UPDATES

ഇന്ത്യ

നരേന്ദ്ര മോദി എന്ന മാനസികാവസ്ഥ

Avatar

അഴിമുഖം

ബിനു അലക്സ്

 

എല്ലാ സാമ്പ്രദായിക അറിവുകളെയും ഭേദിച്ച ഒരു തെരഞ്ഞെടുപ്പാണ് കഴിഞ്ഞത്. ഇവിടെനിന്നു തുടങ്ങുന്ന നരേന്ദ്ര മോദി എഴുതുന്ന തിരക്കഥ ഭാവിയില്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും പിന്തുടരുന്ന ഒരു കാലമാണ് വരാന്‍പോകുന്നത്. നിങ്ങള്‍ ഒരു സ്വപ്നം വില്‍ക്കാന്‍ പദ്ധതിയിട്ടാല്‍ അതിനെ കൃത്യമായി പ്രദര്‍ശിപ്പിക്കുക. വിജയം നിങ്ങളുടെ കാല്‍ക്കീഴിലമരുന്നത് കാണാം. 2014-ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ നിന്ന് പഠിച്ച പാഠമാണിത്. സ്വതന്ത്രഭാരതത്തിലെ ഏറ്റവും വലിയ സ്വപ്നവ്യാപാരിയാണ് മോദി എന്നും തെളിഞ്ഞ ഒരു തെരഞ്ഞെടുപ്പാണിത്.

 

പ്രതിപക്ഷത്തെ കടുകുമണിയോളം ചെറുതാക്കി മോദി തൂത്തുവാരിയ ഈ വിജയം കണ്ടാല്‍ തന്നെ ഉറപ്പിക്കാം മോദി ഒന്നില്‍കൂടുതല്‍ ടേം ഭരിക്കുമെന്ന്. അതല്ലാതാകണമെങ്കില്‍ ഈ സ്വപ്‌നങ്ങള്‍ തകരണം.

 

അപൂര്‍വമായി മാത്രം സംസാരിക്കുന്ന ഒരു പ്രധാനമന്ത്രിയോട് എതിരിട്ട് ജയിക്കുന്നതിനുമുന്പ് തന്നെ മോദി രണ്ടുനീളന്‍ പ്രസംഗങ്ങള്‍ നടത്തിക്കഴിഞ്ഞിരുന്നു. ഓണ്‍ലൈനിലും ഓഫ്ലൈനിലും ഉള്ള മോദി ആരാധകര്‍ ഉന്മാദത്തിലാണ്. പ്രാകൃതമായ സന്ദേശങ്ങളും അതിലും പ്രാകൃതമായ ഫോട്ടോഷോപ്പ് ചിത്രങ്ങളും അവര്‍ പ്രചരിപ്പിച്ചുതുടങ്ങി. ഇലക്ഷനുമുന്‍പ് ചെയ്തിരുന്നതുപോലെ മാന്യതയുടെ എല്ലാനിയമങ്ങളും ലംഘിച്ചാണ് ഇതും ചെയ്യുന്നത്. ഗുജറാത്ത് മോഡല്‍ കണ്ടിട്ടുപോലുമില്ലാത്ത ഇന്ത്യയിലെ 31% വോട്ടര്‍മാരെ മോദി എങ്ങനെയാണ് ആകൃഷ്ടരാക്കിയത്?

 

ഈ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരമില്ല. ആളുകള്‍ക്ക് ബുദ്ധിയില്ലെന്നോ ആളുകള്‍ അന്ധരാണെന്നോ ഒക്കെ പറയുന്നത് ഫലത്തെ അധിക്ഷേപിക്കലാകും. വികസനം, തൊഴിലവസരങ്ങള്‍, മികച്ച റോഡുകള്‍ എന്നിങ്ങനെ ഇതൊന്നുമില്ലാത്ത ഇടങ്ങളില്‍ മോദിയും അദ്ദേഹത്തിന്റെ പടനായകനായ അമിത് ഷായും പുറത്തുവിട്ട സ്വപ്നങ്ങളാണ് ആള്‍ക്കൂട്ടത്തിനിടയില്‍ വിജയിച്ചത്. ആര്‍ക്കാണ് അല്ലെങ്കിലും വലിയ സ്വപ്നങ്ങളില്ലാത്തത്? ജനസംഖ്യയുടെ നാലിലൊരു ഭാഗത്തിനു ടിവിയോ, അതുപോട്ടെ പത്രം വായനയോ പോലുമില്ലാത്ത ബീഹാര്‍ പോലെയോ യുപി പോലെയോ ഉള്ള സംസ്ഥാനങ്ങളിലേയ്ക്ക് കടന്നുചെല്ലുന്നത് ആലോചിക്കുക. സോഷ്യല്‍ മീഡിയയും ടെലിവിഷനും ഈ മോദി സ്വപ്നം ഇങ്ങനെ പ്രദര്‍ശിപ്പിച്ചുവെങ്കില്‍ ഇത്തരം പോക്കറ്റുകളില്‍ ഇതെങ്ങനെയാണ് എത്തിച്ചേര്‍ന്നത്?

