UPDATES

കേരളം

ഇനി സര്‍വീസിലേക്കല്ല, പകരം ആര്‍എസ്എസിലേക്കെന്ന സൂചന നല്‍കി ജേക്കബ് തോമസ്

നന്നായി അറിഞ്ഞ് കഴിഞ്ഞാല്‍ കേരളത്തിലെ ബുദ്ധിജീവികള്‍ ആര്‍എസ്എസില്‍ ചേരുമെന്നും ജേക്കബ് തോമസ്

സര്‍വ്വീസില്‍ നിന്ന് പിരിഞ്ഞാല്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന സൂചന നല്‍കി മുന്‍ ഡിജിപി ജേക്കബ് തോമസ്. ജേക്കബ് തോമസിനെ ഉടന്‍ തിരിച്ചെടുക്കണമെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവിട്ടത്തിനു പിന്നാലെയാണ് അദ്ദേഹം ഇത്തരമൊരു സൂചന നല്‍കിയത്. വിധി സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയാണ്.

ആര്‍എസ്എസ് ഒരു രാഷ്ട്രീയ പാര്‍ട്ടിയോ സംഘടനയോ അല്ല. ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സംഘടനയാണിത്. ജനങ്ങളുടെ അഭിലാഷം അനുസരിച്ച് പ്രവര്‍ത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹം. സര്‍വീസിലേയ്ക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്നില്ല. ബിജെപിയില്‍ ചേരുന്ന കാര്യത്തില്‍ അത്തരമൊരു സാഹചര്യമുണ്ടാകുമ്പോള്‍ ആലോചിച്ചാല്‍ മതിയല്ലോ.” എന്നായിരുന്നു മാതൃഭൂമി ന്യൂസ് ചാനലിലെയും ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെയും ചര്‍ച്ചകളില്‍ അദ്ദേഹം  പ്രതികരിച്ചത്. “ഇന്ത്യന്‍ സംസ്‌കാരത്തിലൂന്നിയ വിദ്യാഭ്യാസവും പഴകാലത്തെ മൂല്യങ്ങളും ലളിത ജീവിതവും പുതുതലമുറയെ പഠിപ്പിക്കുന്ന സംഘടനയാണ് ആര്‍എസ്എസ്. ഭാരത സംസ്‌കാരത്തെ പഠിപ്പിക്കുന്ന അത് പ്രചരിപ്പിക്കുന്ന ഒരു കൂട്ടം ആളുകളുടെ കൂടെ ചേരുന്നത് തെറ്റായി കാണുന്നില്ല. അതിനെ കുറിച്ച് പഠിക്കാതെ, മനസിലാക്കാതെ ആ സംഘടന ശരിയല്ല എന്ന് പറയരുത്. നന്നായി അറിഞ്ഞ് കഴിഞ്ഞാല്‍ കേരളത്തിലെ ബുദ്ധി ജീവികള്‍ ആര്‍എസ്എസില്‍ ചേരും” എന്നും ജേക്കബ് തോമസ് പറഞ്ഞു.

ഇനി ജോലിയില്‍ പ്രവേശിക്കണമോ, വിആര്‍എസ് അനുവദിക്കണോ എന്ന് തീരുമാനിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്രത്തിന്റെ തീരുമാനത്തിനനുസരിച്ച് പ്രവര്‍ത്തിക്കും. സസ്‌പെന്‍ഷന്‍ സമയത്ത് നിരവധി കാര്യങ്ങള്‍ പഠിച്ചു. പിന്നില്‍ നിന്ന് വലിച്ചവരെ മനസിലാക്കാനായി, അതുകൊണ്ട് തന്നെ ആ കാലം ഒരു നഷ്ടമായി കാണുന്നില്ല. മുപ്പത് വര്‍ഷം പല വകുപ്പുകളില്‍ ജോലി ചെയ്തു. ആവശ്യമുണ്ടെങ്കില്‍ ജനം ആവശ്യപ്പെടട്ടേ, അതല്ല എന്നെപ്പോലെ ഉള്ളവരെ വേണ്ട, ഇപ്പോഴുള്ളവരെപ്പോലെയുള്ള ജനസേവകരെ മതിയെങ്കില്‍ അത് അങ്ങനെയാവട്ടേയെന്നും ജേക്കബ് തോമസ് പറഞ്ഞു.

