പാകിസ്ഥാനിൽ എന്തിന്റെ പിന്നിലും സൈന്യത്തിന്റെ സ്വാധീനം നിറഞ്ഞുനിൽക്കുന്നു. മിക്കപ്പോഴും അതിന്റെ താത്പര്യങ്ങളും തന്ത്രങ്ങളും മറ്റു സ്ഥാപനങ്ങൾ വഴിയാണ് നടപ്പാക്കുക
ഇന്ന്, ജൂലായ് 25, 2018ന്, അതിന്റെ ജനാധിപത്യത്തെക്കുറിച്ചുള്ള വർദ്ധിതമായ ആശങ്കകൾക്കിടയിൽ പാകിസ്ഥാൻ അതിന്റെ ചരിത്രത്തിലെ പതിനൊന്നാം ദേശീയ തെരഞ്ഞെടുപ്പ് നടത്തുകയാണ്. ആ രാജ്യത്തിന്റെ 71 വർഷത്തെ ചരിത്രത്തിൽ ഇത് വെറും രണ്ടാം തവണയായിരിക്കും അധികാരം തെരഞ്ഞെടുപ്പിലൂടെ പൗരന്മാർക്ക് കൈമാറുന്നത്. ഒരു പാകിസ്ഥാൻ പ്രധാനമന്ത്രിയും ഇന്നുവരെ കാലാവധി തികച്ചിട്ടില്ല, നവാസ് ഷരീഫ് അതിന്റെ ഏറ്റവും പുതിയ ഇരയാണ്. ദേശീയ നിയമസഭയിലേക്കുള്ള 272 പൊതു സീറ്റുകളിലേക്കും നാല് പ്രവിശ്യാ നിയമസഭകളിലെ (പഞ്ചാബ്, സിന്ധ്, ഖൈബർ പഖ്‌തുൻഖാവ, ബലൂചിസ്ഥാൻ) 577 പൊതു സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
ഷരീഫിന്റെ പാകിസ്ഥാൻ മുസ്‌ലിം ലീഗ് (നവാസ്), ഇമ്രാൻ ഖാന്റെ പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് എന്നീ കക്ഷികൾ തമ്മിൽ കടുത്ത മത്സരമാണ് നടക്കുക എന്ന് കരുതുന്നു. രണ്ടു കക്ഷികളും തനിച്ച് ഭൂരിപക്ഷം നേടുന്നില്ലെങ്കിൽ ബിലാവൽ ഭൂട്ടോ സർദാരിയുടെ പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയുടെ പിന്തുണ നിർണായകമാകും.
പാകിസ്ഥാൻ നേരിടുന്ന കുഴപ്പമെന്താണ്?
അതിന്റെ 71 വർഷത്തെ ചരിത്രത്തിനിടയിൽ അർദ്ധ-ജനാധിപത്യവും സമ്പൂർണ സൈനിക ഭരണവും മാറി മാറി പരീക്ഷിച്ചു പാകിസ്ഥാൻ. ആ പ്രക്രിയക്കിടയിൽ അത് അന്താരാഷ്ട്ര തർക്കങ്ങളിൽ കുരുങ്ങുകയും ഇസ്‌ലാമിക തീവ്രവാദത്തിന്റെ താവളമാവുകയും ചെയ്തു. കഴിഞ്ഞ ഒരു ദശകത്തിൽ പാകിസ്ഥാൻകാർ ഇതുവരെയുണ്ടായതിൽ ഏറ്റവും കുറച്ചു കലർപ്പുള്ള ജനാധിപത്യരൂപമായിരുന്നു കണ്ടത്. പക്ഷെ ഇപ്പോളത് ചിലർ പറയുന്ന പോലെ ഒരു ‘ജനാധിപത്യ അട്ടിമറി’ യുടെ ഭീഷണി നേരിടുകയാണ്. മുൻകാലങ്ങളിലേതുപോലെ രാജ്യത്തെ ശക്തമായ സൈനിക സംവിധാനമാണ് ഇത്തവണയും ഈ രാഷ്ട്രീയ കുതന്ത്രങ്ങൾക്ക് പിന്നിൽ. മുൻകാലങ്ങളിൽ പട്ടാളം നേരിട്ട് അട്ടിമറി നടത്തുകയോ അല്ലെങ്കിൽ തെരഞ്ഞെടുത്ത സർക്കാരിനെ പിരിച്ചുവിടാനുള്ള പ്രത്യേകാധികാരം ഉപയോഗിക്കുകയും പിന്നെ പിന്നീടുള്ള തെരഞ്ഞെടുപ്പിനെ അവിഹിതമായി സ്വാധീനിച്ച് അവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടില്ല എന്ന് ഉറപ്പുവരുത്തുകയുമാണ് ചെയ്യാറുള്ളത്. 2008-ൽ ആ പ്രത്യേകാധികാരങ്ങൾ ഇല്ലാതാക്കി; അങ്ങനെ ആദ്യമായി 2013 -ൽ ഒരു തെരഞ്ഞെടുക്കപ്പെട്ട സർക്കാർ അതിന്റെ അഞ്ചുവർഷ കാലാവധി പൂർത്തിയാക്കി. പക്ഷെ അതിനുശേഷം കാര്യങ്ങളുടെ ഗതി വീണ്ടും തിരിച്ചായി. തങ്ങളുടെ മേൽക്കോയ്മ വീണ്ടെടുക്കാൻ സൈന്യം എല്ലാത്തരത്തിലുള്ള ശ്രമങ്ങളും നടത്തുകയാണെന്ന് വിമർശകർ പറയുന്നു.
