UPDATES

ബ്ലോഗ്

ടിഒ സൂരജ് എന്ന മുൻ കളക്ടറെയും അട്ടപ്പാടിയിലെ മധുവിനെയും പറ്റി കുഞ്ഞുങ്ങളെ പഠിപ്പിക്കണം, കൂടെ നമ്മുടെ നികുതിപ്പണത്തെ കുറിച്ചും

ഗാന്ധിയുടെ ആത്മകഥ മാത്രം പഠിപ്പിച്ചിട്ട് ഇനി കാര്യമില്ല.! ഇനി നമുക്ക് റിവേഴ്സ് ഗിയറിലും കളിച്ചു നോക്കാം. ചിലപ്പോൾ ശരിയായാലോ.!

നാളത്തെ പാഠപുസ്തകത്തിലുണ്ടാകണം ഈ കളക്ടർ.!

എഫ്ബിയിൽ ഇനിയും നമ്മൾ സെലക്ടീവ് ആകരുത്.എഫ് ബി മുഴുവൻ നിറയ്ക്കണം ടി ഒ സൂരജ് എന്ന ഈ മുൻ കളക്ടറെ. നാളത്തെ പാഠപുസ്തകത്തിൽ ഉണ്ടാകണം ഈ കളക്ടർ. വളർന്നുവരുന്ന കുഞ്ഞുങ്ങൾക്ക് ഇയാളെക്കുറിച്ച് പറഞ്ഞുകൊടുക്കണം. പാഠപുസ്തകത്തിൽ ഇല്ലെങ്കിലും പറഞ്ഞുകൊടുക്കണം. ഒപ്പം തൊട്ടടുത്ത പാഠത്തിൽ അട്ടപ്പാടിയിൽനിന്നും കൊല്ലപ്പെട്ട മധുവിനെക്കുറിച്ചും പഠിപ്പിക്കണം.പിന്നീട് നമ്മുടെ നികുതിപ്പണത്തെക്കുറിച്ച് പഠിപ്പിക്കണം. ശേഷം നാട്ടിലെ ദരിദ്രനാരായണന്മാരെക്കുറിച്ച് പിന്നെയും പിന്നെയും പഠിപ്പിക്കണം. ഇല്ലെങ്കിൽ നമ്മുടെ പാഠപുസ്തകങ്ങൾ ഒക്കെ വെറുതെയാകും. നാളെ നമ്മുടെ കുട്ടികൾ പഠിച്ച് കളക്ടർ ആകുന്നത് വെറുതെയാകും.! അവർക്കുവേണ്ടി മാത്രമാകുമത്‌. അവരും നാളെ കയ്യിട്ടുവാരും നമ്മുടെ നികുതിപ്പണം. അതുകൊണ്ട് തീർച്ചയായും ഇയാളെക്കുറിച്ച് പഠിപ്പിക്കണം. അല്ലാതെ ഗാന്ധിയുടെ ആത്മകഥ മാത്രം പഠിപ്പിച്ചിട്ട് ഇനി കാര്യമില്ല.! ഇനി നമുക്ക് റിവേഴ്സ് ഗിയറിലും കളിച്ചു നോക്കാം. ചിലപ്പോൾ ശരിയായാലോ.!

ഇയാളെക്കുറിച്ച് മാത്രമല്ല.ഇനിയും ഒരുപാട് പേരുണ്ട്. അവരെക്കുറിച്ചൊക്കെ പഠിപ്പിക്കണം. സർക്കാർ സർവീസിൽ ഉന്നത പദവിയിലിരിക്കുന്ന ഒരാൾ എങ്ങനെയാകരുത് എന്ന് പഠിപ്പിക്കാൻ ഇതുപോലൊരു സമകാലിക ചിത്രം കിട്ടില്ല. അത്ര ഗംഭീരമാണ് ഇദ്ദേഹത്തിൻറെ ജീവചരിത്രം. ഇൗ ജീവചരിത്രം പഠിപ്പിക്കുമ്പോൾ രാഷ്ട്രീയത്തിലെ ചില വമ്പൻ സ്രാവുകളെക്കുറിച്ചും പഠിപ്പിക്കാം. അതും സൗകര്യമാണ്. ഒരു വെടിക്ക് രണ്ടു പക്ഷി.! അതും ഉപയോഗിക്കണം. ഇല്ലെങ്കിൽ ഇയാളെപ്പോലെയുള്ള ആയിരങ്ങൾ ഇനിയും ഈ നാടിനെ ദരിദ്രമാക്കും. നമ്മെപ്പോലെ നിശബ്ദരായി ഒരു ജനത പിന്നെയും ഇതിനൊക്കെ കാവൽനിൽക്കും.

