UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോട്ടഭൂമി ഇനി തുണ്ടുകളാകും; പുതിയ നിയമഭേദഗതി കളമൊരുക്കുന്നത് വന്‍ അഴിമതിക്ക്‌

അഡ്വ. ഹരീഷ് വാസുദേവന്‍

പതിനഞ്ച് ഏക്കറില്‍ കൂടുതല്‍ ഭൂമി കൈവശം വയ്ക്കുന്ന ആളുകളില്‍ നിന്ന് മിച്ച ഭൂമി ഏറ്റെടുത്ത് ഭൂരഹിതരായവര്‍ക്ക് വിതരണം ചെയ്യുക എന്നതാണ് ഭൂപരിഷ്‌കരണനിയമത്തിന്റെ അടിസ്ഥാനം. എന്നാല്‍ 81 ആം വകുപ്പ് പ്രകാരം റബര്‍, കാപ്പി, തേയില, കുരുമുളക് തുടങ്ങിയ തോട്ടവിളകളെ ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത് ഓരോ തോട്ടങ്ങളെയും ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ നിലനില്‍പ്പിന് സഹായകരമായൊരു വ്യവസായം ആണെന്ന പരിഗണനവെച്ചാണ്. പുതിയ നിയമഭേദഗതിയിലൂടെ തോട്ടങ്ങളുടെ അഞ്ച് ശതമാനം ഭൂമി തോട്ടം ഇതര ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കാമെന്നുള്ള അനുമതി കൊടുക്കുന്നതിലൂടെ ഭൂപരിഷ്‌കരണ നിയമത്തിന്റെ നട്ടെല്ല് ഒടിക്കുകയാണ് കേരള സര്‍ക്കാര്‍. ഇപ്പോള്‍ പറയുന്ന അഞ്ചു ശതമാനം പിന്നീട് പത്തോ ഇരുപതോ, അങ്ങനെ എത്ര വേണമെങ്കിലും ആകാമെന്ന സ്ഥിതി ഉണ്ടാകും. കേരളത്തിന്റെ രാഷ്ട്രീയ മണ്ഡലത്തില്‍ ഉണ്ടാക്കിയ പൊതുസമവായത്തിലൂടെയാണ് ഈ നിയമഭേദഗതി ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

ഒരു വ്യക്തിയുടെ കൈവശം 15 ഏക്കറില്‍ കൂടുതല്‍ ഭൂമി ഉണ്ടാകാന്‍ പാടില്ലെന്ന് നിയമം ഉള്ള കേരളത്തില്‍ അധിക ഭൂമി ഉണ്ടെങ്കില്‍ ആ ഭൂമി വീതംവെച്ചു മറ്റുള്ളവര്‍ക്ക് കൊടുത്താല്‍ എത്രപേര്‍ക്കാണോ ഇത് ഗുണം ചെയ്യുക, അത്രയും പേരെ തോട്ടമുടമകള്‍ പരോക്ഷമായി സംരക്ഷിക്കുന്നു എന്നതായിരുന്നു തോട്ടങ്ങളെ ഭൂപരിഷ്‌കരണനിയമത്തില്‍ നിന്ന് ഒഴിവാക്കാനായി അന്നു പറഞ്ഞ ന്യായം. 100 ഏക്കര്‍ ഭൂമി ഒരാള്‍ കൈവശം വച്ചിരിക്കുമ്പോള്‍ 15 ഏക്കര്‍ എടുത്തിട്ട് ബാക്കി മിച്ചഭൂമി ഭൂരഹിതര്‍ക്കായി കൊടുത്താല്‍ എത്രപേര്‍ക്കാണോ ഗുണം കിട്ടുക, അതില്‍ കൂടുതല്‍ പേരെ നിങ്ങള്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം,തൊഴില്‍ എന്നിവ നല്‍കി സംരക്ഷിക്കുകയാണ് എന്നതായിരുന്നു ഇതിന് ഉന്നയിച്ച വാദം. എന്നാല്‍ ഫലത്തില്‍ തോട്ടം തൊഴിലാളികള്‍ക്കോ അവരെ ആശ്രയിച്ചു കഴിയുന്നവര്‍ക്കോ ഇതിന്റെ ഗുണഫലം ലഭിച്ചില്ല എന്ന് മൂന്നാര്‍ ഉള്‍പ്പെടെയുള്ള സമരങ്ങളിലൂടെ തെളിയുമ്പോള്‍ ഭൂമി പിടിച്ചെടുത്ത് വിതരണം ചെയ്യുന്നതിനു പകരം വീണ്ടും മുതലാളിക്ക് ഇളവ് നല്‍കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

