UPDATES

സിനിമ

‘ഒരു നടനാകണമെന്ന് നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ നിങ്ങളതായിരിക്കും’, ഈ ഡയലോഗ് ഇന്ന് മലയാള സിനിമയില്‍ ചേരുക ഒറ്റ നടനേയുള്ളൂ- ജോജു ജോർജ്

24 വർഷം കൊണ്ട് ചെറുതും വലുതുമായ നൂറോളം ചിത്രങ്ങളുടെ ഭാഗമായി മാറിയിരിക്കുകയാണ് ജോജു ജോര്‍ജ്

ജോസഫ് എന്ന ഒറ്റ ചിത്രത്തിലൂടെ മലയാള സിനിമയില്‍ തന്റെതായൊരു സ്ഥാനം ഉറപ്പിച്ച നടനാണ് ജോജു ജോര്‍ജ്. വര്‍ഷങ്ങളോളം സിനിമയുടെ ഓരങ്ങളില്‍ ക്കൂടി സഞ്ചരിച്ചിരുന്ന ജോജു, ഇപ്പോള്‍ എണ്ണം പറഞ്ഞ അഭിനേതാക്കളില്‍ ഒരാളാണ്. പ്രേക്ഷകര്‍ ഏറ്റെടുത്ത നടന്‍. ഇപ്പോഴിതാ ജോസഫ് ദേശീയ പുരസ്‌കാരവും ജോജുവിന്റെ കൈകകളില്‍ എത്തിച്ചിരിക്കുന്നു. 2018 ലെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശമാണ് ജോസഫിലെ ജോജുവിന്റെ പ്രകടനം നേടിക്കൊടുത്തിരിക്കുന്നത്. മികച്ച സഹനടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തിനു പിന്നാലെയാണ് ദേശീയ പുരസ്‌കാരവും.

“എന്റെ ജീവിതത്തില്‍ സ്വപ്‌നം കാണുന്നതിനുമപ്പുറമാണ് ഇപ്പോള്‍ കാര്യങ്ങള്‍ നടക്കുന്നത്. സ്വപ്‌നം കാണുന്നതിനേക്കാള്‍ അപ്പുറം കാര്യങ്ങള്‍ നടക്കുന്നതുകൊണ്ട് എന്റെ കിളി പോകാതിരിക്കാന്‍ നിങ്ങള്‍ പ്രാര്‍ത്ഥിക്കണം” സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മികച്ച സഹനടനുള്ള പുരസ്കാരം ഏറ്റുവാങ്ങിക്കൊണ്ട് ജോജു  പറഞ്ഞ വാചകങ്ങളാണിത്. 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ ജയസൂര്യയും സൗബിന്‍ ഷാഹിറും മികച്ച നടന്‍മാരായപ്പോള്‍ നിമിഷ സജയനാണ് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത്. ജോസഫിലെ പ്രകടനത്തിലൂടെ ജോജു മികച്ച നടനാവുമെന്ന് എല്ലാവരും കരുതിയെങ്കിലും മികച്ച സഹനടനായിട്ടാണ് താരം തിരഞ്ഞെടുക്കപ്പെട്ടത്. ജോജുവിന് പുരസ്‌കാരം നല്‍കിയ ജൂറി തീരുമാനം നല്ലതായെന്നും എല്ലാവരും അഭിപ്രായപ്പെട്ടിരുന്നു.

ഒട്ടേറെ വേറിട്ട വേഷങ്ങളിലൂടെ പ്രക്ഷക മനസ്സിൽ ഇടംപിടിച്ച നടനാണ് ജോജു ജോർജ്. ഹാസ്യതാരമായും വില്ലനായും ക്യാരക്ടർ റോളിലും തിളങ്ങിയ ജോജു കഴിഞ്ഞ വര്‍ഷം  നായകനായും മിന്നുന്ന പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്. ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങി ഇന്ന് നായകനും നിർമാതാവുമായി മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് ജോജു ജോർജ്.

ജോസഫ് എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ താരമാണ് ജോജു. സഹനടനില്‍ നിന്നും നായകനായി ജോജുവിനെ പ്രേക്ഷകര്‍ അംഗീകരിച്ച ചിത്രം കൂടിയായിരുന്നു ജോസഫ്. എം. പദ്മകുമാര്‍ സംവിധാനം ചെയ്ത ഈ സിനിമ തിയ്യേറ്ററുകളില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ജോജു എന്ന നടന്റെ കരിയറിലെ ഒരു വഴിത്തിരിവായി തന്നെ ഈ കഥാപാത്രം മാറി. വില്ലനായും സഹനടനായും അഭിനയിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന് ലഭിച്ച മികച്ച കഥാപത്രം തന്നെയായിരുന്നു ‘ജോസഫ്’ എന്ന സിനിമയിലെ ടൈറ്റിൽ കഥാപാത്രം.

