UPDATES

ട്രെന്‍ഡിങ്ങ്

ലക്ഷ്യമിട്ടത് ഡി.കെ ശിവകുമാറിനെ, കൊണ്ടത് കഫേ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥയ്ക്ക്; ഹവാല ഇടപാടുകളിലേക്ക് വിരല്‍ ചൂണ്ടി ആദായനികുതി വകുപ്പ്

ജൂലൈ 30-ന് കാണാതായ സിദ്ധാര്‍ത്ഥയുടെ മൃതദേഹം പിറ്റേന്ന് വെളുപ്പിനെയാണ് മംഗലാപുരത്തിനടുത്ത് നേത്രാവതി നദിയില്‍ നിന്ന് കണ്ടെടുത്തത്.

കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥയുടെ ആത്മഹത്യക്ക് കാരണം ആദായനികുതി വകുപ്പിന്റെ റെയ്ഡും അതിനെ തുടര്‍ന്നുള്ള പീഡനങ്ങളുമാണെന്ന ആരോപണം ഉയരുന്നതിനിടെ, സിദ്ധാര്‍ത്ഥയ്ക്ക് കര്‍ണാടകത്തിലെ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി ആദയാനികുതി വകുപ്പ് രംഗത്ത്. മരിക്കുന്നതിന് ഏതാനും ദിവസം മുമ്പ് സിദ്ധാര്‍ത്ഥ എഴുതിയതെന്നു കരുതുന്ന കത്തില്‍ ആദായ നികുതി വകുപ്പ് നടത്തിയ ഇടപെടലുകള്‍ തന്റെ ‘പരാജയ’ത്തിന് കാരണമായി കുറ്റപ്പെടുത്തിയിരുന്നു. ജൂലൈ 30-ന് കാണാതായ സിദ്ധാര്‍ത്ഥയുടെ മൃതദേഹം ഇന്നലെ വെളുപ്പിനെയാണ് മംഗലാപുരത്തിനടുത്ത് നേത്രാവതി നദിയില്‍ നിന്ന് കണ്ടെടുത്തത്. ആത്മഹത്യ ചെയ്തതാണ് എന്നതാണ് പ്രാഥമിക നിഗമനം.

കര്‍ണാടകത്തിലെ ഒരു വിവാദ കോണ്‍ഗ്രസ് നേതാവിന്റെ സ്ഥാപനങ്ങള്‍ റെയ്ഡ് ചെയ്തപ്പോള്‍ ലഭിച്ച ചില രേഖകള്‍ പരിശോധിച്ചപ്പോള്‍ മാത്രമാണ് തങ്ങള്‍ക്ക് കഫേ കോഫി ഡേ സ്ഥാപകന്റെ പിന്നാലെ കൂടേണ്ടി വന്നത് എന്നാണ് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ കോണ്‍ഗ്രസ് നേതാവും കോഫി ഡേയും തമ്മിലുള്ള ചില ഇടപാടുകള്‍ സംശയാസ്പദമായിരുന്നു എന്നതിനാലാണ് ഇതെന്നും അവര്‍ പറയുന്നു. ഈ കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറാണെന്ന് ടൈംസ് ഓഫ് ഇന്ത്യയും പറയുന്നു.

തങ്ങള്‍ ഈ കോണ്‍ഗ്രസ് നേതാവിനെ റെയ്ഡ് ചെയ്തപ്പോള്‍ സിദ്ധാര്‍ത്ഥയുമായി നടത്തിയ ചില പണമിടപാടുകളുടെ വിവരങ്ങള്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ അതിനെ സംബന്ധിച്ചുള്ള രേഖകള്‍ സിദ്ധാര്‍ത്ഥയുടെ റെക്കോര്‍ഡ്‌സില്‍ ഉണ്ടായിരുന്നില്ലെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് പറയുന്നു. സിദ്ധാര്‍ത്ഥയെ അല്ലെങ്കില്‍ തങ്ങള്‍ യാതൊരു വിധത്തിലും തൊടുമായിരുന്നില്ലെന്നും പക്ഷേ, ഈ കോണ്‍ഗ്രസ് നേതാവുമായുള്ള ചില രഹസ്യവും ഗൂഡവുമായ ധന ഇടപാടുകളാണ് ഇതിലേക്ക് നയിച്ചതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

