UPDATES

അവിശ്വാസ പ്രമേയം മേശപ്പുറത്ത്: എന്താണ് തെരേസ മേയുടെയും ബ്രെക്സിറ്റിന്റെയും ഭാവി?

വിദേശം

ലേബർ പാർട്ടി അവിശ്വാസപ്രമേയം വിജയിക്കുമോ?

യൂറോപ്യൻ യൂണിയൻ വിടുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രെക്സിറ്റ് ഉടമ്പടി നിർദ്ദേശങ്ങൾ യുകെയിൽ ഏറെ നാളുകളായി വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. ഉടമ്പടിയൊന്നുമില്ലാതെ യൂറോപ്യൻ യൂണിയൻ വിടണമെന്ന നിലപാടുള്ള ‘ദൃഢ ബ്രെക്സിറ്റ്’ അഭിപ്രായക്കാരെയും, ഉടമ്പടികളോടെ വേണം യൂറോപ്യൻ യൂണിയൻ വിടാനെന്ന ‘മൃദു ബ്രെക്സിറ്റ്’ അഭിപ്രായക്കാരെയും കൂടാതെ ഏതു തരം ഉടമ്പടിയാണ് വേണ്ടതെന്നതിൽ അഭിപ്രായവ്യത്യാസമുള്ളവരും ചേർന്ന് ബഹളം നിറഞ്ഞ ഒരു രാഷ്ട്രീയാന്തരീക്ഷമാണ് യുകെയിൽ നിലനിൽക്കുന്നത്. ഇതിനിടെ ഒരു അവിശ്വാസ വോട്ടെടുപ്പ് വരികയും പ്രധാനമന്ത്രി തെരേസ മേ അതിനെ മറികടക്കുകയും ചെയ്തു. ഇതിനും ശേഷമാണ് കഴിഞ്ഞദിവസം മേയുടെ ബ്രെക്സിറ്റ് ഉടമ്പടിക്കെതിരെ എംപിമാർ വോട്ട് ചെയ്തത്. 432 അംഗങ്ങളിൽ 230 പേർ മേയുടെ ഉടമ്പടിക്കെതിരെ വോട്ട് ചെയ്തു. മേയുടെ കൺസർവ്വേറ്റീവ് പാർട്ടി അംഗങ്ങളുടെ വോട്ടും ഇതിൽ നിർണായകമായി. കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടെ യുകെ പാർലമെന്റിൽ നടന്ന വോട്ടെടുപ്പുകളിൽ നടപ്പ് സർക്കാരുകൾക്കേറ്റ് തിരിച്ചടികളിൽ ഏറ്റവും വലുതാണ് മേ നേരിടുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇക്കാരണത്താൽ തന്നെ മേ വീണ്ടുമൊരു അവിശ്വാസ പ്രമേയത്തെ നേരിടാനൊരുങ്ങുകയാണ്.

ഇന്ന് ചർച്ച (16-01-2019)

ഇന്നാണ് അവിശ്വാസ പ്രമേയം സംബന്ധിച്ചുള്ള ചർച്ച നടക്കുക. അവിശ്വാസ പ്രമേയം പാസ്സാകുകയാണെങ്കിൽ സർക്കാർ താഴെയിറങ്ങേണ്ടി വരും. പൊതുതെരഞ്ഞെടുപ്പ് ആവശ്യമായി വരും. ഇനി അവിശ്വാസ പ്രമേയം പാസ്സായില്ലെങ്കിൽക്കൂടിയും തെരേസ മേ നേരിടാൻ പോകുന്നത് അങ്ങേയറ്റം പ്രതികൂലമായ രാഷ്ട്രീയ കാലാവസ്ഥയെയാണ്. മേയുടെ ബ്രെക്സിറ്റ് നിലപാടുകൾ ഏറെ നിർണായകമായിരിക്കും.

അവിശ്വാസ പ്രമേയം?

തീർച്ചയായും. ബ്രെക്സിറ്റ് ഉടമ്പടി വോട്ടുകളിൽ സഭയുടെ വികാരം കൃത്യമായി പ്രതിഫലിച്ചതിനാൽ മേ ഇക്കാര്യത്തിൽ മറ്റൊരാലോചനയ്ക്ക് വഴിയില്ലെന്ന് മനസ്സിലാക്കിയിട്ടുണ്ട്. ലേബർ പാർട്ടിയോ ഏതെങ്കിലും ചെറുകക്ഷികളോ അവിശ്വാസ പ്രമേയം കൊണ്ടുവരികയാണെങ്കിൽ താൻ അതിന് സമയമനുവദിക്കുമെന്ന് മേ പറയുകയുണ്ടായി. തന്റെ ഡീലിനെ പാർലമെന്റ് പിന്തുണയ്ക്കുന്നില്ലെന്ന് വ്യക്തമായെങ്കിലും എന്തിനെയാണ് പിന്തുണയ്ക്കുന്നതെന്ന് വ്യക്തമല്ലെന്ന് മേ പറഞ്ഞു. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം ലേബർ നേതാവ് ജെരെമി കോർബിൻ അവിശ്വാസ പ്രമേയം മേശപ്പുറത്തു വെച്ചിട്ടുണ്ട്.

എന്താണ് സഭയ്ക്കു മുമ്പിലുള്ള മാർഗങ്ങൾ?