തുടര്‍ച്ചയായുള്ള സസ്പെന്‍ഷന്‍ നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ട്രൈബ്യൂണല്‍ ഉത്തരവ്. ജേക്കബ് തോമസ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്. തുടര്‍ച്ചയായ അച്ചടക്ക ലംഘനം നടത്തുന്നു എന്ന് ആരോപിച്ചാണ് ജേക്കബ് തോമസിനെ സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിക്കുന്നു, സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്‌കമെഴുതുന്നു തുടങ്ങി നിരവധി ആരോപണങ്ങള്‍ ജേക്കബ് തോമസിനെതിരെ ഉണ്ട്. സ്വയം വിരമിക്കാനുള്ള ജേക്കബ് തോമസിന്റെ നീക്കത്തിനെതിരെയും നേരത്തെ സംസ്ഥാന സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യങ്ങള്‍ പ്രതിപാദിച്ച് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയത്തിന് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഓഖി, പ്രളയം തുടങ്ങിയവയുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ പരസ്യമായി വിമര്‍ശിച്ച് ജേക്കബ് തോമസ് രംഗത്തെത്തിയിരുന്നു.

ഔദ്യോഗിക രഹസ്യങ്ങള്‍ സര്‍വീസ് സ്റ്റോറി എഴുതി പരസ്യപ്പെടുത്തിയെന്നുള്ള ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. ഇതിന് പുറമെ തുറമുഖ ഡയറക്ടറായിരിക്കെ ഡ്രെഡ്ജര്‍ വാങ്ങിയതിലെ വിജിലന്‍സ് അന്വേഷണവും ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടുകളും സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജേക്കബ് തോമസിന്റെ ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍’ ഔദ്യോഗിക രഹസ്യങ്ങള്‍ വെളിപ്പെടുത്തതാണെന്ന ആരോപണം ഉണ്ടായിരുന്നു. ഇതേ തുടര്‍ന്ന് പുസ്തകം പ്രസിദ്ധീകരിച്ച തൃശ്ശൂര്‍ കറന്റ് ബുക്ക്‌സില്‍നിന്നും സര്‍ക്കാര്‍ വിശദീകരണം തേടിയത് വലിയ വിവാദമുണ്ടാക്കിയിരുന്നു.

Also Read: പിണറായിയെ തോല്‍പ്പിച്ച് രണ്ട് പോലീസുകാര്‍ ആര്‍ എസ് എസില്‍ ‘സുരക്ഷ’ കണ്ടെത്തുമ്പോള്‍

പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ജേക്കബ് തോമസിനെയായിരുന്നു വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത്. എന്നാല്‍ പിന്നീട് സര്‍ക്കാരുമായി അകലുകയായിരുന്നു. ഓഖി ദുരന്തത്തിന് ശേഷം നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതിനാണ് ആദ്യം സസ്‌പെന്‍ഷനിലായത്. പുസ്തകത്തിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ചതിന് വീണ്ടും സസ്‌പെന്‍ഷന്‍ ലഭിച്ചു. തുറമുഖ ഡയറക്ടറായിരിക്കെ ഡെഡ്ജര്‍ വാങ്ങിയതുമായി ബന്ധപ്പെട്ടാണ് പിന്നീട് നടപടി നേരിട്ടത്.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് മല്‍സരിക്കാനാണ് സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയത്. എന്നാല്‍ അപേക്ഷ സംസ്ഥാനം അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കേന്ദ്രത്തിന് നല്‍കുകയായിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി ആര്‍എസ്എസുമായി തനിക്ക് ബന്ധമുണ്ടെന്ന് നേരത്തെ ജേക്കബ് തോമസ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി ആര്‍ എസ്എസ് നേതാക്കളുമായി ജേക്കബ് തോമസ് ചര്‍ച്ച നടത്തിയിരുന്നു.

Read: സഞ്ചാരികള്‍ക്ക് സന്തോഷ വാര്‍ത്ത; ബൈക്ക് ഷെയറിംഗ് ഫീച്ചറുമായി ഗൂഗിള്‍

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.. 

https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