UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അറബി സര്‍വകലാശാലയല്ല, വേണ്ടത് ഭാഷാ സര്‍വകലാശാല

k c arun

k c arun

ദാവൂദ് അരീയില്‍

കോഴിക്കോട്ടെ തെരുവുകളിലെ പോസ്റ്ററുകളിലേറെയും അറബിക് സര്‍വകലാശാലയെക്കുറിച്ചാണ്. കണ്ണൂരും മലപ്പുറത്തും കാസര്‍ക്കോട്ടുമെല്ലാം ചൂടു ചര്‍ച്ചയുമാണ്. അലയൊലികള്‍ മറ്റിടത്ത് ആഞ്ഞു വീശുകയും ചെയ്യുന്നുണ്ട്. ഇതൊക്കെ കാണുമ്പോള്‍ ഓര്‍മകള്‍ എ കെ ആന്റണിയുടെ പഴയ ഒരു പ്രസ്താവനയിലേക്കാണ് ചെന്നെത്തുന്നത്. ന്യൂനപക്ഷങ്ങള്‍ സമ്മര്‍ദം ചെലുത്തി പലതും നേടുന്നുണ്ടെന്ന പ്രസ്താവന. ആന്റണിയുടെ ഈ നിരീക്ഷണത്തെ മുന്‍നിര്‍ത്തി വേണം കേരളത്തിലെ അറബിക്, സ്വകാര്യ സര്‍വകലാശാല വിഷയം വിലയിരുത്തപ്പെടേണ്ടത്. ഭാഷയ്ക്ക് മതമില്ലെങ്കിലും മതാധിഷ്ഠിതമായ ഭാഷാ സങ്കല്‍പ്പത്തിനകത്തു നിന്ന് കൊണ്ടാണ് പലരും അറബിക് സര്‍വകലാശാലയെ നോക്കിക്കാണുന്നത്. ഈ ആവശ്യമുയര്‍ത്തുന്ന രാഷ്ടീയ സാഹചര്യം കൂടി പരിശോധിക്കുമ്പോഴാണ് ആന്റണിയുടെ പഴയ പ്രസ്താവനയുടെ പ്രസക്തിയും വ്യക്തമാവുന്നത്.

ജാതി, മത സംഘടനകള്‍ക്ക് രാഷ്ടീയ കക്ഷികള്‍ അടിമപ്പെടരുതെന്ന കേരളീയ മതനിരപേക്ഷതയുടെ രാഷ്ടീയ ബോധത്തിനുമുകളില്‍ ആണിക്കല്ലടിച്ചു കൊണ്ടാണ് വോട്ടു ബാങ്കില്‍ കണ്ണുവെച്ചുള്ള നിലപാടുകള്‍ രൂപപ്പെടുത്തിയത്. ഇതില്‍ കക്ഷി ഭേദമന്യേ മല്‍സരിച്ചു കൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പുകളെ മുന്‍ നിര്‍ത്തിയുള്ള കൊടുക്കല്‍-വാങ്ങല്‍ നയമാണ് വര്‍ഷങ്ങളായി കേരളത്തിലെ മുഖ്യധാരാ രാഷ്ടീയ കക്ഷികള്‍ പിന്തുടരുന്നത്. ഇതു കൊണ്ടാണ് മുന്‍കൂട്ടി രാഷ്ടീയ നയങ്ങള്‍ പ്രഖ്യാപിക്കുന്ന ജാതി സംഘടനകളും വിജയത്തിന്റെ പിതൃത്വം ഏറ്റെടുക്കുന്ന മതസംഘടനകളും വേരുറപ്പിച്ചു പോരുന്നത്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളെ മുന്‍നിര്‍ത്തിയുള്ള ഒരുതരം സമ്മര്‍ദ തന്ത്രമായി അറബിക് സര്‍വകലാശാലയെ സംശയിച്ചാല്‍ സമ്മതിച്ചു കൊടുക്കാതെ നിവൃത്തിയില്ല. ഇത്തരം ചിന്തകളുടെ ഏകീകരണമാണ് ചില മുസ്ലിം സംഘടനകള്‍ നടത്തുന്നത്. സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഊന്നിപ്പറഞ്ഞതും ഇടതു സര്‍ക്കാര്‍ നിയോഗിച്ച പാലോളി കമ്മീഷന്‍ ശുപാര്‍ശയിലെ ആവശ്യവുമാണ് അറബിക് സര്‍വകലാശാല. യു.ഡി.എഫിന്റെ പ്രകടന പത്രികയിലും ഇത് ഇടം കണ്ടെത്തിയിരുന്നു. ഇതുകൊണ്ടുതന്നെയാണ് ചിലരിലെങ്കിലും സമ്മര്‍ദം ചെലുത്തുന്നത് എന്ന മറുപക്ഷ ചോദ്യത്തിനും പ്രസക്തിയുണ്ട്. പക്ഷേ കേരളത്തിന്റെ സാമ്പത്തിക അവസ്ഥയും ഭാവിയും കൂടി പരിഗണിച്ചു വേണം ഈ വിഷയത്തെ സമീപിക്കേണ്ടത്.

