UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തടസ്സപ്പെടേണ്ട പാര്‍ലിമെന്റുകള്‍

ഈ കഴിഞ്ഞ പാർലമെന്റ്  സമ്മേളനം പല കാരണങ്ങൾകൊണ്ടും ശ്രദ്ധേയമായി. അതിൽ ഏറ്റവും പ്രധാനം പാർലമെന്റ് തടസ്സപ്പെടുത്തുന്നതിനെ കുറിച്ച് ഭരണ കക്ഷിയുടെ നിലപാടുകൾക്ക് കിട്ടാതെപോയ പൊതു സ്വീകര്യതയാണ്.  സർക്കാർ കണക്ക് പ്രകാരം മുപ്പത്തിനാലു കോടി രൂപ പാഴായി. അതു മാത്രമല്ല പ്രധാനപ്പെട്ട പല ബില്ലുകളും പസാകാതെപോയി. എന്നാൽ ഇത്രയേറെ സാമ്പത്തിക നഷ്ടം ഉണ്ടാക്കി എന്ന് സർക്കാർ അവകാശപ്പെട്ടപ്പോഴും പൊതു ജനത്തിന് ടി വി ചാനലിലെ കാഴ്ചകള്‍ക്കപ്പുറം പാർലമെന്റ്  സമ്മേളനം നടക്കാതെ പോയതുകൊണ്ട് എന്തെങ്കിലും നഷ്ടം ഉണ്ടായതായി തോന്നൽ ഇല്ല എന്നതാണ് വസ്തുത. സ്വാതന്ത്ര്യം കിട്ടിയിട്ട് അറുപത്തി എട്ട് വർഷം കഴിഞ്ഞ ഒരു പാർലമെന്റിൽ സർക്കാർ നയപരിപാടികള്‍ ചർച്ചചെയ്യാൻ കഴിയാതത് ഏതെങ്കിലും തരത്തിൽ ഒരു രാഷ്രീയപ്രധിസന്ധി ഉണ്ടാക്കുന്നില്ല എന്നത്  ഗൌരമായി തന്നെ കാണേണ്ടതാണ്. പാർലമെന്റിൽ ചർച്ചചെയ്യാതെ തന്നെ സർക്കാരിന് പ്രവര്‍ത്തിക്കാൻ കഴിയും എന്ന സാഹചര്യത്തിൽ പാർലമെന്റ്  സമ്മേളനം തന്നെ ഒരു അധികചെലവാണ്. ഭൂമി ഏറ്റെടുക്കൽ ബില്ലും, പുതിയ നികുതി ബില്ലും പസ്സാക്കാൻ കഴിഞ്ഞില്ല എന്നത് മാത്രമാണ് ഒരു നഷ്ടം എന്ന രീതിയിൽ കാണാൻ കഴിയുന്നത്. ഭൂസംരക്ഷണ ബിൽ ഫലത്തിൽ നിർവീര്യമായി എങ്കിലും 2013 ലെ നിയമം തന്നെ ജനവിരുദ്ധമാണ്. അതുകൊണ്ട് ബി ജെ പി സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൾ ബിൽ അവതരിപ്പിക്കാൻ കഴിയാത്തതുകൊണ്ട് കോണ്‍ഗ്രസിനോ ഇവിടത്തെ സാധാരണ ജനത്തിനോ എന്തെങ്കിലും ലാഭം ഉണ്ടായി എന്ന് പറയാൻ കഴിയില്ല. പാർലമെന്റിന്റെ പ്രധാന്യം വര്‍ത്തമാന കാല മുതലാളിത്ത വ്യവസ്ഥിതിയിൽ എത്രത്തോളം ഉണ്ട് എന്നതാണ് പ്രശ്നം.