തോട്ടം വിളകള്‍ക്ക് വിലയിടിവ് ഉണ്ടാകുമ്പോള്‍ വരുമാന വര്‍ദ്ധനവിന് ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുകയെന്നതാണ് സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന അനുമതിയിലൂടെ ലക്ഷ്യമിടുന്നതെന്നു പറയുമ്പോഴും തൊഴിലാളികളുടെ ഉടമസ്ഥതയില്‍ തോട്ടം നടത്താമോ എന്ന സാധ്യതയിലേക്ക് സര്‍ക്കാര്‍ ചിന്തിക്കുന്നതുപോലുമില്ല.

ഇപ്പോള്‍ അനുമതി കൊടുത്തിരിക്കുന്നത് അഞ്ച് ശതമാനത്തിനാണെങ്കിലും ഇതില്‍ നിന്ന് എത്രവേണമെങ്കിലും കൂടാം എന്നകാര്യത്തില്‍ സംശയമില്ല. നിങ്ങള്‍ ക്വാളിറ്റി ഡൈലൂഷ്യന് സമ്മതിച്ചു കഴിഞ്ഞാല്‍ ക്വാണ്ടിറ്റി ഡൈലൂഷ്യന് വളരെ എളുപ്പമാണ്. അഞ്ച് ശതമാനത്തിലെ ടൂറിസം കൊണ്ട് നിലനില്‍ക്കാന്‍ പറ്റില്ലെന്ന് നാളെ തോട്ടം ഉടമകള്‍ ന്യായം പറഞ്ഞാല്‍ അത് പത്ത് ശതമാനം ആയി മാറും. ഈ നിയമ ഭേദഗതി എത്രപേര്‍ ദുരുപപയോഗം ചെയ്യുമെന്ന് ആരാണ് ശ്രദ്ധിക്കാന്‍ പോകുന്നത്. ക്വാറികള്‍ക്ക് അനുമതി നല്‍കുന്നതുപോലെയായിരിക്കും ഇതും. ജിയോളിജിസ്റ്റ് ഒരു ക്വാറിക്ക് അനുമതി കൊടുത്തുകൊണ്ട് പറയുക, 500 ലോഡ് മാത്രമെ കൊണ്ടുപോവാന്‍ പാടുള്ളൂ എന്നായിരിക്കും. എന്നാല്‍ ഒരു ഉദ്യോഗസ്ഥന്‍ ഏതെങ്കിലും ക്വാറിയില്‍ പോയി നില്‍ക്കുമോ, അഞ്ഞൂറു കഴിഞ്ഞ് അഞ്ഞൂറ്റിയൊന്നാമാത്തെ ലോറി പോകുന്നുണ്ടോയെന്ന് നോക്കാന്‍? തോട്ടങ്ങളില്‍ സംഭവിക്കാന്‍ പോകുന്നതും ഇതു തന്നെയായിരിക്കും.

