അനിവാര്യമായ വിധിയെ തടഞ്ഞുനിര്‍ത്താനാകാതെ കോണ്‍ഗ്രസിനുവേണ്ടി പ്രതിരോധമുയര്‍ത്തിയ ഡി കെ ശിവകുമാര്‍
രാജിവച്ച കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് കര്‍ണാടക സ്പീക്കര്‍ക്ക് മുമ്പാകെ ഇന്ന് വൈകിട്ട് ആറുമണിക്ക് ഹാജരായി തങ്ങളുടെ രാജി സമര്‍പ്പിക്കാമെന്ന് സുപ്രീം കോടതി അല്‍പ്പം മുമ്പ് ഉത്തരവിട്ടിരിക്കുകയാണ്. റിബല്‍ എംഎല്‍എമാര്‍ രാജി സമര്‍പ്പിച്ചത് ചട്ടപ്രകാരമല്ലെന്നും അവര്‍ തന്നെ കണ്ടിട്ടില്ലെന്നും കഴിഞ്ഞ ദിവസം സ്പീക്കര്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. നാളെ കേസ് വീണ്ടും പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. അതെ സമയം, കോണ്‍ഗ്രസ്-ജെഡി (എസ്) സര്‍ക്കാരിന്റെ നിലനില്‍പ്പിനുള്ള അവസാന ശ്രമമെന്ന നിലയില്‍ എംഎല്‍എമാരെ അയോഗ്യരാക്കണം എന്നാണ് ഇരു പാര്‍ട്ടികളും ആവശ്യപ്പെടുന്നത്. എംഎല്‍എമാര്‍ രാജി വയ്ക്കുകയും ഇക്കാര്യത്തില്‍ സ്പീക്കര്‍ ഇനി എന്ത് തീരുമാനം എടുക്കും എന്നതും സുപ്രീം കോടതിയിലേക്ക് ഒരു നിയമയുദ്ധമായി ഇത് മാറുമോ എന്നതും അറിയേണ്ടതുണ്ട്. എന്നാല്‍ ഒരുകാര്യം ഉറപ്പിക്കാം എന്നത് എച്ച്ഡി കുമാരസ്വാമി സര്‍ക്കാരിന്റെ നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു എന്നതാണ്. കര്‍ണാടകയില്‍ വീണ്ടും ഒരു ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമോ എന്ന സാധ്യതയിലേക്കാണ് കാര്യങ്ങള്‍ വിരല്‍ ചൂണ്ടുന്നതും.
ബിജെപിയുടെ തെക്കെ ഇന്ത്യയിലെ സ്വപ്‌നഭൂമിയാണ് കര്‍ണാടക. ഹിന്ദി ബെല്‍റ്റിലെ പാര്‍ട്ടിയെന്ന അപഖ്യാതി ബിജെപിക്ക് മാറ്റികൊടുത്ത ഭൂമി. അതുകൊണ്ട് അവിടെ അധികാരം പിടിച്ചെടുക്കുക, അത് നിലനിര്‍ത്തുക എന്നത് ബിജെപിക്ക് അഭിമാന പ്രശ്‌നം കൂടിയാണ്. 2008-ല്‍ ആദ്യമായി കര്‍ണാടകത്തില്‍ ബിജെപിയെ അധികാരത്തിലെത്തിച്ച ബിഎസ് യെദിയൂരപ്പയെ തന്നെ മുന്നില്‍നിര്‍ത്തിയാണ് ബിജെപിയുടെ പോരാട്ടം. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതാണെങ്കിലും യെദിയൂരപ്പയെ കൂടെ നിര്‍ത്തിയാണ് ബിജെപി, ഇപ്പോള്‍ കോണ്‍ഗ്രസ് – ജനതാദള്‍ (എസ്) സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നത്. കോടികളുടെ വിലയിട്ടാണ് യെദിയൂരപ്പയും അദ്ദേഹത്തിന്റെ പിന്നില്‍ നിന്ന് അറിയപ്പെടുന്നതും അല്ലാത്തതുമായ ബിസിനസ് സാമ്രാട്ടുകളും എംഎല്‍എമാരോട് വിലപേശുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എംഎല്‍എമാര്‍ക്ക് വിലയിടുന്നതിന്റെ ശബ്ദരേഖകള്‍ പുറത്തുവന്നിട്ടുപോലും അതുപോലും ബിജെപിയെ പ്രതിരോധത്തിലാക്കുന്നില്ല. കാരണം എങ്ങനെയും കര്‍ണാടക പിടിക്കുകയെന്നതിലപ്പുറം രാഷ്ട്രീയ നൈതികതയൊന്നും അവര്‍ ഈ വിഷയത്തില്‍ കാണുന്നില്ല.
