UPDATES

ട്രെന്‍ഡിങ്ങ്

യഥാര്‍ത്ഥത്തില്‍ ആരായിരുന്നു രാജ് കുമാര്‍? ഹരിത ഫിനാന്‍സ് കബളിപ്പിച്ചത് നെടുങ്കണ്ടം പഞ്ചായത്തിനെ ഒന്നടങ്കം; വായ്പയ്ക്കായി പണം നിക്ഷേപിച്ചവരില്‍ അഞ്ച് വനിത മെംബര്‍മാരും

ആരാണ് മലപ്പുറത്തുകാരായ രാജുവും നവാസും? അഴിമുഖം അന്വേഷണം തുടരുന്നു; ഭാഗം 3

ഹരിത ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പിനു പിന്നില്‍ പീരുമേട് സബ് ജയില്‍ കസ്റ്റഡിയിലിരിക്കെ മരിച്ച രാജ് കുമാര്‍ മാത്രമല്ല എന്ന സംശയത്തിന് കൂടുതല്‍ വ്യക്തത വരുന്നു. ഈ സ്ഥാപനത്തിലെ ജീവനക്കാരും ഇടപാടുകാരും ആയിരുന്നവരുടെ വെളിപ്പെടുത്തലുകളിലാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുന്നത്. രാജ് കുമാര്‍, കസ്റ്റഡിയില്‍ ഉള്ള ശാലിനി എന്നിവര്‍ തട്ടിപ്പിന്റെ ഇടനിലക്കാരായിരുന്നവരാണ്. മറ്റൊരു പ്രതി മഞ്ജുവും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നുവെങ്കിലും തട്ടിപ്പിനെ കുറിച്ച് ഇവര്‍ക്ക് കാര്യമായ വിവരം ഇല്ലായിരുന്നുവെന്നും അഴിമുഖത്തിന് വിവരങ്ങള്‍ കിട്ടി. [ഇതിനെക്കുറിച്ച് അഴിമുഖം അന്വേഷണത്തില്‍ വെളിപ്പെട്ട കാര്യങ്ങള്‍ ഇവിടെ വായിക്കാം: ഭാഗം 1: രാജ് കുമാറിന്‍റേത് പോലീസ് ക്വട്ടേഷനോ? ദുരൂഹതകള്‍ വിരല്‍ ചൂണ്ടുന്നത് കുടുംബശ്രീ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചുള്ള കോടികളുടെ പണമിടപാട് തട്ടിപ്പിലേക്ക്. ഭാഗം 2: രാജ് കുമാറിന്റെ കസ്റ്റഡി മരണം: ദുരൂഹതകള്‍ അവസാനിക്കുന്നില്ല; ഹരിത ഫിനാന്‍സും പട്ടം കോളനി സഹകരണ ബാങ്കും തമ്മിലെന്ത്?]

സ്ത്രീകളെ കേന്ദ്രീകരിച്ചായിരുന്നു ഹരിത ഫിനാന്‍സ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത്. പുരുഷന്മാര്‍ക്ക് വായ്പ നല്‍കില്ലായിരുന്നു. മൈക്രോ ഫിനാന്‍സ് മാതൃകയില്‍ വ്യക്തികള്‍ക്കും ജെഎല്‍ജി (ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പ്)കള്‍ക്കും വായ്പ്പകള്‍ ലഭ്യമാക്കുമെന്നതായിരുന്നു വാഗ്ദാനം. വായ്പ കിട്ടാനായി ആദ്യം ഒരു നിശ്ചിത തുക അടയ്ക്കണം (ഇത് സര്‍ക്കാരിലേക്ക് അടയ്ക്കാനുള്ളതാണെന്നായിരുന്നു ഇടപാടുകാരോട് പറഞ്ഞിരുന്നത്). വായ്പ എത്രയെന്നതിനനുസരിച്ചായിരുന്നു തുക നിശ്ചയിച്ചിരുന്നത്. ഒരു ലക്ഷം രൂപ വേണ്ടവര്‍ ആയിരം രൂപ ആദ്യം അടയ്ക്കണം. രണ്ടായിരം അടച്ചാല്‍ രണ്ട് ലക്ഷം. ഇതുപോലെ പതിനയ്യായിരം രൂപവരെ മുന്‍കൂര്‍ ആയി അടച്ചവരുണ്ട്. വായ്പയ്ക്കാവശ്യമായ പണം നിക്ഷേപിക്കുന്നത് കൂടാതെ ഇടപാടുകാര്‍, മുദ്രപത്രം, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക് എന്നിവയുടെ രണ്ട് ഫോട്ടോ കോപ്പികള്‍, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവയും നല്‍കണമായിരുന്നു. ബാങ്ക് അകൗണ്ട് ഇല്ലാത്തവര്‍ അക്കൗണ്ട് ചേരണം. തങ്ങള്‍ പറയുന്ന ബാങ്കില്‍ അക്കൗണ്ട് ചേരാനും ഇടപാടുകാരെ നിര്‍ബന്ധിച്ചിരുന്നു. കൂടാതെ, സ്ഥലം, വീട് എന്നിവയെ കുറിച്ചുള്ള വിവരവും നല്‍കണം. ഭവന സന്ദര്‍ശനം നടത്തി സ്വന്തമായി വീടും പറമ്പും ഉള്ളവരാണെന്ന് ബോധ്യപ്പെട്ടതിനു ശേഷമെ പണം നല്‍കൂ എന്നും ഇടപാടുകാരോട് വ്യവസ്ഥ വച്ചിരുന്നു. രണ്ടു രൂപ പലിശയിലാണ് വായ്പ നല്‍കുന്നത്. ഒരു ലക്ഷമാണ് വായ്പ എടുക്കുന്നതെങ്കില്‍ ആദ്യത്തെ ആറുമാസം രണ്ടായിരം രൂപ പലിശ അടയ്ക്കണം. ആറുമാസം കഴിഞ്ഞ് മുതലും പലിശയും ചേര്‍ത്ത് അടയ്ക്കണം.

