UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തുടരുന്ന റിക്രൂട്ടിംഗ് തട്ടിപ്പുകള്‍; കോംഗോയ്ക്ക് പിന്നാലെ ടോഗോയിലും മലയാളികള്‍ കുരുക്കില്‍

unni krishnan

unni krishnan

ഉണ്ണികൃഷ്ണന്‍ വി 

ടോഗോയില്‍ നിന്നും സുനില്‍ ജയിംസ് എന്ന നാവികനെയും വിജയന്‍ എന്ന സഹപ്രവര്‍ത്തകനെയും കേന്ദ്രസര്‍ക്കാരും കേരളാ സര്‍ക്കാരും സംയുക്തമായി ഇടപെട്ടു മോചിപ്പിച്ചത് ആരും മറന്നിരിക്കാനിടയില്ല. 2013 ഡിസംബറിലാണ് ആ സംഭവം നടന്നത്. അഞ്ചു മാസം അവര്‍ രണ്ടുപേരും കഴിഞ്ഞിരുന്ന ജയിലില്‍ ഇപ്പോള്‍ നാലു മലയാളികള്‍ കുടുങ്ങിക്കിടപ്പുണ്ട് എന്ന വിവരം അടുത്തിടെയാണ് ലോകമറിഞ്ഞത്.

മനുഷ്യാവകാശ കമ്മിഷന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചയിടമാണ് ആഫ്രിക്കയിലെ ടോഗോ ജയില്‍. ഇവിടെ നടക്കുന്ന  മനുഷ്യാവകാശ ലംഘനങ്ങള്‍ പുറംലോകം അറിയാറുണ്ടെങ്കിലും എതിര്‍ക്കാനോ പ്രതികരിക്കാനോ അധികമാരും തയ്യാറാവാറില്ല. ഗുണ്ടകള്‍ ഭരിക്കുന്ന ഈ ജയിലില്‍ കസ്റ്റഡി മരണങ്ങള്‍ സാധാരണമാണ്.

ഒരു മാധ്യമപ്രവര്‍ത്തകന്‍ വഴി കേരളത്തിലെത്തിയ ദൃശ്യങ്ങളിലൂടെയും ഓഡിയോ ഫയലുകളിലൂടെയുമാണ്‌ ആ നാലു മലയാളികളുടെ ദയനീയാവസ്ഥ ലോകമറിഞ്ഞത്. പക്ഷേ ഈ വിവരം നാട്ടിലറിഞ്ഞു എന്ന് എങ്ങനെയോ അറിഞ്ഞ ജയില്‍ അധികൃതര്‍ പിന്നീട് ഈ മലയാളികള്‍ക്ക് നല്‍കിയത് ക്രൂരപീഡനമായിരുന്നു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് മലയാളികള്‍ ആണെന്നു കൂടി അറിയുമ്പോഴാണ് ഇവരുടെ ജയില്‍വാസം അബദ്ധത്തിലല്ല വ്യക്തമായ കണക്കുകൂട്ടലിന്റെ ഫലമാണ്‌ എന്ന് മനസ്സിലാവുന്നത്.

തേവര സ്വദേശിയായ അരുണ്‍ ചന്ദ്രന്‍ എന്നയാള്‍ വഴിയാണ് കൊച്ചി കലൂര്‍ കീര്‍ത്തിനഗര്‍ സ്വദേശികളും സഹോദരങ്ങളുമായ തരുണ്‍ ബാബു, നിതിന്‍ ബാബു, ചേരാനെല്ലൂര്‍ സ്വദേശി ഗോഡ്വിന്‍ ആന്റണി, പൂക്കാട്ടുപടി സ്വദേശി ഷാജി എന്നിവര്‍ ടോഗോയില്‍ എത്തുന്നത്. ക്രോസ്വെല്‍ മറൈന്‍ സര്‍വീസസ് എന്ന കമ്പനിയിലേക്കെന്ന പേരിലാണ് ഇവരെ റിക്രൂട്ട് ചെയ്തത്. കപ്പലുകളുടെ അറ്റകുറ്റപ്പണികള്‍ കരാറിനെടുത്ത് ചെയ്യുന്ന കമ്പനിയിയാണിത്‌. അഡ്മിനിസ്‌ട്രേറ്റര്‍, ഡീസല്‍ മെക്കാനിക്ക്, വെല്‍ഡര്‍ എന്നിങ്ങനെയുള്ള ഒഴിവുകളിലേക്കാണ് ഇവരെ അരുണ്‍ ചന്ദ്രന്‍ റിക്രൂട്ട് ചെയ്തത്. ഇയാളുടെ തന്നെ കമ്പനി ആണെന്നും റിക്രൂട്ട് ചെയ്തവരോട്‌ പറഞ്ഞിരുന്നു. വിസാ അപേക്ഷ അടക്കമുള്ള രേഖകള്‍ സഹിതം ശരിയാക്കിയിരുന്നു എന്ന് ഇവര്‍ പറയുന്നു.

