UPDATES

സിനിമ

ഉറുമ്പുകള്‍ ഉറങ്ങാറില്ല; ചിലപ്പോള്‍ പ്രേക്ഷകര്‍ ഉറങ്ങിയിയെന്നിരിക്കും

സഫിയ ഒ സി 

കെട്ടിലും മട്ടിലും ഒരു ഓഫ് ബീറ്റ് സിനിമ. പേരില്‍ ഒരു പോസ്റ്റ് മോഡേണ്‍ ചെറുകഥയുടെ നീളം. സ്ക്രീനില്‍ മുഖ്യ കഥാപാത്രങ്ങളായി മൂന്നാം നിര നായക/ഉപനായക വൃന്ദം. ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന സിനിമയിലേക്ക് ആകര്‍ഷിച്ച ഘടകങ്ങള്‍ ഇതൊക്കെയായിരുന്നു. താരതമ്യേനെ പുതുമുഖമാണ് സംവിധായകന്‍ (ലാസ്റ്റ് ബെഞ്ചാണ് ആദ്യ ചിത്രം. ഇത് രണ്ടാമത്തെ ചിത്രം). എ ജിജു അശോകന്‍ സിനിമ എന്നൊക്കെ പോസ്റ്ററില്‍ വലിപ്പത്തില്‍ അടിച്ചു വെച്ചിട്ടുണ്ട്. (അതിപ്പോള്‍ ഒരു ഫാഷണനാണല്ലോ). കള്ളന്മാരുടെ അധോലോകമാണ് കഥാ പശ്ചാത്തലം.

കള്ളന്മാരുടെ ലോകവും അവിടത്തെ ലിഖിതവും അലിഖിതവുമായ നിയമങ്ങളും അവരുടെ കുടുംബവും അവര്‍ക്കിടയിലെ വ്യക്തി ബന്ധങ്ങളും ദുഃഖങ്ങളും വളരെ സ്വാഭാവികമായ ഒന്നായി  അവതരിപ്പിച്ചുകൊണ്ടാണ് ചിത്രത്തിന്‍റെ ആദ്യപകുതി കടന്നു പോകുന്നത്. കള്ളന്മാര്‍ കേന്ദ്ര കഥാപാത്രങ്ങള്‍ ആകുന്ന നിരവധി ചിത്രങ്ങള്‍ വന്നു പോയിട്ടുണ്ടെങ്കിലും (കള്ളന്‍ പവിത്രന്‍ മുതല്‍ മീശ മാധവനും സപ്തമശ്രീ തസ്ക്കരയും വരെ) ഇവരുടെ സാമൂഹിക /കുടുംബ ജീവിതവും രാത്രിഞ്ചര ജീവിതവും ഏറെയൊന്നും വിശദമായി നമ്മുടെ ചിത്രങ്ങള്‍ അവതരിപ്പിച്ചിട്ടില്ല. സമൂഹത്തില്‍ മറ്റെല്ലാവരും ജീവിക്കുന്നതു പോലെ ത്തന്നെയാണ് കള്ളന്‍മാരും ജീവിക്കുന്നതെന്നും ചോരണം എന്നത് ഒരു ശാസ്ത്രമാണ് എന്നൊക്കെയുള്ള വ്യാഖ്യാനത്തിലൂടെ മോഷണത്തെ അത്ര മോശമായി കാണേണ്ട കാര്യമല്ല എന്നാണ് ഉറുമ്പുകളുടെ സംവിധായകന്റെ മതം.സിനിമയില്‍ ഒരിടത്ത് മുഖ്യ കള്ളനായ ബെന്നി നല്ല കള്ളന്‍ ഒരു നല്ല കമ്യൂണിസ്റ്റാണ് എന്നു പറയുന്നുണ്ട്. അയാളുടെ വീട്ടില്‍ പുണ്യാളന്‍റെ ചിത്രത്തിനൊപ്പം ഇ എം എസിന്‍റെ ചിത്രവും ചുമരില്‍ തൂക്കിയിട്ടിരിക്കുന്നത് കാണാം. ഉള്ളവരുടെ അടുത്ത് നിന്നെടുത്ത് ഇല്ലാത്തവന് കൊടുക്കുക എന്നതാണ് ബെന്നി കള്ളന്റെ സിദ്ധാന്തം. ഇത്രയുമായപ്പോള്‍ കാര്യങ്ങള്‍ കൈവിട്ടു പോവുകയാണല്ലോ എന്നു തോന്നി. സാദാ മട്ടില്‍ പറഞ്ഞു പോകാവുന്ന കള്ളന്മാരുടെ കഥയ്ക്ക് മേലെ സംവിധായകന്റെ ഒരു അനാവശ്യ സിദ്ധാന്തം. എങ്കിലും അത്ര ബോറടിപ്പിക്കുന്നില്ല ആദ്യപകുതി എന്നു പറയേണ്ടിയിരിക്കുന്നു.