കര്‍ണാടകത്തില്‍ കഴിഞ്ഞവര്‍ഷം മെയ് മാസമാണ് നിയമസഭ തെരഞ്ഞെടുപ്പ് നടന്നത്.
മൂന്ന് പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ കോണ്‍ഗ്രസ്, ബിജെപി, ജെഡി (എസ്) തനിച്ചാണ് മത്സരിച്ചത്. 224 അംഗ സഭയില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി. 104 സീറ്റാണ് ബിജെപിക്ക് ലഭിച്ചത്. ഭരണകക്ഷിയായിരുന്ന കോണ്‍ഗ്രസിന് 80 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ദേവഗൌഡയുടെ പാര്‍ട്ടിക്ക് 37 സീറ്റുകളും ലഭിച്ചു.
ഫലപ്രഖ്യാപനം നടന്ന ഉടന്‍ തന്നെ കോണ്‍ഗ്രസ്, ജെഡി (എസ്) – മായി ധാരണയുണ്ടാക്കി. മുഖ്യമന്ത്രി സ്ഥാനം ജെഡി(എസ്)-നു നല്‍കാനും കോണ്‍ഗ്രസ് തയ്യാറായി. എന്നാല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെന്ന നിലയില്‍ ബിജെപിയെ മന്ത്രിസഭ രൂപികരിക്കാന്‍ ക്ഷണിക്കണമെന്നതായിരുന്നു ആ പാര്‍ട്ടിയുടെ ആവശ്യം. അന്ന് തുടങ്ങിയതാണ് കര്‍ണാടകത്തിലെ നാടകീയ രംഗങ്ങള്‍. ഗുജറാത്ത് സ്വദേശിയായ ഗവര്‍ണര്‍ യെദിയൂരപ്പയെ മുഖ്യമന്ത്രിയായി നിയമിച്ചു. ഗവര്‍ണറുടെ നീക്കങ്ങളെ കോണ്‍ഗ്രസ് നിയമപരമായി നേരിട്ടു. സുപ്രീം കോടതിയെ സമീപിച്ചു. ആംഗ്ലോ ഇന്ത്യന്‍ അംഗത്തെ നോമിനേറ്റ് ചെയ്തുകൊണ്ടും മറ്റും ഭൂരിപക്ഷം നേടാനായിരുന്നു യെദിയൂരപ്പയുടെ ശ്രമം. ഇതിന് സഹായകരമായ രീതിയില്‍ 15 ദിവസത്തിനകം ഭൂരിപക്ഷം തെളിയിച്ചാല്‍ മതിയെന്നായിരുന്നു ഗവര്‍ണര്‍ നിര്‍ദ്ദേശവും നല്‍കിയത്. എന്നാല്‍ സുപ്രീം കോടതി യെദിയൂരപ്പയുടെയും ബിജെപിയുടെയും മോഹങ്ങള്‍ കെടുത്തി. ഒരു ദിവസത്തിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് യെദിയൂരപ്പയോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന് അതിന് സാധിച്ചില്ല. വിശ്വാസവോട്ടിനിടെ രാജി പ്രഖ്യാപിച്ച് പുറത്തുപോകേണ്ടിവന്നു. ഇക്കാര്യത്തില്‍ അടല്‍ ബിഹാരി വാജ്‌പേയിയെ ആണ് അദ്ദേഹം മാതൃകയാക്കിയതെന്ന് തോന്നുന്നു. 13 ദിവസത്തെ ഭരണത്തിന് ശേഷം വിശ്വാസ പ്രമേയത്തിനിടക്കായിരുന്നു 1996-ല്‍ വാജ്‌പേയ് രാജിവെച്ചത്.
