UPDATES

ട്രെന്‍ഡിങ്ങ്

ബി.എസ് യദിയൂരപ്പ: ആദര്‍ശത്തിന്റെ അസ്കിതയില്ല, വിജയിച്ചു മാത്രമല്ല, അധികാരം പിടിച്ചെടുക്കുകയുമാവാം എന്നറിയാവുന്ന ബിജെപി നേതാവ്; ഇത്തവണയെങ്കിലും കാലാവധി പൂര്‍ത്തിയാക്കുമോ?

ഇതുവരെ കാലവാധി പൂര്‍ത്തിയാക്കാന്‍ യെദിയൂരപ്പയ്ക്ക് കഴിഞ്ഞിട്ടില്ല

വടക്കെ ഇന്ത്യ പോലെ, തെക്ക് ബിജെപിക്ക് ഒരു അയോധ്യയുണ്ടായിരുന്നില്ല, ഒരു കുതിപ്പ് കിട്ടാന്‍. അങ്ങനെയൊന്നുമില്ലാതെ തന്നെ ബിജെപിയെ തെക്കെ ഇന്ത്യയിലെ ഒരു സംസ്ഥാനത്ത് അധികാരത്തിലെത്തിക്കാന്‍ കഴിഞ്ഞതില്‍ ബുക്കന്നാക്കരെ സിദ്ധലിംഗപ്പ യെദിയൂരപ്പ എന്ന ബി.എസ് യെദിയൂരപ്പയുടെ പങ്ക് വലുതാണ്. ഒരു സംഘരിവാറുകാരന്റെ സ്വാഭാവിക വളര്‍ച്ചയായിരുന്നു യെദിയൂരപ്പയുടെത്. എബിവിപിയില്‍ തുടങ്ങി, ആര്‍എസ്എസ്സിന്റെ കാര്യവാഹിലൂടെ ബിജെപിയുടെ പ്രാദേശിക നേതാവായി പിന്നീട് തെക്കെ ഇന്ത്യയില്‍ പാര്‍ട്ടിയുടെ ഏറ്റവും പ്രമുഖനായി യെദിയൂരപ്പ മാറുകയായിരുന്നു. നരേന്ദ്ര മോദിയും അമിത് ഷായും പാര്‍ട്ടിയെ നിയന്ത്രണത്തിലാക്കുന്നതിന് മുമ്പ് തന്നെ ബിജെപിക്ക് ഉണ്ടെന്ന് പറഞ്ഞിരുന്ന ആദര്‍ശത്തിന്റെ അസ്‌കിതകള്‍ അലട്ടാത്ത മനുഷ്യനായിരുന്നു യെദിയൂരപ്പ. വിജയിക്കുകയല്ല, അധികാരം പിടിച്ചെടുക്കുകയാണെന്ന തന്ത്രങ്ങളില്‍ തുടക്കം മുതലേ വിശ്വസിച്ച നേതാവ്. ഇങ്ങനെയൊക്കെയായിട്ടു പോലും സമാധാനപരമായി ഭരിച്ച് കാലാവധി പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇത്തവണ നിയമസഭയുടെ അവശിഷ്ടകാലത്തെങ്കിലും ഭരണത്തിലിരിക്കാന്‍ അദ്ദേഹത്തിന് കഴിയുമോ എന്നതാണ് നിര്‍ണായക ചോദ്യം.

1970 ലാണ് യെദിയൂരപ്പ ആര്‍എസ്എസ്സിന്റെ ശിക്കാരിപ്പൂര്‍ സെക്രട്ടറിയായി നിയമിക്കപ്പെട്ടത്. അവിടെ നിന്നും ജനസംഘിന്റെ താലൂക്ക് സെക്രട്ടറിയുമായി മാറി. അടിയന്തരവസ്ഥ കാലത്ത് ജയിലില്‍ പോകേണ്ടിവന്ന യെദിയൂരപ്പ ബിജെപി രൂപീകരിച്ചപ്പോള്‍ താലൂക്ക് പ്രസിഡന്റും 1985-ല്‍ ഷിമോഗ ജില്ലാ പ്രസിഡന്റുമായി. 1988-ല്‍ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായതോടെ കര്‍ണാടകത്തിലെ പാര്‍ട്ടിയുടെ ഏറ്റവും പ്രധാനപ്പെട്ട നേതാവായി യെദിയൂരപ്പ മാറി. 1983-ലാണ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.