എങ്ങനെയാണ് സൈന്യം ഇടപെടുന്നത്? കോടതി എന്താണ് ചെയ്യുന്നത്?
പാകിസ്ഥാനിൽ എന്തിന്റെ പിന്നിലും സൈന്യത്തിന്റെ സ്വാധീനം നിറഞ്ഞുനിൽക്കുന്നു. മിക്കപ്പോഴും അതിന്റെ താത്പര്യങ്ങളും തന്ത്രങ്ങളും മറ്റു സ്ഥാപനങ്ങൾ വഴിയാണ് നടപ്പാക്കുക. പല നിയമ വിദഗ്ധരും ചൂണ്ടിക്കാട്ടിയതുപോലെ കോടതികൾ ഇപ്പോൾ ഒഴിഞ്ഞുപോകുന്ന സർക്കാരിന്റെ ചിറകരിയാൻ വേണ്ടി തെരഞ്ഞെടുക്കപ്പെട്ട സന്ദർഭങ്ങളിലായി നിയമം നടപ്പാക്കിയെന്നും അങ്ങനെ അവരുടെ എതിരാളികൾക്ക് മുൻതൂക്കം ഉണ്ടാക്കിയെന്നും വിമർശനമുണ്ട്.
ചോദ്യം ചെയ്യപ്പെടാവുന്ന ന്യായങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി നവാസ് ഷരീഫിനെ കഴിഞ്ഞ വർഷം പ്രധാനമന്ത്രി സ്ഥാനത്തുനിന്നും അയോഗ്യനാക്കി. അതിനുശേഷം ഒരു വിചാരണ കോടതി അദ്ദേഹത്തെ 10 വർഷത്തെ തടവുശിക്ഷയ്ക്കും വിധിച്ചു. ആ വിധിയേയും അതിനോടനുബന്ധിച്ചുള്ള കോടതിയുടെ നീക്കങ്ങളെയും പല നിയമ വിദഗ്ധരും വിമർശിച്ചിട്ടുണ്ട്.
ഐ എസ് ഐ രഹസ്യാന്വേഷണ ഏജൻസി കോടതികളുടെ പ്രവർത്തനത്തിൽ ഇടപെടുന്നു എന്നും തെരഞ്ഞെടുപ്പിന് മുമ്പ് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫിനെ മോചിപ്പിക്കാതിരിക്കാൻ ന്യായാധിപന്മാർക്ക് മേൽ സമ്മർദ്ദം ചെലുത്തി എന്നും ഇസ്ളാമാബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ഷൗക്കത് അസീസ് സിദ്ധിക്കി ഞായറാഴ്ച്ച പറഞ്ഞു.
നിരോധിത തീവ്രവാദ സംഘടനകൾ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കടന്നപ്പോൾ അധികൃതർ കാണാത്ത മട്ടിൽ നടിക്കുകയോ അല്ലെങ്കിൽ അവരെ അങ്ങനെ ചെയ്യാൻ സഹായിക്കുകയോ ചെയ്തു. ഒടുവിലായി തെരഞ്ഞെടുപ്പ് ദിവസം വോട്ടെടുപ്പ് പ്രക്രിയ നോക്കിനടത്തുന്നതിനു സൈന്യത്തിന് അശ്ലീലമായ വിധത്തിൽ വലിയ പങ്കു നൽകി എന്നും പലരും പറയുന്നു.
ആരൊക്കെയായാണ് തെരഞ്ഞെടുപ്പിലെ പ്രധാന രാഷ്ട്രീയക്കാർ?