നൂറു രൂപ കട്ടതിൻറെ പേരിൽ തീഹാർ ജയിലിൽ കിടക്കുന്ന മനുഷ്യനും നൂറുകോടി കട്ടിട്ട്‌ ഒരു ഭയവുമില്ലാതെ നടക്കുന്ന മനുഷ്യനും ഒരേ രാജ്യത്ത് അകത്തും പുറത്തുമായി ജീവിക്കുന്നതിന്റെ വൈരുദ്ധ്യത്തെക്കുറിച്ച് ഒരിക്കൽ അരുന്ധതിറോയ് എഴുതിയിട്ടുണ്ട്. ഇന്നിപ്പോൾ പിന്നെയും അത് ഓർമ്മവരുന്നു. അതെ സർക്കാർ,സർക്കാർ, സർക്കാർ, സർക്കാർ ഉദ്യോഗസ്ഥൻ.!

വലിയ ശമ്പളത്തോടെ പൊതുജനസേവനം ചെയ്യാൻ നിയോഗിക്കപ്പെട്ടയാൾ. വരുമാനത്തിന്റേ 314 ശതമാനം വർദ്ധനവാണ് വിജിലൻസ് ഇയാൾക്കെതിരെ ആരോപിച്ചത്. പല സന്ദർഭങ്ങളിലായി അനേകം കേസുകൾ ഉണ്ടായിട്ടും പലതിലും ഇയാൾ കുറ്റവിമുക്തനാക്കപ്പെട്ടു. ഏത് അധികാരത്തിനും പ്രിയപ്പെട്ടവൻ. എന്തുകൊണ്ടാണങ്ങനെ.?
എത്രയൊക്കെ തെളിവുവെച്ച് കുടുക്കി യാലും ഇവർ പുറത്തേക്കുപോകുന്ന വഴികൾ നമുക്ക് എപ്പോഴും അപരിചിതമാകുന്നതെന്തുകൊണ്ടാണ്.! അഴിമതിക്കെതിരെയുള്ള നമ്മുടെ ഇൻക്വിലാബ് വിളികൾ വെള്ളത്തിലായി പോകുന്നല്ലോ സുഹൃത്തുക്കളെ.!

ഇതാ ഇപ്പോൾ കോടതി വിധിപ്രകാരം പതിനൊന്നു കോടി 80 ലക്ഷം ആണ് താൽക്കാലികമായി ഇയാളിൽ നിന്നും ഇന്നലെ കണ്ടുകെട്ടിയത് .തിരുവനന്തപുരത്തും കൊച്ചിയിലും കോയമ്പത്തൂരിലും ബാംഗ്ലൂരിലും ആഡംബര ഫ്ലാറ്റുകളും ഭൂമികളും വാഹനങ്ങളും. ഒപ്പം സ്വർണവും പണവും. അനധികൃതസ്വത്ത് ആയിരം മടങ്ങന്ന് ചില മാധ്യമങ്ങൾ.!
എന്നിട്ടും എല്ലാ അധികാരങ്ങളും ഇദ്ദേഹത്തിൻറെ മുന്നിൽ മുട്ട് വിറച്ചു നിൽക്കുന്നു. ഇപ്പോൾ അഴിമതിയുടെ മഞ്ഞുമലയിൽ നിന്ന് ഒരു കഷണം നീക്കിയിട്ടുണ്ട് എന്നുമാത്രം നമുക്ക് ആശ്വസിക്കാം.
പക്ഷേ ബാക്കി..

ബാക്കി എന്തു ചെയ്യും? റോഡ്പണി മുതൽ ജനറൽ ആശുപത്രിയിൽ സാധനങ്ങൾ വാങ്ങിയതിൽവരെ ആരോപിക്കപ്പെട്ട അഴിമതികൾ. അതെ ആശുപത്രികൾ. ആശുപത്രിയിലേക്കുള്ള സാധനങ്ങൾ.! എന്നിട്ടും നിങ്ങൾക്കൊന്നും തോന്നുന്നില്ലേ?
എത്ര സത്യം എത്ര അർദ്ധസത്യം എന്ന് നമുക്ക് അറിയില്ല. പക്ഷേ വിജിലൻസ് കുറ്റവാളിയെന്ന് പ്രഖ്യാപിച്ചിട്ടുണ്ട് . ആശ്വാസം.! അത്രയെങ്കിലും പറഞ്ഞല്ലോ!

റെയ്ഞ്ച് ഓഫീസർ ആയി സർക്കാർ സർവീസിൽ കയറിയ ഒരാൾ പെൻഷനാകുമ്പോൾ കോടികളുടെ സ്വത്ത് സ്വന്തം പേരിലും കുടുംബത്തിലെ പേരിലും. അതെങ്ങനെ?

അതെ, നമ്മുടെ നികുതിപ്പണം തന്നെ.!
എന്നിട്ടും ഈ അഴിമതിക്കെതിരെ നമ്മുടെ ഒരു ചെറുവിരൽപോലും, ഒരക്ഷരംപോലും ആരുടെയും ടൈംലൈനിൽ കാണുന്നില്ലല്ലോ!
അതെന്താ..?
അതോ ഞാൻ കാണാഞ്ഞിട്ടോ?
ഉണ്ട്. ഉണ്ട്…
വിഷയങ്ങളിൽ നാം സെലക്ടീവ് ആകുന്നുണ്ട് സുഹൃത്തുക്കളെ.
സെലക്ടീവ് ആകുന്നുണ്ട്.

