UPDATES

അത് വേവാത്ത റൊട്ടിയും ദാലും മാത്രമല്ല; തേജ് ബഹാദൂര്‍ യാദവ് ചൂണ്ടിക്കാണിക്കുന്ന യാഥാര്‍ഥ്യങ്ങള്‍

ഒരു സമയത്ത് വികസന മിശിഹ എന്ന തന്റെ പ്രതിച്ഛായാ നിര്‍മിതിക്കായി മോദി എല്ലാ വിധത്തിലും ഉപയോഗിച്ച സോഷ്യല്‍ മീഡിയ ഇപ്പോള്‍ തിരിച്ചു കൊത്തിത്തുടങ്ങി എന്നതു കൂടി ഇവിടെ മനസിലാക്കേണ്ടതുണ്ട്.

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ഒരു ബി.എസ്.എഫ് ജവാന്‍ ഈയാഴ്ചയാദ്യം തന്റെ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയ പാതി വെന്ത ചപ്പാത്തിയുടേയും വെള്ളം പോലുള്ള ദാലിന്റേയും ചിത്രം സമകാലിക ഇന്ത്യയെക്കുറിച്ചുള്ള നിരവധി കാര്യങ്ങള്‍ വെളിപ്പെടുത്തുന്നതാണ്. ചില മുഖ്യധാരാ മാധ്യമ സ്ഥാപനങ്ങള്‍ പ്രകടിപ്പിക്കുന്ന കപട ദേശീയത മുതല്‍ സൈനികരെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുകയും അവരെ അപഹസിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ രാഷ്ട്രീയവും ഒക്കെ ഇതില്‍ തെളിയുന്നുണ്ട്. ഒപ്പം, ബി.എസ്.എഫില്‍ നിലനില്‍ക്കുന്ന അച്ചടക്കരാഹിത്യവും.

എന്നാല്‍ ആ ജവാന്‍ സംശയങ്ങള്‍ക്കിട നല്‍കാത്ത വിധത്തില്‍ മറ്റൊരു കാര്യം കൂടി തെളിയിച്ചിരിക്കുന്നു. അതായത്, സോഷ്യല്‍ മീഡിയ വഴി രാജ്യം ഭരിക്കുന്ന നമുക്ക് കിട്ടിയ ആദ്യത്തെ സര്‍ക്കാരാണ് നരേന്ദ്ര മോദിയുടേത് എന്ന്. അതായത്, സോഷ്യല്‍ മീഡിയയിലാണ് അവര്‍ ഏറ്റവും ഫലപ്രദവും പ്രതികരണക്ഷമതയുള്ളതും സെന്‍സിറ്റീവുമായി ഇടപെടുന്നത് എന്നു കൂടിയാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ തെളിയിക്കുന്നത്.

കപട ദേശീയത
അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികര്‍ എന്ന് നാഴികയ്ക്ക് നാല്‍പ്പതു വട്ടം വിളിച്ചു പറയുന്ന തീവ്രഹിന്ദുത്വ കക്ഷികളൊന്നും അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരുടെ ദുരവസ്ഥ കണ്ടിട്ട് വാ തുറന്നിട്ടില്ല. മഞ്ഞു പെയ്തുകൊണ്ടിരിക്കുന്ന കാശ്മീര്‍ താഴ്‌വരയെ പശ്ചാത്തലമാക്കി തനിക്ക് ലഭിക്കുന്ന ഭക്ഷണത്തിന്റെ ‘മേന്മ’യാണ് ഏതാനും വീഡിയോകളിലൂടെ തേജ് ബഹാദൂര്‍ യാദവ് എന്ന സൈനികന്‍ പുറംലോകത്തെ കാണിച്ചത്.

