UPDATES

കര്‍ഷകര്‍ക്കറിയാം പൂനം മഹാജനും ഫഡ്‌നാവിസും ആരാണെന്ന്‌: ഇങ്ങനെ പേടിക്കുന്നതെന്തിനെന്ന് പി സായ്‌നാഥ്

വീഡിയോ

തങ്ങള്‍ ആരാണ് എന്ന് കര്‍ഷകര്‍ക്കറിയാം. പൂനം മഹാജന്‍ ആരാണെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് ആരാണെന്നും അവര്‍ക്കറിയാം. എന്തിനാണ് സര്‍ക്കാര്‍ ഇങ്ങനെ പേടിക്കുന്നത്.?

ഇന്ന് മഹാരാഷ്ട്രയിലെ കര്‍ഷകരുടെ ആവശ്യങ്ങള്‍ മുഴുവന്‍ അംഗീകരിക്കപ്പെട്ടാല്‍ പോലും ഈ ജനകീയ പ്രക്ഷോഭം അവസാനിക്കില്ലെന്ന് കര്‍ഷക പ്രശ്‌നങ്ങളും ഗ്രാമീണ മേഖലയിലെ വികസന പ്രശ്‌നങ്ങളും സാമൂഹ്യബന്ധങ്ങളും വിശകലനം ചെയ്യുന്ന റിപ്പോര്‍ട്ടുകളാല്‍ ശ്രദ്ധേയനായ മാധ്യമപ്രവര്‍ത്തകന്‍ പി സായ്‌നാഥ്. നയപരമായ ഒട്ടേറെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടതായിട്ടുണ്ടെന്ന് പി സായ്‌നാഥ് ചൂണ്ടിക്കാട്ടി. മുംബൈയില്‍ കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള കര്‍ഷകരുടെ ലോംഗ് മാര്‍ച്ചുമായി ബന്ധപ്പെട്ട് എത്തിയപ്പോളാണ് അദ്ദേഹം ന്യൂസ്‌ക്ലിക്കിനോട് ഇക്കാര്യം പറഞ്ഞത്.

ഒന്നും കേള്‍ക്കാത്ത കാതുകളിലേയ്ക്കും അന്ധമായ ആത്മാവുകളിലേയ്ക്കും മഹാരാഷ്ട്രയിലെ കര്‍ഷകര്‍ അവരുടെ ശബ്ദം എത്തിച്ചുകഴിഞ്ഞെന്ന് സായ്‌നാഥ് പറഞ്ഞു. എന്നാല്‍ ഈ പോരാട്ടം ഇവിടെ അവസാനിക്കുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റേതടക്കമുള്ള നയങ്ങളുടെ പ്രശ്‌നങ്ങളുണ്ട്. അതിനെയെല്ലാം നേരിടേണ്ടതുണ്ട്. 180 കിലോമീറ്ററിലധികം ദൂരം ജനങ്ങള്‍ കാല്‍നടയായി വന്നത് 38 ഡിഗ്രി – 40 ഡിഗ്രി ചൂടിലാണ്. അതും ചൂടിന്റെ കാഠിന്യം കൂടുതലായി അനുഭവപ്പെടുന്ന ഹൈവേയിലൂടെ. ഒരാഴ്ചത്തെ തൊഴില്‍ നഷ്ടമെന്ന് പറയുന്നത് ഒരു കര്‍ഷകനേയോ കര്‍ഷകത്തൊഴിലാളിയേയോ സംബന്ധിച്ച് സംബന്ധിച്ച് അത് ഭക്ഷണത്തിലും വരുമാനത്തിലും നേരിട്ട് ബാധിക്കുന്ന ഇടിവാണ്. എന്നിട്ടും അവര്‍ ഇവിടെ എത്തിയിരിക്കുകയാണ്. അത് അവരുടെ പോരാട്ടവീര്യത്തെയും നിശ്ചയദാര്‍ഢ്യത്തേയും കുറിച്ചാണ് പറയുന്നത്. ഇവര്‍ ഇനിയൊരിക്കലും വിഡ്ഢികളാകാന്‍ പോകുന്നില്ല. സര്‍ക്കാര്‍ അവരെ അവഗണിച്ചേക്കാം. എന്നാല്‍ അവര്‍ പോരാടാന്‍ തീരുമാനിച്ചിരിക്കുന്നു.

തങ്ങള്‍ ആരാണ് എന്ന് കര്‍ഷകര്‍ക്കറിയാം. പൂനം മഹാജന്‍ ആരാണെന്നും ദേവേന്ദ്ര ഫഡ്‌നാവിസ് ആരാണെന്നും അവര്‍ക്കറിയാം. എന്തിനാണ് സര്‍ക്കാര്‍ ഇങ്ങനെ പേടിക്കുന്നത്. ഇത് ജനാധിപത്യപരമായ പ്രക്ഷോഭമാണ് എന്നതാണ് മഹാരാഷ്ട്ര സര്‍ക്കാരിനെ ഏറ്റവുമധികം ഭയപ്പെടുത്തുന്നതെന്നും പി സായ്‌നാഥ് പറഞ്ഞു. മുംബൈയില്‍ സമരം ചെയ്യുന്നവര്‍ കര്‍ഷകരൊന്നും അല്ലെന്നും അവര്‍ നഗരത്തിലെ മാവോയിസ്റ്റുകളാണെന്നും ബിജെപി എംപി പൂനം മഹാജന്‍ പറഞ്ഞിരുന്നു. സമരത്തിനെത്തിയവരില്‍ കുറേ പേര്‍ ആദിവാസികളാണെന്നും അവരില്‍ 95 ശതമാനവും കര്‍ഷകരല്ലെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും പറഞ്ഞിട്ടുണ്ട്. ഈ പ്രസ്താവനകള്‍ സംബന്ധിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കവേയാണ് സായ്‌നാഥ് ഇക്കാര്യം പറഞ്ഞത്.

അവര്‍ കര്‍ഷകരല്ല, ആദിവാസികള്‍; കര്‍ഷക മാര്‍ച്ചിനെതിരെ ഫഡ്നാവിസ്

സമരം ചെയ്യുന്നവര്‍ മാവോയിസ്റ്റുകളെന്ന് ബിജെപി എംപി പൂനം മഹാജന്‍; 95 ശതമാനവും കര്‍ഷകരല്ലെന്ന് മുഖ്യമന്ത്രി ഫഡ്‌നാവിസ്

Share on

മറ്റുവാർത്തകൾ