ഇമ്രാൻ ഖാൻ
സൈനിക സംവിധാനത്തിന്റെ ശക്തമായ പിന്തുണയുള്ള ഇമ്രാൻ അടുത്ത പ്രധാനമന്ത്രിയാകും എന്നാണു പലരും കരുതുന്നത്. രണ്ടു ദശാബ്ദം നീണ്ട ക്രിക്കറ്റ് ജീവിതത്തിൽ ക്രിക്കറ്റ് ലോകത്തെങ്ങും ആരാധകരുണ്ടായിരുന്നു അദ്ദേഹത്തിന്. ഒരു പഷ്തൂൺ കുടുംബത്തിൽ ലാഹോറിൽ 1952-ൽ ജനിച്ച ഇമ്രാൻ യുകെയിലാണ് പഠിച്ചത്. 13ആം വയസിൽ ക്രിക്കറ്റ് കളി തുടങ്ങി. ഇംഗ്ളണ്ടിനെതിരായ പരമ്പരയിൽ 1971ൽ തന്റെ 18ആം വയസിൽ പാകിസ്ഥാന് വേണ്ടി അരങ്ങേറ്റം കുറിച്ച ഇമ്രാൻ 1982-1992 കാലത്ത് പലപ്പോഴായി പാകിസ്ഥാൻ നായകനായിരുന്നു. ഇമ്രാന്റെ നേതൃത്വത്തിലാണ് 1992ൽ പാകിസ്ഥാൻ ക്രിക്കറ്റ് ലോകകപ്പ് നേടിയത്. പുരോഗമനവാദിയായ ഒരു രാഷ്ട്രീയക്കാരനായി നടിക്കുമെങ്കിലും, അദ്ദേഹത്തിന്റെ പല നിലപാടുകളും പിന്തിരിപ്പനാണ്. ഇപ്പോൾ പാക് സൈന്യവുമായി അടുത്തുനിൽക്കുകയാണ് .
ഷബാസ് ഷരീഫ്
മൂന്നുതവണ പ്രധാനമന്ത്രിയായ നവാസ് ഷരീഫിനെ കഴിഞ്ഞ വർഷമാണ് സുപ്രീം കോടതി പുറത്താക്കിയത്. ലണ്ടനിൽ നിന്നും മടങ്ങിയെത്തിയ നവാസും മകൾ മറിയവും ഇപ്പോൾ തടവിലാണ്. സൈന്യത്തിന്റെ സമ്മർദ്ദഫലമായാണ് കോടതിവിധികളെന്നു നവാസ് ഷരീഫ് പറയുന്നു. പ്രധാനമന്ത്രിയെന്ന നിലയിൽ പ്രതിരോധത്തിലും വിദേശനയത്തിലും നിയന്ത്രണം ഉറപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ സൈന്യം എതിർത്തിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ കുടുംബം രാഷ്ട്രീയമായി ശക്തരായി തുടരുന്നു. നവാസിന്റെ ഇളയ സഹോദരനും, ഇപ്പോൾ PML-N അധ്യക്ഷനുമായ ഷബാസ് ഷരീഫ് (66) വീണ്ടും രാജ്യത്തെ നയിക്കാമെന്നുള്ള പ്രതീക്ഷയിലാണ്. അടുത്തിടവരെ, രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ളതും സമ്പന്നവുമായ പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. രാജ്യത്തെ നാല് പ്രവിശ്യകളിൽ PML-Nന് ഏറ്റവും ശക്തമായ സ്വാധീനമുള്ളതും പഞ്ചാബിലാണ്.
ബിലാവൽ ഭൂട്ടോ സർദാരി
പാകിസ്ഥാനിലെ ഏറ്റവും തിളക്കമുള്ള കുടുംബത്തിലെ ഇളമുറക്കാരനാണ് 29-കാരനായ ബിലാവൽ ഭൂട്ടോ സർദാരി. മുത്തച്ഛൻ സുൾഫിക്കർ അലി ഭൂട്ടോയും അമ്മ ബേനസീർ ഭൂട്ടോയും പ്രധാനമന്ത്രിമാരായിരുന്നു. അമ്മ വധിക്കപ്പെട്ടു, മുത്തച്ഛനെ വധശിക്ഷയ്ക്കു വിധേയനാക്കി. ബിലാവലിന്റെ അച്ഛൻ മുൻ പ്രസിഡന്റ് ആസിഫ് അലി സർദാരിയാണ് ഇടതു ചായ്‌വുള്ള പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയിലെ യഥാർത്ഥ അധികാര കേന്ദ്രം എന്ന് കരുതുന്നു. ഇളയ സർദാരി തെരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് കരുതുന്നില്ലെങ്കിലും ഇമ്രാൻ ഖാനോ നവാസ് ഷരീഫിനോ സർക്കാരുണ്ടാകുന്നതിന് വേണ്ട അംഗബലം ഒറ്റയ്ക്ക് ലഭിച്ചില്ലെങ്കിൽ അയാൾ നിർണായക കളിക്കാരനാകും.
