UPDATES

Avatar

കാഴ്ചപ്പാട്

അഴിമുഖം

കേരളം

എയര്‍ബോണ്‍ ടു ചെയര്‍ബോണ്‍ -സമാനതകളില്ലാത്ത ജീവിതം

അഴിമുഖം

എം.പി അനില്‍ കുമാര്‍. സമാനതകളില്ലാത്ത ജീവിതം. 26 വര്‍ഷം ആശുപത്രി കിടക്കയില്‍ ജീവിച്ചപ്പോഴും ആത്മധൈര്യം കൈവിടാത്ത മുന്‍ ഫൈറ്റര്‍ പൈലറ്റ്. തനിക്കു ചുറ്റും കൂടിയ നൂറുകണക്കിന് പേര്‍ക്ക് ജീവിതത്തിന്റെ സാധ്യതകള്‍ പറഞ്ഞു കൊടുത്തും പങ്കുവച്ചും അവരെയൊക്കെ കൈപിടിച്ചുകയറ്റിയ പോരാളി. ഈ മാസം 20-നു അനില്‍ കുമാര്‍ അന്തരിച്ചു. ഇന്ത്യന്‍ എക്സ്പ്രസ് നടത്തിയ ലേഖനമത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ അനില്‍ കുമാറിന്റെ സ്വന്തം ജീവിതമാണ് ‘എയര്‍ബോണ്‍ ടു ചെയര്‍ബോണ്‍’. വായില്‍ പേന കടിച്ചു പിടിച്ച് അനില്‍ എഴുതി വച്ച ആ വരികളുടെ സംക്ഷിപ്തം. അതോടൊപ്പം, എയര്‍ബോണ്‍ ടു ചെയര്‍ബോണിന്റെ ഒറിജിനലും. 
കൈകാലുകളനക്കാനുള്ള എന്റെ ശ്രമം വിഫലമായി. നിമിഴംപ്രതി ചൂഴ്ന്നിറങ്ങുന്ന കഴുത്തിലെ വേദന. അല്‍പ്പനേരത്തെ സ്തംഭനാവസ്ഥയില്‍ നിന്നുണര്‍പ്പോഴാണ് കാര്യങ്ങളുടെ ഗൗരവം മനസിലായത്. 
അവിടെ കിടന്നുകൊണ്ട് നിരാശയോടെ നിലവിളിച്ചോ എന്നെനിക്കോര്‍മയില്ല. 1999 ജൂണ്‍ 28-ാം തീയതി ആ ശപിക്കപ്പെട്ട രാത്രി. ഏതാണ്ട് 11 മണി. രാത്രിയിലെ പറക്കല്‍ കഴിഞ്ഞ് പത്താന്‍കോട്ട് എയര്‍ഫോഴ്‌സ് സ്‌റ്റേഷനിലെ മെസ്സിലേക്ക് മടങ്ങുകയായിരുന്നു. അവിചാരിതമായി എന്റെ വാഹനം വഴിയരികിലെ ബാരിക്കേഡിലേക്കിടിച്ചു കയറി. ആ ആഘാതത്തില്‍ കഴുത്ത് ഞെരിഞ്ഞ് നെട്ടെല്ലിലെ സുഷുമ്‌ന നാഡികള്‍ക്ക് ക്ഷതമേറ്റു. നിരാശയ്ക്കും നിസഹായതയ്ക്കം വിഷാദത്തിനുമിടയില്‍ ഉലഞ്ഞാടുന്ന മനസുമായി ഞാനവിടെ തളര്‍ന്നു കിടന്നു. 
അടുത്ത കുറെ ദിവസങ്ങളില്‍ ആശുപത്രികളും മനസിന്റെ ബോധതലങ്ങളും മാറിമാറി, പത്താന്‍കോട്ടുനിന്നും പൂനെയ്ക്കടുത്തുള്ള കിര്‍ക്കിയിലെ നാഡീ ചികിത്സാ കേന്ദ്രത്തിലെത്തി. രണ്ടാഴ്ച കഴിഞ്ഞിട്ടും എന്റെ അവസ്ഥയില്‍ മാറ്റമൊന്നും കണ്ടില്ല. അവസാനം ധൈര്യം സംഭരിച്ച് ഇനിയെന്താകുമെന്ന് ഡോക്ടറോഡ് അന്വേഷിച്ചു. എന്റെ ചോദ്യത്തിനുത്തരം ദൈവത്തില്‍ നിന്നു തേടുന്നതുപോലെ കൈകള്‍ ആകാശത്തിലേക്കുയര്‍ത്തി അദ്ദേഹം മൂകനായി നിന്നു. നിസഹായതയുടെ ചുഴിയില്‍ മുങ്ങിയ, പ്രതിവിധിയില്ലാത്ത ശാരീരിക തളര്‍ച്ചയുടെ ആഴം ഞാനറിഞ്ഞു. സ്വപ്നത്തില്‍ പോലും വിചാരിക്കാത്ത വിധിയുടെ ക്രൂരവിനോദത്തിനു മുന്നില്‍ ഉത്തരം മുട്ടിയ ദൈവത്തോടുള്ള എന്റെ വിശ്വാസം തകര്‍ന്നു. കൂടെ ജീവിത പ്രതീക്ഷകളും.