ബെന്നിക്കള്ളന്റെ അടുത്ത് അയാളുടെ ആശാന്‍ മനോജ് എന്ന യുവാവിനെ മോഷണ കല പഠിപ്പിക്കാന്‍ കൊണ്ടു ചെന്നാക്കുന്നതാണ് ചിത്രത്തിന്‍റെ തുടക്കം. ആദ്യം വല്യ താത്പര്യം പ്രകടിപ്പിച്ചില്ലെങ്കിലും പതുക്കെ ശിഷ്യന്‍റെ ആത്മാര്‍ഥതയും ആയാള്‍ കൂടെ വന്നപ്പോഴുള്ള രാശിയും ഒക്കെ തിരിച്ചറിയുന്ന ബെന്നി അവനെ സ്ഥിരം കയ്യാളാക്കുന്നു. തുടര്‍ന്ന് കുറേ മോഷണ ശ്രമങ്ങളുടെ ചിത്രീകരണത്തിലൂടെ ഒന്നാം പകുതി അവസാനിക്കുന്നു.

യഥാര്‍ഥത്തില്‍ രണ്ടാം പകുതിയിലാണ് കഥ അതിന്‍റെ യഥാര്‍ത്ഥ രൂപം വെളിപ്പെടുത്തിയത്. ഇത് വെറും കള്ളന്മാരുടെ ലൊട്ട് ലൊടുക്ക് കഥയല്ലെന്നും പിന്നെ ഭയങ്കരമാന പ്രതികാര കഥയാണെന്നും. യഥാര്‍ത്ഥത്തില്‍ അത് വരെയുണ്ടായിരുന്ന നിഷ്കളങ്കമായ തമാശകളും മറ്റും കാറ്റ് പോയ ബലൂണ്‍ പോലെയാകുന്നത് ഈ പ്രതികാര ട്രാക്കിലേക്ക് സിനിമ മാറിയതോടെയാണ്. യുക്തിയെ ചോദ്യം ചെയ്യുന്ന വളരെ ദുര്‍ബലമായ ലിങ്കുകളിലൂടെ പൊലിപ്പിച്ചെടുത്ത പ്രതികാര കഥ അതിന്‍റെ ഉച്ഛസ്ഥായിയിലാവുമ്പോള്‍ ഉറുമ്പുകള്‍ മാത്രമല്ല പ്രേക്ഷകരും ഉറങ്ങാന്‍ തുടങ്ങുകയായി.

ഈ സിനിമ ചെമ്പന്‍ വിനോദിന്റെ സിനിമയാണ്. കലാഭവന്‍ മണിയുടെ സ്ഥാനത്ത് കടന്നു വന്ന വിനോദിന് ആകാരം കൊണ്ട്മാത്രമല്ല മണിയുമായുള്ള സാമ്യം. തമാശയും ഗൌരവവും ഒരു പോലെ കൈകാര്യം ചെയ്യാന്‍ കഴിയുന്ന നടനെന്ന നിലയില്‍ ഇതിനകം തന്നെ അയാള്‍ പേരെടുത്തുകഴിഞ്ഞിട്ടുണ്ട്. നന്മ നിറഞ്ഞ കള്ളന്‍ ബെന്നിയുടെ കഥാപാത്രം വിനോദിന്റെ കയ്യില്‍ ഭദ്രം. അതേ സമയം വിനോദ് ഇത് മൂന്നാം തവണയാണ് കള്ളന്‍ വേഷം കൈകാര്യം ചെയ്യുന്നത് എന്നത് ചെടിപ്പിക്കുന്നുണ്ട് (സപ്തമശ്രീ തസ്കര, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര). തന്റെ കറുപ്പ് നിറം ബെന്നിക്ക് ഒരു ബാധ്യതയാവും എന്നുറപ്പ്. സമൂഹത്തിലെ അധോലോക കഥാപാത്രങ്ങള്‍ എന്ന വാര്‍പ്പ് മാതൃകയിലേക്ക് എളുപ്പത്തില്‍ വിനോദ് ചെന്ന് വീഴും എന്നു തീര്‍ച്ച. (ആമേനിലെ ഷാപ്പുകാരന്‍, നീനയിലെ ചേരിയിലെ താമസക്കാരന്‍, ഡബിള്‍ബാരലിലെ ക്വട്ടേഷന്‍ etc.) കാരണം സെലെക്ടീവാകാനുള്ള സാഹചര്യം മലയാള സിനിമയില്‍ ഈ മൂന്നാം നിര നടന്‍മാര്‍ക്കില്ല തന്നെ.  മുന്പില്‍ വരുന്ന എല്ലാ കഥാപാത്രങ്ങളും ചാടി വീണു അവതരിപ്പിക്കുകയും അനിവാര്യമായ പ്രേക്ഷക ചെടിപ്പ് ഏറ്റുവാങ്ങുകയുമാണ് ഇവരുടെ വിധി.

