UPDATES

Explainer: വിധി പറഞ്ഞ ജഡ്ജി ക്ഷമാപണം നടത്തിയതെന്തിന്: 22 പേരെ വെറുതെവിട്ട സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിനെക്കുറിച്ച് അറിയേണ്ട ചിലത്

എക്സ്പ്ലെയിനര്‍

ഹരെൻ പാണ്ഡ്യ കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന മുഹമ്മദ് നയീമുദ്ദീനും ഏറ്റുമുട്ടലിൽ കൊല ചെയ്യപ്പെടുകയാണുണ്ടായത്. 2016 ആഗസ്റ്റ് മാസത്തിലായിരുന്നു മാധ്യമ ക്യാമറകളുടെ സാന്നിധ്യത്തിൽ തെലങ്കാനയിൽ ഈ ഏറ്റുമുട്ടൽ സംഘടിപ്പിക്കപ്പെട്ടത്.

ഇക്കഴിഞ്ഞ മാസം സോഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ‌ കൊലക്കേസിലെ സാക്ഷികളിലൊരാളായ അസം ഖാൻ എന്നയാളുടെ മൊഴി പുറത്തുവന്നത് ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. ഇന്നും തെളിയിക്കപ്പെടാത്ത ഹരെൻ പാണ്ഡ്യ കൊലക്കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലായിരുന്നു അത്. 1998ൽ കേശുഭായി പട്ടേൽ മുഖ്യമന്ത്രിയായപ്പോൾ ആഭ്യന്തരമന്ത്രിസ്ഥാനം വഹിച്ചിരുന്നയാളാണ് ഹരെൻ പാണ്ഡ്യ. ഭാവിയിൽ ഗുജറാത്ത് മുഖ്യമന്ത്രി വരെയാകാൻ ശേഷിയുള്ളയാളെന്ന നിലയിലാണ് ഹരെൻ പാണ്ഡ്യയെ പാർട്ടി കണ്ടിരുന്നത്. 2002ൽ മോദി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയതിനു പിന്നാലെ ഇദ്ദേഹം വോട്ടുരാഷ്ട്രീയത്തിൽ നിന്നും പിൻവാങ്ങുന്നതായി പ്രഖ്യാപിച്ചു. മോദിയുമായുള്ള രാഷ്ട്രീയ ശത്രുതയാണ് മിതവാദ നിലപാടുകളുള്ള ഹരെൻ പാണ്ഡ്യയെക്കൊണ്ട് ഇങ്ങനെ ചെയ്യിച്ചതെന്ന് പലരും കരുതുന്നുണ്ട്. മോദിയുമായുള്ള രാഷ്ട്രീയ ശത്രുത അതിന്റെ ഉച്ചസ്ഥായിയിൽ നിൽക്കുന്ന കാലത്താണ് പാണ്ഡ്യ കൊല്ലപ്പെടുന്നത്. 2002ലെ കലാപങ്ങളുമായി ബന്ധപ്പെട്ട് ജസ്റ്റിസ് വിആർ കൃഷ്ണയ്യരുടെ സമിതിക്കു മുമ്പാകെ ഹരെൻ പാണ്ഡ്യ രഹസ്യമൊഴി നൽകിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് കൊലപാതകം നടക്കുന്നത്. ഹരെൻ‌ പാണ്ഡ്യയെ കൊലപ്പെടുത്താൻ മുൻ ഗുജറാത്ത് ഐപിഎസ് ഓഫീസറായിരുന്ന ഡിജി വൻസാരയാണ് ആവശ്യപ്പെട്ടതെന്ന് സൊഹ്റാബുദ്ദീൻ തന്നോടു പറഞ്ഞിരുന്നെന്നായിരുന്നു കോടതിയിൽ ഈ നവംബറിൽ അസം ഖാന്‍ നൽകിയ മൊഴി. സൊഹ്റാബുദ്ദീന്റെ സംഘാംഗമായി പ്രവർത്തിച്ചിരുന്നയാളാണ് അസം ഖാൻ.

