UPDATES

വിപണി/സാമ്പത്തികം

അറ്റ്‌ലസ് വിശ്വസ്തതയുടെ പര്യായമല്ല; ‘ഡയറക്ടര്‍ ബോര്‍ഡ് അംഗ’ങ്ങളുടെ തുറന്നുപറച്ചില്‍

unni krishnan

unni krishnan

ഉണ്ണികൃഷ്ണന്‍.വി

അറ്റ്‌ലസ് ജ്വല്ലറി ഉടമ രാമചന്ദ്രനെതിരെ കടുത്ത ആരോപണങ്ങളുമായി ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ രംഗത്ത്. തങ്ങള്‍ അറിയാതെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളാക്കുകയും അതിന്റെ മറവില്‍ ജ്വല്ലറി നടത്തിയ വെട്ടിപ്പില്‍ നിപരാധികളായ തങ്ങളെക്കൂടി പ്രതികളാക്കാനുമാണ് ചെയര്‍മാന്‍ ശ്രമിച്ചതെന്നാണ് ഇടുക്കി കൂട്ടാര്‍ സ്വദേശി അജിത്തും ഏറണാകുളം സ്വദേശി ലുക്കുവും പറയുന്നത്. വിശ്വസ്തതയുടെ പര്യായമെന്ന പരസ്യവാചകത്തോട് യാതൊരു വിധത്തിലുള്ള നീതീകരണവും സ്വപ്രവര്‍ത്തികളിലൂടെ നടത്താത്ത ആളാണ് അറ്റ്‌ലസ് രാമചന്ദ്രനെന്നും മറ്റുള്ളവരെ ചതിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ആരോപിക്കുന്ന ഇരുവരും രാമചന്ദ്രനെതിരെ നിയമപോരാട്ടത്തിനിറങ്ങിയിരിക്കുകയാണ്.

അറ്റ്‌ലസിന്റെ കൊച്ചി, കോയമ്പത്തുര്‍ ശാഖകളില്‍ വന്‍ നികുതിവെട്ടിപ്പുകളാണ് നടന്നതെന്ന് ഇരുവരും വ്യക്തമാക്കുന്നു. ലുകു 2009-ലും അജിത് 2012-ലുമാണ് അറ്റ്‌ലസില്‍ ജോലിക്കായി പ്രവേശിക്കുന്നത്. പല തട്ടിപ്പുകള്‍ക്കും അറ്റ്‌ലസില്‍ ജോലി ചെയ്ത കാലയളവില്‍ സാക്ഷികളാവേണ്ടി വന്നു എന്ന് ഇവര്‍ പറയുന്നു. അവസാനം ആ തട്ടിപ്പുകള്‍ക്ക് തങ്ങള്‍ തന്നെ ഇരയാവേണ്ടിയും വന്നിരിക്കുന്നു.

തട്ടിപ്പിനു ദൃക്‌സാക്ഷികള്‍
സിസ്റ്റം അഡ്മിനിസ്‌റ്റേറ്റര്‍ എന്ന തസ്തികയില്‍ 2012ല്‍ അറ്റ്‌ലസ് ജൂവലറിയില്‍ ജോലിയില്‍ പ്രവേശിച്ച അജിത് ആദ്യത്തെ ഒരു വര്‍ഷം കൊച്ചി ഇടപ്പള്ളി ഷോറൂമിലും പിന്നീട് രാജി വയ്ക്കുന്നതു വരെ കോയമ്പത്തൂര്‍ ശാഖയിലുമായിരുന്നു.

കോയമ്പത്തൂര്‍ കേന്ദ്രമാക്കിയായിരുന്നു കൂടുതല്‍ തട്ടിപ്പുകള്‍ നടന്നത് എന്ന് അജിത് പറയുന്നു.