തീവ്രവാദികൾ ഫലത്തെ സ്വാധീനിക്കുമോ?
തീവ്രവാദി പശ്ചാത്തലമുള്ള കൂടുതൽ സ്ഥാനാർത്ഥികൾക്ക് മത്സരിക്കാൻ പാകിസ്ഥാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ വഴിയൊരുക്കി. ബുധനാഴ്ച്ച മത്സരിക്കുന്ന കക്ഷികളിൽ മുമ്പ് നിരോധിക്കപ്പെട്ട ഒരു കക്ഷിയുടെ പുതുരൂപമായ അല്ലാ-ഹു-അക്ബർ തെഹ്രീക്, രാജ്യത്തെ മതനിന്ദ നിയമങ്ങളെ പിന്തുണയ്ക്കുന്ന തെഹ്രീക് ലബ്ബൈക് പാകിസ്ഥാൻ എന്നീ കക്ഷികളും ഉൾപ്പെടുന്നു.
സൈന്യം ആരെയാണ് പിന്തുണയ്ക്കുന്നത്?
ഊഹാപോഹങ്ങളും സൂചനകളും ശരിയാണെങ്കിൽ സൈന്യം ഇമ്രാൻ ഖാനെയാണ് പിന്തുണയ്ക്കുന്നത്. ഷെരീഫിന്റെ കക്ഷിയിലെ പല സ്ഥാനാർത്ഥികളും PML-N വിട്ട് ഇമ്രാൻ ഖാന്റെ കക്ഷിയിൽ ചേരുകയോ അല്ലെങ്കിൽ സ്വതന്ത്രരായി മത്സരിക്കുകയോ ചെയ്യുന്നതിന് പ്രലോഭിപ്പിക്കപ്പെട്ടു. ഇത്തരം ശ്രമങ്ങളെ ചെറുത്തവർക്കു നേരെ കായികമായ ആക്രമണങ്ങളുണ്ടായി. അവരുടെ വ്യാപാരങ്ങൾ ആക്രമിക്കപ്പെടുകയും അയോഗ്യരാക്കുകയും ചെയ്തു.
പാകിസ്ഥാൻ പീപ്പിൾസ് പാർട്ടിയെ പോലെ ജനാധിപത്യത്തിൽ താത്പര്യമുള്ള മറ്റു കക്ഷികളും ഭീഷണി നേരിടുകയാണ്. പല PPP സ്ഥാനാർത്ഥികൾക്കുമെതിരെ പണം വെട്ടിപ്പ് അന്വേഷണം വീണ്ടും തുടങ്ങി. അധികൃതർ അവരുടെ തെരഞ്ഞെടുപ്പ് പ്രചാരണം അട്ടിമറിക്കാൻ ശ്രമിക്കുന്നതായും ആരോപണം വന്നു. PPPയും അതുപോലുള്ള മറ്റു മതേതര കക്ഷികളും തീവ്രവാദി ആക്രണത്തിന്റെ ഭീഷണിയും നേരിടുന്നു.
അത്തരത്തിലൊരു കക്ഷിയായ ഇടതുപക്ഷത്തുള്ള അവാമി നാഷണൽ പാർട്ടിയുടെ പ്രധാന സ്ഥാനാർത്ഥി കഴിഞ്ഞയാഴ്ച്ച പെഷവാറിൽ നടന്ന ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സമാന ആക്രമണങ്ങളിൽ PTI-ൽ നിന്നുള്ള ഒരു സ്ഥാനാർത്ഥിയടക്കം മറ്റു രണ്ടു സ്ഥാനാർത്ഥികളും കൊല്ലപ്പെട്ടു. ബലൂചിസ്ഥാനിൽ മതേതര സ്ഥാനാർത്ഥിയായ ഗിസേൻ മാരി യാത്രാ വിലക്കും വീട്ടുതടങ്കലും നേരിടുകയാണ്. അതെസമയം ഭീകരവാദ സംഘടനാ ലഷ്കർ-ഇ-ജാങ്‌വിയുമായി ബന്ധമുള്ള, അയൽമണ്ഡലത്തിലെ സ്ഥാനാർത്ഥി സർവതന്ത്ര സ്വതന്ത്രനാണ്.