സൈനികര്‍ക്കു വേണ്ടി അലമുറയിടുന്ന സംഘപരിവാര്‍ ട്രോളേഴ്‌സിനോ മറ്റ് പിന്തുണക്കാര്‍ക്കോ യാതൊരു ആശങ്കയുമില്ല. ടിആര്‍പി റേറ്റിംഗ് മുന്‍ നിര്‍ത്തി ഇടയ്ക്കിടെ സൈനികരുടെ പേരില്‍ നാടകം കളിക്കന്ന ടൈംസ് നൗ, സീ ന്യൂസ് തുടങ്ങിയ ചാനലുകള്‍ക്കൊക്കെ ഇത് മൗനം പാലിക്കാനുള്ള സമയമായിരുന്നു. അല്ലെങ്കില്‍ ഒരാഴ്ച ഈ ചാനലുകള്‍ ഇന്ത്യയെ മുള്‍മുനയില്‍ നിര്‍ത്തുമായിരുന്നു. സൈനികരെ അന്ധമായി പിന്തുണയ്ക്കാത്ത ആരോടും പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിക്കുന്ന ട്രോളര്‍മാരേയും കണ്ടില്ല.

എന്നാല്‍ പകരം, ചിലര്‍ ആ സമയം ഉപയോഗിച്ചത് ആ സൈനികന്റെ ജാതി ഇതിലേക്ക് വലിച്ചിഴച്ചിട്ടു കൊണ്ടാണ്. ചിലര്‍ സൈനികന്റെ അച്ചടക്കമില്ലായ്മയെക്കുറിച്ച് പറഞ്ഞു. ചിലര്‍ ഈ വിവരങ്ങളുടെ രഹസ്യസ്വഭാവത്തെക്കുറിച്ച് ആകുലപ്പെട്ടു.

ഇതിലെ യാഥാര്‍ഥ്യം എന്താണെന്നു വച്ചാല്‍, അവര്‍ യഥാര്‍ഥ വസ്തുതകള്‍ മനസിലാക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സൈനികര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്താല്‍ ഇപ്പോള്‍ ഊതിപ്പെരുപ്പിച്ച് വച്ചിരിക്കുന്നതൊക്കെ ഒറ്റയടിക്കു പൊട്ടിപ്പോകും എന്നതാണ്. നിരവധി ചോദ്യങ്ങളായിരിക്കും അപ്പോള്‍ ഉയര്‍ന്നു വരിക: സൈനികര്‍ക്ക് വാഗ്ദാനം ചെയ്ത കാര്യങ്ങളൊക്കെ മോദി സര്‍ക്കാര്‍ നടപ്പാക്കിയോ? – ഇല്ല. സൈനികരുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചോ? – ഇല്ല; പകരം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം കൊല്ലപ്പെട്ട സൈനികരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാവുകയാണ് ചെയ്തിട്ടുള്ളത്. സൈനികരെ അവര്‍ അര്‍ഹിക്കുന്ന ആദരവോടും അന്തസോടും കൂടിയാണോ ട്രീറ്റ് ചെയ്തിട്ടുള്ളത് – അല്ല എന്നു മാത്രമല്ല, ഈയിടെ ആര്‍മി ചീഫിനെ തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ പ്രശ്‌നങ്ങളുണ്ടാക്കുകയും ചെയ്തു.

അതുകൊണ്ട് മൗനം പാലിക്കുകയാണ് നല്ലതെന്നാണ് ഇവരുടെയൊക്കെ ഇപ്പോഴത്തെ രീതി. കാരണം, ഇന്‍സ്റ്റിറ്റ്യൂഷനുകളെ തകര്‍ത്തു കളയുന്ന കാര്യത്തില്‍ ഈ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് നാലു പതിറ്റാണ്ട് മുമ്പ് ഇന്ദിരാ ഗാന്ധി നേതൃത്വം നല്‍കിയ സര്‍ക്കാരിന്റെ അതേ മാതൃകയിലാണ്.