‘സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ നിന്നും വായ്പ എടുത്തിട്ടുണ്ടായിരുന്നതായി അറിയാമായിരുന്നു. അവര്‍ ഇടയ്ക്കിടയ്ക്ക് പരിശോധനയ്ക്ക് വരാറുണ്ട്. ബാങ്കുകാരെ പല തവണ ഇല്ലാത്ത അളവ് സ്വര്‍ണ്ണത്തിന്റെ കണക്കു കാണിക്കുമായിരുന്നു. ഒരിക്കല്‍ അവര്‍ വന്നപ്പോള്‍ ആകെ 70 കിലോ സ്വര്‍ണ്ണം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. പക്ഷേ അന്ന് കണക്ക് കാണിച്ചത് 300 കിലോയായിരുന്നു. പരിശോധനയ്ക്ക് വരുന്ന ഉദ്യോഗസ്ഥരെ സ്വാധീനിക്കാനുള്ള നടപടികളും ചെയ്യുന്നുണ്ടായിരുന്നു.’

ആദായ നികുതി വെട്ടിക്കാനുള്ള സെക്കന്റ്‌റ് ബില്ലിംഗ് എന്ന വിദ്യയും മറ്റു ശാഖകള്‍ക്ക് വേണ്ടി കോയമ്പത്തൂര്‍ ശാഖയില്‍ നടത്താറുണ്ടായിരുന്നു എന്നും അജിത് പറയുന്നു. ഉപഭോക്താക്കള്‍ക്കു വേണ്ടി ഒരു ബില്ലും നികുതി ആവശ്യത്തിനായി മറ്റൊരു ബില്ലും തയ്യാറാക്കുന്ന വെട്ടിപ്പിനാണ് സെക്കന്റ്‌റ് ബില്ലിംഗ് എന്നു പറയുന്നത്.

‘കൊച്ചിയിലെ ഷോറൂമില്‍ നിന്ന് വിളിച്ചു പറയുമ്പോള്‍ ബില്ലിംഗ് സോഫ്റ്റ്‌വെയറില്‍ മാറ്റം വരുത്തി സെക്ക്ന്റ് ബില്‍ അടിച്ചു കൊടുക്കുമായിരുന്നു. സിസ്റ്റം അഡ്മിന്‍ എന്ന പോസ്റ്റില്‍ ഇരിക്കുമ്പോള്‍ ഇതൊക്കെ നടത്തുന്നത് കാണാന്‍ കഴിഞ്ഞു’ – അജിത് ഓര്‍മ്മിക്കുന്നു.

നിലവില്‍ അറ്റ്‌ലസിനെതിരെ സാമ്പത്തിക തിരിമറിക്ക് പരാതി നല്‍കിയ ബാങ്കുകളില്‍ ഒന്ന് സൗത്ത് ഇന്ത്യന്‍ ബാങ്കാണ്. ഈ ബാങ്കില്‍ നിന്നും രാമചന്ദ്രന്‍ 250 കോടിയാണ് വായ്പയായി വാങ്ങിയിരിക്കുന്നത്. തൃശൂര്‍ സിറ്റി റൗണ്ട്‌സിന് സമീപമുള്ള ബ്രാഞ്ചില്‍ നിന്നാണ് വായ്പ വാങ്ങിയിരിക്കുന്നത് എന്ന് അറ്റ്‌ലസ് ഇന്ത്യ പബ്ലിക് ലിമിറ്റഡ് രേഖകള്‍ പ്രകാരം ഡയറക്ടറും രാമചന്ദ്രന്റെ പ്രൈവറ്റ് സെക്രട്ടറിയും ആയ ലുകു പറയുന്നു.

അറ്റ്‌ലസ് ചെയര്‍മാന്റെ പേരിലുള്ള വസ്തുവകകള്‍ ആണ് ഇതിനായി ഈടു നല്‍കിയിരിക്കുന്നത് എന്നു ലുകു സുഗുണന്‍ വ്യക്തമാക്കി.

