UPDATES

കാഴ്ചപ്പാട്

അഴിമുഖം ഡെസ്ക്

പ്രവാസം

ഞാനൊരു ഗൾഫുകാരനാണ്‌

 

കഴിഞ്ഞ ദിവസം പിരിവിനായി വീട്ടിൽ വന്ന പാർട്ടിക്കാരൻ ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു തുക എഴുതി കയ്യിൽ തന്നു പരിവിനായി ചോദിച്ചു.  ഇത്രയും വലിയ തുകയോ?  അറിയാതെ ചോദിച്ചു പോയി? അതിനെന്താ സാറേ നിങ്ങളൊക്കെ ഗൾഫുകാരല്ലേ? 

ഇത് പ്രവാസികൾ മിക്കവാറും കേൾക്കേണ്ടി വരുന്ന ചോദ്യമാണ്.  അതിനെന്താ നിങ്ങൾ ഗൾഫുകാരല്ലേ? 

ഇങ്ങു കേരളത്തിൽ നിന്നും നമ്മുടെ രാജ്യ തലസ്ഥാനമായ ഡൽഹിക്ക് വിമാനത്തിൽ പോകാൻ വേണം – കടൽ കടന്നിവിടെ വരുന്നതിലും കൂടുതൽ സമയവും പൈസയും, മാസത്തിൽ രണ്ടു തവണയെങ്കിലും ഇങ്ങനെ പറക്കാറുള്ള രാഷ്ട്രീയ മേലാളന്മാരും രണ്ടും മൂന്നും വർഷം കൂടുമ്പോൾ പരോളിനിറങ്ങുന്ന പോലെ നാട്ടിലേക്കു വരുന്ന  പ്രവാസികളോട് ചോദിക്കും അതിനെന്താ നിങ്ങൾ ഗൾഫുകാരല്ലേ ?

കാലാ കാലങ്ങളിൽ ഗൾഫുകാരുടെ പ്രശ്നങ്ങൾ നേരിട്ട് കണ്ടു പഠിക്കാനായി ഒത്തിരിയേറെ ബുദ്ധിമുട്ടി ഇവിടങ്ങളിൽ ഔദ്യോഗിഗമായും അല്ലാതെയും എത്തുന്ന ജനകീയ, പുരോഗമന രാഷ്ട്രീയക്കാരും   ഇതേ ചോദ്യം ചോദിക്കാനും അല്ലെങ്കിൽ തങ്ങളുടെ സഹായഹസ്തം നിഗൂഡ ലക്ഷ്യത്തോടെ നീട്ടുവാനും ശ്രമിക്കുന്നത് നമുക്കറിയാം.

നാട്ടിൽ നിന്നും ആദ്യമായി വിമാനം കയറാൻ വരുമ്പോൾ ഇരിക്കുന്ന കസേര ഇന്ദ്രദേവന്റെതാണ് എന്ന ഭാവത്തിൽ ചോദ്യങ്ങൾ ചോദിക്കുന്ന ഇമ്മിഗ്രേഷൻ ഉദ്യോഗസ്ഥരും തിരികെ വരുമ്പോൾ കൂട്ടുകാരുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം കൊണ്ടുവരുന്ന പെട്ടികൾക്ക് വിലയിട്ടു ഇതേ ചോദ്യം ചോദിക്കും.

നോക്ക് കൂലി പ്രത്യേക നിയമമാക്കണമെന്ന് വാദിക്കുന്നവരുടെ പിന്തലമുറക്കാരുമുണ്ടവിടെ, നിങ്ങൾ ആവശ്യപ്പെട്ടാലും ഇല്ലെങ്കിലും നിങ്ങളെ നിർബന്ധ പൂർവ്വം സഹായിക്കാൻ,  പൈസ കൊടുക്കാനില്ലെന്നവർക്കറിയാം .. അവർക്ക് വേണ്ടത് പൈസയല്ല റിയാലോ ഡോളറോ ഒക്കെ മാത്രമേ ഇത്തരക്കാർക്ക് വേണ്ടൂ. 

