UPDATES

Explainer: യുജിസിയെ തകർത്ത് പുതിയ സംവിധാനം കൊണ്ടുവരുന്നതിന് പിന്നിലെ ഗൂഢലക്ഷ്യങ്ങള്‍

തങ്ങൾക്കെതിരെ നിൽക്കുന്ന സ്ഥാപനങ്ങളെ എളുപ്പത്തിൽ തളർത്താൻ ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ നിലവിൽ വരുന്നതോടെ സംഘപരിവാറിന് സാധിക്കും.

ഇന്ത്യയുടെ ഉന്നതപഠന രംഗത്തെ പാടേ ഉടച്ചു വാർക്കുകയെന്നത് കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപിത നയമാണ്. പാറ്റ്ന സർവ്വകലാശാലയുടെ നൂറാം വാർഷികാഘോഷത്തിൽ പങ്കെടുത്ത് കഴിഞ്ഞവർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഈ പ്രഖ്യാപനം നടത്തുകയുണ്ടായി. ലോകത്തിലെ വലിയ സർവ്വകലാശാലകളുടെ കൂട്ടത്തിൽ ഇന്ത്യൻ സർവ്വകലാശാലകളുടെ പേര് കാണാനാകില്ലെന്ന് അന്നദ്ദേഹം ചൂണ്ടിക്കാട്ടി. സമഗ്രമായ ഒരു പരിഷ്കരണമാണ് ലക്ഷ്യമെന്നും മോദി പറഞ്ഞു. ഈ പ്രഖ്യാപനങ്ങൾ അതിന്റെ പ്രായോഗിക തലത്തിലേക്ക് കടന്നിരിക്കുകയാണിപ്പോൾ. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ എന്ന, 1956-ൽ സ്ഥാപിതമായ സ്ഥാപനത്തെ ഇല്ലാതാക്കി പകരമൊരു സ്ഥാപനം കൊണ്ടുവരാനാണ് മോദി സർക്കാർ ശ്രമിക്കുന്നത്. ഇതിനായുള്ള ബില്ലിന്റെ കരട് രൂപം കഴിഞ്ഞദിവസം പുറത്തിറങ്ങുകയുണ്ടായി. വിദ്യാഭ്യാസവിചക്ഷണനും ദീർ‌ഘദർശിയുമായ എസ് രാധാകൃഷ്ണന്റെ കാർമികത്വത്തിൽ രൂപം കൊണ്ട സ്ഥാപനമാണ് യുജിസി. ഈ സ്ഥാപനത്തെ തകർക്കുന്നതിന്റെ കാര്യകാരണങ്ങള്‍ രാജ്യത്തെമ്പാടുമുള്ള ബൗദ്ധികലോകം ചർച്ച ചെയ്തു കൊണ്ടിരിക്കുകയാണ്.

എന്താണ് ‘ഹയർ എഡ്യൂക്കേഷന്‍ കമ്മീഷൻ ഓഫ് ഇന്ത്യ (റിപ്പീൽ ഓഫ് യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ) ആക്ട്, 2018’?

ജൂൺ 27-നാണ് ‘ഹയർ എഡ്യൂക്കേഷന്‍ കമ്മീഷൻ ഓഫ് ഇന്ത്യ (റിപ്പീൽ ഓഫ് യുണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ) ആക്ട്, 2018’ ബില്ല് കൊണ്ടു വരുന്നതായുള്ള പ്രഖ്യാപനം കേന്ദ്ര സർക്കാർ നടത്തിയത്. ഈ ബില്ലിന്റെ കരട് കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം പുറത്തുവിടുകയും ചെയ്തു. രാജ്യത്തിന്റെ സർവ്വകലാശാലാ വ്യവസ്ഥയുടെ ഉന്നതാധികാര, ഫണ്ടിങ് ബോഡിയായ യുജിസി അഥവാ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ എന്ന സ്ഥാപനത്തെ പിൻവലിക്കുകയും പകരമായി ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ എന്ന (ഇതൊരു താത്ക്കാലികമായ പേരാണ്. ബില്ല് വരുമ്പോൾ മാറ്റങ്ങളുണ്ടായേക്കാം) പുതിയ സ്ഥാപനത്തെ സ്ഥാപിക്കുകയുമാണ് ഈ നിയമത്തിന്റെ ലക്ഷ്യം.

എന്തൊക്കെയാണ് ഈ നിയമം വരുന്നതു വഴി പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ?