 

സോഷ്യല്‍ മീഡിയ സര്‍ക്കാര്‍
യാദവിനെപ്പോലുള്ളവര്‍ക്ക് സര്‍ക്കാരിലേക്കെത്താനുള്ള ഏറ്റവും ഫലപ്രദമായ വഴി സോഷ്യല്‍ മീഡിയയാണെന്നും ഈ സംഭവത്തിലൂടെ നാം കണ്ടു കഴിഞ്ഞു. സോഷ്യല്‍ മീഡിയ കാലത്തിനു മുമ്പ് സാധാരണ ഇന്ത്യക്കാര്‍ക്ക് നേതാക്കളിലേക്കെത്താന്‍ മറ്റു വഴികള്‍ കണ്ടു പിടിക്കണമായിരുന്നു, ചിലപ്പോള്‍ ഈ നേതാക്കളുടെ ശക്തരായ സഹായികള്‍ വഴിയായിരിക്കും അത് സാധിച്ചിട്ടുണ്ടാവുക. എന്നാല്‍ ഇത്തരം ഇടനിലക്കാര്‍ ഉള്ള സാഹചര്യത്തില്‍ ഫലപ്രദമായ വിധത്തില്‍ തന്നെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ഉണ്ടാകാറുണ്ടെങ്കിലും ചിലപ്പോള്‍ അതിനു കൊടുക്കേണ്ടി വരുന്നത് കൈക്കൂലി അടക്കമുള്ള കാര്യങ്ങളായിരുന്നു.

എന്നാല്‍ സോഷ്യല്‍ മീഡിയ വന്നതോടെ ഈ കാര്യങ്ങള്‍ക്ക് മാറ്റം സംഭവിച്ചിരിക്കുന്നു. അതിന് നിങ്ങള്‍ക്ക് ആകെ വേണ്ടത് ഒരു സ്മാര്‍ട്ട് ഫോണ്‍, ഒരു ട്വിറ്റര്‍-ഫേസ് ബുക്ക് അക്കൗണ്ട് – നിങ്ങള്‍ക്ക് ആവശ്യമുള്ളവരുടെ അടുക്കലേക്ക് നിങ്ങള്‍ക്ക് എത്താന്‍ സാധിക്കും.

എന്നാല്‍ ഈ സോഷ്യല്‍ മീഡിയ ലോകത്തിന് പുറത്തു ജീവിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുണ്ട്. അവര്‍ക്ക് സര്‍ക്കാര്‍ അല്ലെങ്കില്‍ അതുപോലെയുള്ള സംവിധാനങ്ങള്‍ എന്നത് ഇന്നും വളരെ സങ്കീര്‍ണവും അഴിമതി നിറഞ്ഞതും ക്രൂരമായ ഘടനയുളളതുമായ ഒന്നാണ്. ഹരിയാനയിലെ ഒരു ഗ്രാമത്തില്‍ വളര്‍ന്നയാളെന്ന നിലയില്‍ യാദവിന് ഈ യാഥാര്‍ഥ്യമറിയാം. അതുകൊണ്ടു തന്നെ തന്റെ സര്‍ക്കാര്‍ ഏതെങ്കിലും വിധത്തില്‍ പ്രതികരിക്കണമെങ്കില്‍ അതിന് സോഷ്യല്‍ മീഡിയ തന്നെയാണ് ഏറ്റവും ഫലപ്രദമായ വഴി എന്ന് അയാള്‍ മനസിലാക്കിയിട്ടുണ്ട് എന്നര്‍ഥം.

അതുകൊണ്ടു തന്നെ യാദവിന്റെ നടപടി ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് മുതല്‍ താഴേക്കുള്ള എല്ലാവരേയും ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ പ്രേരിപ്പിച്ചു. എത്ര മോശപ്പെട്ട വിധത്തിലാണ് കാര്യങ്ങള്‍ പ്രചരിക്കുന്നതെന്ന് അവര്‍ വേഗം മനസിലാക്കി. ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു ആ സമയത്തു തന്നെ മാധ്യമങ്ങള്‍ക്ക് നല്‍കിയ മുന്നറിയിപ്പ് എത്ര സെന്‍സിറ്റീവായ കാര്യമാണിതെന്നാണ്. എന്നാല്‍ എന്താണ് സെന്‍സിറ്റീവായ വിഷയമെന്ന് മന്ത്രി പറഞ്ഞില്ല: സൈനികര്‍ക്ക് നല്‍കുന്ന ഭക്ഷണമാണോ അതോ യാദവിന്റെ വീഡിയോ ആണോ എന്ന്.