ടാറ്റയ്ക്ക് ടൂറിസം പദ്ധതി തുടങ്ങാനാണോ ഈ നിയമഭേദഗതി ഇപ്പോള്‍ കൊണ്ടുവന്നതെന്ന് സംശയിക്കുന്നവരുണ്ട്. ഇപ്പോള്‍ ഉണ്ടായിരിക്കുന്ന നിയമഭേദഗതി പക്ഷെ മൂന്നാര്‍ സമരത്തിന്റെ പശ്ചാത്തലവുമായി ചേര്‍ത്ത് അതിവായന നടത്തേണ്ട കാര്യമില്ല. മാത്രമല്ല, ടാറ്റ 600 ഏക്കറില്‍ അവര്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ടൂറിസം പദ്ധതിയുടെ പ്ലാന്‍ സര്‍ക്കാരിനു മുന്നില്‍ കൊണ്ടുവന്നെങ്കിലും 10 ഏക്കറില്‍ കൂടുതല്‍ ഭൂമി വകമാറ്റാന്‍ പാടില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. ടാറ്റ, ഹാരിസണ്‍ പോലുള്ള സര്‍ക്കാരുമായി ഇപ്പോള്‍ കേസ് നത്തുന്ന തോട്ടമുടമകള്‍ക്ക് കക്ഷികള്‍ക്ക് ഭൂപരിഷ്‌കരണ നിയമത്തില്‍ നിന്ന് ഒഴിവു കൊടുക്കില്ലെന്നുമാണ് കോടതിയില്‍ സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. ഇതുരണ്ടും യാദൃശ്ചികമായി ഒത്തുവന്നതുമാത്രമാണ്. സമരം തുടങ്ങുന്നതിനു മുന്നെ തീരുമാനമായൊരു കാര്യമാണിത്. 2005 ലാണ് യുഡിഎഫ് സര്‍ക്കാര്‍ ഈ നിയമം കൊണ്ടുവന്നത്. അന്ന് പല്ലും നഖവും ഉപയോഗിച്ച് ഇതിനെ എതിര്‍ത്ത പ്രതിപക്ഷ കക്ഷിയായ ഇടതു മുന്നണി അധികാരത്തില്‍ വന്നശേഷം പേരിനൊരു മന്ത്രിസഭായോഗം കൂടി ഈ നിയമം പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. നിയമസഭയില്‍ പാസ്സാക്കിയൊരു നിയമം കാബിനറ്റിന്റെ തീരുമാനത്തോടുകൂടി അസാധുവാക്കാമെന്ന് നിയമം അറിയാവുന്ന ആരും തന്നെ പറയില്ല. പകരം നിയമസഭയില്‍ നേരത്തെ കെ എം മാണി കൊണ്ടുവന്ന നിയമം അസാധുവാക്കി കൊണ്ട് ഒരു നിയമം പാസ്സാക്കുകയായിരുന്നു വേണ്ടത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയെങ്കിലും അന്നത്തെ റവന്യു മന്ത്രിയായിരുന്ന കെ പി രാജേന്ദ്രന്‍ കൃത്യമായ തുടര്‍നടപടികള്‍ സ്വീകരിക്കുകയോ നിയമസഭയില്‍വെച്ച് ഈ നിയമം അസ്ഥിരപ്പെടുത്തുകയോ ചെയ്തില്ല. അതു വളമാക്കിയാണ് ഇപ്പോഴത്തെ യുഡിഎഫ് സര്‍ക്കാര്‍ ഈ നിയമഭേദഗതിയുമായി മുന്നോട്ടുപോയത്. ഇടതുപക്ഷം തത്വത്തില്‍ എതിര്‍ക്കുമ്പോഴും ഇടതുപക്ഷത്തൊഴിലാളി സംഘടനകള്‍ ഇതിനെ പിന്തുണയ്ക്കുന്നുവെന്നതും അഞ്ചുവര്‍ഷം ഭരിച്ചിട്ടും ഇതിനെ എതിര്‍ത്തുകൊണ്ട് നിയമം കൊണ്ടുവന്നില്ല എന്നതും ശ്രദ്ധേയമാണ്.

ഈ വസ്തുത മാറ്റി നിര്‍ത്തിയാല്‍ ഇപ്പോഴത്തെ നിയമഭേദഗതി പരിസ്ഥിതിക്ക് തന്നെ ദോഷകരമാവുന്ന പ്രവര്‍ത്തികള്‍ക്കുള്ള ലൈസന്‍സായിരിക്കും. ഇതിന്റെ പേരില്‍ നടക്കാന്‍ പോകുന്നത് തോട്ടം മേഖലയിലെ ഭൂമി തുണ്ടുകളാക്കപ്പെടും എന്നതും ആ ഭൂമിയിലെ കെട്ടിടനിര്‍മാണങ്ങളുമായിരിക്കും. പശ്ചിമഘട്ട മേഖലയ്ക്ക് വരെ കാര്യമായ ഭീഷണി ഉണ്ടാക്കാവുന്ന നിര്‍മാണപപ്രവര്‍ത്തനങ്ങള്‍ ഇനി തോട്ടം മേഖലയില്‍ ഉണ്ടായേക്കും.