ഇന്ത്യയിൽ 850-നടുത്ത് സർവ്വകലാശാലകളുണ്ട്. നാൽപ്പതിനായിരത്തിലധികം കോളജുകളും പ്രവർത്തിക്കുന്നു. നിലവിൽ ഈ സ്ഥാപനങ്ങളെല്ലാം യുജിസി നിയമത്തിന് കീഴിലാണ് വരുന്നത്. രാജ്യത്തെ അക്കാദമികരംഗത്ത് വിശാരദന്മാരായുള്ള ആളുകളുടെ നിയന്ത്രണത്തിലാണ് യുജിസി പ്രവർത്തിക്കുന്നത്. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിൽ‌ വരുന്ന സ്വയംനിയന്ത്രണാധികാരമുള്ള ഒരു സ്ഥാപനമാണിത്. പുതിയ നിയമം വഴി വരുന്ന പ്രധാന മാറ്റങ്ങളിലൊന്ന് വിവിധ സർവ്വകലാശാലകള്‍ക്കും കോളജുകൾക്കുമുള്ള ഗ്രാന്റ് ഇനി മാനവവിഭവശേഷി മന്ത്രാലയം നേരിട്ട് നിയന്ത്രിക്കുമെന്നതാണ്. മന്ത്രാലയത്തിൽ നിന്നോ അല്ലെങ്കിൽ മന്ത്രാലയം അനുശാസിക്കുന്ന മറ്റേതെങ്കിലും സംവിധാനത്തിൽ നിന്നോ ആയിരിക്കും ഫണ്ടുകൾ വരിക. അതായത്, രാജ്യത്തെ സർവ്വകലാശാലകളുടെ പൂർണനിയന്ത്രണം മന്ത്രാലയത്തിനു കീഴിലെത്തും.

വിമർശകർ ഉന്നയിക്കുന്ന പ്രശ്നങ്ങളെന്തെല്ലാം?

യുജിസിയുടെ ഘടനയിൽ നിലവിലെ സർക്കാര്‍ ഗൗരവകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നിരവധി ഇടപെടലുകൾ ഇതിനകം തന്നെ നടപ്പിലാക്കിയിട്ടുണ്ട്. നിലവിലെ ഗവേഷണമേഖല തങ്ങൾക്ക് അനുകൂലമായ ദിശയിലല്ല നീങ്ങുന്നത് എന്ന് തിരിച്ചറിഞ്ഞ ആർഎസ്എസ് അതിനെ തകർക്കുന്നതിനുള്ള ഇടപെടലുകൾ നടത്തി. റിട്ടയർ ചെയ്ത അധ്യാപകരും സർവ്വീസിലുള്ള അധ്യാപകരും ഗവേഷണത്തിനിറങ്ങുന്നത് തടയുന്ന തരത്തിലുള്ള റെഗുലേഷനുകളും ഭേദഗതികളും കൊണ്ടുവന്നു. സംസ്ഥാന സർക്കാരുകൾക്ക് കോളജുകളിലുള്ള ഇടപെടൽ സാധ്യതകൾ കുറയ്ക്കുന്ന തരം മാനദണ്ഡങ്ങളും കേന്ദ്രം വെച്ചു. ഓട്ടോണമസ് കോളജുകളിലും മറ്റ് ഉന്നതപഠന കേന്ദ്രങ്ങളിലും മാനേജ്മെന്റുകൾക്ക് കൂടുതൽ അധികാരം നൽ‌കി. ഇത് സംസ്ഥാനങ്ങളുടെ രാഷ്ട്രീയ ഇടപെടൽ ശേഷി കുറയ്ക്കുക എന്ന നാട്യത്തിലാണ് എത്തിയതെങ്കിലും ക്രമേണ ഫെഡറൽ തത്വങ്ങൾക്ക് വിരുദ്ധമായ രീതിയിൽ എല്ലാ അധികാരങ്ങളും കേന്ദ്ര സർക്കാരിൽ എത്തിക്കുക എന്ന ഫലത്തിലേക്കാണ് നീങ്ങുന്നതെന്ന് വിമർശനമുയർന്നു. ദരിദ്രരായ വിദ്യാർത്ഥികളെ അകറ്റുവാനാണ് ഈ നയങ്ങൾ‌ സഹായകമാകുന്നതെന്നും വിമർശനം ഉണ്ട്. ഉത്തരേന്ത്യയിൽ നിന്നുള്ള കാവിക്കൊടിയേന്തിയ പണ്ഡിതനാട്യക്കാരുടെ കൈകളിലേക്കാണ് രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയെ കൈമാറ്റം ചെയ്യുന്നത്. അന്ധവിശ്വാസങ്ങളും അർധസത്യങ്ങളും നുണകളും സിലബസ്സുകളിലേക്ക് നുഴഞ്ഞുകയറാനാണ് സാധ്യതയൊരുങ്ങിയിരിക്കുന്നത്. വർഗീയതയ്ക്കും മൂലധനതാൽപര്യങ്ങള്‍ക്കും അക്കാദമികരംഗത്തെ വഴിപ്പെടുത്തുകയാണ് സർക്കാരെന്നും വിമർശകർ പറയുന്നു.