കഴിഞ്ഞ പത്തു വറ്ഷം ഇന്ത്യൻ പാർലിമെന്റിൽ ചർച്ച ചെയ്തതും നടപ്പാക്കിയതുമായ പദ്ധതികളുടെ കണക്കെടുത്താൽ  പാർലിമെന്റ്  സമ്മേളനം പലപ്പോഴും ഒരു പ്രഹസനം ആണ് എന്ന് കാണാം, കാരണം  പാർലിമെന്റിൽ ചർച്ച ചെയ്ത് നടപ്പിലാകുന്ന ഒന്നല്ല ഇന്ത്യൻ സാമ്പത്തിക നയം എന്ന രീതിയിൽ കാര്യങ്ങൾ മാറിക്കഴിഞ്ഞു. പിന്നെയുള്ളത് രാഷ്ട്രീയ പ്രശ്നങ്ങൾ ആണ്. അതിൽ പ്രധാനം കഷിരാഷ്ട്രീയമാണ്. അതുകൊണ്ട് തന്നെ പാർലിമെന്റ് നടപടികൾ തടസപ്പെടുന്നത് കൊണ്ട് രാജ്യത്തെ കോടിക്കണക്കിന് വരുന്ന ദരിദ്ര നാരായണൻമാർക്ക്  അവർ കൂടെ നല്കുന്ന നികുതിപ്പണം നഷ്ടപ്പെടുന്നു എന്നല്ലാതെ മറ്റ് നഷ്ടം ഒന്നും തന്നെ ഇല്ല എന്നതാണ് വസ്തുത. ഒരു പക്ഷെ ഈ കാര്യം അറിയാവുന്നത് കൊണ്ടായിരിക്കും പ്രധാനമന്ത്രി പാർലിമെന്റിൽ വരാതിരുന്നതും.  അതുകൊണ്ട് തന്നെ പ്രധാനമന്ത്രി മറുപടി പറയണം എന്ന ആവശ്യം തന്നെ അനാവശ്യമാണ്. കാരണം സഭാനടപടികൾ തടസപ്പെട്ടില്ലായെങ്കിൽ കൂടിയും പ്രധാനമന്ത്രിക്ക് മറുപടി പറയാൻ കഴിയുന്നതരത്തിലുള്ള പ്രശ്നങ്ങൾ അല്ല ഉണ്ടായത്. രാജസ്ഥാൻ, മധ്യപ്രദേശ് സര്‍ക്കാരുകൾ ഭാഗമായ അഴിമതി കേസുകൾക്ക് നീണ്ട കാലത്തെ ചരിത്രം ഉണ്ട്. അതാത് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്‌ പാര്‍ട്ടി നേതൃത്വം മുൻകാലങ്ങളിൽ സ്വീകരിച്ച നിലപാടുകൾ കു‌ടി കണക്കിലെടുത്തുകൊണ്ട് മാത്രമേ ഈ പ്രശ്നം പാർലിമെന്റിൽ ചർച്ചചെയ്യേണ്ട കാര്യമുള്ളൂ.  വ്യാപം പോലെയുള്ള അഴിമതി പെട്ടെന്ന് ഉണ്ടായതല്ല. ഇപ്പോഴത്തെ മധ്യപ്രദേശ്‌ മുഖ്യമന്ത്രി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്നപ്പോൾ തുടങ്ങിയ അഴിമതിയുടെ ചരിത്രം അറിയാത്തവരാണ് മധ്യപ്രദേശിലെ കോണ്‍ഗ്രസ്‌ പ്രവർത്തകർ എന്ന് കരുതാനും കഴിയില്ല. അതുകൊണ്ട് തന്നെ വ്യാപം അഴിമതിയാണ് പ്രധാന പ്രശ്നം എങ്കിൽ ഈ അഴിമതി കേസ് പാർലിമെന്റിൽ ഉന്നയിക്കുക മാത്രമല്ല വേണ്ടത്. ഈ കേസിൽ തുടരന്വേഷണം നടത്താൻ വേണ്ട സമരപരിപാടികള്‍ ആവിഷ്കരിക്കുകയാണ് വേണ്ടത്. അക്കാര്യത്തിൽ കോണ്‍ഗ്രസ്‌ പാർട്ടി എത്രത്തോളം ആത്മാര്‍ഥത കാണിക്കും എന്നതിനെ ആശ്രയിച്ചിരിക്കും പാർലിമെന്റിൽ നടത്തിയ ബഹളത്തിന്റെ സത്യസന്ധത വിലയിരുത്തപ്പെടുക.