പിന്നീടു നടന്നതു നാടകീയ സംഭവങ്ങളായിരുന്നു. ടോഗോയിലെത്തി കുറച്ചു നാളുകള്‍ക്ക് ശേഷം  കപ്പലിന്റെ മെയിന്‍റ്റനന്‍സ് ജോലികള്‍ക്കെന്ന പേരില്‍ ക്യാപ്റ്റന്‍ അരുണ്‍ ചന്ദ്രന്‍ ഇവരെ കൊണ്ടുപോയിരുന്നു. എന്നാല്‍ അനുമതി ലഭിച്ചില്ലെന്ന കാരണം പറഞ്ഞ് തിരികെ റൂമിലേക്ക് തന്നെ കൊണ്ടുവിട്ടു. അതിനു ശേഷം പോലീസ് എത്തി എല്ലാവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. കപ്പലില്‍ നിന്നും വിലപിടിപ്പുള്ള സാധനങ്ങളും ക്രൂ അംഗങ്ങളുടെ വാച്ചും മൊബൈല്‍ ഫോണുമടക്കമുള്ള വസ്തുക്കളും കാണാതായതിനു പിന്നില്‍ ഇവരാണ് എന്നാരോപിച്ചാണ് അറസ്റ്റ് നടന്നത്. എങ്ങനെയും പുറത്തിറങ്ങാം എന്ന പ്രതീക്ഷയിലിരുന്നു ഇവര്‍.  എന്നാല്‍ വിചാരണക്കിടെ ക്യാപ്റ്റന്‍ അരുണ്‍ ചന്ദ്രനും ബന്ധുവായ നവീനും ജയില്‍ചാടിയതോടെ കാര്യങ്ങള്‍ എല്ലാം തകിടം മറിഞ്ഞു. ഇതോടെയാണ് തങ്ങള്‍ ചതിയിലകപ്പെട്ടു എന്നു ഇവര്‍ മനസ്സിലാക്കിയത്‌. തുടര്‍ന്ന് നടന്ന വിചാരണയില്‍ നാലു വര്‍ഷം തടവു വിധിച്ച് കോടതി ഇവരെ ടോഗോ ജയിലിലടച്ചു. കൂടാതെ ഇവര്‍ കാരണം കപ്പലിന് മൂന്നു മില്ല്യന്‍ ഡോളര്‍ നഷ്ടമുണ്ടായെന്ന് ആരോപണം ചാര്‍ത്തുകയും ചെയ്തു. ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുക എന്ന ഗൂഡലക്ഷ്യവും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ പിന്നിലുണ്ടായിരുന്നു. ജയിലിലടയ്ക്കപ്പെട്ട ദിവസം മുതല്‍ കൊടിയ പീഡനമാണ് സംഘം നേരിട്ടുകൊണ്ടിരിക്കുന്നത്.