പൊതുവിദ്യാഭ്യാസ മേഖലയിൽ സർക്കാർ ഫണ്ടിങ് പരമാവധി കുറച്ചു കൊണ്ടുവരികയും ക്രമേണ ഇല്ലാതാക്കുകയും ചെയ്യുക എന്ന ലക്ഷ്യവും ഈ പുതിയ സ്ഥാപനത്തിന്റെ വരവിനു പിന്നിലുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതുകൂടി ലക്ഷ്യമാക്കി SWAYAM (Study Webs of Active –Learning for Young Aspiring Minds programme) എന്ന പേരിൽ ഒരു പരിപാടി കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം നടപ്പാക്കി. കോളജുകളിലെയും സർവ്വകലാശാലകളിലെയും റെഗുലർ കോഴ്സുകള്‍ നടത്താൻ സർക്കാർ ചെലവിടുന്ന പണത്തെക്കുറിച്ച് കേന്ദ്ര സർക്കാർ ആഴത്തിലുള്ള ‘ആലോചനകൾ’ നടത്തുന്നുണ്ടെന്നാണ് ‘സ്വയം’ പരിപാടി വ്യക്തമാക്കുന്നത്. റെഗുലർ കോഴ്സുകൾക്ക് പകരം നിൽക്കുന്ന ഓൺലൈൻ കോഴ്സുകൾ നടപ്പാക്കുകയാണ് ‘സ്വയം’ ചെയ്യുന്നത്. അതായത്, അധ്യാപകനിയമനത്തിനും മറ്റ് ചെലവുകൾക്കുമായി സർ‌ക്കാരിൽ നിന്ന് പണനഷ്ടം ഉണ്ടാകുന്നുണ്ടെന്നും അത് ഇല്ലാതാക്കണമെന്നുമുള്ള മുതലാളിത്ത സിദ്ധാന്തത്തിന്റെ പ്രയോഗവത്ക്കരണം. ഉന്നതവിദ്യാഭ്യാസം ഏറെ വളർന്ന നാടുകളിൽപ്പോലും ഓൺലൈൻ കോഴ്സുകൾ റെഗുലർ കോഴ്സുകള്‍ക്ക് ഒരു സഹായിയായി മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്ന് വിമർശകർ‌ ചൂണ്ടിക്കാട്ടുന്നു.

ഇതൊരു ബിജെപി പദ്ധതി മാത്രമാണോ?

യുജിസിയെ തകർത്ത് ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ സ്ഥാപിക്കാനുള്ള നീക്കം ആദ്യം തുടങ്ങിയത് ഡോ. മൻമോഹൻ സിങ് പ്രധാനമന്ത്രിയായ ഒന്നാം യുപിഎ സർക്കാരാണ്. നവലിബറൽ നയങ്ങൾ ശക്തമായി നടപ്പാക്കാനുള്ള കോൺഗ്രസ്സിന്റെ നയം പക്ഷെ, പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ സർക്കാരിന് പിന്തുണ നൽകിവന്നിരുന്ന ഇടത് പാർട്ടികളുടെ എതിർപ്പ് മൂലം നടപ്പാകുകയുണ്ടായില്ല. യുജിസി, ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷന്‍, നാഷണൽ കൗൺസിൽ ഫോർ ടീച്ചേഴ്സ് എഡ്യൂക്കേഷൻ, ഡിസ്റ്റൻസ് എഡ്യൂക്കേഷൻ കൗൺസിൽ എന്നീ സ്ഥാപനങ്ങളെ തകർക്കുന്നത് ലക്ഷ്യം വെച്ച് ‘ഹയർ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്’ എന്നൊരു ബിൽ 2011ൽ രണ്ടാം യുപിഎ സർക്കാർ വീണ്ടും കൊണ്ടുവന്നു. അന്നത്തെ മാനവവിഭവവികസന മന്ത്രി കപിൽ സിബലാണ് നാഷണൽ‌ കമ്മീഷന്‍ ഫോർ ഹയർ എഡ്യൂക്കേഷന്‍ ആൻഡ് റിസർച്ച് എന്ന സ്വതന്ത്ര സ്റ്റാറ്റ്യൂട്ടറി ബോഡി സ്ഥാപിക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ചത്.