രാഷ്ട്രീയ സമവാക്യങ്ങളുടെ പിന്‍ബലത്തിലാണ് യെദിയൂരപ്പ തെക്കെ ഇന്ത്യയില്‍ ആദ്യമായി ബിജെപിയെ അധികാരത്തിലെത്തിക്കുന്നത്. ദേശീയ തലത്തില്‍ ബിജെപി തളര്‍ച്ചയെ നേരിട്ട കാലം കൂടിയായിരുന്നു അത്. ഇപ്പോള്‍ യെദിയൂരപ്പ പുറത്താക്കിയ എച്ച്.ഡി കുമാരസ്വാമിയായിരുന്നു അന്ന് അദ്ദേഹത്തിന് തുണ. ജെഡി (എസ്സു)മായി ധാരണയിലെത്തി ഊഴം വെച്ച് മുഖ്യമന്ത്രി സ്ഥാനം പങ്കിടാനായിരുന്നു ഇരുപാര്‍ട്ടികളും തമ്മിലുള്ള ധാരണ. എന്നാല്‍ അധികാരത്തിലെത്തിയ കുമാരസ്വാമി സ്ഥാനം ഒഴിയാന്‍ വിസമ്മതിച്ചു. വഞ്ചിക്കപ്പെട്ടെന്ന് തോന്നിയ യെദിയൂരപ്പ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. കര്‍ണാടക രാഷ്ട്രപതി ഭരണത്തിലായി. എന്നാല്‍ അപ്പോഴും കുമാരസ്വാമിയുമായുള്ള ചര്‍ച്ച തുടരാന്‍ തീരുമാനിച്ചു യെദിയൂരപ്പ. അധികാരത്തിലേക്കുള്ള പാലം ജെഡി(എസ്) വഴിയാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഒടുവില്‍ ജെഡി(എസ്) വഴങ്ങി. യെദിയൂരപ്പ മുഖ്യമന്ത്രിയായി. അങ്ങനെ 2007-ല്‍ തെക്കെ ഇന്ത്യയില്‍ ആദ്യമായി ഒരു ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തി. എന്നാല്‍ അധികനാള്‍ അധികാരത്തിലിരിക്കാന്‍ യെദിയൂരപ്പയ്ക്ക് യോഗം ഉണ്ടായിരുന്നില്ല. ജെഡി(എസ്) അധികദിവസം വൈകാതെ പിന്തുണ പിന്‍വലിച്ചു. യെദിയൂരപ്പ രാജിവെച്ചു.

2008-ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്തിച്ച് യെദിയൂരപ്പ തന്റെ മികവ് തെളിയിച്ചു. 2008-ല്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഇതിനിടെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട് ലോകായുക്ത അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കപ്പെട്ടത് യെദിയൂരപ്പയ്ക്ക് തിരിച്ചടിയായി. ആരോപണങ്ങള്‍ പുറത്തുവന്നിട്ടും പിടിച്ചുനില്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചു. ബിജെപി കേന്ദ്ര നേതൃത്വവും കൈവിട്ടപ്പോള്‍ രാജിക്ക് വഴങ്ങി. 2011 ല്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് രാജിവെയ്‌ക്കേണ്ടി വരികയായിരുന്നു. ഒപ്പം അഴിമതി കേസില്‍ 23 ദിവസം ജയിലിലുമായി.