Also Read: 1800-ലധികം കഫേ കോഫി ഡേ ഔട്ട്‌ലെറ്റുകള്‍, 30,000-ത്തിലധികം ജീവനക്കാര്‍, എസ്എം കൃഷ്ണയുടെ മരുമകന്‍, കോടികളുടെ സ്വത്ത്; എന്നിട്ടും നേത്രാവതി നദിയില്‍ അവസാനിച്ച സംരംഭകന്‍

2017 ഓഗസ്റ്റില്‍ ശിവകുമാറിന്റെയും അദ്ദേഹത്തിന്റെ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് ചന്ദ്രശേഖര്‍ സുകാപുരിയുടേയും വസതികളില്‍ നടത്തിയ പരിശോധനയില്‍ കഫേ കോഫി ഡേയും ശിവകുമാറിന്റെ സ്ഥാപനങ്ങളും തമ്മില്‍ നടത്തിയ ഇടപാടുകളുടെ രേഖകള്‍ കണ്ടെത്തിയിരുന്നു. ഒരാളെ റെയ്ഡ് ചെയ്താല്‍ അവിടെ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മറ്റുള്ളവരിലേക്ക് അത് എത്തുക സാധാരണമാണ്. അങ്ങനെയാണ് സിദ്ധാര്‍ത്ഥയുടെ സ്ഥാപനങ്ങളില്‍ പരിശോധന തുടങ്ങിയതെന്ന് കര്‍ണാടക-ഗോവ മേഖലയിലെ ആദായ നികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണറായി ബുധനാഴ്ച വിരമിച്ച ബി.ആര്‍ ബാലകൃഷ്ണ പറയുന്നു. തന്റെ ‘ആത്മഹത്യ’ കുറിപ്പില്‍ സിദ്ധാര്‍ത്ഥ പ്രധാനമായും കുറ്റപ്പെടുത്തിയിരുന്നത് ആദായ നികുതി വകുപ്പിലെ ഒരു മുന്‍ ഡയറക്ടര്‍ ജനറലിനെയായിരുന്നു. ബാലകൃഷ്ണയായിരുന്നു ഈ മുന്‍ ഡയറക്ടര്‍ ജനറല്‍. എന്നാല്‍ ഏതെങ്കിലും വിധത്തില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചു എന്ന വാദം അദ്ദേഹം തള്ളിക്കളയുന്നു.