‘തൃശൂരിലുള്ള വീട്, വീഗാലാന്റിനു സമീപം കരിമുകളിലുള്ള 13ഏക്കര്‍, തിരുവനന്തപുരത്തും കോയമ്പത്തൂരും ഷോറൂമുകള്‍ നില്‍ക്കുന്ന സ്ഥലം അടക്കം ആറു പ്രോപ്പര്‍ട്ടികളാണ് സൗത്ത് ഇന്ത്യന്‍ ബാങ്കില്‍ ഈടായി വച്ചിരിക്കുന്നത്. ഡ്രൈവര്‍ ആയിട്ട് കൂടെ ഉണ്ടായിരുന്നതിനാല്‍ ഈ സ്ഥലങ്ങളില്‍ എല്ലാം അദേഹത്തോടൊപ്പവും അല്ലാതെയും ബാങ്കുകാര്‍ക്കും മറ്റും സ്ഥലം കാണിച്ചു കൊടുക്കാനുമായി ഞാന്‍ പല തവണ പോയിട്ടുണ്ട്.’

തങ്ങളെ ചതിച്ചാണ് ഇപ്പോള്‍ കമ്പനി രേഖകള്‍ പ്രകാരമുള്ള സ്ഥാനം ഉണ്ടെന്നു വരുത്തിത്തീര്‍ത്തത് എന്ന് ഇവര്‍ പറയുന്നു.

ചതിയുടെ ഇരകള്‍
അറ്റ്‌ലസിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന രണ്ടു ഷോറൂമുകളില്‍ ഒന്നില്‍ സെയില്‍സ്മാന്‍ ആയിരുന്നു ലുകു. അന്ന് നാലായിരം രൂപയായിരുന്നു ശമ്പളം. രാമചന്ദ്രന്‍ അടിക്കടി കൊച്ചിയില്‍ വരുന്നതിനാല്‍ വിമാനത്താവളത്തില്‍ വച്ച് ലുകു അത്യാവശ്യ സഹായങ്ങള്‍ ചെയ്തു കൊടുക്കാറുണ്ടായിരുന്നു. അങ്ങനെയാണ് ചെയര്‍മാന്റെ ഫേവറിറ്റ് ലിസ്റ്റില്‍ ലുകുവിന്റെ പേര് വരുന്നത്.

‘2012 ഓഗസ്റ്റ് മാസം വിമാനത്താവളത്തിലെ കരാര്‍ അവസാനിച്ച സമയത്ത് ആ രണ്ടു ശാഖകളും പൂട്ടിയപ്പോള്‍ സനല്‍ എന്ന മാനേജര്‍ വന്നാണ് എന്നെ ചെയര്‍മാന്റെ അടുത്തേക്ക് കൂട്ടിക്കൊണ്ട് പോയത്. കൈയോടെ കൂട്ടിക്കൊണ്ടു വരാന്‍ അദ്ദേഹം പറഞ്ഞു എന്നാണ് സനല്‍ എന്നോട് പറഞ്ഞത്. അവിടെ ചെന്ന എന്നോട് വളരെ കാര്യമായാണ് അദ്ദേഹം സംസാരിച്ചത്. ലുകുവിന്റെ ആത്മാര്‍ത്ഥത എനിക്കിഷ്ടപ്പെട്ടു. ഇങ്ങനെ ഒരാളെയാണ് എനിക്ക് സെക്രട്ടറിയായി വേണ്ടത് എന്നൊക്കെ പറഞ്ഞു.’ ലുകു പറയുന്നു.


(അറ്റ്ലസ് ഗ്രൂപ്പ് വാര്‍ഷിക റിപ്പോര്‍ട്ട്)

സമാനമായ രീതിയിലാണ് അജിത്തിനും അറ്റ്‌ലസ് ഗ്രൂപ്പ് ‘ഡയറക്ടര്‍ ബോര്‍ഡിലേക്ക്’ സ്ഥാനക്കയറ്റം നല്‍കുന്നത്.

