UPDATES

ഇന്ത്യ

ജാതിഹിന്ദുക്കളുടെ വികസന വോട്ടുകള്‍

Avatar

അഴിമുഖം

ടീം അഴിമുഖം

ആര്‍ എസ് എസിന്റെ രണ്ടാം സര്‍സംഘ ചാലക് ആയ എം എസ് ഗോള്‍വാല്‍ക്കര്‍ അദ്ദേഹത്തിന്റെ “ബഞ്ച് ഓഫ് തോട്ട്സ്” എന്ന കൃതിയില്‍ പറയുന്നത് “ഹിന്ദു എന്നത് മാത്രമേ ബാധകമാകൂ, ജാതിയോ ഉപജാതിയോ അങ്ങനെയൊന്നും പ്രശ്നമല്ല” എന്നാണ്. ആര്‍എസ്എസ് പുസ്തകത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ഒരു താള്‍ കൊണ്ട് ജാതിവരമ്പുകള്‍ ഭേദിച്ച ബിജെപി ഉത്തര്‍പ്രദേശിലും ബീഹാറിലും രാജസ്ഥാനിലും ഹരിയാനയിലും രാജ്യത്തെ മറ്റുഭാഗങ്ങളിലും മികച്ചവിജയം നേടിയതാണ് കാണാന്‍ കഴിയുക.

 

ജാതി അടിസ്ഥാനമാക്കിയുള്ള സ്വത്വരാഷ്ട്രീയത്തോട് ബിജെപിയുടെ താത്വിക എതിര്‍പ്പ് പണ്ടേ വ്യക്തമാക്കിയിട്ടുള്ളതാണ്. ഹിന്ദുത്വത്തില്‍ അധിഷ്ടിതമായ രാഷ്ട്രീയം ജാതിയെ മറികടക്കും എന്നായിരുന്നു അവരുടെ വാദം. 

 

ചാതുര്‍വര്‍ണ്യത്തെ ന്യായീകരിച്ചുകൊണ്ട് ഗോള്‍വാല്‍ക്കര്‍ പറയുന്നത് “ഹിന്ദുക്കള്‍ക്കിടയിലുള്ള പല ജാതികളെപ്പറ്റി പറയാമെങ്കിലും ‘ഹിന്ദു’ എന്ന പേരിനുകീഴില്‍ ഇവരെല്ലാം ഉള്‍പ്പെടും എന്നാണ്. തീര്‍ച്ചയായും വിശദീകരണങ്ങള്‍ക്കായുള്ള ശ്രമങ്ങള്‍ പലപ്പോഴും നടന്നിട്ടുണ്ടെങ്കിലും അവയെല്ലാം പരാജയപ്പെട്ടിട്ടുമുണ്ട്. സത്യം അവയൊന്നും പ്രകടിപ്പിക്കുന്നില്ല, നൂറ്റാണ്ടുകളായി ഇങ്ങനെ വളരുകയും മാറുകയും ചെയ്യുന്ന ആളുകലാകുമ്പോള്‍ ഇത് മനസിലാക്കാവുന്ന കാര്യമാണ്.”

 

ജാതിസ്വത്വത്തിന്റെ പേരില്‍ നിലനിന്നുവന്നിരുന്ന പാര്‍ട്ടികള്‍ക്ക് 2014 ലോക്സഭാ തെരഞ്ഞെടുപ്പോടെ നിലതെറ്റിയിരിക്കുകയാണ്. നരേന്ദ്ര മോദിയുടെ നേതൃത്വത്തെയും സംഘപരിവാറിന്റെ ഹിന്ദുത്വനിലപാടിനെയും കൃത്യമായി ഉപയോഗപ്പെടുത്തിയതാണ് ഈ മാറ്റത്തിന് കാരണം.