ഉറുമ്പുകളുടെ മറ്റൊരു നന്മ വളരെക്കാലത്തിന് ശേഷം കോഴിക്കോട് ശാരദയെ ഒരൊറ്റ സീനിലാണെങ്കിലും വീണ്ടും കണ്ടു എന്നുള്ളതാണ്. സല്ലാപത്തിലെ മനോജ് കെ ജയന്‍റെ അമ്മ വേഷത്തിലൂടെ പ്രേക്ഷക മനസില്‍ ഇടം പിടിച്ച നടിയാണ് ശാരദ. ന്യൂ ജനറേഷന്‍ നഗര ചിത്രങ്ങളില്‍ എവിടെയാണ് ഈ ഗ്രാമീണ വൃദ്ധകള്‍ക്ക് സ്ഥാനം?

ഏതെങ്കിലും തരത്തില്‍ മധ്യമാര്‍ഗ്ഗ സിനിമകള്‍ കാണുന്നവരെയോ അല്ലെങ്കില്‍ ആര്‍ട്ട് ഹൌസ് പ്രേക്ഷകരെയോ പിടിച്ചിരുത്താനുള്ള കാമ്പും കഴമ്പും ഉള്ള സിനിമയാണെന്ന് തെളിയിക്കാന്‍ ഉറുമ്പുകള്‍ ഉറങ്ങാറില്ല എന്ന ചിത്രത്തിന് സാധിക്കുന്നില്ല. റിലീസ് ചെയ്യുകയും വിരലിലെണ്ണാവുന്ന ദിവസങ്ങളില്‍ മാത്രം തിയറ്ററില്‍ ജീവിക്കുകയും ഒടുവില്‍ എങ്ങോ പോയ്മറയുകയും ചെയ്യുന്ന ചെറു ചിത്രങ്ങളുടെ കൂട്ടത്തില്‍ ഒന്ന്. വര്‍ഷാന്ത്യത്തില്‍ മലയാള സിനിമയുടെ കണക്കെടുക്കുന്നവരുടെ പട്ടികയില്‍ ചേര്‍ക്കാന്‍ ഒരു സിനിമ കൂടി. അതുകൊണ്ടു തന്നെ സാമൂഹ്യ മാധ്യമങ്ങളുടെ നിരൂപണ പോസ്റ്റുകളിലും ഈ ചിത്രം കാണുകയില്ല. എങ്കിലും ചില നന്മകള്‍ പ്രസ്താവിക്കുന്ന കഥ മാധ്യമത്തോടുള്ള നിഷ്കളങ്കമായ സമീപനം മൂന്നാം നിര നടീ നടന്മാരുടെ സാന്നിധ്യം എന്നിവകൊണ്ട് പരാര്‍ശിക്കപ്പെടാന്‍ അര്‍ഹതയുള്ള സിനിമ തന്നെയാണ് ഉറുമ്പുകള്‍ ഉറങ്ങാറില്ല.

നീക്കിബാക്കി: ഈ ചിത്രത്തില്‍ പൂട്ടിന് തേങ്ങയിടുന്നതുപോലെ ഉറുമ്പുകളുടെ ദൃശ്യം കാണിക്കുന്നുണ്ട്. കള്ളന്‍മാരെ ഉറുമ്പുകളുമായി താരതമ്യം ചെയ്യുന്നതിലെ സാംഗത്യം സംവിധായകന് തന്നെ ബോധ്യപ്പെടാത്തത് പോലെ. എന്തായാലും ആവര്‍ത്തിച്ച് കാണിച്ചു ആ കാര്യം പ്രേക്ഷകരെ ബോധ്യപ്പെടുത്താനുള്ള സംവിധായകന്‍റെ തന്ത്രമാണ് ഈ ചിത്രത്തിലെ ഏറ്റവും വലിയ തമാശ.

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് സഫിയ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