ബാങ്ക് ലോണിനെക്കാളും മറ്റിടങ്ങളില്‍ നിന്നു പണം പലിശയ്ക്ക് എടുക്കുന്നതിനെക്കാളും ആകര്‍ഷകമായി ഹരിത ഫിനാന്‍സിന്റെ വ്യവസ്ഥകള്‍ സ്ത്രീകള്‍ക്ക് തോന്നിയതോടെയാണ് തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര്‍ മുന്‍കൂറായി പണം നിക്ഷേപിക്കാന്‍ എത്തിയത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരും പലവിധ ആവശ്യങ്ങള്‍ക്കായി വലിയ തുകകള്‍ വേണ്ടിയിരുന്നവരുമാണ് ഈ തട്ടിപ്പില്‍ വീണത്. പത്തു രൂപ വട്ടിപ്പലിശയില്‍ ആയിരവും രണ്ടായിരവും അയ്യായിരവും കടം വാങ്ങി ഹരിത ഫിനാന്‍സില്‍ നിക്ഷേപിച്ചവരും ഉണ്ടായിരുന്നു. പണം അടച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വായ്പ നല്‍കാമെന്നായിരുന്നു സ്ത്രീകള്‍ക്ക് കിട്ടിയിരുന്ന വാഗ്ദാനവും. സ്ഥലം വാങ്ങാനും മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ഭര്‍ത്താക്കന്മാര്‍ക്ക് ജോലിക്കായി വിദേശത്ത് പോകാനുമൊക്കെ വീട്ടമ്മമാര്‍ ഹരിത ഫിനാന്‍സില്‍ വായ്പയ്ക്ക് അപേക്ഷിച്ചിരുന്നു. മുന്‍കൂര്‍ ആയി പണവും നിക്ഷേപിച്ചിരുന്നു.

ഇടപാടുകാരില്‍ വിശ്വാസ്യത ഉണ്ടാക്കാന്‍ കഴിഞ്ഞിടത്താണ് ഹരിത ഫിനാന്‍സിന് കൂടുതല്‍ പേരെ തങ്ങളിലേക്ക് ആകര്‍ഷിക്കാനായത്. ആദ്യം സ്ഥാപനമായിട്ടായിരുന്നില്ല ഇവര്‍ പ്രവര്‍ത്തിച്ചത്. ഒരു മാസത്തോളമേ ആയിരുന്നുള്ളൂ തൂക്കുപാലത്ത് ഒരു ചെറിയ ഓഫിസ് തുടങ്ങിയത്. തങ്ങള്‍ക്ക് എല്ലാവിധ ലൈസന്‍സുകളും ഉണ്ടെന്നാണ് ഇടപാടുകാരെ ധരിപ്പിച്ചിരുന്നത്. രജിസ്‌ട്രേഷന്‍ നമ്പര്‍ ഉള്‍പ്പെടെയുള്ള ബോര്‍ഡ് ആയിരുന്നു ഓഫിസിനു മുന്നില്‍ സ്ഥാപിച്ചിരുന്നത്. പ്രദേശവാസികളായ സ്ത്രീകളെ തന്നെ തങ്ങളുടെ ജീവനക്കാരാക്കിയതോടെ അവര്‍ വഴിയും കൂടുതല്‍ പേര്‍ വയ്പ ആവശ്യവുമായി ഹരിത ഫിനാന്‍സില്‍ മുന്‍കൂര്‍ പണം നിക്ഷേപിക്കാന്‍ എത്തി.

കേസിലെ രണ്ടാം പ്രതി ശാലിനിയായിരുന്നു വീട്ടമ്മമാരെ ആദ്യം കൈയിലെടുക്കുന്നത്. ആലപ്പുഴ സ്വദേശിയായ ശാലിനി കഴിഞ്ഞ അഞ്ചു വര്‍ഷത്തോളമായി തൂക്കുപാലത്താണ് താമസം. ഭര്‍ത്താവ് മാനസികരോഗിയായിരുന്നുവെന്നും ഉപേക്ഷിച്ചു പോയതാണെന്നുമൊക്കെയായിരുന്നു ശാലിനി എല്ലാവരോടും പറഞ്ഞിരുന്നത്. അനിയന്റെ വീട് കുമളിയില്‍ ഉണ്ടെന്നും അവിടെയായിരുന്നു താമസമെന്നും അവിടെ നിന്നു തൂക്കുപാലത്തേക്ക് താമസം മാറ്റിയതാണെന്നും തങ്ങളോട് പറഞ്ഞിട്ടുള്ളതായി വീട്ടമ്മാര്‍ പറയുന്നുണ്ട്. എല്ലാവരോടും നന്നായി ഇടപഴകിയിരുന്നയാളുമായിരുന്നു. സംശയം തോന്നിപ്പിക്കുന്ന ഒന്നും ശാലിനിയുടെ സ്വഭാവത്തില്‍ ഉള്ളതായും ആരും പറയുന്നില്ല. തൂക്കുപാലത്തെ കുടുംബശ്രീ സംഘത്തിലും ശാലിനി അംഗമായിരുന്നു.