അറ്റ്‌ലസിന്റെ ഇന്ത്യയിലെ ആദ്യത്തെ ശാഖയായ ഇടപ്പള്ളിയില്‍ ആണ് അജിത് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ ആയി ജോലിയില്‍ പ്രവേശിച്ചത്. ഉദ്ഘാടനം തുടങ്ങുന്നതിനും ഒരാഴ്ച മുന്‍പാണ് ഇത്. അന്നു തുടങ്ങി ഒരു വര്‍ഷം ഇടപ്പള്ളിയില്‍ തന്നെ ആയിരുന്നു അജിത്. അടുത്ത വര്‍ഷം മുതലാണ് കോയമ്പത്തൂര്‍ ശാഖയിലേക്ക് ഇയാള്‍ക്ക് സ്ഥലംമാറ്റം ലഭിക്കുന്നത്. അറ്റ്‌ലസ് രാമചന്ദ്രന്‍ കൊച്ചിയില്‍ വരുമ്പോഴൊക്കെ സാങ്കേതിക സഹായങ്ങള്‍ക്കായി അജിത്തിനെ ഒപ്പം കൂട്ടാറുണ്ടായിരുന്നു. ഇമെയില്‍ പ്രിന്റ് എടുക്കുന്നതിനും പ്രൊജക്ടര്‍ സെറ്റ് ചെയ്യുന്നതിനും മറ്റും അജിത് ചെയര്‍മാന്റെ മീറ്റിംഗുകളില്‍ കൂടെ പോകാറുണ്ടായിരുന്നു.

‘ബിജുകുമാര്‍ എന്ന സിഎഫ്ഒ ആണ് ഞങ്ങള്‍ക്ക് (അജിത്, ലുകു) മാനേജീരിയല്‍ പോസ്റ്റ് തന്നു എന്ന് അറിയിച്ചത്’, അജിത് ഓര്‍മ്മിക്കുന്നു.

പെങ്ങളുടെ വിവാഹത്തിനായി ഒരു ലക്ഷം രൂപ ഞാന്‍ വായ്പയായി വാങ്ങിയിരുന്നു. അന്ന് ഒരു ബ്ലാങ്ക് ചെക്കും 100 രൂപയുടെ മുദ്രപ്പത്രവും ഒപ്പിട്ട് വാങ്ങിയിരുന്നു. പിന്നീട് പലവട്ടവും പലയിടത്തും ഒപ്പിട്ടു കൊടുക്കേണ്ടി വന്നിട്ടുണ്ട്. മിക്കവാറും ചെയര്‍മാന്റെ മുന്നില്‍ വച്ചു തന്നെ. ജോലിയെക്കരുതി അതൊക്കെ ഒപ്പിട്ടു കൊടുത്തു. മാത്രമല്ല എന്റെ ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ വരെ ഉണ്ടാക്കിയിട്ടുണ്ട് അവര്‍,’ അജിത് പറയുന്നു .

കൂടാതെ തങ്ങളുടെ ആധാര്‍ കാര്‍ഡ് അടക്കം മറ്റു രേഖകളും അറ്റ്‌ലസ് കൊച്ചി ഷോറൂം ജനറല്‍ മാനേജര്‍ ആയ ഹരികൃഷ്ണനും സിഎഫ്ഒ ആയ ബിജുകുമാറും വാങ്ങിയിട്ടുണ്ട് എന്നും ഇവര്‍ പറയുന്നു. ഇവര്‍ രണ്ടു പേരുമാണ് മീറ്റിംഗുകളുടെ പേരില്‍ പലപ്പോഴും രേഖകള്‍ ഒപ്പിട്ടു വാങ്ങാറ് എന്നും അജിത്തും ലുകുവും പറയുന്നു.