നായകനായി അഭിനയിച്ച ആദ്യ സിനിമയിലൂടെ തന്നെ ജോജുവിനെ തേടി എത്തിയത് സൗഭാഗ്യങ്ങളായിരുന്നു. ജോജുവിന്റെ അതിശയിപ്പിക്കുന്ന പ്രകടനമെന്ന് ഒറ്റ വാക്കില്‍ പറയാന്‍ പറ്റുന്ന കഥാപാത്രമായിരുന്നു ചിത്രത്തിലേത്. ത്രില്ലര്‍ ചിത്രമായി പുറത്തിറങ്ങിയ ജോസഫ് കഴിഞ്ഞ വര്‍ഷത്തെ സര്‍പ്രൈസ് ഹിറ്റുകളില്‍ ഒന്നുകൂടിയായിരുന്നു. സിനിമയില്‍ ജോസഫ് പാറേക്കാട്ടില്‍ എന്ന റിട്ടയേര്‍ട്ട് പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് ജോജു എത്തിയിരുന്നത്. ജോസഫിലെ പ്രകടനത്തിലൂടെയാണ് ഇത്തവണ മികച്ച സഹനടനുളള സംസ്ഥാന പുരസ്‌കാരം ജോജുവിന് ലഭിച്ചിരുന്നത്.

ജൂനിയർ ആർട്ടിസ്റ്റായിട്ടാണ് ജോജു സിനിമയിൽ കടന്ന് വരുന്നത്. പിന്നീട് 1991-ല്‍ അസിസ്റ്റന്റ് ഡയറക്ടറായി. എന്നാൽ അഭിനയ മോഹവുമായി കടന്ന് വന്ന അദ്ദേഹത്തിന് ഏറെക്കാലം ജൂനിയർ ആർട്ടിസ്റ്റായി തന്നെ തുടരേണ്ടി വന്നു. എന്നാൽ ജോജു പിന്മാറാൻ തയ്യാറായിരുന്നില്ല.  “ഒരു നടനാകണമെന്ന് നിങ്ങൾ തീരുമാനിച്ചിട്ടുണ്ടെങ്കിൽ നിങ്ങളതായിരിക്കും… മമ്മൂട്ടിയുടെ ‘ബെസ്റ്റ് ആക്ടർ’ സിനിമയില്‍ രഞ്ജിത്തിന്റെ കഥാപാത്രം പറയുന്ന ഈ ഡയലോഗ് ജോജുവിനേക്കാള്‍ ചേരുന്ന മറ്റൊരു നടന്‍ സമീപ കാലത്തുണ്ടാകില്ല. മികച്ച വേഷത്തിനായി അദ്ദേഹം പരിശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു. 1995-ൽ മഴവിൽ കൂടാരം എന്ന സിനിമയിലാണ് ജോജു ആദ്യമായി തല കാണിക്കുന്നത്. പിന്നീട് ഫ്രണ്ട്‌സ്, രാവണ പ്രഭു, ദാദ സാഹിബ്, വാർ ആൻഡ് ലവ് തുടങ്ങിയ സിനിമകളുടെയും ഭാഗമായെങ്കിലും 2003 ൽ ലാല്‍ ജോസ് സംവിധാനം ചെയ്‌ത പട്ടാളം എന്ന ചിത്രത്തിലാണ് അറിപ്പെടുന്നൊരു വേഷം ജോജു ചെയ്തത്. പിന്നീടങ്ങോട്ട് ഒട്ടേറെ വർഷം നിരവധി ചിത്രങ്ങളില്‍ നടനായും സഹനടനായും താരം തിളങ്ങി.