ആപത്ത് കാലത്ത് കൈവിട്ട പാര്‍ട്ടിയെ യെദിയൂരപ്പയും ഉപേക്ഷിച്ചു. ബിജെപിയില്‍നിന്ന് രാജിവെച്ച് കര്‍ണാടക ജനത പക്ഷ (കെജെപി) രൂപീകരിച്ച് സംഘ്പരിവാറുമായി വിലപേശി. എംഎല്‍എയായി. 2014 ലെ ബിജെപി തരംഗം തിരിച്ചറിഞ്ഞ് മാതൃസംഘടനയിലേക്ക് തിരിച്ചെത്തി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് യെദിയൂരപ്പയെ പാര്‍ട്ടി വീണ്ടും അവരോധിച്ചു. 2018 ലെ തെരഞ്ഞെടുപ്പില്‍ വിജയ പ്രതീക്ഷയോടെയായിരുന്നു പാര്‍ട്ടിയും യെദിയൂരപ്പയും മല്‍സരിച്ചത്. ദേശീയ തലത്തിലെ അനുകൂല സാഹചര്യവും മോദി തരംഗവും അധികാരത്തിലെത്തിക്കുമെന്ന് യെദിയൂരപ്പ കരുതി. എന്നാല്‍ തൂക്കു സഭയ്ക്ക് ശേഷമുള്ള രാഷ്ട്രീയത്തെ തങ്ങള്‍ക്കനുകൂലമാക്കുന്നതില്‍ കോണ്‍ഗ്രസ് വിജയിച്ചു. അതിന് കാരണം യെദിയൂരപ്പയാണെന്ന് പറയാം. കാരണം മുഖ്യമന്ത്രി സ്ഥാനം ജെഡി(എസ്സി)ന് വിട്ടുകൊടുത്തുള്ള ഒരു നീക്കത്തിലും യെദിയൂരപ്പയ്ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. ഏറ്റവും ഒറ്റകക്ഷിയെന്ന നിലയില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും വിശ്വാസവോട്ടിന് മുമ്പ് സ്ഥാനമൊഴിയേണ്ടി വന്നു യെദിയൂരപ്പയ്ക്ക്.

അന്ന് തനിക്ക് എതിര്‍ത്ത് വോട്ടു ചെയ്യാന്‍ നിന്നവരെ പലതും പറഞ്ഞ് ആകര്‍ഷിച്ചാണ് ഇപ്പോള്‍ യെദിയൂരപ്പ മുഖ്യമന്ത്രിസ്ഥാനത്തേക്ക് അടുക്കുന്നത്. അതിനിടയില്‍ കുതിരക്കച്ചവട ആരോപണങ്ങള്‍ അടക്കം പലതും ഉണ്ട്. എന്നാല്‍ അവശേഷിക്കുന്ന ചോദ്യം അധികാരത്തിലെത്തിയാല്‍ ഇത്തവണയെങ്കിലും കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയുമോ എന്നതാണ്. ഡികെ ശിവകുമാര്‍ എന്ന കോണ്‍ഗ്രസ് നേതാവ് എംഎല്‍എ മാരെ റാഞ്ചാന്‍ പറന്നുനടക്കുമോ? അതില്‍നിന്നും അവരെ സംരക്ഷിച്ചുനിര്‍ത്താന്‍ യെദിയൂരപ്പയ്ക്ക് എല്ലാ കാലവും കഴിയുമോ? ചോദ്യങ്ങള്‍ നിരവധിയാണ്.

യെദിയൂരപ്പയോട് മോദി-ഷായ്ക്ക് വലിയ പഥ്യമില്ലെന്നത് ഏറെക്കുറെ പരസ്യമായ രഹസ്യമാണ്. ഒപ്പം 76 എന്ന യെദിയൂരപ്പയുടെ പ്രായവും പ്രശ്നമാണ്. എന്നാല്‍ സംസ്ഥാനത്ത് ഇന്നും ചോദ്യം ചെയ്യപ്പെടാത്ത ബിജെപിയുടെ നേതാവ് അദ്ദേഹമാണ്, ഒപ്പം ഏറെ ശക്തമായ ലിംഗായത്ത് സമുദായത്തിലെ ഏറ്റവും പ്രമാണിമാരില്‍ ഒരാളും. അതുകൊണ്ടൊക്കെ തന്നെ പാര്‍ട്ടി നേതൃത്വം കണ്ണടയ്ക്കുന്നു എന്നും പറയാം.

Read Azhimukham: കോതമംഗലം എംഎ കോളേജ് എഞ്ചിനീയറിംഗിലെ മാഗസിന്‍ ശബരിമലയെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന് ആരോപിച്ച് സംഘപരിവാര്‍, ‘ആയിരം കാ‍ന്താരി’ പിന്‍വലിച്ച് അധികൃതര്‍, ഭരണഘടനയെക്കുറിച്ച് പറയുന്നത് തെറ്റാണോയെന്ന് വിദ്യാര്‍ഥികള്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