ഒരിക്കല്‍ ഈ സംഘത്തിലുള്ളവര്‍ക്ക് പണത്തിന്റെ ആവശ്യം പറയുമ്പോഴാണ് അവര്‍ക്കു മുന്നില്‍ ഹരിത ഫിനാന്‍സിലേക്കുള്ള വഴി ശാലിനി തുറന്നിടുന്നത്. അതേക്കുറിച്ച് ലാലി എന്ന വീട്ടമ്മ പറയുന്നത് ഇപ്രകാരമാണ്; “പണത്തിന്റെ ആവശ്യം പറഞ്ഞപ്പോഴാണ് ശാലിനി പറയുന്നത് പണം വായ്പ്പയ്ക്ക് കൊടുക്കുന്നൊരാളുണ്ട്, നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നോട് പറയണമെന്ന്. കുമാറിനെ കുറിച്ചായിരുന്നു ശാലിനി പറഞ്ഞത്. ആദ്യം കുറച്ച് പണം അടയ്ക്കണമെന്നും അതിനുശേഷം ആവശ്യമുള്ള രൂപ വായ്പയായി കിട്ടുമെന്നും ശാലിനി വാഗ്ദാനം ചെയ്തു. ഒരേ സംഘത്തില്‍ പ്രവര്‍ത്തിക്കുന്നയാള്‍ പറഞ്ഞ കാര്യമായതുകൊണ്ട് ഞങ്ങളൊക്കെ വിശ്വസിക്കുകയും ചെയ്തു. ഞാന്‍ അയ്യായിരം രൂപയടച്ചു. അയ്യായിരം അടച്ചാല്‍ അഞ്ചുലക്ഷം കിട്ടും. പണം അടയ്ക്കുന്നതിനൊപ്പം കുറേ രേഖകളും കൊടുക്കേണ്ടി വന്നു. ആ സമയത്ത് അവര്‍ വ്യക്തികള്‍ക്കാണ് പണം കൊടുക്കുന്നതെന്നാണ് പറഞ്ഞത്. പണം അടച്ച ഞങ്ങള്‍ കുറച്ചുപേരെ അവര്‍ വിളിക്കുകയും ഈ സ്ഥാപനത്തിന്റെ ലീഡര്‍മാരായി നിങ്ങളെ നിയമിക്കാമെന്നും പറഞ്ഞു. കൂടുതല്‍ പേരെ ചേര്‍ക്കുകയായിരുന്നു ഞങ്ങളുടെ ഉത്തരവാദിത്വം. പിന്നീട് അവര്‍ ഞങ്ങളെ സ്ഥാപനത്തിലെ ജീവനക്കാരാക്കി. നൂറോളം പേരെ ഞങ്ങള്‍ ചേര്‍ക്കുകയും ചെയ്തു”. ഒരു മാസവും പത്തു ദിവസവുമാണ് താന്‍ അവിടെ ജോലി ചെയ്തതെന്നും പന്ത്രണ്ടായിരം രൂപ ശമ്പളമായി കിട്ടിയിട്ടുണ്ടെന്നും ലാലി പറയുന്നു.

ലാലിയെ പോലെ കുറച്ചു പേരെ ജീവനക്കാരിയി നിയമിച്ചു. അവരെല്ലാം തന്നെ തദ്ദേശവാസികളായിരുന്നു. ആ കൂട്ടത്തില്‍ ഒരാളായിരുന്നു മഞ്ജുവും. വായ്പ എടുക്കാന്‍ വേണ്ടി പണം നിക്ഷേപിക്കാന്‍ എത്തിയതാണെങ്കിലും കൂടുതല്‍പേരെ തങ്ങളുടെ ഇടപാടുകാരാക്കുകയാണെങ്കില്‍ ആകര്‍ഷകമായ ശമ്പളത്തില്‍ (ഇരുപതിനായിരവും മുപ്പതിനായിവരുമൊക്കെയായിരുന്നു ഓഫര്‍) ജോലി നല്‍കാമെന്നും പറഞ്ഞതിന്റെ പുറത്ത് അവര്‍ക്കൊപ്പം കൂടിയവരില്‍ മഞ്ജുവും ഉണ്ടായിരുന്നു. മഞ്ജുവിനെ ഹരിത ഫിനാന്‍സിന്റെ മാനേജര്‍ ആക്കി. ശാലിനിയായിരുന്നു മാനേജിംഗ് ഡയറക്ടര്‍, രാജ് കുമാര്‍ ഡയറക്ടറും.