എന്നാൽ ഫെഡറൽ സംവിധാനങ്ങൾക്ക് നിരക്കുന്നതല്ല എന്ന തിരിച്ചറിവിൽ‌ ഈ ബില്ല് പിൻവലിക്കാൻ 2014ൽ അധികാരത്തിലെത്തിയ എൻഡിഎ സർക്കാർ തീരുമാനിച്ചു. ഉന്നതവിദ്യാഭ്യാസം കേന്ദ്ര സർക്കാർ മാത്രമായി കൈകാര്യം ചെയ്യേണ്ട വിഷയമല്ലെന്നാണ് അന്ന് എൻഡിഎ വാദിച്ചത്. ഇതേ സർക്കാരാണ് ഉന്നതവിദ്യാഭ്യാസത്തെ പൂർണമായി കൈപ്പിടിയിലൊതുക്കാൻ യുപിഎ കൊണ്ടുവന്ന അതേ ബില്ല് തങ്ങളുടേതായ കൂട്ടിച്ചേർ‌‍ക്കലുകളോടെ കരട് തയ്യാറാക്കി അവതരിപ്പിക്കുന്നത്. ഇതിനു പിന്നിൽ ആർഎസ്എസ്സിന്റെ ഗൂഢാലോചനയുണ്ടെന്ന സംശയമുയരുന്നതും ഈ പശ്ചാത്തലത്തിലാണ്.

എങ്ങനെയാണ് കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ പുതിയ സ്ഥാപനത്തിലൂടെ നടപ്പാക്കപ്പെടുക?

യുജിസി നിയമപ്രകാരം സ്ഥാപനത്തിന്റെ ചെയര്‍മാൻ, വൈസ് ചെയർമാൻ, പത്ത് മെമ്പർമാർ എന്നിവരെ നീക്കം ചെയ്യാൻ സർക്കാരിന് അധികാരമില്ല. ഇത് അക്കാദമിക രംഗത്തിന്റെ ഗുണനിലവാരത്തെ ബാധിക്കുന്ന തരത്തിലുള്ള കക്ഷിരാഷ്ട്രീയ ഇടപെടലുകളെ വലിയൊരു പരിധി വരെ തടുക്കാൻ യുജിസിക്ക് കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എന്നാൽ, പുതിയ നിയമപ്രകാരം ഇവരിലാരെയും കാരണം കാണിച്ച് നീക്കം ചെയ്യാൻ കേന്ദ്രത്തിന് സാധിക്കും. വിദ്യാഭ്യാസ ഗുണനിലവാരം സംബന്ധിച്ചതോ അല്ലാത്തതോ ആയ ഏത് ചട്ടങ്ങളും ഉത്തരവുകളും കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ മാത്രമേ ഈ സ്ഥാപനത്തിന് പുറപ്പെടുവിക്കാനാകൂ.

എന്താണ് ആർഎസ്എസ്സിന്റെ താൽപര്യം?

പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ ചെയർമാനായി ഒരു നാലാംകിട സീരിയൽ താരമായ ഗജേന്ദ്ര ചൗഹാൻ നിയമിതനായപ്പോൾ അതിശക്തമായ എതിർപ്പുകളാണ് രാജ്യത്തെമ്പാടുമുള്ള ബുദ്ധിജീവികളിൽ നിന്നും അക്കാദമീഷ്യൻമാരിൽ നിന്നും ഉയർന്നത്. അക്കാദമിക രംഗങ്ങളിൽ ഇടത് മനോഭാവമുള്ളവർക്കുള്ള അപ്രമാദിത്യം ആർഎസ്എസ്സിനെ പ്രയാസപ്പെടുത്തുന്ന ഒരു കാര്യമാണ്. ഇതിനെ തകർക്കാതെ തങ്ങളുടെ ആത്യന്തിക ലക്ഷ്യങ്ങളിലേക്ക് നീങ്ങാൻ കഴിയില്ലെന്ന് അവർക്കുറപ്പുണ്ട്. ഇതിനായി വിവിധ സ്ഥാപനങ്ങളിൽ ഇതിനകം തന്നെ ആർഎസ്എസ്സുകാരെയോ ആർഎസ്എസ് അനുഭാവമുള്ളവരെയോ തിരുകിക്കയറ്റാൻ സാധിച്ചിട്ടുണ്ട്. എന്നാൽ, ഏറ്റവും നിർണായകമായ ചില സ്ഥാപനങ്ങളിൽ പൂർണമായ അധികാരം ആവശ്യമാണ്. അവയിലൊന്നാണ് രാജ്യത്തെ ഉന്നത വിദ്യാഭ്യാസരംഗത്തെയാകെ നിയന്ത്രിക്കുന്ന യുജിസി. ഇതിനകം തന്നെ ജെഎൻയു പോലുള്ള സ്ഥാപനങ്ങളെ തകർ‌ക്കാൻ പോന്ന നയങ്ങൾ നടപ്പാക്കിക്കഴിഞ്ഞിട്ടുണ്ട് യുജിസി. എംഫിൽ മുതലങ്ങോട്ടുള്ള കോഴ്സുകൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. തങ്ങൾക്കെതിരെ നിൽക്കുന്ന സ്ഥാപനങ്ങളെ എളുപ്പത്തിൽ തളർത്താൻ ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ നിലവിൽ വരുന്നതോടെ സംഘപരിവാറിന് സാധിക്കും. കൂടാതെ, ഗുണനിലവാരം കുറഞ്ഞ സ്ഥാപനങ്ങൾക്ക് ഗ്രാന്റ് നൽകാതിരിക്കുന്നതും യുജിസിയുടെ വിവേചനാധികാരമാണ്. മാനവവിഭവശേഷി മന്ത്രാലയത്തിനു കീഴിലേക്ക് ഫണ്ടിങ് അധികാരം പൂർണമായും വന്നു ചേരുന്നതോടെ ഇവയിൽ പല സ്ഥാപനങ്ങൾക്കും ഗ്രാന്റ് ലഭിക്കാനിടയുണ്ട്; സംഘപരിവാറിന് പ്രത്യേക താൽപര്യമുള്ള സ്ഥാപനങ്ങളെന്ന നിലയിൽ. ചാണകത്തിൽ നിന്ന് സ്വർണം ഉരുത്തിരിച്ചെടുക്കുന്നതു പോലെയുള്ള ഗവേഷണങ്ങൾ നടത്തി സമയം പാഴാക്കുന്ന ഇത്തരം സ്ഥാപനങ്ങളായിരിക്കും ഭാവിയിൽ ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്ന ഭീതി അക്കാദമികരംഗത്തുള്ളവർ പങ്കു വെക്കുന്നു.

എങ്ങനെയാണ് കേന്ദ്രത്തിന്റെ നേരിട്ടുള്ള അധികാരം സ്ഥാപനവൽക്കരിക്കപ്പെടുക?

യുജിസിക്കു മുകളിൽ നിലവിൽ രാഷ്ട്രീയ സ്വാധീനം ചെലുത്താവുന്ന മറ്റൊരധികാരകേന്ദ്രം പ്രവർത്തിക്കുന്നില്ല. എന്നാൽ, പുതിയ ഹയർ എഡ്യൂക്കേഷൻ ബില്ലിന്റെ കരടിൽ പറയുന്നതു പ്രകാരം പ്രസ്തുത സ്ഥാപനത്തിന്റെ തീരുമാനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു ഉപദേശക സമിതി നിലവിൽ വരും. ഇതിന് ആധ്യക്ഷം വഹിക്കുക മാനവവിഭവശേഷി മന്ത്രിയായിരിക്കും. ഹയർ എഡ്യൂക്കേഷൻ കൗൺസിലിന്റെ ചെയർമാനെ നിശ്ചയിക്കുന്നത് ഈ സമിതിയായിരിക്കും. നിലവിൽ ചെയർമാന്റെയും വൈസ് ചെയർമാന്റെയും റിട്ടയർമെന്റ് പ്രായം 65 ആണ്. ഇത് 70 ആക്കി ഉയർത്താനും ബില്ലിന്റെ കരടിൽ നിർദ്ദേശമുണ്ട്. അതായത് പ്രായമേറിയ രാഷ്ട്രീയനേതാക്കളെ കൊണ്ടിരുത്താനുള്ള ഒരു കേന്ദ്രമായി ഇന്ത്യയുടെ ഉന്നതവിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന സ്ഥാപനം മാറിയേക്കുമെന്ന് ചുരുക്കം.

Share on

മറ്റുവാർത്തകൾ