് വമിച്ചതിൽ പെട്ട് 17 പേരാണ് മരണമടഞ്ഞത്. രണ്ടാഴ്ചയ്ക്കു ശേഷം കിഴക്കൻ ജാവ മേഖലയിലെ മൗണ്ട് കെലൂദ് അഗ്നിപർവ്വതം സജീവമായത് ഏഴു പേരുടെ ജീവനെടുത്തു. ഒന്നര ലക്ഷത്തോളം പേരെ മാറ്റിപ്പാര്‍പ്പിക്കേണ്ടി വന്നു സർക്കാരിന്. നടപ്പ് മാസത്തിൽ മാത്രം വിവിധ അഗ്നിപർവ്വത സ്ഫോടനങ്ങളിൽ 34 പേർ കൊല്ലപ്പെടുകയുണ്ടായി.

കാലാവസ്ഥയിൽ വ്യതിയാനം വരുന്നതിനാൽ ദീർഘകാലമായി നിർജീവാവസ്ഥയിൽ കിടന്നിരുന്ന അഗ്നിപർവ്വതങ്ങളും സജീവാവസ്ഥയിലെത്തിയിട്ടുണ്ട്. ഇവയെ നേരിടാൻ പ്രസ്തുത പ്രദേശങ്ങളിലെ ജനങ്ങൾക്കുള്ള ധാരണക്കുറവ് സർക്കാർ നേരിടുന്ന മറ്റൊരു പ്രശ്നമാണ്.

ഇന്തോനീഷ്യ കുറെക്കൂടി ശാസ്ത്രീയമായ മാർഗങ്ങൾ അവലംബിച്ച് ഓരോ അഗ്നിപർവ്വതത്തിന്റെയും അപകടവ്യാപ്തിയെ മുൻകൂട്ടി കാണാൻ ശ്രമിക്കണമെന്നാണ് ശാസ്ത്രജ്ഞർ ആവശ്യപ്പെടുന്നത്. വൻ ദുരന്തങ്ങളെ നേരിടാനായി ഭക്ഷ്യ-ഊർജ സുരക്ഷ വർധിപ്പിക്കുകയും വേണം. ഗവേഷണങ്ങൾ പറയുന്നത് ദുരന്തങ്ങളെ നേരിടാനുള്ള ഇന്തോനീഷ്യയുടെ സാമൂഹിക സജ്ജീകരണങ്ങൾ വളരെ ദുർബലമാണെന്നാണ്. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ബജറ്റ് വിഹിതം വളരെ കുറവാണ്.

Share on

മറ്റുവാർത്തകൾ