മഞ്ജുവിനെയും ലാലിയേയും പോലുള്ളവര്‍ ഹരിത ഫിനാന്‍സിലേക്ക് ആളുകളെ ആകര്‍ഷിച്ചു. നാട്ടുകാരായവര്‍ തന്നെ പറയുമ്പോള്‍ കൂടുതല്‍ അന്വേഷണത്തിലേക്കൊന്നും മറ്റുള്ളവര്‍ പോയില്ല. അങ്ങനെ എത്തിയവരില്‍ നെടുങ്കണ്ടം ഗ്രാമപഞ്ചായത്തിലെ അഞ്ചു വനിത മെംബര്‍മാരും ഉണ്ടായിരുന്നു. ആലീസ് തോമസ് (സ്വതന്ത്ര), റാണി തോമസ് (കോണ്‍ഗ്രസ്, ഇവര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയാണ്), കൈലാസപ്പാറ വാര്‍ഡിലെ മെംബര്‍ ലൈലത്ത് (കോണ്‍ഗ്രസ്), പത്തുവളവ് വാര്‍ഡിലെ എല്‍സി തോമസ് (എല്‍ഡിഎഫ് സ്വതന്ത്ര), തൂക്കുപാലം വാര്‍ഡിലെ ഷാന്റി രാജേഷ്. ഇതില്‍ റാണി തോമസ്, ലൈലത്ത് എന്നിവര്‍ അയ്യായിരവും, എല്‍സി തോമസ് മൂവായിരവും, റാണി തോമസ് രണ്ടായിരവും ഷാന്റി രാജേഷ് പതിനയ്യായിരവും രൂപ അടച്ചിരുന്നു.

ഭര്‍ത്താവിന് ഗള്‍ഫില്‍ പോകാന്‍ ആവശ്യമായ പണത്തിനു വേണ്ടി നടക്കുമ്പോള്‍ ലാലിയാണ് ഹരിത ഫിനാന്‍സിനെ കുറിച്ച് പറയുന്നതെന്നാണ് ഷാന്റി അഴിമുഖത്തോട് പറയുന്നു. മഞ്ജുവിനെയും നേരത്തെ പരിചയം ഉണ്ടായിരുന്നതുകൊണ്ട് കൂടുതല്‍ അന്വേഷണത്തിനൊന്നും പോയില്ലെന്നാണ് ഷാന്റി പറയുന്നത്. “രണ്ട് രൂപ പലിശയേയുളളൂവെന്നതും വേഗത്തില്‍ പണം കിട്ടുമെന്നുള്ളതുകൊണ്ട് മുന്‍കൂര്‍ അടയ്‌ക്കേണ്ട പതിനയ്യായിരം രൂപയടച്ചു. ചോദിച്ച ഡോക്യുമെന്റുകള്‍ എല്ലാം കൊടുക്കുകയും ചെയ്തു. ഒരു അകൗണ്ട് കൂടി എടുക്കണമെന്നു കൂടി പറഞ്ഞു. എന്റെ സ്വന്തം സ്ഥലം പാലായാണ്. ഒന്നുകില്‍ പാലായിലോ അല്ലെങ്കില്‍ തമിഴ്‌നാട്ടിലോ അക്കൗണ്ട് തുടങ്ങാനായിരുന്നു പറഞ്ഞത്. അത് വേണ്ടെന്നു ഞാന്‍ പറഞ്ഞു. വായ്പ്പ ലഭിക്കുമെന്ന് ആദ്യം പറഞ്ഞ തീയതിക്ക് തന്നില്ല. പിന്നെയും തീയതികള്‍ മാറി മാറിക്കൊണ്ടിരുന്നപ്പോള്‍ സംശയമായി. വായ്പ വേണ്ടെന്നും തന്ന പണവും രേഖകളും തിരികെ തന്നാല്‍ മതിയെന്നു ഞാന്‍ മഞ്ജുവിനെ വിളിച്ചു പറഞ്ഞു. പണം ഉടനെ കിട്ടുമെന്നാണ് മഞ്ജു ആദ്യം പറഞ്ഞത്. അവരുടെ ഓഫിസില്‍ നിന്നും എന്നെ വിളിക്കുകയും ചെയ്തു. ഹൗസ് വിസിറ്റിംഗിന് ആളു വരുമെന്നും അത് കഴിഞ്ഞാല്‍ പണം കിട്ടുമെന്നും പറഞ്ഞു. ഹൗസ് വിസിറ്റിംഗിനും ആളു വന്നില്ല, പണവും കിട്ടിയില്ല. ഞാന്‍ വീണ്ടും മഞ്ജുവിനെ വിളിച്ചപ്പോള്‍ ഡോക്യുമെന്റ്‌സ് എല്ലാം വീട്ടില്‍ ഉണ്ട് ചേച്ചി, തരാം എന്നാണ് അവര് പറഞ്ഞത്. പിന്നീട് കേട്ടത് അവരെയെല്ലാം പോലീസ് പിടിച്ചതും തട്ടിപ്പുകാരായിരുന്നുവെന്നുമാണ്.”