2017 ഓഗസ്റ്റ് 1ന് വൻസാരയെ സൊഹ്റാബുദ്ദീൻ വ്യാജ ഏറ്റുമുട്ടൽ കേസിന്റെ പ്രതിപ്പട്ടികയിൽ നിന്നും വിചാരണക്കോടതി നീക്കം ചെയ്തിരുന്നു. സൊഹ്റാബുദ്ദീൻ ഷെയ്ഖ് കൊല്ലപ്പെട്ടതും ഹരെൻ പാണ്ഡ്യയുടെ കൊലപാതകവും തമ്മില്‍‌ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന കണ്ണികളെല്ലാം വൻസാരെയെക്കൂടി നീക്കം ചെയ്തതോടെ ഇല്ലാതായി. വൻസാര തന്നെയും സിബിഐ ഉദ്യോഗസ്ഥരോട് ഹരെൻ പാണ്ഡ്യയുടെ കൊലപാതകത്തിനു പിന്നിൽ ഒരു രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. പാണ്ഡ്യയുടെ കൊലപാതകത്തിനു തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ അദ്ദേഹത്തിനു നൽകിയിരുന്ന സുരക്ഷാ സംവിധാനങ്ങൾ വലിയ തോതിൽ കുറച്ചിരുന്നു. അഹ്മദാബാദിലെ ഒരു പാർക്കിനു പുറത്ത് 2003 മാർച്ച് 26നാണ് ഹരെൻ പാണ്ഡ്യയുടെ മൃതദേഹം വെടിയുണ്ടകൾ തുളച്ചുകയറിയ നിലയിൽ കണ്ടെത്തിയത്. ഈ സംഭവത്തിന് രണ്ടുദിവസം മുമ്പ് സ്ഥലത്തെ വഴിയോരക്കച്ചവടക്കാരെയെല്ലാം നീക്കം ചെയ്തിരുന്നുവെന്നതും റിപ്പോർട്ടുകളിൽ ചൂണ്ടിക്കാണിക്കപ്പെട്ടു.

ആരാണ് സൊഹ്റാബുദ്ദീൻ ഷെയ്ഖ്?

പലതരം വിശദീകരണങ്ങൾ ഈ ചോദ്യത്തിന് ലഭ്യമാണ്. എങ്കിലും 1995 മുതലുള്ള പൊലീസ് റെക്കോർഡുകള്‍ പറയുന്നതു പ്രകാരം സൊഹ്റാബുദ്ദീൻ നിരവധി ഗൗരവപ്പെട്ട ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ഗുജറാത്തിലെ ബിൽഡർമാരുമായി ബന്ധമുള്ള ഒരു മാഫിയ തലവനായിരുന്നു സൊഹ്റാബുദ്ദീൻ ഷെയ്ഖ് എന്നാണ് ചിലർ പറയുന്നത്. മറ്റുചിലരാകട്ടെ ഇയാളെ ഒരു അക്രമിയായ കൊള്ളക്കാരനെന്ന് വിശേഷിപ്പിക്കുന്നു. 1995ൽ നാൽപ്പതോളം എകെ 47 തോക്കുകൾ കൈവശം വെച്ചതിന് ഇയാൾക്കെതിരെ പൊലീസ് കുറ്റം ചാർത്തിയിരുന്നു. ഗുജറാത്തിലും രാജസ്ഥാനിലും ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. ഹരെൻ പാണ്ഡ്യയെ കൊലപ്പെടുത്താൻ സൊഹ്റാബുദ്ദീൻ ഷെയ്ഖിനെ വൻസാരെ ഏൽപ്പിച്ചിരുന്നെന്ന വാദത്തിന് ഈ പശ്ചാത്തലം കൂടിയുണ്ട്. മധ്യപ്രദേശിലെ ഝരാനിയ ഗ്രാമത്തിലാണ് സൊഹ്റാബുദ്ദീന്റെ വീട്. ഭാര്യ കൗസർ ബി.

എങ്ങനെയാണ് സൊഹ്റാബുദ്ദീൻ കൊല ചെയ്യപ്പെട്ടത്?

അഹമ്മദാബാദ്, ഉജ്ജയിൻ, ഉദയ്പൂർ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സൊഹ്റാബുദ്ദീന്റെ പ്രവർത്തനങ്ങൾ. 2005 നവംബർ മാസത്തിലാണ് സൊഹ്റബുദ്ദീൻ ഷെയ്ഖിനെയും ഭാര്യയെയും ഗുജറാത്ത്-രാജസ്ഥാൻ പൊലീസിന്റെ സംയുക്ത സംഘം തട്ടിക്കൊണ്ടു പോകുന്നത്. ഹൈദരാബാദിൽ നിന്ന് മഹാരാഷ്ട്രയിലെ ഷാംഗ്ലിയിലേക്ക് യാത്ര ചെയ്യുകയായിരുന്നു സൊഹ്റാബുദ്ദീനും ഭാര്യയും. ബസ്സിലായിരുന്നു യാത്ര. യാത്രാമധ്യേ പൊലീസ് ബസ്സ് തടയുകയും ഇരുവരെയും വാഹനത്തിൽ കയറ്റി അഹമ്മദാബാദിലെത്തിക്കുകയും ചെയ്തു. ഒരു ഫാംഹൗസിലാണ് ഇരുവരെയും താമസിപ്പിച്ചത്. നവംബർ 24ന് സൊഹ്റാബുദ്ദീനെ പൊലീസ് അവിടെ നിന്നും മാറ്റി. 26ന് കാലത്ത് സൊഹ്റാബുദ്ദീൻ കൊല ചെയ്യപ്പെട്ടു.