ഇതാണോ നമ്മുടെ ജനാധിപത്യം! ഇതാണോ നമ്മുടെ പൗരബോധം!
ഇതാണോ നമ്മുടെ അഴിമതി വിരുദ്ധത! ഫാസിസം പോലെതന്നെ പ്രധാനമല്ലേ അഴിമതിയും.?
ആണെന്നാണ് എൻറെ ഒരു തോന്നൽ. കാരണം നിങ്ങളുടെ അഴിമതി ഏതോ ഒരു മനുഷ്യനെ, കുടുംബത്തെ ഇല്ലാതാക്കുന്നുണ്ട്. അവനെ,അവളെ ഒക്കെ ഇല്ലാതാക്കുന്നുണ്ട്. ജീവിതത്തിൽ നിന്നും അവരെ ദാരിദ്ര്യത്തിലേക്ക് വലിച്ചെറിയുന്നുണ്ട്. അവൻ/അവൾ റൊട്ടി വാങ്ങുമ്പോൾ കൊടുക്കുന്ന നികുതിപ്പണത്തിൽനിന്ന് തന്നെയാണ് ഇവരുടെ ആഡംബര ഫ്ലാറ്റുകൾ ഉണ്ടാക്കിയത്. ഭൂമി ഉണ്ടാക്കിയത്. മൂന്നും നാലും വാഹനങ്ങൾ ഉണ്ടാക്കിയത്.
അതുകൊണ്ട് ഇവർക്കെതിരെ ഒരു ചെറുവിരലെങ്കിലുമനക്കൂ.

40 കോടികൊണ്ട് നിർമ്മിച്ചു തകർന്ന പാലാരിവട്ടംപാലം ഇപ്പോൾ നമ്മുടെ മുന്നിലുണ്ട്.!
ആരെങ്കിലും ശിക്ഷിക്കപ്പെടുമോ.? ആരെയെങ്കിലും തടവറയ്ക്കകത്തേക്ക്.! ഏയ് ഇല്ല…. സാധ്യതയില്ല.!
പാലം അഴിമതി ആകുമ്പോൾ നമുക്ക് എളുപ്പം മനസ്സിലായി.! അത്രയേ ഉള്ളൂ.
റോഡ് ആകുമ്പോൾ അത്ര മനസ്സിലാകില്ല.കാരണം പാലം നമ്മുടെ തലയിൽ വീഴും. റോഡ് നമ്മുടെ തലയിൽ വീഴില്ലല്ലോ.!
ഇന്ത്യയുടെ ആത്മാവ് തൊട്ടറിയണമെന്ന് വെള്ളിത്തിരയിൽ നിന്ന് ഒരു കലക്ടർ പണ്ട് നമ്മളോട് പറഞ്ഞിട്ടുണ്ട് .ഇപ്പോൾ ജീവിതത്തിലെ ഈ കളക്ടറോടും തിരിച്ച് അതുതന്നെ ചോദിക്കട്ടെ.
ഇന്ത്യയുടെ അല്ല കേരളത്തിൻറെ ആത്മാവെങ്കിലും, പോട്ടെ….താങ്കൾ ഭരിച്ച ഒരു ജില്ലയുടെ ആത്മാവെങ്കിലും തൊട്ടറിയാനുള്ള ശേഷി നിങ്ങൾക്കുണ്ടോ?

‘പൊടി നീർത്തു പായുവാൻ ഭൂമിയുടെ പാതകൾ പണിയും വഴിപ്പണിക്കാരാ.’
നിന്നെക്കുറിച്ച് ചരിത്രത്തിലും കവിതയിലും പഠിച്ചിട്ടുണ്ട്.
നിന്നെ….
നിന്നെ മാത്രം റോഡിലാക്കി,
നിന്നെമാത്രം പാലത്തിന് കീഴിലാക്കി,
നിന്നെമാത്രം പെരുവഴിയിലാക്കി,
എല്ലാ നിയമസംവിധാനങ്ങളെയും അധികാരങ്ങളെയും നോക്കുകുത്തികളാക്കി ചരിത്രത്തിലും വർത്തമാനത്തിലും ഇവർ പിന്നെയും പാഞ്ഞുകൊണ്ടേയിരിക്കുകയാണ്.!
അതിവേഗം ബഹുദൂരം.!
അതുകൊണ്ട്
പ്രിയ സുഹൃത്തുക്കളെ
ഇനിയും നമ്മൾ സെലക്ടീവാകല്ലേ.
ഇനിയും നമ്മൾ സെലക്ടീവായാൽ അവർ റോഡിൽത്തന്നെ ആയിപ്പോകും.
അതുകൊണ്ട് മധുവിനെപ്പോലുള്ള ഇരകളെ നാം ടൈംലൈനിൽ നിറച്ചിട്ടുണ്ടെങ്കിൽ വേട്ടക്കാരെയും ഇപ്പോഴെങ്കിലും ടൈംലൈനിൽ നിറയ്ക്കേണ്ടേ…?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ജോബിഷ് വി കെ

ജോബിഷ് വി കെ

അദ്ധ്യാപകന്‍, എഴുത്തുകാരന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