ഒട്ടേറെ വർഷങ്ങളായി ജോജു പല സിനിമകയിൽ വ്യത്യസ്തമായ ചെറു കഥാപാത്രങ്ങൾ അവതരിപ്പിച്ചിരുന്നെങ്കിലും ജോജു എന്ന നടൻ ശ്രദ്ധേയനായത് വീണ്ടും ഒരു ലാൽ ജോസ് ചിത്രത്തിലൂടെ തന്നെയാണ്. പുള്ളിപ്പുലിയും ആട്ടിൻ കുട്ടിയും എന്ന സിനിമയിലെ ചക്ക സുകു എന്ന കഥാപാത്രം ജോജു എന്ന നടനെ അടയാളപ്പെടുത്തുന്ന ഒന്നായിരുന്നു. ‘ചക്ക സുകു’ എന്ന ഹാസ്യ കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. പിന്നീട് തുടരെ തുടരെ മികച്ച ഹാസ്യ കഥാപാത്രങ്ങള്‍ ജോജുവിനെ തേടിയെത്തി.1983, ഹോട്ടല്‍ കാലിഫോര്‍ണിയ, രാജാധി രാജ എന്ന ചിത്രങ്ങളിൽ വളരെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ. എന്നാൽ രാമന്റെ ഏദന്‍ തോട്ടം എന്ന ചിത്രത്തിലെ എല്‍വിസ് എന്ന കഥാപാത്രത്തിലൂടെയായിരിക്കും ഒരുപക്ഷെ പ്രേക്ഷകര്‍ ജോജു ജോര്‍ജ് എന്ന നടനെ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടാകുക. പിന്നീട് അങ്ങോട്ട് സഹനടനായും വില്ലനായും ഒട്ടേറെ കഥാപാത്രങ്ങൾ.

അതേസമയം, ഈ സമയത്ത് അഭിനയത്തിന് പുറമെ നിർമ്മാണ രംഗത്തേക്കും ജോജു കാലെടുത്തു വെച്ചു. 2015 ൽ ദുൽഖർ സൽമാൻ നായകനായി എത്തിയ മാർട്ടിൻ പ്രക്കാട്ട് ചിത്രം ചാർളിയുടെ നിർമ്മാണ പങ്കാളിയായി. പിന്നീട് മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഉദാഹരണം സുജാതയുടെയും നിർമാതാവായി ജോജു. ആദ്യമായി നായകനായി എത്തിയ ജോസഫ് എന്ന ചിത്രത്തിന്റെ പ്രൊഡ്യൂസറുമായി. ആദ്യ ഘട്ടത്തില്‍ സിനിമയുടെ നിർമ്മാണം ഏറ്റെടുത്തിരുന്നു പ്രൊഡ്യൂസർ പിന്മാറിയതിനെ തുടർന്നാണ് ജോജു ഈ ചിത്രം ഏറ്റെടുക്കുന്നത്. അങ്ങനെ നായകനായും നിർമ്മാതാവായും പ്രവർത്തിച്ച സിനിമയിലൂടെ തന്നെ ഒരു പുരസ്‌ക്കാരവും ജോജുവിനെ തേടിയെത്തി.

സിനിമ സ്വപ്നം കാണുന്ന ഏതൊരു സിനിമാമോഹിക്കും പ്രചോദനമാണ് ജോജു ജോർജ്. 24 വർഷം കൊണ്ട് ചെറുതും വലുതുമായ നൂറോളം ചിത്രങ്ങളുടെ ഭാഗമായി മാറിയിരിക്കുകയാണ് ഈ സിനിമ മോഹി. ഒട്ടേറെ ചിത്രങ്ങളാണ് ജോജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. സൂപ്പർഹിറ്റ് സംവിധായകൻ ജോഷി ഒരിടവേളക്ക് ശേഷം തിരിച്ചുവരുന്ന ‘പൊറിഞ്ചു മറിയം ജോസ്’ എന്ന ചിത്രത്തിലെ പ്രധാന കഥാപത്രങ്ങളിൽ ഒരാളാണ് ജോജു. ചിത്രം അടുത്ത മാസം റിലീസിനായി തയ്യാറെടുക്കുകയാണ്. അതോടൊപ്പം ജോജു വീണ്ടും നായകനും നിർമാതാവുമാകുന്ന ചിത്രമാണ് സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്‌ത ‘ചോല’. ചിത്രം റിലീസിനെത്തും മുൻപ് തന്നെ പ്രശസ്തമായ വെനീസ് അന്താരാഷ്ട്ര ചലചിത്രോത്സവത്തിലേക്കും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. അതോടൊപ്പം ജൂതൻ, പട, ഏകജാലകം, തുടങ്ങി ഒട്ടേറെ ചിത്രങ്ങളും അണിയറയിൽ ഒരുങ്ങുന്നു.

Read Azhimukham: കര്‍ണാടകത്തില്‍ പെട്ടത് വിമതന്മാര്‍; മന്ത്രിസ്ഥാനവുമില്ല, നിയമസഭാഗത്വവും പോയി, ഇനി പ്രതീക്ഷ സുപ്രീം കോടതിയില്‍

റോജിന്‍ കെ റോയ്

റോജിന്‍ കെ റോയ്

സബ് എഡിറ്റര്‍ (എന്റര്‍ടെയ്‌മെന്റ്)

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