 

 

കുറച്ചുമാത്രം വിവരങ്ങളും വികസനം എന്ന പെരുപ്പിച്ച കാഴ്ചയും ഒക്കെ കണക്കിലെടുക്കുമ്പോള്‍ നിങ്ങള്‍ കരുതും കുടുംബത്തിനു എന്തെങ്കിലും ഗുണം വരുന്നെങ്കില്‍ വരട്ടെ, എന്തായാലും ദോഷം വരില്ലല്ലോ എന്ന്. ഗുജറാത്തിന്റെ അഭിമാനം എന്നും സര്‍ദാര്‍ പട്ടേലിന്റെ ശക്തി എന്നുമൊക്കെ പറഞ്ഞതില്‍ നിന്ന് ഓരോരുത്തരുടെയും വികസനം എന്ന, ആളുകളെയും അവരുടെ കുടുംബങ്ങളെയും ഉള്‍പ്പെടുത്തുന്ന ഫോര്‍മുല കൊണ്ടുവന്നപ്പോള്‍ ആ വിജയമന്ത്രത്തിനു ഇന്ത്യയില്‍ തോല്‍ക്കാന്‍ നിര്‍വാഹമില്ല. ഓരോ റാലിയിലും ലോക്കല്‍ വികാരങ്ങളെ അല്‍പ്പം മുറിവേല്‍പ്പിച്ചുപോലും മോദി ലോക്കല്‍ പ്രശ്നങ്ങളെപ്പറ്റി സംസാരിച്ചു. ഈ സ്വപ്നം ഏറ്റവും കൂടുതല്‍ ആളുകളില്‍ എത്തിക്കുക എന്നതായിരുന്നു പ്രധാനം. അവിടെത്തന്നെയാണ് മോദി ഏറ്റവുമധികം സമയം ചെലവിട്ടതും. അഞ്ഞൂറു വന്‍ റാലികളെ അഭിസംബോധന ചെയ്യാന്‍ മോദിക്കുണ്ടായ അവിശ്വസനീയമായ ഊര്‍ജവും മീഡിയയോടുള്ള സമീപനവും മോദിയുടെ ജോലി എളുപ്പമാക്കി. ഒന്നോ രണ്ടോ മീഡിയാ ഹൌസുകള്‍ മാറ്റിനിറുത്തിയാല്‍ ബാക്കിയെല്ലാം തന്നെ മോഡിയുടെ കുഴലൂത്ത്കാരാണ് ഇപ്പോള്‍.

 

ഗവന്മേന്റ്റ് എന്തുചെയ്തു എന്നതിന്റെ അടിസ്ഥാനത്തിലല്ല ഇനി ഇലക്ഷനുകളില്‍ മത്സരമുണ്ടാവുക. കഴിഞ്ഞ പതിനഞ്ചുവര്ഷം കൊണ്ട് രാജ്യം മാറുകയാണ്. എന്നാല്‍ രാജ്യം എങ്ങോട്ടാണ് എന്നതിനെപ്പറ്റി കൃത്യമായ ധാരണയൊന്നും ഉണ്ടായിരുന്നില്ല. യുവാക്കള്‍ക്ക് വിദ്യാഭ്യാസമുണ്ടായിരുന്നു, എന്നാല്‍ അവര്‍ക്ക് ജോലികള്‍ക്ക് യോഗ്യതയുണ്ടായിരുന്നില്ല. ടെലിവിഷനും സോഷ്യല്‍മീഡിയയുമുള്ള ഒരു കാലമെത്തിയപ്പോള്‍ ആളുകള്‍ തങ്ങളുടെ ജീവിതശൈലിയെ പാശ്ചാത്യലോകവുമായി താരതമ്യപ്പെടുത്താന്‍ തുടങ്ങി. ഇത്തരം ആളുകള്‍ക്ക് സ്വപ്‌നങ്ങള്‍ നല്‍കുന്നതിനുപകരം കോണ്‍ഗ്രസ് അവര്‍ക്ക് വിദ്യാഭ്യാസത്തിനും ജോലിക്കും വിവരം ലഭിക്കാനും ഭക്ഷണത്തിനും സ്വത്വത്തിനും ഒക്കെയുള്ള അവകാശമാണ് നല്‍കിയത്. ഇതൊന്നും അവരുടെ സ്വപ്നങ്ങളെ സാക്ഷാത്കരിക്കാന്‍ ഉതകുന്നതായിരുന്നില്ല. ആര്‍ടിഐ നിങ്ങള്‍ക്ക് ഒരു ജീവിതം തരില്ല, അത് നിങ്ങളുടെ ജീവനെടുക്കുകയേയുള്ളൂ; ഗുജറാത്തിലെ ഒരു ആര്‍ടിഐ ആക്റ്റിവിസ്റ്റ് ഈയിടെ എന്നോട് പറഞ്ഞു.