തുറന്ന ആകാശത്തില്‍ നിന്നും ഒരു കിടക്കയിലേക്കും വീല്‍ച്ചെയറിലേക്കും ഒതുങ്ങിയ ഭാവിജീവിതം. പരസഹായമില്ലാതെ ഒന്നിനും കഴിയാത്ത നിസഹായത. ശരീരഘടനയില്‍ വന്ന തളര്‍ച്ചയുടെ മാറ്റങ്ങള്‍. തൊലിയും മാംസവും ചുളുങ്ങി ഒരസ്ഥികൂടം പോലെ നിരാശയുടെ നിഴലില്‍ രണ്ടുവര്‍ഷത്തെ ആശുപത്രി ജീവിതം. ഹൃദയവേദനയെ പുഞ്ചിരികൊണ്ട് മറക്കാന്‍ ശ്രമിച്ച നാളുകള്‍. 
ശാരീരികമായ ഉപയോഗശൂന്യത കണക്കിലെടുത്ത് 1990 ഏപ്രില്‍ 12-ന് എയര്‍ഫോഴ്‌സ് എന്നെ സേവനവിമുക്തനാക്കി. ആകാശങ്ങളില്‍ പറന്ന് ഉന്നതതലങ്ങളിലേക്കയുയരാനുള്ള സ്വപ്നം ഒരു നിസാര അപകടത്തില്‍ പൊലിഞ്ഞു. അങ്ങനെ ഇരുപത്താറാം വയസില്‍ പൂനെയ്ക്കടുത്തുള്ള കിര്‍ക്കിയിലെ പാരാപ്ലെജിക് ഹോമിലെ അന്തേവാസിയായി. ജീവിതം പുതിയ ഘട്ടത്തിലേക്ക്. 
എന്റെ ജീവിതം തുടങ്ങുന്നത് തിരുവനന്തപുരത്തു നിന്നും 55 കിലോമീറ്റര്‍ വടക്കുള്ള ചിറയിന്‍കീഴിലാണ്. ഒമ്പതാം വയസില്‍ അവിടെ നിന്ന് കഴക്കൂട്ടത്തെ സൈനിക സ്‌കൂളിലേക്ക്. തുടക്കം മെല്ലെയായിരുന്നെങ്കിലും ക്രമേണെ സൈനിക് സ്‌കൂള്‍ ജീവിതത്തിലെ എല്ലാ മേഖലകളിലും ശോഭിക്കാന്‍ കഴിഞ്ഞു. അവിടെ നിന്ന് പൂനെയിലെ നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും സെക്കന്ദ്രാബാദിലെ എയര്‍ഫോഴ്‌സ് അക്കാദമിയിലേക്കും. ഏറ്റവും പ്രഗത്ഭനായ എയര്‍ഫോഴ്‌സ് കേഡറ്റിനും വ്യോമാഭ്യാസത്തിനുമുള്ള പുരസ്‌കാരങ്ങള്‍ നേടി 1984 ഡിസംബറില്‍ ഫൈറ്റര്‍ പൈലറ്റായി നിയമനം. സ്വപ്നതുല്യമായ ഒന്നാം ഘട്ട ജീവിതം. 
അവിടെ നിന്നും തളര്‍ന്ന നിസഹായതയിലേക്ക്. എത്ര ശ്രമിച്ചിട്ടും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥ. അതൊരു വെല്ലുവിളിയായി സ്വീകരിച്ച് മനസിനെ തളച്ചിട്ട ചങ്ങല പൊട്ടിക്കാന്‍ തീരുമാനിച്ചു. അങ്ങനെ 1990 സെപ്റ്റംബറില്‍ ചുണ്ടില്‍ കടിച്ചുപിടിച്ച പേനകൊണ്ട് എഴുതാനുള്ള ശ്രമം