സമ്മര്‍ദത്തിലാക്കുന്ന മത സംഘടനകള്‍
സര്‍വകലാശാല വിഷയത്തില്‍ കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ മുതല്‍ ശൈഖ് മുഹമ്മദ് കാരക്കുന്ന് വരെ ഏകാഭിപ്രായക്കാരാണ്. തെരഞ്ഞെടുപ്പിനു മുന്നേ ജമാഅത്തെ ഇസ്ലാമിയുടെ യുവജന പ്രസ്ഥാനമായ സോളിഡാരിറ്റിയും, കാന്തപുരം സുന്നി വിഭാഗത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയായ എസ് എസ് എഫും സമ്മര്‍ദ തന്ത്രത്തിന്റെ ആദ്യവെടി പൊട്ടിച്ചു തുടങ്ങി. മറ്റുസംഘടനകളുടെ പടക്കമെങ്കിലും പിന്നാലെയുണ്ടാവാതിരിക്കില്ല. ഇവിടെ പ്രതിസ്ഥാനത്ത് നിര്‍ത്തുന്നത് മുസ്ലിം ലീഗിനെയാണെന്നത് കൗതുകമാണ്. ഒരേ സമയം പലയിടത്തുനിന്നും വിമര്‍ശനങ്ങളേറ്റു വാങ്ങേണ്ടിവരികായാണ് ലീഗ്.

അറബിക് സര്‍വകലാശാല ചര്‍ച്ച ചെയ്യുന്ന ഘട്ടത്തില്‍ തന്നെ സ്വകാര്യ സര്‍വകലാശാലയെന്ന ആവശ്യം ഉയര്‍ന്നുവന്നതിനു പിന്നിലും രാഷ്ടീയ നീക്കമുണ്ട്. കൊടുക്കല്‍ വാങ്ങലുകളുടെ ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ ഭാഗമായി രണ്ടും യാഥാര്‍ത്ഥ്യമാക്കുകയെന്ന ലക്ഷ്യവും പിന്നിലുണ്ടെന്ന് കരുതാതിരിക്കാന്‍ വഴിയില്ല. ഈകാര്യത്തില്‍ ചീഫ് സെക്രട്ടറിയുടെ അപക്വമായ പ്രസ്താവന പൊതുബോധത്തിന്റെ രാഷ്ടീയ നിലപാടുകളെ അഴുക്കുചാലിലെറിയുന്നതിനു തുല്യമാണ്. അറബിക് സര്‍വകലാശാലാ കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയും സംവാദങ്ങളുമാണ് ആവശ്യമായി വരുന്നത്.