അറ്റ്‌ലസ് 2013-2014 വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം ലുകു സുഗുണന്‍ ഓഡിറ്റ് കമ്മറ്റി അംഗവും ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടറും അജിത് അഡിഷണല്‍ ഡയറക്ടറും മാനേജിംഗ് ഡയറക്ടറും ആണ്. ഇവര്‍ യഥാക്രമം 23/05/2013 ലും 09/06/2014ലുമാണ് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് ലിസ്റ്റില്‍ അപ്പോയിന്റ് ചെയ്യപ്പെട്ടത് എന്നും അറ്റ്‌ലസ് രേഖകള്‍ പറയുന്നു.

പക്ഷേ ഇക്കാര്യങ്ങള്‍ ഈ വര്‍ഷം ഫെബ്രുവരിയില്‍ ആദായ നികുതി വകുപ്പ് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് തങ്ങള്‍ അറിയുന്നത് എന്നാണ് ഇവര്‍ പറയുന്നത്.

‘ആദ്യം കോയമ്പത്തൂര്‍ നടന്ന റെയ്ഡിലും പിന്നീട് തൃശ്ശൂര്‍ വച്ചു നടന്നതിലും ഞങ്ങളെ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ വിളിപ്പിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ പറഞ്ഞത് ഞങ്ങളുടെ പേരില്‍ സ്വര്‍ണ്ണം ഇറക്കുമതിയും കയറ്റുമതിയും അടക്കം നടന്നിട്ടുണ്ട് എന്നാണ്. റെയ്ഡിന്റെ സമയത്ത് ഹരികൃഷ്ണനും മറ്റുള്ളവരും പറഞ്ഞത് നിങ്ങള്‍ പേടിക്കേണ്ട അതൊക്കെ ഞങ്ങള്‍ ഒതുക്കി തീര്‍ത്തോളാം എന്നായിരുന്നു. പിന്നീടു വിളിച്ചപ്പോള്‍ ഞങ്ങള്‍ക്കറിയില്ല, ചെയര്‍മാന്‍ പറഞ്ഞത് ഞങ്ങള്‍ ചെയ്‌തെന്നേ ഉള്ളൂ എന്നായിരുന്നു മറുപടി. ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ചെയര്‍മാനെ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ല. അന്ന് ചെയര്‍മാന്‍ കൊച്ചിയില്‍ ഉണ്ടായിരുന്നു, അറ്റ്‌ലസ് ഗോള്‍ഡ് ടൗണ്‍ഷിപ്പില്‍. മീറ്റിംഗ് നടന്ന സ്ഥലത്ത് ചെന്നു കാത്തുനിന്നു. പക്ഷേ അദ്ദേഹം തിരിഞ്ഞു നോക്കിയതു പോലുമില്ല.’ അജിത്തിനും ലുകുവും ഓര്‍മിക്കുന്നു. 

‘ഞാന്‍ പിന്നീട് ചെയര്‍മാനെ വീണ്ടും വിളിച്ചു, അപ്പോള്‍ പറഞ്ഞത് ഈ നടന്നതൊന്നും ആരോടും പറയണ്ട. പറഞ്ഞാല്‍ വീടും വസ്തുവകകളും ഒക്കെ ജപ്തി ചെയ്യിക്കും എന്നാണ്. അതു കേട്ടപ്പോ തകര്‍ന്ന അവസ്ഥയായി. ഈ മനുഷ്യനെ ആണോ വിശ്വസിച്ചത് എന്ന് തോന്നി. ഇനി എന്ത് വേണേല്‍ ചെയ്‌തോ ഞാന്‍ നിയമത്തിന്റെ വഴിക്ക് പോകും എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു.’ ലുകു ഓര്‍ക്കുന്നു.

‘അന്നു ലുകു പോയിക്കഴിഞ്ഞപ്പോ ഞാന്‍ ചെയര്‍മാനെ ലോര്‍ഡ് കൃഷ്ണാ ഫ്ലാറ്റില്‍ പോയി കണ്ടു. അപ്പോള്‍ ലുകുവിനോട് പറഞ്ഞ അതേ മറുപടി തന്നെയാണ് എന്നോടും പറഞ്ഞത്’ അജിത് പറയുന്നു.