Also Read: ആസന്ന മരണചിന്തകളില്‍ പെട്ടുപോയ കോണ്‍ഗ്രസ്, അതിജീവനത്തിന് ഡി കെ ശിവകുമാറുമാര്‍ മതിയാവില്ല
അധികാരം നഷ്ടപ്പെട്ട യെദിയൂരപ്പ, ബിജെപി സര്‍ക്കാരിനെ എങ്ങനെയും തിരിച്ച് അധികാരത്തിലെത്തിക്കുമെന്ന് നിരവധി തവണ ആവര്‍ത്തിക്കുകയുണ്ടായി. പല രീതിയിലുള്ള ഓഫറുകളും തങ്ങള്‍ക്ക് ലഭിച്ചുവെന്ന് ചില എംഎല്‍എ മാര്‍ തന്നെ വെളിപ്പെടുത്തുകയും ചെയ്തു. എന്നാല്‍ അതൊന്നും ബിജെപിയെ ബാധിക്കുന്നതായിരുന്നില്ല. അവര്‍ നിരന്തരം ശ്രമിച്ചു. അതിനെയെല്ലാം ചെറുത്തത് ഡികെ ശിവകുമാര്‍ എന്ന കോണ്‍ഗ്രസ് നേതാവിന്റെ കൗശലവും സാമ്പത്തിക പിന്‍ബലവുമായിരുന്നു.
കോണ്‍ഗ്രസിലെ പടലപ്പിണക്കങ്ങളും ഭരണത്തോടുള്ള മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ എതിര്‍പ്പുമെല്ലാം ബിജെപിക്ക് കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ എളുപ്പമാക്കേണ്ടതായിരുന്നു. എന്നാല്‍ ബിജെപിയുടെ തന്ത്രങ്ങള്‍ക്ക് അതേ നാണയത്തില്‍ ചെറുത്തുനില്‍പ്പ് നടത്തി ശിവകുമാര്‍ സര്‍ക്കാരിനെ സംരക്ഷിച്ചുനിര്‍ത്തി. ‘കാണാതാകുന്ന’ കോണ്‍ഗ്രസ് എംഎല്‍എമാരെ അദ്ദേഹം സമയാസമയങ്ങളില്‍ തിരിച്ചെത്തിച്ചു.
ജനതാദള്‍ എസ് – കോണ്‍ഗ്രസ് ബന്ധവും ശക്തമായിരുന്നില്ല. കോണ്‍ഗ്രസിലെ ഗ്രൂപ്പ് വഴക്ക് സ്ഥിതിഗതികള്‍ രൂക്ഷമാക്കി. കോണ്‍ഗ്രസുമായുളള സഖ്യകക്ഷി ഭരണം വിഷം കഴിക്കുന്നതുപോലെയാണെന്ന് പോലും മുഖ്യമന്ത്രി കുമാരസ്വാമിക്ക് പറയേണ്ടി വന്നു. അങ്ങനെ ആടിയും ഉലഞ്ഞു പിടിച്ചുനിന്ന സര്‍ക്കാരിനേറ്റ കനത്ത പ്രഹരമായിരുന്നു കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം.