എന്നാല്‍ മറിച്ചുള്ള ആരോപണങ്ങളാണ് ശിവകുമാറിന്റെ സഹോദരനും എം.പിയുമായ ഡി.കെ സുരേഷ് ഉന്നയിക്കുന്നത്. മൈന്‍ഡ്ട്രീ എന്ന സ്ഥാപനത്തില്‍ സിദ്ധാര്‍ത്ഥയ്ക്കുണ്ടായിരുന്ന 20.3 ശതമാനം ഓഹരികള്‍ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ മരവിപ്പിക്കാന്‍ ആദായ നികുതി വകുപ്പ് ശ്രമിച്ചുവെന്നും ഇത് വിറ്റ് കടങ്ങള്‍ വീട്ടാനുള്ള സിദ്ധാര്‍ത്ഥയുടെ ശ്രമങ്ങള്‍ക്ക് ഇത് തിരിച്ചടിയായി എന്നുമാണ് സുരേഷിന്റെ ആരോപണമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. സിദ്ധാര്‍ത്ഥ് കടക്കെണിയിലാണെന്ന വിവരം ബാംഗ്ലൂരിലെ ബിസിനസ് മേഖലയില്‍ ഉള്ളവര്‍ക്കൊക്കെ അറിയാമായിരുന്നുവെന്നും ശിവകുമാറുമായി അദ്ദേഹത്തിന് ബിസിനസ് ബന്ധങ്ങളുണ്ടെന്ന് അറിയാമായിരുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു. അഹമ്മ് പട്ടേലിന്റെ രാജ്യസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ 2017 ഓഗസ്റ്റില്‍ ശിവകുമാര്‍ ബാംഗ്ലൂര്‍ റിസോര്‍ട്ടില്‍ എത്തിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ആദായനികുതി വകുപ്പിന്റെ റെയ്ഡുകള്‍ തുടങ്ങുന്നത്. ബിജെപിയുടെ കണ്ണിലെ കരടായ ശിവകുമാറിനെ ലക്ഷ്യമിട്ടുള്ള റെയ്ഡുകള്‍ സിദ്ധാര്‍ത്ഥയിലേക്ക് എത്തുകയായിരുന്നുവെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. വൊക്കലിഗ സമുദായക്കാര്‍ എന്നതിലുപരി ഇരുവരും തമ്മില്‍ അടുത്ത ആത്മബന്ധമുണ്ടായിരുന്നുവെന്നും ശിവകുമാറിന്റെ രാഷ്ട്രീയ ഗുരു കൂടിയായിരുന്ന എസ്.എം കൃഷ്ണയുടെ മരുമകന്‍ എന്ന നിലയിലും ഇരുവരും തമ്മില്‍ അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കൃഷ്ണ പിന്നീട് ബിജെപിയിലേക്ക് പോയി.

Also Read: കാപ്പിയുടെ മധുരവും കയ്പും: കഫെ കോഫി ഡേ ഉടമ വി.ജി സിദ്ധാര്‍ത്ഥയുടെ അന്ത്യത്തിലേയ്ക്ക് നയിച്ച കാരണങ്ങള്‍

ഇത്തരത്തില്‍ നടത്തിയ ഒരു റെയ്ഡില്‍ 20 കോടി രൂപ ശിവകുമാറിന്റെ അക്കൗണ്ടിലേക്ക് കഫേ കോഫി ഡേയില്‍ നിന്ന് പോയിട്ടുണ്ട് എന്നതിന്റെ രേഖകള്‍ ലഭിച്ചുവെന്ന് ആദായ നികുതി വകുപ്പിനെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. ഈ ഇടപാടുമായി ബന്ധമുള്ള സിംഗപ്പൂര്‍ പൗരനായ രജ്‌നീഷ് ഗോപിനാഥിന്റെ പക്കല്‍ നിന്നും കണക്കില്‍പ്പെടാത്ത 1.2 കോടി രൂപ പരിശോധനയില്‍ പിടിച്ചെടുത്തു. ഈ പണം സിദ്ധാര്‍ത്ഥയുടേതാണ് എന്നാണ് രജ്‌നീഷ് പറയുന്നത്. ഇയാളുടെ മൊബൈല്‍ മെസേജുകളില്‍ നിന്ന് മനസിലായ വിവരം അന്താരാഷ്ട്ര തലത്തിലുള്ള ഈ ഹവാല ഇടപാടില്‍ രജ്‌നീഷിന് വ്യക്തമായ പങ്കുണ്ട് എന്നാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

കോഫി ഡേയുടെ ഫിനാന്‍സ് വിഭാഗം ഡയറക്ടറായ മുനീഷ് ഗോപിനാഥിന്റെ സഹോദരനാണ് രജ്‌നീഷ്. ഇയാള്‍ കോഫി ഡേയുമായും കോണ്‍ഗ്രസ് നേതാവുമായും ബന്ധപ്പെട്ട അനധികൃത ഹവാല ഇടപാടുകളുടെ മുഖ്യകണ്ണിയാണെന്നും ഹവാല പണം എത്തിച്ചു നല്‍കുന്നതിലെ പ്രധാനപ്പെട്ട ആളാണെന്നും മനസിലായതായി ആദായ നികുതി വകുപ്പ് പറയുന്നു. പരിശോധനയില്‍ ഇയാള്‍ ഇക്കാര്യം സമ്മതിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.