ഇതിനു ശേഷം സൊഹ്റാബുദ്ദീന്റെ ഭാര്യ കൗസർബിയെ പൊലീസുകാർ കൂട്ട ബലാൽസംഗത്തിനിരയാക്കുകയും കൊലപ്പെടുത്തുകയും ചെയ്തു. വൻസാരെയുടെ സ്വന്തം നാടായ ഇല്ലോളിൽ വെച്ച് ഇവരെ കത്തിച്ചു കളഞ്ഞെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ പറഞ്ഞത്. ഇവരെ കാണാനില്ലെന്നായിരുന്നു പൊലീസിന്റെ ആദ്യ നിലപാട്. എന്നാൽ ഇവർ കൊല ചെയ്യപ്പെട്ടെന്ന് ഗുജറാത്ത് സംസ്ഥാന അറ്റോർണി സുപ്രീംകോടതിയിൽ സമ്മതിക്കുകയുണ്ടായി.

2007 ഏപ്രിൽ മാസത്തിലാണ് ഗുജറാത്ത് ഇക്കാര്യം സുപ്രീംകോടതിയെ അറിയിച്ചത്. കൊലക്കേസുമായി ബന്ധപ്പെട്ട് അന്ന് പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്ന ആന്റ് ടെററിസ്റ്റ് സ്ക്വാഡ് ഡിഐജി ഡിജി വൻസാര, ഇന്റലിജൻസ് എസ്പി രാജ്കുമാർ പാണ്ഡ്യൻ, എംഎൻ ദിനേഷ് തുടങ്ങിയവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഗുജറാത്ത് സർക്കാർ ഇക്കാര്യം മനസ്സിലാക്കുകയും കോടതിയെ അറിയിക്കുകയും ചെയ്തതെന്ന് റിപ്പോർട്ടുകളിലുണ്ടായിരുന്നു.

ഈ സന്ദർഭത്തിലാണ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന നിലപാട് കേന്ദ്ര സർക്കാർ കോടതിയിലെടുത്തത്. സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സൊഹ്റാബുദ്ദീന്റെ സഹോദരൻ റുബാബുദ്ദീൻ ഒരു ഹരജി ഫയൽ ചെയ്തിരുന്നു. തന്റെ സഹോദരഭാര്യയെ ഹാജരാക്കാൻ ഗുജറാത്തിനോട് ആവശ്യപ്പെടണമെന്നും ഇദ്ദേഹം കോടതിയോട് അപേക്ഷിച്ചു. ഇതിന്മേലാണ് കോടതിയിൽ കൗസർബിയുടെ മരണം ഗുജറാത്ത് സ്ഥിരീകരിച്ചത്. സിബിഐ അന്വേഷണമെന്ന ആവശ്യത്തെ ഗുജറാത്ത് ശക്തിയായി എതിർത്തു. കേന്ദ്രം തങ്ങളുടെ രാഷ്ട്രീയലാക്ക് വെച്ച് കേസിനെ ഉപയോഗിക്കുമെന്ന തങ്ങളുടെ ഭീതി ഗുജറാത്ത് സർക്കാർ പങ്കുവെച്ചു.