എന്നാല്‍ റിജ്ജു ഒരു കാര്യം അംഗീകരിച്ചു. സോഷ്യല്‍ മീഡിയയെ വളരെയധികം ആശ്രയിക്കുന്ന സര്‍ക്കാരാണ് തങ്ങളുടേത് എങ്കിലും വിമര്‍ശനങ്ങളെ നേരിടുന്ന കാര്യത്തില്‍ തങ്ങള്‍ പിന്നോക്കമാണ് എന്ന്. അവര്‍ക്ക് എപ്പോഴും എല്ലാം പൂര്‍ണമായും ഇരിക്കുന്നത് കാണാനാണ് താത്പര്യം. ഒരു സമയത്ത് വികസന മിശിഹ എന്ന തന്റെ പ്രതിച്ഛായാ നിര്‍മിതിക്കായി മോദി എല്ലാ വിധത്തിലും ഉപയോഗിച്ച സോഷ്യല്‍ മീഡിയ ഇപ്പോള്‍ തിരിച്ചു കൊത്തിത്തുടങ്ങി എന്നതു കൂടി ഇവിടെ മനസിലാക്കേണ്ടതുണ്ട്.

ഒപ്പം, മറ്റു ചില ചോദ്യങ്ങള്‍ കൂടി ഉന്നയിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ബി.എസ്.എഫിന്റെ കാര്യത്തില്‍.

ഒരു ബി.എസ്.എഫ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ അത്ഭുതം കൂറിയത് എങ്ങനെയാണ് നിയന്ത്രണരേഖയിലുള്ള ഒരു സൈനികന് ഇത്തരമൊരു വീഡിയോ അപ്‌ലോഡ് ചെയ്യാന്‍ സാധിച്ചത് എന്നാണ്. ഒരു ഡി.ഐ.ജി പ്രസ്താവിച്ചത് തന്റെ രണ്ടു ദശകം നീണ്ട സൈനിക കരിയറില്‍ യാദവ് രണ്ടു തവണ അച്ചടക്ക നടപടി നേരിട്ടിട്ടുണ്ട് എന്നാണ്. 2010-ല്‍ യാദവിന് കോര്‍ട്ട് മാര്‍ഷ്യല്‍ ചെയ്യേണ്ടതായിരുന്നു എങ്കിലും കുടുംബത്തിന്റെ അവസ്ഥ ആലോചിച്ച് മാത്രം വേണ്ടെന്നു വച്ചതാണെന്നും അവര്‍ പറയുന്നു.

ഈ കാര്യങ്ങള്‍ തന്നെ മതിയാകും ബി.എസ്.എഫില്‍ നിലനില്‍ക്കുന്ന അച്ചടക്കം ഏതുവിധത്തിലുള്ളതാണ് എന്നു മനസിലാക്കാന്‍. അതായത്, ഒരു നിയന്ത്രണ രേഖയിലുള്ള ഒരു സൈനികന്‍ നിയമവിരുദ്ധമായി മൊബൈല്‍ ഫോണ്‍ കൈവശം വയ്ക്കുകയും അതില്‍ വീഡിയോ ഷൂട്ട് ചെയ്യുകയും അത് സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുകയുമാണ് ഉണ്ടായിരിക്കുന്നത്. ആരാണ് ഇതിന് ഉത്തരവാദി? ഈയൊരു ജവാന്റെ മാത്രം പ്രശ്‌നമാണോ ഇത്? അതോ മറ്റെന്തെങ്കിലും നിക്ഷിപ്ത താത്പര്യങ്ങള്‍ ഇതിനു പിന്നിലുണ്ടോ? അതോ, വിശാലമായ നമ്മുടെ അതിര്‍ത്തികളിലെ സുരക്ഷാ പിഴവുകളും ഒപ്പം ഇന്ത്യര്‍ അതിര്‍ത്തികളില്‍ പുഷ്ടിപ്പെടുന്ന കള്ളക്കടത്ത് സംഘങ്ങളും സംബന്ധിച്ചാണോ ഈ കാര്യങ്ങള്‍ നമ്മോട് പറയുന്നത്?

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