 

 

ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ കാര്യമെടുക്കുക. 2009-ല്‍ ദളിതരുടെ ഈ പാര്‍ട്ടി ഉത്തര്‍പ്രദേശില്‍ നിന്ന് 19 സീറ്റുകള്‍ നേടുകയും മൊത്തം 47 സീറ്റുകള്‍ നേടി രണ്ടാംസ്ഥാനത്തെത്തുകയും ചെയ്തിരുന്നു. ഇത്തവണ അവര്‍ക്ക് ഉത്തര്‍പ്രദേശില്‍ ഒരു സീറ്റുപോലും കിട്ടിയില്ല. 31 മണ്ഡലങ്ങളിലും അവര്‍ രണ്ടാം സ്ഥാനത്തെത്തിയെങ്കിലും വിജയിച്ചവരും ഇവരും തമ്മിലുള്ള വ്യത്യാസം ശരാശരി രണ്ടുലക്ഷം വോട്ടുകളുടെയാണ്. അതായത് അവരുടെ പ്രധാനവോട്ടര്‍മാരായ ചമാറുകള്‍ പോലും മായാവതിയേക്കാള്‍ മോദിയെയാണ് താല്പ്പര്യപ്പെടുന്നത് എന്നര്‍ത്ഥം. ബി എസ് പി ചാതുര്‍വര്‍ണ്യത്തിനും മനുവാദത്തിനും എതിരാണ്.

 

മറ്റൊരു പാര്‍ട്ടിയായ രാഷ്ട്രീയ ലോക് ദളിന് ഉത്തര്‍പ്രദേശിലെ ജാട്ടുകളുടെ പിന്തുണയുണ്ടെന്നായിരുന്നു വാദം. എന്നാല്‍ അവര്‍ക്ക് ഒരേയൊരു സീറ്റില്‍ മാത്രമാണ് രണ്ടാംസ്ഥാനത്ത് എത്താനായത്. ജാട്ടുകള്‍ക്ക് കേന്ദ്രഗവണ്മെന്റില്‍ ജോലികള്‍ വാഗ്ദാനം ചെയ്ത് അവസാനനിമിഷം കോണ്‍ഗ്രസ് എത്തിയെങ്കിലും നിലവിലുണ്ടായിരുന്ന മറ്റ് ഏഴുസീറ്റുകളും അവര്‍ ബിജെപിയോട് തോറ്റു.

 

ഹരിയാനയിലെ പ്രധാന പ്രതിപക്ഷമായ ഇന്ത്യന്‍ നാഷണല്‍ ലോകദളും ജാട്ട് വോട്ടുകളെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്. എന്നാല്‍ അവരുടെ പ്രകടനവും പ്രതീക്ഷിച്ചതുപോലെ ഉയര്‍ന്നില്ല. ആകെയുള്ള പത്തുമണ്ഡലങ്ങളില്‍ രണ്ടുസീറ്റില്‍ ജയിക്കുകയും മൂന്നില്‍ രണ്ടാംസ്ഥാനത്തെത്തുകയുമാണ്‌ അവര്‍ക്ക് കഴിഞ്ഞത്. 

 

തമിഴ്നാട്ടിലും ജാതി അടിസ്ഥാനമാക്കിയുള്ള പാട്ടാളി മക്കള്‍ കച്ചി പോലെയുള്ളവര്‍ക്കും ബിജെപിയുടെ പിന്തുണ ലഭിച്ചിട്ടും എഐഡിഎംകെ തരംഗത്തില്‍ പിടിച്ചുനില്‍ക്കാനായില്ല.

 

മികച്ചഭരണം വാഗ്ദാനം ചെയ്ത മോദിക്ക് യുവാക്കളും ജാതിഭേദമെന്യേ വോട്ട്ചെയ്തിരിക്കണം. പതിനാറുമണിക്കൂര്‍ പവര്‍കട്ടുള്ള യുപി പോലെയുള്ള ഒരു സംസ്ഥാനത്ത് മികച്ച ഭരണത്തിനുവേണ്ടി അല്‍പ്പസമയം നമുക്ക് ജാതി മറന്നുകളയാം എന്ന് വോട്ടര്‍മാര്‍ കരുതിയിട്ടുണ്ടാകണം. എന്നാല്‍ ജാതിക്കളികള്‍ അത്രയെളുപ്പം തീരുമോ ഇന്ത്യയില്‍? 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