തുളസിറാമിന്റെ പങ്ക്

ഹരെൻ പാണ്ഡ്യയെ വധിച്ചത് സൊഹ്റാബുദ്ദീന്റെ സുഹൃത്തായ തുളസിറാം പ്രജാപതിയാണെന്ന് വ്യാജ ഏറ്റുമുട്ടൽ കേസിലെ സാക്ഷികളിലൊരാളായ അസം ഖാൻ സിബിഐ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥനായ എൻഎസ് രാജുവിനോട് വെളിപ്പെടുത്തിയിരുന്നു. 2010ൽ തന്നെ ഇക്കാര്യം താൻ പറഞ്ഞിരുന്നെന്ന് ഖാൻ കോടതിയെ അറിയിക്കുകയുണ്ടായി. അന്ന് കേസിനെ കുഴപ്പിക്കാനാണ് ഖാൻ ഇത്തരം ആരോപണങ്ങളുന്നയിക്കുന്നത് എന്നായിരുന്നു സിബിഐയുടെ നിലപാട്. എന്തുകൊണ്ടാണ് പാണ്ഡ്യ കൊല്ലപ്പെട്ടതിൽ ഖാൻ ഇത്രയധികം ദുഖിക്കുന്നതെന്ന ചോദ്യം കോടതി ഉന്നയിക്കുകയുണ്ടായി. 2002ലെ ഗുജറാത്ത് കലാപങ്ങൾക്കു ശേഷം ഹരെൻ പാണ്ഡ്യയാണ് ഇരുസമുദായങ്ങൾക്കുമിടയിൽ മൈത്രിയുണ്ടാക്കാനായി ശ്രമം നടത്തിയതെന്ന് ഖാൻ പറഞ്ഞു. ഇതേ കാരണത്താൽ മനസ്താപമുണ്ടായതിനാലാണ് താൻ സൊഹ്റാബുദ്ദീന്റെ ഗാങ്ങിൽ നിന്നും പിൻവാങ്ങിയതെന്നും ഖാൻ വിശദീകരിച്ചു.

സൊഹ്റാബുദ്ദീൻ ഷെയ്ഖിനെയാണ് ഹരെൻ പാണ്ഡ്യയെ കൊലപ്പെടുത്താനുള്ള ദൗത്യം വൻസാര ആദ്യം ഏൽപ്പിച്ചിരുന്നത്. എന്നാൽ സൊഹ്റാബുദ്ദീൻ ഇതിൽ നിന്നും പിൻവാങ്ങി. ഒടുവിൽ തുളസിറാം പ്രജാപതിയാണ് ദൗത്യം ഏറ്റെടുത്തത്.

തുളസിറാം പ്രജാപതിയെ സൊഹ്റാബുദ്ദീനും ഭാര്യ കൗസർബിക്കുമൊപ്പം കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും ഇയാളെ പിന്നീട് വെറുതെ വിടുകയാണുണ്ടായത്. ഡിജി വൻസാരെയുടെ സുഹൃത്തായിരുന്ന ഇയാൾ പൊലീസുകാർക്ക് വിവരങ്ങൾ കൈമാറുന്ന ചാരപ്പണിയും എടുത്തിരുന്നെന്ന് റിപ്പോർട്ടുകൾ പറയുന്നു. അഹ്മദാഹാദിൽ നിന്നും നാട്ടിലെത്തിയ തുളസിറാം പ്രജാപതി പിറ്റെദിവസം തന്നെ ഒരു മോഷണക്കേസിൽ അറസ്റ്റിലായി. അഹ്മദാബാദിൽ സൊഹ്റാബുദ്ദീനും ഭാര്യക്കും സംഭവിച്ചതെന്താണെന്ന് വ്യക്തമായ അറിവുണ്ടായിരുന്ന തുളസിറാം ഇതോടെ ഭീതിയിലായി. തനിക്ക് വരാൻ പോകുന്നതെന്തെന്ന് തുളസീറാം മുൻകൂട്ടി കണ്ടിരുന്നു. ജീവന് ഭീഷണിയുണ്ടെന്ന് കാണിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന് തുളസിറാം കത്തയച്ചു. വിചാരണക്കിടെ കോടതിയിൽ താൻ നേരിടുന്ന സാഹചര്യത്തെക്കുറിച്ച് കരഞ്ഞു പറഞ്ഞു. ജഡ്ജി തനിക്ക് ചെയ്യാനാകുന്നത് ചെയ്തു. സുരക്ഷ ഉറപ്പാക്കണമെന്ന് നിർദ്ദേശം നൽകി. സംഭവിക്കുമെന്ന് തുളസിറാം കരുതിയതു തന്നെ സംഭവിച്ചു. 2006 ഡിസംബർ 28ന് അയാൾ കൊല്ലപ്പെട്ടു.