തുടങ്ങി. മൂന്നാഴ്ച തുടര്‍ന്നു പരിശ്രമിച്ചിട്ടും അക്ഷരങ്ങള്‍ പോലും എഴുതാന്‍ കഴിഞ്ഞില്ല. ആ രീതില്‍ നിന്നൊരു മാറ്റം വരുത്തി ഷീലാ ജോര്‍ജിനൊരു കത്തെഴുതാന്‍ തീരുമാനിച്ചു. അവരായിരുന്നല്ലോ എഴുതാന്‍ പ്രേരിപ്പിച്ചത്. മൂന്നുനാലു വരികളിലൊതുങ്ങിയ കത്ത്. അതിരില്ലാത്ത ആഹ്‌ളാദത്തില്‍ പൊതിഞ്ഞ് ചുണ്ടെഴുത്തിലെഴുതിയ ആദ്യത്തെ കത്ത്. അങ്ങനെ നാലഞ്ചു മാസത്തെ നിരന്തര പ്രയത്‌നത്തില്‍ എന്റെ ചുണ്ടില്‍ കടിച്ചുപിടിച്ച പേനയില്‍ നിന്നും വായിക്കാനുതകുന്ന വരികള്‍ പിറന്നു. ആ ചെറിയ വരികളിലൂടെ മറ്റൊരു ലോകം തുറക്കുകയായിരുന്നു. കിടക്കയിലും വീല്‍ച്ചെയറിലുമൊതുങ്ങിയ എനിക്കുമുന്നില്‍ കത്തുകളുടേയും സുഹൃദ്ബന്ധങ്ങളുടേയും ഒരു വലിയ ലോകം. 
1991 മെയില്‍ എയര്‍ഫോഴ്‌സിന്റെ വകയായി എനിക്കൊരു സമ്മാനം ലഭിച്ചു. താടികൊണ്ട് ചലിപ്പിക്കാവുന്ന ആ വീല്‍ച്ചെയറില്‍ പരിമിതമെങ്കിലും സഞ്ചാരസ്വാതന്ത്ര്യം ലഭിച്ചു. തളര്‍ന്ന ജീവിതത്തിന് മറ്റൊരാശ്വാസം കൂടി. 
തളര്‍ന്ന ശരീരത്തിനുള്ളിലെ തളരാത്ത മാനസിക കഴിവുകളെ വികസിപ്പിക്കുകയെന്ന ആശയം എന്റെ ഫൈ്‌ളറ്റ് കമാന്‍ഡറായിരുന്ന വിംഗ് കമാന്‍ഡര്‍ മുരളീധരനാണ് മുന്നോട്ടുവച്ചത്. അദ്ദേഹത്തിന്റേയും വിംഗ് കമാന്‍ഡര്‍ ആര്‍.വി ജോഗിന്റെയും ഡോ. എ കുല്‍ക്കര്‍ണിയുടേയും കൂടെ ഞാന്‍ കമ്പ്യൂട്ടര്‍ ലോകത്തെ സ്വപ്നം കാണാന്‍ തുടങ്ങി. പക്ഷേ, പല കാരണങ്ങളാല്‍ അത് സഫലമായില്ല. ഇതിനിടെ അധ്യാപനത്തിനുള്ള ശ്രമവും പാഴായി. ഇങ്ങനെയൊക്കെയാണെങ്കിലും ജീവിതത്തിന്റെ ഈ ഘട്ടവും പ്രശോഭിതമാക്കണമെന്നാണ് എന്റെ വിചാരം. യുദ്ധവിമാനങ്ങളില്‍ ആകാശങ്ങളിലുയര്‍ന്ന ആദ്യഘട്ടം പോലെ തന്നെ. 
എല്ലാ ഇരുണ്ട മേഖങ്ങള്‍ക്കുമൊപ്പം ഒരു വെള്ളിവെളിച്ചം ഉണ്ടാകുമല്ലോ. തളര്‍ന്ന ശരീരത്തിനുളളിലും തളരാത്ത മാനുഷിക ശേഷികള്‍ വികസിപ്പിച്ചെടുത്താല്‍ വിജയം സുനിശ്ചിതമാണ്. വെല്ലുവിളികളെ നേരിടാനുള്ള ആര്‍ജവവും അടങ്ങാത്ത ആത്മധൈര്യവും ചേര്‍ത്ത് മെനയുമ്പോഴാണെല്ലോ ജീവിത വിജയങ്ങള്‍ ഉണ്ടാകുന്നത്. വെല്ലുവിളികള്‍ക്ക് കാഠിന്യമേറുമ്പോള്‍ വിജയങ്ങള്‍ക്ക് മധുരവും കൂടും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