2011ൽ നടപ്പിലായ ഫിക്സഡ് ടേം പാർലമെന്റ്സ് നിയമപ്രകാരം പ്രധാനമന്ത്രിക്ക് ആവശ്യമെന്ന് തോന്നുമ്പോൾ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനുള്ള അവസരം ഇല്ലാതായിട്ടുണ്ട്. രണ്ട് ഘട്ടത്തിൽ മാത്രമാണ് പ്രധാനമന്ത്രിക്ക് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനാവുക. പാർ‌ലമെന്റില്‍ മൂന്നിൽ രണ്ട് എംപിമാരുടെയെങ്കിലും പിന്തുണയുണ്ടെങ്കിൽ തെരഞ്ഞെടുപ്പിലേക്ക് പോകാനാകും. 2017ൽ ഇത്തരത്തിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരുന്നു. ഇതല്ലെങ്കിൽ അവിശ്വാസ പ്രമേയമാണ് വഴി. നിലവിലെ സർക്കാരിൽ സഭയ്ക്ക് വിശ്വാസമില്ല എന്ന് കൃത്യമായി പറയുന്ന പ്രമേയമാണ് പാസ്സാക്കേണ്ടത്.

ഇന്ന് സംഭവിക്കാനിടയുള്ളതെന്ത്?

2017 തെരഞ്ഞെടുപ്പ് തെരേസ മേയുടെ ആഗ്രഹപ്രകാരം തന്നെ നടന്നതായിരുന്നു. ബ്രെക്സിറ്റ് നിലപാടുകള്‍ക്ക് ജനപിന്തുണ ഉറപ്പാക്കുകയായിരുന്നു മേയുടെ ലക്ഷ്യം. അന്ന് 90 മിനിറ്റാണ് പാർലമെന്റിൽ ചർച്ച നടന്നത്. ഇന്ന് വൈകീട്ട് ഏഴുമണി വരെ സമയമുണ്ട്. പ്രധാനമന്ത്രിയുടെ ചോദ്യോത്തരവേള 12.45ഓടെ അവസാനിക്കുകയാണെങ്കിൽ വോട്ടെടുപ്പ് നടക്കുമെന്ന് ലീഡർ ഓഫ് കോമൺസ് ആൻഡ്രിയ ലീഡ്സം പറഞ്ഞു.

ലേബർ പാർട്ടി വിജയിക്കുകയാണെങ്കിൽ എന്തു സംഭവിക്കും?

അവിശ്വാസ പ്രമേയം ലേബർ പാർട്ടി വിജയിച്ചാലും ഉടനെ ഒരു തെരഞ്ഞെടുപ്പിലേക്ക് പോകാനാകില്ല. 14 ദിവസം കൺസർവ്വേറ്റീവ് കക്ഷിക്ക് സമയമുണ്ട്. ഇതിനിടയിൽ വിശ്വാസം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ നടത്താവുന്നതാണ്. ഇതും നടന്നില്ലെങ്കിൽ പാർലമെന്റ് പിരിച്ചുവിടപ്പെടും. തെരഞ്ഞെടുപ്പ് നടത്തുന്നത് 25 ദിവസത്തിനു ശേഷം എപ്പോഴുമാകാം. ഈ കാലയളവിനിടയിലും മറ്റൊരു സർക്കാർ രൂപീകരിക്കാൻ സാധ്യതയുണ്ട്. സഖ്യ സർക്കാർ രൂപീകരിക്കാനും ലേബർ പാർട്ടിക്ക് ഒരു ന്യൂനപക്ഷ സർക്കാർ രൂപീകരിക്കാനും അവസരമുണ്ട്.

ലേബർ പാർട്ടി അവിശ്വാസപ്രമേയം വിജയിക്കുമോ?

നിലവിലെ സാഹചര്യത്തിൽ സാധ്യത കുറവാണ്. കൺസർവേറ്റീവ് അംഗങ്ങൾ മേയുടെ ഉടമ്പടിക്ക് എതിരാണെങ്കിലും ഇതിനിടെ ഒരു തെരഞ്ഞെടുപ്പ് കൊണ്ടുവരാൻ ആഗ്രഹിക്കുന്നില്ല. കൂടാതെ ലേബർ പാർട്ടിക്ക് ഒരവസരമുണ്ടാക്കിക്കൊടുക്കാൻ കണ്‍സർവേറ്റീവ് അംഗങ്ങൾ ഏതായാലും തയ്യാറാകില്ല. മേയുടെ ബ്രെക്സിറ്റി കരാറിനെതിരെ വോട്ട് ചെയ്ത അയർലാൻഡിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി പക്ഷെ, അവിശ്വാസം വരികയാണെങ്കിൽ മേയെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

അവിശ്വാസം മറികടന്നാൽ മേയുടെ നീക്കങ്ങളെന്തായിരിക്കും?

കൺസർവേറ്റീവ് എംപിമാരുമായും മറ്റു പാർട്ടികളിലെ ജനങ്ങളുമായും താൻ ക്രിയാത്മകമായ ചർച്ചകൾക്ക് തുടക്കമിടുമെന്ന് തെരേസ മേ പ്രഖ്യാപിച്ചിട്ടുണ്ട്. സഭയിൽ പിന്തുണ ലഭിക്കാനിടയുള്ള ഒരു ഉടമ്പടിയിലേക്ക് നീങ്ങാനാണ് മേ ശ്രമിക്കുക.

Share on

മറ്റുവാർത്തകൾ