എന്തിനേറെ എയർപോർട്ടിൽ നിന്ന് കയറുന്ന ടാക്സിക്കാരൻ മുതൽ ഷോപ്പിംഗ്‌ സെന്ററിലെ കടക്കാർ, ഏതെങ്കിലും ആവശ്യത്തിനായി പോകേണ്ടി വരുന്ന സർക്കാർ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, സ്വർണക്കടക്കാർ വരെ സ്വന്തം കിടപ്പാടം പോലും വിറ്റ് കടലനിക്കരെ പോകേണ്ടിവരുന്നരെ കാണുന്നത് പണം കായ്ക്കുന്ന നാട്ടിൽ നിന്നും വരുന്നവർ എന്നാണ്.  ഗൾഫു നാടുകളിലെ ചികിത്സാ ചിലവുകൾ പേടിച്ചു നാട്ടിൽ വരുന്ന പ്രവാസിയെ കാത്തിരിക്കുന്നതും എക്സിക്യൂട്ടീവ് ചെക്കപ്പുകളും നീണ്ട പരിശോധനാ രീതികളും തന്നെ.

ഇത് പ്രവാസി പണം കാക്കുന്ന മരത്തിൽ നിന്നും കുലുക്കിച്ചാടിക്കുന്ന പണത്തിൻറെ പങ്കു പറ്റാൻ തന്ത്രങ്ങൾ മെനയുന്നവർ…ഇനിയുമുണ്ട് മറ്റു ചിലർ ഏതിലും എന്തിലും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുളള സാക്ഷര കേരളത്തിൻറെ ഒരു ദളം. 

ആണ്ടിലൊരിക്കൽ പ്രവാസി നടത്തുന്ന വിമാനയാത്രയെ വലിയ കാര്യമായി പറയരുതേ – കാരണം KSRTC ഇനിയും ഗൾഫിലേക്ക് നേരിട്ട് ബസ്സ്‌ തുടങ്ങുകയോ കേരള എക്സ്പ്രസ്സ്‌ അതിന്റെ സർവീസ് ഗൾഫിലേക്ക് നീട്ടുകയോ ചെയ്തിട്ടില്ല. 

നാട്ടിലെത്തിയാൽ കാറിൽ മാത്രമേ യാത്ര ചെയ്യൂ എന്ന് കളിയാക്കുന്നവരോട് – 365  ദിവസമോ അതിൽ കൂടുതലോ കുടുംബത്തെ പിഞ്ഞിരിക്കുന്ന  ഞങ്ങളിൽ ഭൂരിഭാഗത്തിനും എണ്ണി ചുട്ടു കിട്ടുന്ന അപ്പം പോലുള്ള  മുപ്പതോ നാൽപതോ ദിവസമെങ്കിലും ഞങ്ങളുടെ കുടുംബത്തിനു സ്വല്പം ശാന്തിയും സമാധാനവും കൊടുത്തോട്ടെ.  ഒരു പക്ഷെ എന്റെ കുഞ്ഞിനെ മതിതീരാതെ ഉമ്മ വെക്കാൻ ആ സമയം എനിക്ക് തോന്നാം, എന്റെ മാറിൽ ഒന്ന് ചാരിക്കിടക്കാൻ എന്റെ ഭാര്യ ആഗ്രഹിക്കുന്നുണ്ടാവാം.  എന്തിനാ ഞങ്ങളെ നിർബന്ധിച്ചു ബസ്സിൽ കയറ്റി നമ്മുടെ നാട്ടിലെ സദാചാര ഏമാൻമാരെ വെറുപ്പിക്കുന്നെ? 

മകളുടെ, മകന്റെ ജന്മദിനം കൊണ്ടാടുന്നതിനും കേൾക്കാം പരാതികളേറെ – അഹങ്കാരമല്ല, മറ്റാരോടും മത്സരിക്കാനുമല്ല – നീണ്ട ഇടവേളകളിൽ ഒരപ്പന്റെ കൈ പിടിച്ചു നടക്കാൻ അവൾ ആഗ്രഹിച്ച നിമിഷങ്ങൾ ഏറെയാണ്‌, ഒരുപ്പയുടെ സാന്ത്വന സ്പർശത്തിനായി.  കൊതിച്ച നാളുകൾ എണ്ണമില്ലാത്തതാണ്.  വിഷമങ്ങൾ വരുമ്പോൾ, സുഹൃത്തുക്കൾ കളിയാക്കുമ്പോൾ, സ്കൂളിൽ എല്ലാവരുടെയും അച്ഛനും അമ്മയും വരുമ്പോൾ, മറ്റുള്ളവർ അച്ഛന്റെ മാറിൽ തല വെച്ചുറങ്ങുന്ന സ്വര്ഗീയ സുഖത്തെപ്പറ്റിപ്പറയുമ്പോൾ കണ്ണുനീർ വീണു കുതിർന്ന തലയിണയോ അച്ഛന്റെ മണമുള്ള ഉടുമുണ്ടോ മാത്രമേ ഉള്ളൂ അവർക്ക്.  ഒരു നാളെങ്കിലും  അവളും ഒരു ബാർബിയാകട്ടെ അവനൊരു രാജകുമാരനും.  ആണ്ടിലൊരിക്കൽ വരുന്ന മഹാബലിയാകാൻ ഞങ്ങളെയും അനുവദിക്കൂ.     