എന്തിനാണൊരു അറബി സര്‍വ്വകലാശാല
കോണ്‍ക്രീറ്റ് കാടുകളും ഇഷ്ട പ്രജകളെ കുടിയിരുത്താനുള്ള ഇടവും മാത്രമാണിന്ന് സര്‍വകലാശാല. അടുത്ത കാലത്തു സ്ഥാപിച്ച സര്‍വകലാശാല ലക്ഷ്യം കൈവരിച്ചിട്ടുണ്ടോ എന്നു വിലയിരുത്തി വേണം ഈകാര്യത്തില്‍ മുന്നോട്ടു പോകാന്‍. സംസ്‌കൃതത്തിനും മലയാളത്തിനും സര്‍വകലാശാലയുള്ള നാട്ടില്‍ അറബിക്കും ആവശ്യമെന്ന യുക്തി അതിരുകടന്നതാണ്. ഇതിനുപിന്നിലെ താല്‍പര്യം മതപരമോ രാഷ്ടീയമോ ആവാം. പക്ഷേ സംസ്‌കൃത സര്‍വകലാശാലയുടെ 21 വര്‍ഷത്തെ സംഭാവന പരിശോധിച്ചു വേണം മറ്റൊരു സര്‍വകലാശാലയെന്ന ആശയം മുന്നോട്ട് വരേണ്ടത്. കേവലം പേരിനു മാത്രമാണ് കാലടി സര്‍വകലാശാലയില്‍ സംസ്‌കൃതം പാഠ്യവിഷയമാക്കിയത്. ഭാഷയുടെ ജനകീയവല്‍ക്കരണ ലക്ഷ്യത്തില്‍ നിന്ന് മാറി മറ്റു കോഴ്‌സുകള്‍ അനുവദിച്ച് സര്‍വകലാശാലയെ ജനകീയവര്‍ക്കരിക്കാനുള്ള ശ്രമമാണ് അവിടെ തുടരുന്നത്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അടിവേരായ മൃത ഭാഷയെ പ്രോല്‍സാഹിപ്പിക്കാന്‍ ആരംഭിച്ച സര്‍വകലാശലയ്ക്ക് പോലും ലക്ഷ്യം കൈവരിക്കാനായിട്ടില്ല.

കാലടി സര്‍വകലാശാലയില്‍ ആകെയുള്ള 23 ഡിപ്പാര്‍ട്ടുമെന്റുകലളിലായി അന്യഭാഷകള്‍ ഉള്‍പ്പെടെ പാഠ്യവിഷയമാണ്. 21 വിജ്ഞാന ശാഖകളില്‍ എം ഫിലും പിഎച്ച് ഡിയുമുണ്ട്.

കേരളത്തില്‍ ഉറുദു ഭാഷയ്ക്കുള്ള സ്വാധീനം അവഗണിക്കാനാവില്ല. എന്നിട്ടും പി ജിയും പിഎച്ച് ഡി സൗകര്യവുമുള്ള ഏക കേന്ദ്രം സംസ്‌കൃത സര്‍വകലാശാല മാത്രമാണ്. അതുതന്നെ അടിസ്ഥാന സൗകര്യം കുറഞ്ഞ കോഴിക്കോട് കൊയിലാണ്ടി സെന്ററിലാണ്. അറബിക് സര്‍വകലാശാല പോലെ പ്രധാനമാണ് ഉറുദു യൂണിവേഴ്‌സിറ്റിയുമെന്നതിനാല്‍ ഇതിനുള്ള ആവശ്യവും ഉയര്‍ന്നുവരും. അങ്ങനെ സര്‍വകലാശാലകളുടെ നാടായി കേരളം മാറാതിരിക്കില്ല. വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ചയ്ക്കനുസരിച്ച് സമൂഹത്തിന്റെ കാഴ്ചപ്പാടുകളും മാറിവന്നിട്ടുണ്ട്. എം.ബി.ബി.എസും എഞ്ചിനീയറിങ്ങും മുന്‍ഗണനാ ക്രമത്തില്‍ തള്ളിക്കയറുകയും സാമൂഹ്യവിഷയങ്ങളും ഭാഷാ പഠനവും പിന്തള്ളപ്പെട്ടു. സര്‍ക്കാര്‍ കോളേജുകളിലെ ആട്‌സ് വിഷയങ്ങളില്‍ പഠിക്കാന്‍ വിദ്യാര്‍ത്ഥികളെ ലഭിക്കാതിരിക്കുമ്പോഴാണ് കോടികള്‍ മുടക്കിയെ്ാരു സര്‍വകലാശാലയെന്ന ചോദ്യം പ്രസക്തമാണ്. മറ്റു വിഷയങ്ങളില്‍ പ്രവേശനം ലഭിക്കാത്തവര്‍ മാത്രമാണിപ്പോള്‍ മാനവിക വിഷയങ്ങള്‍ പഠിക്കാന്‍ കാമ്പസുകളിലെത്തുന്നത്. മലയാളം, ഉറുദു, അറബിക് ഉള്‍പ്പടെയുളള ഭാഷകള്‍ കാമ്പസുകളില്‍ അതിജീവന പാതയിലാണ്. ഈ സാഹചര്യം മുന്‍ നിര്‍ത്തി വേണം പുതിയ സര്‍വകലാശാല എന്ന ആശയം തന്നെ രൂപപ്പെടുത്തേണ്ടത്. എന്നാല്‍ ഒരു ഭാഷയെ മാത്രം മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയും സംവാദവും ഖേദകരമാണ്.