ഹരിത ഫിനാന്‍സിലേക്ക് ആളുകളെ ചേര്‍ക്കാന്‍ കോണ്‍ഗ്രസിന്റെ ജനപ്രതിനിധിയായ ഷാന്റി ശ്രമിച്ചിരുന്നോ എന്ന ചോദ്യത്തിന് താന്‍ ആരെയും ചേര്‍ത്തിട്ടില്ലെന്നും ആരോടും ഇതേക്കുറിച്ച് പറഞ്ഞിട്ടില്ലെന്നുമാണ് പറയുന്നത്. എന്നാല്‍ കോണ്‍ഗ്രസിന്റെ തന്നെ മറ്റൊരു മെംബര്‍ ആയ ലൈലത്ത് പറയുന്നത്, ഷാന്റിയാണ് ഹരിത ഫിനാന്‍സിനെ കുറിച്ച് തങ്ങളോട് പറയുന്നതെന്നാണ്. ലൈലത്തിന്റെ വാക്കുകള്‍; “പണം വളരെ അത്യാവശ്യമായി നില്‍ക്കുന്ന സമയത്തായിരുന്നു ഷാന്റി മെംബര്‍ ഹരിത ഫിനാന്‍സിനെ കുറിച്ച് പറയുന്നത്. ഓഫിസില്‍ ഒന്നും പോകേണ്ട, വീട്ടില്‍ പോയി കണ്ട് പണം അടച്ചാല്‍ മതിയെന്നും ഷാന്റി മെംബര്‍ പറഞ്ഞു. കുമാറിന്റെ വാടക വീട്ടില്‍ ചെന്നാണ് അയ്യായിരം രൂപ കൊടുക്കുന്നത്. ആവശ്യപ്പെട്ട എല്ലാ രേഖകളും നല്‍കി. പഞ്ചായത്ത് മെംബര്‍മാര്‍ ഉള്‍പ്പെടെ പറഞ്ഞിരുന്നതിനാല്‍ വേറെ സംശയവും തോന്നിയില്ല. പിന്നെ പണത്തിന് വലിയ അത്യാവശ്യവും ഉണ്ടായിരുന്നു. അവരെല്ലം പിടിയിലാകുന്നതിന് മൂന്നു ദിവസം മുമ്പ് മാത്രമായിരുന്നു ഞാന്‍ പണം അടച്ചതും”.

മറ്റൊരു മെംബര്‍ ആയ എല്‍സി തോമസ് ചേരുന്നതും പഞ്ചായത്തില്‍ ഇതിനെക്കുറിച്ച് പറഞ്ഞുകേട്ടാണ്. അഞ്ചു പേര്‍ ചേര്‍ന്ന് ജിഎല്‍ജി ഗ്രൂപ്പായാണ് വായ്പ എടുക്കാന്‍ തീരുമാനിച്ചത്. എല്‍സി ഉള്‍പ്പെടെ നാലു പേര്‍ മൂവായിരവും ഒരാള്‍ രണ്ടായിരവും എടുത്ത് മൊത്തം പതിനാലായിരം രൂപയും എല്ലാ രേഖകളും നല്‍കി. ഇവരെ ഓഫിസില്‍ നിന്നും വിളിച്ച് ഹൌസ് വിസിറ്റിംഗിന് ഉടന്‍ എത്തുമെന്നും അതിനുശേഷം പണം കിട്ടുമെന്നും അറിയിക്കുകയും ചെയ്തിരുന്നു. കേസ് വരുന്നതിന് ഒരാഴ്ച്ച മുന്‍പായിരുന്നു എല്‍സിയും സംഘവും പണം അടച്ചത്. വൈസ് പ്രസിഡന്റ് റാണി തോസിനും ഭര്‍ത്താവിന് ഗള്‍ഫില്‍ പോകാന്‍ (റാണി തോമസിന്റെയും ഷാന്റി രാജേഷിന്റെയും ഭര്‍ത്താക്കന്മാര്‍ ഒരുമിച്ചാണ് ഗള്‍ഫില്‍ പോകാന്‍ തയ്യാറെടുത്തിരുന്നത്) ആവശ്യത്തിനായിരുന്നു പണം. ജിഎല്‍ജി ഗ്രൂപ്പ് ആയിട്ടാണ് റാണിയും വായ്പയ്ക്ക് അപേക്ഷിച്ചത്. രണ്ടായിരം രൂപ നല്‍കി. രേഖകളൊന്നും നല്‍കിയിരുന്നില്ലെന്നും പണം കിട്ടുന്ന മുറയ്ക്ക് അവ നല്‍കാമെന്നായിരുന്നു പറഞ്ഞിരുന്നതെന്നും റാണി തോമസ് പറയുന്നു. ശാലിനിയോടായിരുന്നു സംസാരിച്ചതെന്നും രാജ് കുമാറിനെ വീട്ടില്‍ പോയി കണ്ടിരുന്നുവെന്നും റാണി തോമസ് സമ്മതിക്കുന്നുണ്ട്. മറ്റൊരു മെംബറായ ആലീസ് തോമസ് പറയുന്നത് താന്‍ പണം നിക്ഷേപിച്ചത് മറ്റ് മെംബര്‍മാര്‍ ക്വാറം തികയാന്‍ വേണ്ടി തന്നോടു കൂടി ചേരാന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണെന്നാണ്. ഷാന്റി രാജേഷ് ആണ് തന്നോട് ചേരാന്‍ പറയുന്നതെന്നും ആലീസ് പറയുന്നുണ്ട്. എന്നാല്‍ ആലീസ് പറയുന്നത് തെറ്റാണെന്നും താന്‍ പറഞ്ഞിട്ടല്ല സ്വന്തം താത്പര്യപ്രകാരമാണ് ആലീസ് ചേര്‍ന്നതെന്നുമാണ് ഷാന്റി പറയുന്നത്. ഈ അഞ്ചു മെംബര്‍മാരെ കൂടാതെ മറ്റ് സ്ത്രീ ജനപ്രതിനിധികളും ഹരിത ഫിനാന്‍സില്‍ പണം നിക്ഷേപിക്കാന്‍ തയ്യാറായിരിക്കെയാണ് തട്ടിപ്പ് പിടികൂടുന്നത്.