നാട്ടിൽ കൊള്ളാവുന്ന രെസ്ടോറന്റിൽ കയറി ചായ കുടിക്കുന്നതോ മൾട്ടിപ്ലെക്സ് തീയേറ്ററിൽ പോകുന്നതോ ധാരളിത്തമായി കാണരുതേ, ഞങ്ങൾ ഗൾഫു നാട്ടിൽ മൂന്നു നേരവും കോഴിയും വെള്ളത്തിനു പകരം പെപ്സിയും കോളയും കുടിക്കുന്നവരാണെന്ന്  തെറ്റിദ്ധരിക്കുകയും ചെയ്യല്ലേ.  ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആവശ്യങ്ങൾ നിറവേറ്റാനായി കുബ്ബൂസും തൈരും മാത്രമേ കഴിക്കൂ എന്ന് വ്രതമെടുത്തവരാണു ഞങ്ങളിൽ മിക്കവരും.  നാട്ടിൽ കേട്ട് കേൾവി പോലുമില്ലാത്ത റേഡിയോ പാട്ടുകളാണ് ഞങ്ങളിൽ ചിലരുടെയെങ്കിലും  ഒഴിവുകാല വിനോദം.  ഇവിടെ ബെഡ് റൂമുകൾക്ക് പകരം ഞങ്ങളെ കാത്തിരിക്കുന്നത് ബെഡ് സ്പേസുകളും ബങ്കർ ബെഡുകളുമാണ്, എന്തിനേറെ പറയണം രാവിലെ പ്രഭാത കർമത്തിനു വരെ അലാറം വെച്ചു ടൈം ടേബിൾ അനുസരിച്ചാണ് ഞങ്ങൾ പോകുന്നത്         

ഗൾഫുകാരന് ഊണും ഉറക്കവും കറക്കവും മാത്രമേയുള്ളൂ എന്ന് പറയുന്ന ഗുണദോഷികളോട് – ഇവിടെ നാട്ടിലെപ്പോലെ നേതാക്കന്മാരും അനിയായികളും ഇല്ല – അത് കൊണ്ട് തന്നെ KSEBക്കാരെ അനുസ്മരിപ്പിക്കും വിധം പൊടുന്നനെയുള്ള ഹർത്താലോ പാവം ജനങ്ങളെ വിഡ്ഢിയാക്കിക്കൊണ്ടുള്ള രാഷ്ട്രീയ സമര പരമ്പരകളോ, നേതാക്കളുടെ അഴിമതിക്കും അപഥസഞ്ചാരത്തിനും തടയിടാനായി ബാലിയാടുകളെപ്പോലെ അണികളെ രക്തസാക്ഷികളാക്കുന്ന രാഷ്ട്രീയ ഹോമങ്ങളോ നടത്താറില്ല – എന്ന് പറഞ്ഞാൽ ജോലി ദിവസങ്ങളിൽ ജോലി ചെയ്യുക തന്നെ വേണം.  തന്നെയുമല്ല കോഴക്കേസുകളിലും, CDക്കേസുകളിലും പെട്ട് കിടക്കുന്ന നമ്മുടെ രാഷ്ട്രീയ ഏമാന്മാർ അച്ചാ ദിൻ എന്ന് പറഞ്ഞു നമുക്കു  പൊതുവായി തരുന്ന “നല്ല” പണികൾ ഗൾഫുകാരന്റെ കുടുംബത്തിനും ബാധകമാണ്.  ആഗോള വിപണിയിൽ എണ്ണ വില കൂടിയാലും കുറഞ്ഞാലും നമ്മുടെ നാട്ടിൽ മാത്രം അത് കൂടിക്കൊണ്ടേയിരിക്കും അതിന്റെ ചുവടുപറ്റി മത്തിക്കുമുതൽ സ്വർണത്തിന് വരെ വിലകൂടും.  ഈ പ്രതിഭാസം വരുത്തുന്ന സാമ്പത്തിക വ്യതിയാനം ഗൾഫുകാരന്റെ കുടുബ ബജറ്റിലും ബാധകമാണ്   നാട്ടിലെ ആവശ്യങ്ങൾ ഏറുമ്പോൾ ഓവർ ടൈം ചെയ്യുന്ന സമയവും കൂടും. ഇതെല്ലാം കഴിഞ്ഞു ജയിൽപ്പുള്ളികൾ പരോളിൽ ഇറങ്ങുന്നതുപോലെ ഒന്നും രണ്ടും വർഷം കഴിയുമ്പോൾ കിട്ടുന്ന ഈ അവധി ദിനങ്ങളെങ്കിലും ഞങ്ങളും  ഒരു സാധാരണ മലയാളി  ആയിക്കോട്ടെ.    