ഈ ഹവാല ഇടപാടുകള്‍ക്ക് ഉദാഹരണമായി ഉദ്യോഗസ്ഥര്‍ ചില ആരോപണങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. കോഫി ഡേ ഗ്രൂപ്പ് കമ്പനിയുടെ ദേവദര്‍ശിനി ഇന്‍ഫോ ടെക് എന്ന കമ്പനി 2013-14-ല്‍ 15.27 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയത്തു തന്നെ ഇവര്‍ക്ക് ചിലവായ ഇനത്തില്‍ ഉള്ളത് 21.62 കോടി രൂപയാണ്. കമ്പ്യൂട്ടറുകളും അവയുടെ അനുബന്ധ ഘടകങ്ങളും നിര്‍മിക്കുകയാണ് ഈ കമ്പനിയെന്നാണ് പറയുന്നത്. എന്നാല്‍ ഇവിടെ ശമ്പളം നല്‍കുന്ന ജോലിക്കാരായി ആരുമില്ലെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

എന്നാല്‍ ഈ കമ്പനിയുടെ മറവില്‍ ഗൂഡമായ ചില തടി ബിസിനസുകളും ഇവര്‍ നടത്തിയിരുന്നു എന്ന് ആദായ നികുതി ഉദ്യോഗസ്ഥര്‍ പറയുന്നു. കോഫി ഡേ ഗ്രൂപ്പിന്റെ മറ്റൊരു കമ്പനിയായ വൈതരണ ടിംബര്‍ ട്രേഡിംഗിന്റെ വിദേശ കമ്പനിയായ ഗ്വിയാനയില്‍ സ്ഥാപിച്ചിട്ടുള്ള വൈതര്‍ണ ഹോള്‍ഡിംഗ് പ്രൈവറ്റ് Inc വഴി ഇന്ത്യയില്‍ നിന്നുള്ള പണം കടത്തുന്നു. അവിടെ നിന്ന് വരുന്ന തടി കടലില്‍ വച്ച് കേടുവന്നു എന്ന് അവകാശപ്പെടുന്നു. ഇതിന് യാതൊരു രേഖകളുമില്ല. പിന്നീട് ഈ തടി ടൂട്രികോണ്‍ തുറമുഖത്ത് എത്തുന്നുമുണ്ട്. ഇതിന് യാതൊരു വിധത്തിലുള്ള നികുതിയോ മറ്റു കാര്യങ്ങളോ ചുമത്താറുമില്ല. ഇത് വാങ്ങിയതായി കാണിക്കുന്ന വിലയുടെ പകുതി വിലയ്ക്ക് മറ്റൊരാള്‍ക്ക് മറിച്ചു വില്‍ക്കുന്നു. അതിനും ഔദ്യോഗികമായി യാതൊരു രേഖകളുമില്ല. ദേവദര്‍ശിനി ഇന്‍ഫോ ടെകിന്റേയും ഈ കമ്പനികളുടേയും മുഖ്യ ഓഹരികള്‍ ഒരാളുടെ പേരിലാണ്- കഫേ കോഫി ഡേ സ്ഥാപകന്‍ വി.ജി സിദ്ധാര്‍ത്ഥയുടെ, ആദായനികുതി വകുപ്പ് പറയുന്നു.

English Summary: Income Tax raids in Cafe Coffee Day and its connection with Congress leader DK Shivakumar

Also Read: വി.ജി സിദ്ധാര്‍ത്ഥയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് കമ്പനി അന്വേഷിക്കുന്നു, കട ബാധ്യത കുറയ്ക്കാന്‍ ആസ്തി വില്‍ക്കാനും ആലോചന

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