‘പിന്നെ വിനോദ് കുമാര്‍ എന്ന അഭിഭാഷകനെ സമീപിച്ചു. അദ്ദേഹമാണ് കേസ് ഫയല്‍ ചെയ്യുന്ന കാര്യം പറഞ്ഞത്. കൈയ്യില്‍ ഉണ്ടായിരുന്ന തെളിവുകള്‍ എല്ലാം ചേര്‍ത്ത് കോടതിയിലും(15-6-15), സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ കൊച്ചി, ഡല്‍ഹി എന്നിവിടങ്ങളിലും ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ഞങ്ങള്‍ രണ്ടു പേരും വെവ്വേറെ കേസുകള്‍ ഫയല്‍ ചെയ്തു’.

ഏറണാകുളം ജുഡിഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്‍പില്‍ മൊഴി കൊടുക്കാന്‍ ചെന്നപ്പോള്‍ അദ്ദേഹം പറഞ്ഞത്; നിങ്ങള്‍ പറയുന്നത് ശരിയാണെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു. പക്ഷേ കേസ് പരിഗണിക്കുന്നതിന് പ്രാഥമിക തലത്തില്‍ ഒരു അന്വേഷണം കൂടി വേണ്ടി വരും, അത്ര മാത്രം പ്രശ്‌നം ഇതിന്മേലുണ്ട്. അതുകൊണ്ട് ഒരാഴ്ച കഴിഞ്ഞു വന്ന് മൊഴി തന്നാല്‍ മതി എന്നാണ്.’ ലുകു തുടര്‍ന്നു.

ഇവരുടെ കേസ് വാദിക്കുന്ന അഡ്വ.വിനോദ് കുമാര്‍ പറയുന്നത് അജിത്തിന്റെ കേസ് അന്വേഷണത്തിനു വേണ്ടി നീട്ടി വച്ചിരിക്കുകയാണ്, ലുകുവിന്റെത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു പോലീസിനു കൈമാറിയിട്ടുണ്ട് എന്നാണ്.

പക്ഷേ അറ്റ്‌ലസ് ജൂവലറി ഇന്ത്യ ലിമിറ്റഡ് എന്ന് പുനര്‍നാമകരണം നടത്തപ്പെട്ട Gee EI Woollens എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ചന്ദന്‍ മൊഹപത്ര പറയുന്നത് ഇവര്‍ പണത്തിനു വേണ്ടിയാണ് ഇങ്ങനെ ഒരു നീക്കം നടത്തിയിരിക്കുന്നത് എന്നാണ്. കമ്പനി നഷ്ടത്തിലാവും എന്ന ഘട്ടം വന്നപ്പോള്‍ അവര്‍ പിന്തിരിയുന്നതാണെന്നും. ഇതേ അഭിപ്രായം തന്നെയാണ് അറ്റ്‌ലസ് ജൂവലറി കൊച്ചി ഷോറൂം ജനറല്‍ മാനേജര്‍ ഹരികൃഷ്ണനും പറയാനുള്ളത്.
പക്ഷേ അജിത്തും ലുകുവും പറയുന്നത് അങ്ങനെയൊരു അവസ്ഥ വരുന്നതിനു മുന്‍പാണ് തങ്ങള്‍ കേസ് ഫയല്‍ ചെയ്യുന്നത് എന്നാണ്.

അജിത് ഇപ്പോള്‍ ഇടുക്കിയിലുള്ള വീട്ടിലാണ്. നിലവില്‍ ജോലിയൊന്നുമില്ല. ലുകുവാകട്ടെ പിതാവിന്റെ അംബാസിഡര്‍ കാര്‍ ടാക്‌സിയായി ഓടിക്കുകയാണ്. കേസില്‍ അനുകൂലമായി വിധിയുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇരുവരും.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