ഇത്തരത്തിലുള്ള കപട ധാരണകൾ മാറ്റേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഒരു സോപ്പ് കുമിളപോലെ ഏതു നിമിഷവും  പൊട്ടാവുന്നതാണ് ഗൾഫുകാരുടെ പ്രവാസകാലം, അത് പ്രവാസിയും സ്വവാസിയും മനസ്സിലാക്കണം.  ഒരു തുണ്ട് ഭൂമി വാങ്ങാൻ, ഒരു കൊച്ചു വീട് വെക്കാൻ  ജീവിതത്തിലെ മറ്റെല്ലാ സുഖങ്ങൾക്കും അവധി കൊടുത്ത് അന്യ നാട്ടിൽ കഴിയേണ്ടി വരുന്നവരുടെ മാനസികാവസ്ഥ, അവന്റെ ഭാര്യയുടെ, കുട്ടികളുടെ, അമ്മയുടെ വിഷമങ്ങൾ അവരുടെ സ്ഥാനത്തു നിന്ന് ചിന്തിക്കാൻ  എല്ലാവർക്കും  കഴിയണം.

നാടിനു വിദേശ  നാണ്യം നേടിത്തരുന്ന പ്രവാസികളെ ഇവിടെ എംബസ്സികൾ കൈകാര്യം ചെയ്യുന്ന രീതിയും, നാട്ടിലെ വിദേശ കാര്യ വകുപ്പുകൾ പ്രവാസികളുടെ ഉന്നമനത്തിനായി നാളിതുവരെ ചെയ്തിരിക്കുന്ന കാര്യങ്ങളും  ചർച്ചാ വിഷയമാവണം. എന്തുകൊണ്ട് ഒരാൾ ഉറ്റവരെയും ഉടയവരെയും വിട്ട് പ്രവാസിയാകാൻ നിർബന്ധിക്കപ്പെടുന്നു എന്ന് ജനമറിയണം.  പ്രവാസികളെ ഇതിലെ ഇതിലെ എന്ന് പറയുന്നവർ തിരികെ വരുന്ന പ്രവാസികൾക്കായി ഏതു സ്വർഗമാണിതുവരെ നിർമ്മിച്ചതെന്നും വെളിപ്പെടുത്തണം. 

ഒരു വോട്ടിനു വേണ്ടി ഏതു വൈതരണിയും കടക്കാൻ തയ്യാറാകുന്ന നമ്മുടെ ഭരണ സാരഥികൾ നമ്മുടെ മൂല്യം തിരിച്ചറിയണമെങ്കിൽ പ്രവാസി വോട്ട് എന്ന യാഥാർത്ഥ്യം സഫലമാകണം.. അതുമല്ലെങ്കിൽ നമ്മുടെ ആഗ്രഹങ്ങൾ ബലി കഴിച്ചു നമ്മേക്കാൾ കൂടുതൽ നാം സ്നേഹിക്കുന്നവരെ ഈ കാര്യം നാം പറഞ്ഞു മനസ്സിലാക്കണം.  ഒരേ കൊടിക്കീഴിൽ നിന്നും നാല് അഭിപ്രായം പറയുന്ന രാഷ്ട്രീയ പാർട്ടികളുടെ നീരാളിപ്പിടുത്തത്തിൽ നിന്നും മാറി പ്രവാസികളുടെ ഒരു വലിയ കൂട്ടായ്മ ഉയർന്നു വരണം. അങ്ങനെ പ്രവാസിയെന്നു പറഞ്ഞാൽ കേവലം കടലിനക്കരെ കഴിയുന്നവർ മാത്രമല്ലെന്നും കണ്ണീർ കടലിൽ നമ്മളെ കാത്തിരിക്കുന്നവർ കൂടിയുണ്ടെന്നും നമ്മുടെ ജനസേവകർ മനസ്സിലാക്കണം. അങ്ങനെ സംഭവിച്ചാൽ വലിയ മാറ്റങ്ങളുടെ തുടക്കമാകുമത്.     

  

       

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