വ്യക്തിപരമായി അപേക്ഷിച്ചവരെ കൂടാതെ നൂറ്റിനാല്‍പ്പതോളം ജെഎല്‍ജികളില്‍ നിന്നും വായ്പ തരാമെന്നു പറഞ്ഞ് പണം വാങ്ങിയിരുന്നു. എന്നാല്‍ ഒരാള്‍ക്കു പോലും വായ്പ നല്‍കിയില്ല. ചോദിച്ചിരുന്നവരോടെല്ലാം പല കാരണങ്ങള്‍ പറഞ്ഞാണ് സംഘം ഒഴിഞ്ഞു മാറുകയായിരുന്നു. ആദ്യത്തെ അമ്പത് പേര്‍ക്ക് ആദ്യം പണം നല്‍കും, അതിനുശേഷം അടുത്ത അമ്പത് പേര്‍ക്ക് എന്നതായിരുന്നു ഒരു ന്യായം. എല്ലാ രേഖകളും പരിശോധിക്കാനും അപേക്ഷകരുടെ എല്ലാം ഭവന സന്ദര്‍ശനത്തിനും മറ്റും വേണ്ടി വരുന്ന സമയമാണ് വായ്പ അനുവദിക്കുന്നതിന് കാലതാമസം വരുത്തുന്നതെന്നായിരുന്നു മറ്റൊരു ന്യായം. വായ്പ വേണ്ടെങ്കില്‍ പണം തിരികെ നല്‍കാമെന്ന ഉറപ്പും ചിലര്‍ക്ക് കൊടുത്തിരുന്നു. പക്ഷേ, ഒന്നും നടന്നില്ലെന്നു മാത്രം.

വായ്പയ്ക്കായി പണം മുന്‍കൂര്‍ അടച്ച പഞ്ചായത്ത് മെംബര്‍മാര്‍ ഉള്‍പ്പെടെ രാജ് കുമാറിനെ നേരില്‍ കാണുകയും സംസാരിക്കുകയും ചെയ്തവര്‍ ഏറെയുണ്ട്. തൂക്കുപാലത്ത് ഓഫിസ് തുടങ്ങുന്നതിന് മുമ്പ് ഒന്നു രണ്ടു ദിവസങ്ങള്‍ മാത്രമായിരുന്നു രാജ് കുമാര്‍ നെടുങ്കണ്ടത്ത് വന്നിട്ടുള്ളതെന്നും പിന്നീട് വരുന്നത് മേയ് 23-ന് ഓഫിസ് ഉദ്ഘാടനത്തിന് ആണെന്നും പറയുന്നു. ഓഫിസ് തുടങ്ങിക്കഴിഞ്ഞാണ് നെടുങ്കണ്ടത്ത് വാടക വീട് എടുക്കുന്നത്. പിന്നീട് മിക്ക ദിവസങ്ങളിലും ഓഫിസില്‍ വരുമായിരുന്നു. കോലഹാലമേട്ടിലെ ഒരു ലയത്തില്‍, കൂലിപ്പണികള്‍ എടുത്ത് ജീവിച്ചിരുന്ന ഏഴാം ക്ലാസുകാരനായ രാജ് കുമാറിന് മറ്റൊരു മേല്‍വിലാസമായിരുന്നു അവിടെ. വണ്ടിപ്പെരിയാര്‍ സ്വദേശിയായ റിട്ടയേര്‍ഡ് പോസ്റ്റ്മാന്‍. കുമളിയിലും ഏറ്റുമാനൂരിലുമൊക്കെയായി ജോലി നോക്കിയിട്ടുണ്ട്. ഭാര്യയുമായി വിവാഹബന്ധം വേര്‍പ്പെടുത്തി. രണ്ട് പെണ്‍മക്കള്‍ ഉള്ളത് രണ്ടു പേരും ഹോസ്റ്റലില്‍ നിന്നു പഠിക്കുന്നു. വീട്ടില്‍ അമ്മ മാത്രമാണുള്ളത്. ജോലിയില്‍ നിന്നും വിരമിച്ച ശേഷമാണ് പണമിടപാട് തുടങ്ങുന്നത്. മാത്രമല്ല, കാന്‍സര്‍ രോഗിയുമായിരുന്നു രാജ് കുമാര്‍. മലയാളം എഴുതാനോ വായിക്കാനോ അറിയാത്ത, ഒരു സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാന്‍ പോലും കഴിവില്ലാത്ത രാജ് കുമാര്‍ ഒരു സാമ്പത്തിക ഇടപാട് സ്ഥാപനത്തിന്റെ ഡയറക്ടര്‍ സ്ഥാനത്ത് എത്തിയപ്പോള്‍ ഇടപാടുകാരുടെ പല സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി പറയേണ്ടി വരും. ഇതൊഴിവാക്കാന്‍ കണ്ടെത്തിയ വഴിയായിരുന്നു കാന്‍സര്‍ രോഗം. കാന്‍സര്‍ ബാധിതനായതിനാല്‍ അധികം സംസാരിക്കാന്‍ കഴിയില്ലെന്നായിരുന്നു ശാലിനി എല്ലാവരോടും പറഞ്ഞിരുന്നത്. ഡയറക്ടറെ ഫോണില്‍ ബന്ധപ്പെടാന്‍ നമ്പര്‍ ചോദിക്കുന്നവരോടും കാന്‍സര്‍ രോഗിയായതിനാല്‍ ഫോണ്‍ ഉപയോഗിക്കാറില്ലെന്നായിരുന്നു ശാലിനിയുടെ മറുപടി. മഞ്ജുവിന്റെയും ശാലിനിയുടെയും നമ്പരുകളായിരുന്നു എല്ലാവര്‍ക്കും നല്‍കിയിരുന്നത്. എല്ലാവരുടെയും വായ്പകള്‍ ശരിയാക്കിയിട്ട് വേണം രാജ് കുമാറിനെ ചികിത്സയ്ക്ക് കൊണ്ടുപോകാനെന്നു കൂടി ശാലിനി തങ്ങളോട് പറഞ്ഞിരുന്നതായി വീട്ടമ്മമാര്‍ പറയുന്നു. ശാലിനിയുടെ ഭര്‍ത്താവാണ് രാജ് കുമാര്‍ എന്നു കരുതിയവരുമുണ്ട്. കുമാറിനെ ശാലിനി ചേട്ടായി എന്നായിരുന്നു വിളിച്ചിരുന്നതെന്നും അവര്‍ തമ്മിലെ ഇടപെടല്‍ കാണുമ്പോള്‍ ഭാര്യഭര്‍ത്താക്കന്മാരാണെന്നു തോന്നുമെന്നും ചില വീട്ടമ്മമാര്‍ പറയുന്നുണ്ട്.