എയിഡ്സ് തുടങ്ങിയ മാരകരോഗങ്ങള്‍ ഉള്ളവരുടെ കൂടെയാണ് ഞങ്ങളെ താമസിപ്പിച്ചിരിക്കുന്നത്. കൂടെയുള്ള മറ്റു തടവുകാര്‍ എല്ലാം കൊടും ക്രിമിനലുകളും കള്ളക്കടത്തുകാരും ഒക്കെയാണ്. കഴിക്കുന്ന ഭക്ഷണത്തിനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനു പോലും ജയിലില്‍ പണം കൊടുക്കണം. മാസം മുപ്പതിനായിരത്തിലധികം രൂപയാണ് ഞങ്ങള്‍ക്ക് ഇവിടെ ചെലവാകുന്നത്. അതും വീട്ടുകാര്‍ അയച്ചു തരുന്നത്. ഇവിടെ നിന്നും എങ്ങനെ രക്ഷപ്പെടും എന്ന് ഒരു പ്രതീക്ഷയുമില്ല. ആകെ ഉള്ള ഒരു ആശ്വാസം ഇവിടെ മൊബൈല്‍ ഉപയോഗിക്കാം എന്നുള്ളതാണ്. വീട്ടുകാരോട് സംസാരിക്കുന്നതിന്റെ ഒറ്റ ബലത്തിലാണ് ഞങ്ങള്‍ ജീവിതം തള്ളിനീക്കുന്നത്.” തരുണും കൂട്ടരും തങ്ങളുടെ അവസ്ഥ വിവരിക്കുന്നു.

വാര്‍ത്ത പുറംലോകം അറിഞ്ഞതിനെത്തുടര്‍ന്നു ജയിലില്‍ ഇവര്‍ക്ക് ലഭിച്ചത് ക്രൂരമര്‍ദ്ധനമാണ്. അരുണും ബന്ധുവും ജയിലിലെ ഗുണ്ടകളെ അറിയിച്ചിട്ടാണ് ഗുണ്ടകള്‍ വന്നത് എന്നാണ് ഇവര്‍ പറയുന്നത്.

“രാത്രിയില്‍ ഗുണ്ടകള്‍ വന്ന് റൂമില്‍ പരിശോധന നടത്തുകയുണ്ടായി,ഫോട്ടോ പുറത്തെത്തി എന്നറിഞ്ഞപ്പോള്‍ ഫോണ്‍ അവര്‍ എറിഞ്ഞു തകര്‍ത്തു. രണ്ടു പേരെ അവര്‍ രാത്രി മുഴുവന്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തുകയും മര്‍ദ്ദിക്കുകയും ചെയ്തു. അരുണിനെതിരെ ശബ്ദിക്കുകയാണെങ്കില്‍ ഇനി പുറംലോകം കാണില്ല എന്നാണ് ഭീഷണി. ഇനി എന്തു ചെയ്യണമെന്നു ഞങ്ങള്‍ക്കറിയില്ല.”
അവര്‍ ഭീതിയോടെ വിവരിച്ചു.

മകന്‍റെ നിര്‍ബന്ധം കാരണമാണ് ടോഗോയിലേക്ക് പോകാന്‍ തങ്ങള്‍ അനുവദിച്ചത് എന്ന് ഷാജിയുടെ പിതാവ് പറയുന്നു. “വിളിച്ചാല്‍ അവന്‍ കരയുന്നത് മാത്രമേ കേള്‍ക്കാന്‍ കഴിയൂ. അവര്‍ പറയുന്ന വിവരങ്ങള്‍ അല്ലാതെ ഞങ്ങള്‍ക്കൊന്നും അറിയില്ല. ഇത് വരെ ചെലവുകള്‍ക്കായി എട്ടുലക്ഷത്തോളം രൂപയാണ് ഞങ്ങള്‍ അങ്ങോട്ടയച്ചു കൊടുത്തിട്ടുള്ളത്.”

സുനില്‍ ജയിംസിനെയും വിജയനെയും തിരിച്ചെത്തിച്ചതു പോലെ ഇവരെയും സര്‍ക്കാര്‍ രക്ഷപ്പെടുത്തി നാട്ടിലെത്തിക്കും എന്ന പ്രതീക്ഷയിലാണ് ബന്ധുക്കള്‍. ഇവരുടെ മോചനത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനുമടക്കം പരാതി നല്‍കിയിട്ടുണ്ട്.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