കോണ്‍ഗ്രസും ജെഡി (എസ്) ഉം ഒന്നിച്ച് മത്സരിച്ചിട്ടും രണ്ട് സീറ്റ് മാത്രമാണ് ലഭിച്ചത്. ഇതോടെ കുമാരസ്വാമി സര്‍ക്കാരിന്റെ ആയുസ്സ് എണ്ണപ്പെട്ടു തുടങ്ങിയിരുന്നു. എംഎല്‍എമാരെ കൈയടക്കാനുള്ള നീക്കം ബിജെപി ശക്തമാക്കി. ദേശീയ തലത്തില്‍ ദുര്‍ബലമായ, നേതൃത്വം പോലുമില്ലാതെ പോയ കോണ്‍ഗ്രസിന് പിടിച്ചുനില്‍ക്കുകയെളുപ്പുമായിരന്നില്ല.
കോണ്‍ഗ്രസില്‍നിന്നും ജനതാദള്‍ എസ്സില്‍നിന്നുമായി 16 അംഗങ്ങളാണ് കഴിഞ്ഞദിവസങ്ങളിലായി രാജി നല്‍കിയത്. രാജി സ്വീകരിക്കാന്‍ സ്പീക്കര്‍ തയ്യാറാകത്തതിനെ തുടര്‍ന്ന് വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിമത എംഎല്‍എമാരെ അനുനയിപ്പിക്കാനുള്ള ശ്രമം ഡികെ ശിവകുമാര്‍ നടത്തുന്നുണ്ടെങ്കിലും ഇത്തവണ കാര്യങ്ങള്‍ അദ്ദേഹത്തിന്റെ നിയന്ത്രണത്തില്‍ നില്‍ക്കുന്നില്ലഎന്നു വേണം കരുതാന്‍. മുംബൈയിലെ ഹോട്ടലില്‍ പാര്‍പ്പിച്ചിരിക്കുന്ന വിമത എംഎല്‍എമാര്‍ അവിടുത്തെ ബിജെപിയുടെയും സര്‍ക്കാരിന്റെയും സംരക്ഷണത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിമത എംഎല്‍എമാരെ കാണാനെത്തിയ ഡികെ ശിവകുമാറിനെ തടഞ്ഞുവെച്ചതും കസ്റ്റഡിയിലെടുത്തതും ഇതിന്റെ സൂചനയാണ്.
ഇന്നത്തെ സാഹചര്യത്തില്‍ കുമാരസ്വാമി സര്‍ക്കാരിന് ഇനിയും ഭൂരിപക്ഷം നിലനിര്‍ത്താന്‍ കഴിയണമെങ്കില്‍ അത്ഭുതം സംഭവിക്കണം. കുറുമാറ്റിയെടുത്ത എംഎല്‍എമാരെ മന്ത്രിമാരാക്കി, ബിജെപി മന്ത്രിസഭ രൂപീകരിക്കുമോ, അനുകൂല രാഷട്രീയ സാഹചര്യം പ്രയോജനപ്പെടുത്താന്‍ പുതിയ തെരഞ്ഞെടുപ്പിന് ശുപാര്‍ശ ചെയ്യുമോ എന്നീ കാര്യങ്ങളാണ് ഇനി കര്‍ണാടകയില്‍ നിന്നറിയാനുള്ളത്. എന്തായാലും ഒരു വര്‍ഷത്തെ നിരന്തരശ്രമം ഓപ്പറേഷന്‍ കമലയെ, അതും ആറാം വട്ടം, വിജയത്തിലെത്തിക്കുന്നു. ഇത് ജനാധിപത്യ രീതിയാണോ എന്ന ചോദ്യത്തിന് മറുപടി പറയാന്‍ പക്ഷേ, ബിജെപിക്ക് താത്പര്യം ഉണ്ടാവുകയുമില്ല.
Azhimukham Read: രാജ്യത്ത് സാമ്പത്തിക മാന്ദ്യം രൂക്ഷമാകുന്നു, വാഹന വില്‍പനയില്‍ തുടര്‍ച്ചയായ എട്ടാം മാസവും വന്‍ ഇടിവ്, ജനത്തിന്റെ കൈയില്‍ പണമില്ല