തൂക്കുപാലത്തായിരുന്നു താമസിച്ചിരുന്നതെങ്കിലും ശാലിനിയുടെ കുടുംബത്തെ കുറിച്ചൊന്നും തങ്ങള്‍ക്ക് കൂടുതല്‍ അറിയില്ലായിരുന്നുവെന്നാണ് ഇവര്‍ പറയുന്നത്. നാലു മാസങ്ങള്‍ക്ക് മുമ്പ് കോലാഹലമേട്ടിലെ വീട്ടില്‍ നിന്നും രാജ് കുമാര്‍ അപ്രത്യക്ഷനാകുന്നതിനു പിന്നാലെ പറഞ്ഞു കേട്ട ഒരു കാര്യം ഒരു സ്ത്രീക്കൊപ്പം രാജ് കുമാര്‍ പോയെന്നാണ്. എന്നാല്‍ കുമാറിന്റെ ബന്ധുക്കള്‍ പറയുന്നത്, അയാള്‍ വാഗമണ്‍ വിട്ട് പുറത്തേക്ക് അതിനു മുമ്പ് ജോലിക്കോ മറ്റോ ആയി പോയിട്ടില്ലെന്നാണ്. വീട് വിട്ട് മാറി നിന്നിട്ടുമില്ലെന്നു പറയുമ്പോള്‍ തൂക്കുപാലം സ്വദേശിയായ ശാലിനിയുമായി കുമാറിന് ബന്ധമുണ്ടാകുന്നതെങ്ങനെയാണെന്നൊരു ചോദ്യം ഉണ്ട്. ഹരിത ഫിനാന്‍സ് എന്ന തട്ടിപ്പ് സംഘത്തിലേക്ക് ശാലിനി കുമാറിനെ എത്തിക്കുകയായിരുന്നോ, അതോ കുമാറും ശാലിനിയും ഒരുമിച്ച് ഈ സംഘത്തിന്റെ ഭാഗമാവുകയായിരുന്നോ എന്നതും ചോദ്യമാണ്. കുമാര്‍ മരിച്ച സ്ഥിതിക്ക് ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തരാന്‍ ശാലിനിക്ക് മാത്രമേ കഴിയൂ എന്നാണ് പണം നഷ്ടപ്പെട്ടവര്‍ പറയുന്നത്.