ഹരെൻ പാണ്ഡ്യ കൊലക്കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന മുഹമ്മദ് നയീമുദ്ദീനും ഏറ്റുമുട്ടലിൽ കൊല ചെയ്യപ്പെടുകയാണുണ്ടായത്. 2016 ആഗസ്റ്റ് മാസത്തിലായിരുന്നു മാധ്യമ ക്യാമറകളുടെ സാന്നിധ്യത്തിൽ തെലങ്കാനയിൽ ഈ ഏറ്റുമുട്ടൽ സംഘടിപ്പിക്കപ്പെട്ടത്. മാവോയിസ്റ്റ് പാർട്ടികളിലൊന്നിൽ അംഗമായി ചേർന്ന് തന്റെ അധോലോക പ്രവർത്തനങ്ങൾക്ക് അംഗീകാരം നേടാൻ ശ്രമിക്കുകയായിരുന്ന ഇയാളെ പാർട്ടി പുറത്താക്കിയിരുന്നു. ഈ ഏറ്റുമുട്ടൽ കൊല വ്യാജമായി സംഘടിപ്പിക്കപ്പെട്ടതാണെന്നും തെലങ്കാന സർക്കാരിന് ഇതിൽ പങ്കുണ്ടെന്നും അന്നേ ആരോപണമുയർന്നിരുന്നു. വെളുത്ത പാന്റ്സിലും ഷർട്ടിലും ചെളി പറ്റാതെ കമിഴ്ന്നു കിടക്കുന്ന നയീമുദ്ദീന്റെ ചിത്രം കണ്ടവരും ഒരു ഏറ്റുമുട്ടൽ നടന്നതായി വിശ്വസിക്കാൻ കൂട്ടാക്കിയില്ല. പുതിയ സംസ്ഥാനമെന്ന നിലയിൽ വികസന പ്രവർത്തനങ്ങൾക്ക് വലിയ തോതിൽ കേന്ദ്ര സർക്കാരിനെ ആശ്രയിക്കുന്ന തെലങ്കാന മോദിക്കു വേണ്ടി സംഘടിപ്പിച്ച ഏറ്റുമുട്ടലാണിതെന്ന് ആരോപണമുയർന്നു.

അന്വേഷണ വിധേയരായവരും അറസ്റ്റ് ചെയ്യപ്പെട്ടവരും

സൊഹ്റാബുദ്ദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ തുടക്കത്തിൽ 38 കുറ്റാരോപിതരാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ അമിത് ഷാ അടക്കം 16 പേരെ കോടതി കുറ്റവിമുക്തരാക്കി. പത്തിലധികം പൊലീസുദ്യോഗസ്ഥരും അറസ്റ്റിലായി. രാജസ്ഥാനിൽ നിന്നുള്ള ബിജെപി നേതാവും മുൻ മന്ത്രിയുമായ ഗുലാബ് ചന്ജ് കഠാരിയക്കെതിരെയും അന്വേഷണം വന്നു. അമിത് ഷായുടെ അടുത്ത അനുയായിയും അഹ്മദാബാദ് ജില്ലാ കോഓപ്പറേറ്റീവ് ബാങ്ക് ഡയറക്ടറുമായ യശ്പാൽ ചുദാസാമയാണ് അറസ്റ്റ് ചെയ്യപ്പെട്ട മറ്റൊരു പ്രമുഖൻ. ഇയാൾക്കും, അമിത് ഷായുടെ മറ്റൊരു അനുയായിയായ അജയ് പട്ടേലിനുമെതിരെ അഹ്മദാബാദ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയുണ്ടായി. ഇരുവരെയും കോടതി പിന്നീട് വിട്ടയയ്ക്കുകയായിരുന്നു. അമിത് ഷായ്ക്കു വേണ്ടി സാക്ഷികളെ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നതായിരുന്നു സിബിഐ ഇവർക്കെതിരെ നടത്തിയ ആരോപണം. 2010 ജൂലൈ മാസത്തിൽ അമിത് ഷായും അറസ്റ്റ് ചെയ്യപ്പെട്ടു. കേസ് ഗുജറാത്തിനു വെളിയിലുള്ള കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം ഈ ഘട്ടത്തിലാണ് സിബിഐ ഉയർത്തുന്നത്. മുഖ്യമന്ത്രി നരേന്ദ്ര മോദിയുടെ ഭരണം നിലനിൽക്കുമ്പോൾ പലതരത്തിലുള്ള സമ്മർദ്ദങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഈ ആവശ്യം.

ക്ഷമാപണത്തോടെ ജഡ്ജി

സൊഹ്റാബുദ്ദീൻ ഷെയ്ഖ് വധക്കേസിൽ വിധി പറഞ്ഞ ജഡ്ജി എസ്ജെ ശർമ ക്ഷാമപണത്തോടെയാണ് വിധി വായിച്ചത്. “കൊല്ലപ്പെട്ടവരുടെ കുടുംബം എന്നോട് ക്ഷമിക്കുക. എനിക്കു മുമ്പിൽ നിരത്തപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റാരോപണങ്ങൾ സ്ഥാപിക്കാൻ സാധിക്കില്ല.”

Share on

മറ്റുവാർത്തകൾ