ഇന്ത്യൻ സാമ്പത്തിക പരിഷ്കാരം ഏറ്റവും കൂടുതൽ ആഘാതം ഉണ്ടാക്കിയത് പാർലിമെന്ററി സംവിധാനങ്ങൾക്കാണ്.  ഇന്ദിരാ ഗാന്ധി യുടെ കാലത്ത് തുടങ്ങിയ സ്വകാര്യവല്‍ക്കരണം ഫലത്തിൽ പാര്‍ലിമെന്ററി സംവിധാനത്തെ ദുര്‍ബലപ്പെടുത്തി എന്നതാണ് വസ്തുത.  സ്വകാര്യ മേഖലയ്ക്ക് കിട്ടിയ വന്‍തോതിലുള്ള പ്രാധാന്യം പാര്‍ലിമെന്ററി നയരൂപീകരണത്തെയും സ്വാധീനിച്ചു എന്നതാണ് വസ്തുത. സർക്കാര്‍ നേരിട്ടു നടപ്പിലാക്കുന്ന വികസനത്തിന് കിട്ടിയ കുറഞ്ഞ പ്രാധാന്യം പാർലിമെന്റിനെ അപ്രസക്തമാക്കി.  കാരണം വർഷത്തിൽ രണ്ട് തവണ സഭ സമ്മേളിക്കുമ്പോൾ പ്രധാനമായും ചർച്ച ചെയ്യുന്നത് രാഷ്ട്രീയപാര്‍ട്ടികളുടെ ദൈനംദിന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ആണ് അല്ലാതെ ജനകീയ പ്രശ്നങ്ങൾ അല്ല. കഴിഞ്ഞ കുറേകാലത്തിനിടക്ക് പാർലിമെന്റിൽ നടന്ന പ്രധാനപെട്ട ഒരു വികസന ചർച്ച എന്ന് പറയാൻ കഴിയുന്നത് ഗ്രാമീണ തൊഴിൽ ഉറപ്പ് പദ്ധതി നടത്താൻ വേണ്ടി 2004ൽ നടന്ന ചർച്ചയാണ്‍. തൊഴിലുറപ്പ് പദ്ധതി മഹത്തായ ഒന്നാണ്‍ എന്ന അഭിപ്രായം ഒന്നും ഈ ലേഖകാനില്ല. എന്നാൽ ഒരു പദ്ധതി എന്ന നിലക്ക് 1991ന് ശേഷം പാർലിമെന്റിൽ ഒരു ബില്ല് പാസാക്കിയത് തോഴില്റപ്പ് പദ്ധതി മാത്രം ആയിരുന്നു.

ഇപോഴത്തെ സർക്കാരിന് എന്തായാലും അത്തരം ഭാഗ്യം ഇല്ല അവരെ സംബന്ധിച്ചിടത്തോളം കോർപ്പറേറ്റ് സാമ്പത്തിക ശാസ്ത്രത്തിനാണ് മുൻഗണന അതുകൊണ്ട് തന്നെ അവ പാർലിമെന്റിൽ ചർച്ച ചെയ്താലും ഇല്ലെങ്കിലും മുന്നോട്ട് തന്നെ പോകും. അതുകൊണ്ട് പൊതുജനത്തിന് നാമമാത്രമായ സ്വച്ഛഭാരത അഭിയാൻ മാത്രമാണ് എന്നുള്ളത്, അതുകൊണ്ട്  ഇന്ത്യൻ പാര്‍ലിമെന്റ് ജാനാധിപത്യത്തിന്റെ ശ്രീകോവിൽ ആണ് എന്നൊക്കെ പറയുമ്പോൾ അത് ആർക്ക് വേണ്ടി എന്നും കൂടെ പറയേണ്ട അവസ്ഥയാണ്. പാർലിമെന്ററികാര്യ മന്ത്രി തന്നെ ഉള്ള ഒരു രാജ്യത്ത് പാര്‍ലിമെന്റ് തടസ്സപ്പെടുന്നത് ചർച്ചചെയ്യേണ്ട വിഷയം തന്നെയാണ്. ഇനി പാർലിമെന്റിൽ ഒരു ചര്‍ച്ചയും നടന്നില്ല എങ്കിൽ കൂടിയും ഈ രാജ്യത്തെ സാമ്പത്തിക രാഷ്ട്രീയം മുന്നോട്ട് തന്നെ പോകും അവയെ ആശ്രയിച്ച് നിലനില്‍ക്കുന്ന രാഷ്ട്രീയപ്രസ്ഥാനങ്ങളും മാറുന്ന കാലത്തെ സാമ്പത്തിക താല്പര്യങ്ങൽക്കനുസരിച്ച് നയപരിപാടിയിൽ മാറ്റം വരുത്തുകയും ചെയ്യും. ഇതിനിടയിൽ ഏറ്റവും പ്രഹസനമായി മാറാൻപോകുന്നത് തിരഞ്ഞെടുപ്പുകളാണ്, കാരണം ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വോട്ട് ചെയ്യാനുള്ള അവസരം ഇല്ലാതായി കഴിഞ്ഞു. പിന്നെയുള്ളത് പർലിമെന്ററി വ്യവസ്ഥ ഉറപ്പു നൽകുന്ന കേവലമായ ചില ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയുള്ള സമ്മതപത്രം മാത്രമാണ് ഇന്നത്തെ തിരഞ്ഞെടുപ്പുകൾ. അത്തരം തിരിച്ചറിവുകളാണ് ഇന്നത്തെ ആവശ്യം.

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