ഹരിത ഫിനാന്‍സ് എന്ന സ്ഥാപനത്തിനു പിന്നില്‍ ശാലിനിയും കുമാറും മാത്രമല്ല ഉള്ളതെന്ന് ജീവനക്കാരിയായിരുന്ന ലാലി ഉള്‍പ്പെടെ പറയുന്നത് ഉറപ്പോടെയാണ്. ശാലിനി തന്നെ അക്കാര്യം തങ്ങളോട് പറഞ്ഞിട്ടുള്ളതാണെന്നും ഇവര്‍ പറയുന്നു. തങ്ങള്‍ ഇടയ്ക്ക് നില്‍ക്കുന്നവരാണെന്നും മലപ്പുറത്തുള്ളവരാണ് പണം നല്‍കുന്നതെന്നും ശാലിനി പറഞ്ഞിട്ടുണ്ടെന്നു ലാലി പറയുന്നു. നാസര്‍, രാജു എന്നീ രണ്ടു പേരാണ് ഇതിനു പിന്നില്‍ ഉള്ളതെന്നും ശാലിനി പറഞ്ഞിട്ടുള്ളതായി ലാലി പറയുന്നുണ്ട്. നിക്ഷേപകരുടെ കൈയില്‍ നിന്നും വാങ്ങുന്ന പണം ഇവര്‍ക്കാണ് കൊടുത്തിരുന്നത്. ഇവര്‍ രേഖകളും മറ്റും പരിശോധിച്ച് ഉറപ്പ് വരുത്തിയതിനുശേഷം ഒന്നുകില്‍ നേരിട്ടോ അല്ലെങ്കില്‍ ശാലിനിയോ കുമാറോ മുഖേനയോ പണം നല്‍കുമെന്നായിരുന്നു പറഞ്ഞിരുന്നത്. തൂക്കുപാലത്തെ ഓഫിസും ലൈസന്‍സുമെല്ലാം ശാലിനിയുടെ പേരിലായിരുന്നുവെന്നും ലാലി വെളിപ്പെടുത്തുന്നുണ്ട്. എന്നാല്‍ ആരാണീ നാസര്‍, രാജു എന്ന ചോദ്യത്തിന് ലാലി ഉള്‍പ്പെടെ ആര്‍ക്കും ഉത്തരമില്ല. ശാലിനിയില്‍ നിന്നും കേട്ട രണ്ടു പേരുകള്‍ മാത്രമാണ് അവര്‍ക്ക് ആകെ അറിയാവുന്നതെന്നാണ് പറയുന്നത്. ആളുകളുടെ പണമെല്ലാം രാജു സാറിനാണ് കൈമാറുന്നതെന്ന് ശാലിനി പറയാറുണ്ട്. അതില്‍ കൂടുതലൊന്നും പറഞ്ഞിട്ടുമില്ല, തങ്ങള്‍ക്ക് അറിയുകയുമില്ലെന്നാണ് ഈ സ്ത്രീകള്‍ പറയുന്നത്. തട്ടിപ്പ് നടത്തിയ തുക നാസറിന്റെയും രാജുവിന്റെയും കൈവശം എത്തിയിട്ടുണ്ടാകുമെന്നും ഇവര്‍ പറയുന്നു.

ഒരു പഞ്ചായത്തിനെ മുഴുവന്‍ കബളിപ്പിച്ചു കൊണ്ടാണ് ഒരു വര്‍ഷത്തിനടുത്തായി ഹരിത ഫിനാന്‍സിന്റെ പിന്നിലുള്ളവര്‍ കോടികള്‍ തട്ടിയെടുത്തത്. പണവും വിലപ്പെട്ട രേഖകളും നഷ്ടപ്പെട്ടവര്‍ അവസാന നിമിഷം വരെ തങ്ങള്‍ ചതിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞില്ലെന്നതാണ് വസ്തുത. പഞ്ചായത്ത് മെംബര്‍മാരയവര്‍ ഉള്‍പ്പെടെ വായ്പക്കാര്‍ എത്തിയതോടെ ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ വിശ്വാസ്യത നേടിയെടുക്കാന്‍ തട്ടിപ്പുകാര്‍ക്കായി. ഒരു ലൈസന്‍സും ഇല്ലാതെയാണ് ഹരിത ഫിനാന്‍സ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ഒരു വിഭാഗം ജനപ്രതിനിധികള്‍ പറയുമ്പോള്‍ രജിസ്‌ട്രേഷനും ലൈസന്‍സും എല്ലാം ഉണ്ടെന്നു കാണിക്കുന്ന ബോര്‍ഡ് വച്ചാണ് ഓഫീസ് പ്രവര്‍ത്തിച്ചിരുന്നതെന്നു പണം നിക്ഷേപിച്ച ജനപ്രതിനിധികള്‍ പറയുന്നു. അനധികൃത സംഘമായിരുന്നിട്ടും ഹരിത ഫിനാന്‍സ് നോട്ടീസ് അടിച്ച് പഞ്ചായത്തില്‍ ഉള്‍പ്പെടെ വിതരണം ചെയ്യുകയും ചെയ്തിരുന്നു. ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ഹരിത ഫിനാന്‍സുകാര്‍ കളിച്ചതാണോ അതോ അവര്‍ക്ക് അധികാരമുള്ളവരില്‍ നിന്നും സഹായം കിട്ടിയിരുന്നോ എന്നതാണ് മറ്റൊരു ചോദ്യം. ഇതിനെല്ലാം ഉത്തരം കിട്ടാന്‍ ഇപ്പോള്‍ അന്വേഷണ സംഘത്തിനു മുന്നില്‍ ഉള്ളത് ശാലിനിയാണ്. ശാലിനിയില്‍ നിന്നും നാസര്‍, രാജു എന്നിവരിലേക്ക് എത്താന്‍ കഴിഞ്ഞാല്‍ പല ദുരൂഹതകള്‍ക്കും അവസാനം കാണാന്‍ കഴിഞ്ഞേക്കാം.

Read More: രാജ് കുമാറിന്‍റേത് പോലീസ് ക്വട്ടേഷനോ? ദുരൂഹതകള്‍ വിരല്‍ ചൂണ്ടുന്നത് കുടുംബശ്രീ ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ചുള്ള കോടികളുടെ പണമിടപാട് തട്ടിപ്പിലേക്ക്

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