തോട്ടഭൂമികള്‍ അനധികൃതമായി വകമാറ്റി ക്വാറി തുടങ്ങിയ തോട്ട ഇതര ആവശ്യങ്ങള്‍ നിര്‍വഹിച്ചുപോരുന്ന ഭൂമികള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടേണ്ടതാണ് എന്ന് എല്ലാ ജില്ല കളക്ടര്‍മാര്‍ക്കും ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് കോഴിക്കോട്, കൊല്ലം ജില്ലകളിലെ പോബ്സന്‍റെന്റെ വന്‍കിട ക്വാറികള്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയാണ് ഇന്നുള്ളത്. വ്യവസായ വകുപ്പ് മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ബന്ധു ഉള്‍പ്പെടെയുള്ള വന്‍കിട ക്വാറി ഉടമകള്‍ ഈ ഭീഷണി നേരിട്ട് കൊണ്ടിരിക്കുകയാണ്. ആ തോട്ടഭൂമികള്‍ ഏറ്റെടുത്ത് വിതരണം ചെയ്യാനുള്ള നടപടികള്‍ ജില്ല കളക്ടര്‍മാര്‍ ആരംഭിച്ചപ്പോഴാണ് അവരെ സഹായിക്കുന്ന തരത്തിലുള്ള ഈ നിയമഭേദഗതി ഇപ്പോള്‍ വന്നിരിക്കുന്നതെന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

റബര്‍ ഒഴികെയുള്ള തോട്ടവിളകളെ സംബന്ധിച്ചെടുത്തോളം അവ ഭക്ഷ്യവിളകളാണ്. 1957 ലെ കേരള ഭൂവിനിയോഗ ഉത്തരവ് പ്രകാരം അത്തരം തോട്ടഭൂമികള്‍ ടൂറിസത്തിനായി തരം മാറ്റണമെങ്കില്‍ ജില്ലാ കളക്ടറുടെ മുന്‍കൂര്‍ അനുമതി വേണം. അപ്രകാരം തരംമാറ്റുമ്പോള്‍ ഭൂമി വിലയുടെ 25 ശതമാനം സര്‍ക്കാരില്‍ കെട്ടിവയ്‌ക്കേണ്ടതുമാണ്. എന്നാല്‍ ഈ കാര്യം പുതിയ നിയമഭേദഗതിയില്‍ എവിടെയും മിണ്ടുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഫലത്തില്‍ റബര്‍ തോട്ടം ഉടമകളെ മാത്രമാണ് ഇത് സഹായിക്കുക. വിപണിവില കെട്ടിവെച്ച് ഭക്ഷ്യവിള തോട്ടങ്ങള്‍ വകമാറ്റുക എന്നത് അപ്രായോഗികമാണ്. അതിനാല്‍ തന്നെ ഭൂവിനിയോഗ ഉത്തരവില്‍ പരമാര്‍ശിക്കാതെ ഭൂവിനിയോഗ ഭേദഗതി നടത്തിയതു വഴി സര്‍ക്കാരിന് കിട്ടേണ്ടിയിരുന്ന നൂറു കോടിയിലധികം രൂപയാണ് നഷ്ടമാവുക. ഇതിനു പിന്നില്‍ വലിയ അഴിമതി ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരു പക്ഷേ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ദേശിച്ചതും ഇതായിരിക്കും.

ഈ നിയമഭേദഗതിയിലൂടെ നേരിട്ട് നേട്ടം ഗുണഫലം ലഭിക്കുന്ന തോട്ടം ഉടമകളുടെ പേരുവിവരങ്ങളും നിലനില്‍ക്കുന്ന കേസുകളും ആവശ്യമെങ്കില്‍ പൊതുസമക്ഷം പിന്നീട് കൊണ്ടുവരുന്നതായിരിക്കും.

(പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