കേരളത്തിന്റെ സാമ്പത്തിക ഘടനയെ മാറ്റിയെഴുതിയതില്‍ അറബ് നാട്ടിന്റെ പങ്ക് ഒട്ടും അവഗണിക്കാനാവില്ല. അവിടത്തെ ജോലി സാധ്യത കണക്കിലെടുത്ത് ഭാഷ പഠിക്കാന്‍ സര്‍വകലാശാല വേണമെന്ന ആവശ്യം ബാലിശമാണ്. കേവലം ഭാഷയിലെ വിനിമയം മാത്രം പഠിപ്പിക്കുകയല്ല സര്‍വകലാശാലകളുടെ ലക്ഷ്യം. അതു മികച്ച സൗകര്യങ്ങളുള്ള ഗവേഷണ കേന്ദ്രമായിരിക്കണം. നിലവില്‍ കേരളത്തിലെ വിവിധ സര്‍വകലാശാലകളിലെ അറബിക് ബി.എ, എം.എ കോഴ്‌സുകളില്‍ പഠിക്കാന്‍ പോലും ആവശ്യത്തിനു കുട്ടികളില്ലെന്ന സത്യം എഴുതിതള്ളാനാവില്ല. ഇതുകൊണ്ടു തന്നെ പഠനം കാര്യക്ഷമമാക്കാന്‍ കേവലം സര്‍വകലാശാലയെ കൊണ്ടുമാത്രമാവില്ല. മത സംഘടനകളുന്നയിക്കുന്ന അറബിക് സര്‍വകലാശാല കേവലം ഒരിവിഭാഗത്തിന്റെ മാത്രം ആവശ്യമായി ചുരുക്കിക്കെട്ടരുത്. അതു കേരള പൊതു ബോധത്തിന്റെ ആവശ്യം കൂടിയാണ്. അതിനാല്‍ ചര്‍ച്ചയ്ക്കും തീരുമാനത്തിനും സമയം കൂടുതല്‍ആവശ്യമാണ്. ഒപ്പം കേരളത്തിന്റെ സാമ്പത്തിക സ്ഥിതികൂടി പരിഗണിക്കുകയും വേണം.

വേണ്ടത് ഭാഷാ സര്‍വകലാശാല
മലയാള സര്‍വകകലാശാലയ്ക്ക് മൂന്ന് വര്‍ഷത്തെ വയസ്സുമാത്രമേ ഉള്ളു. ഇതു കേവലം മലയാളം പഠിക്കാനുള്ള കേന്ദ്രമായി മാത്രം ചുരുക്കിക്കെട്ടരുത്. സാങ്കേതിക ഭാഷയുടെ മലയാളവല്‍ക്കരണത്തില്‍ പുതിയ വഴി തേടുന്നതോടൊപ്പം വിഷയങ്ങള്‍ മാതൃഭാഷയില്‍ പഠിക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കു പിന്നിലുണ്ട്. സംസ്‌കൃതത്തിനും മലയാളത്തിനുമുണ്ടെങ്കില്‍ എന്തുകൊണ്ട് അറബിക്കു കൂടിയായിക്കൂടെന്ന ചോദ്യം പിന്നാലെയെത്തുന്ന പല ചോദ്യങ്ങളിലേക്കുള്ള സൂചനയാണ്. ഭാഷയക്ക് മതമോ ജാതിയോ ഉല്‍കൃഷ്ടമെന്നോ അപകൃഷ്ടമെന്നോ വിവേചനമില്ല. അതുകെണ്ട് ഉറുദുവും ഫ്രഞ്ചും അറബിയുമെല്ലാം പഠിക്കാനും ഗവേഷണം നടത്താനുള്ള സൗകര്യമാണ് കേരളത്തിനാവശ്യം. ഇങ്ങനെയൊരു വിശാല കാഴ്ച്ചപ്പാടാണ് ഉയര്‍ന്നു വരേണ്ടത്.

(മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


k c arun

k c arun

മാധ്യമ പ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