 

മോദി ഇവര്‍ക്ക് ഈ അടിസ്ഥാനകാര്യങ്ങള്‍ ഒന്നും വാഗ്ദാനം ചെയ്തില്ല. അവര്‍ ഇപ്പോള്‍ തന്നെ ഭരണസമ്പ്രദായത്തിന്റെയും സ്റേറ്റിന്റെയും ക്രൂരതകളുടെ ഇരകളായിരുന്നു. അവര്‍ക്ക് മോദി കോടിക്കണക്കിന് തൊഴിലവസരങ്ങളാണ് വാഗ്ദാനം ചെയ്തത്. അതൊക്കെ ഇനി മോദി നിലവില്‍ കൊണ്ടുവരുമെന്നും ഇന്ത്യയെ ഒരു സ്വപ്നഭൂമിയാക്കുമെന്നും ഒക്കെയായിരുന്നു വാഗ്ദാനങ്ങള്‍. ഇതൊന്നും നടപ്പില്‍ വരാന്‍ പോകുന്നില്ല എന്ന് മോദിക്കുമറിയാം. മൂലധനത്തിന്റെ ഒഴുക്ക് എങ്ങനെയെങ്കിലും കോമ്പ്രമൈസ് ചെയ്യേണ്ടി വരും. ആളുകള്‍ക്ക് ഇതൊന്നും പ്രശ്നമായിരുന്നില്ല. അവര്‍ മോദിയുടെ സ്വപ്നം വാങ്ങി. അതിലെ പരുക്കന്‍ നിബന്ധനകള്‍ അറിയാതിരിക്കുകയോ പ്രശ്നമാക്കാതിരിക്കുകയോ ചെയ്തു.

 

സ്ഥാനാര്‍ഥികളെ നിര്‍ണ്ണയിക്കുന്നതിന് മോദി ജാതിമത ഘടകങ്ങള്‍ പരിഗണിച്ചു. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ കോര്‍പ്പറേറ്റ് മോഡല്‍ സ്ഥാനാര്‍ഥിനിര്‍ണ്ണയമാകട്ടെ പരാജയപ്പെടുകയും ചെയ്തു. ഓരോ സ്ഥാനാര്‍ഥിയെ തീരുമാനിച്ചപ്പോഴും മോദിക്ക് ഒരു സ്റ്റാമ്പ്‌ ഉണ്ടായിരുന്നു എന്നാണ് അറിഞ്ഞത്. ബോളിവുഡ് ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്ന് തന്റെ വോട്ട് കൂട്ടാന്‍ കഴിയും എന്ന് തോന്നിയവരെയെല്ലാം മോദി സുരക്ഷിതസ്ഥാനങ്ങളില്‍ സ്ഥാനാര്‍ഥികളാക്കി. അദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ വിജയിച്ചു.

 

മോദിയുടെ ഓര്‍മ്മ കണിശമാണ്, സംസാരത്തില്‍ നിപുണനാണ്, ഏറ്റവും മികച്ച ഗുണം കൃത്യനിഷ്ഠയും അച്ചടക്കവുമാണ്. ഞാന്‍ ഇലക്ഷന്‍ റാലികളില്‍ പല ദേശീയനേതാക്കളെയും കണ്ടിട്ടുണ്ട്, മോദിയല്ലാതെ മറ്റാരും കൃത്യസമയത്ത് സ്ഥലത്തെത്തിയിട്ടില്ല. മോദി ബെന്ജമിന്‍ ഫ്രാങ്ക്ലിന്റെ വാചകത്തില്‍ വിശ്വസിക്കുന്നുവെന്നാണ് ഒരു റിപ്പോര്‍ട്ടര്‍ എന്നോട് പറഞ്ഞത്. “നിങ്ങള്‍ക്ക് താമസിച്ചുവരാം, പക്ഷെ സമയം താമസിച്ചുവരില്ല.”

 

ധൃതിയുള്ള ഒരാളാണ് മോദി, എന്നാല്‍ ആത്മഹത്യാപരമായ പെരുമാറ്റമില്ല. മോദി കണ്ണടച്ചുവിശ്വസിക്കുന്ന ഒരു പറ്റം വിശ്വസ്തരുണ്ട്‌. പ്രധാന വകുപ്പുകള്‍ എല്ലാം മോദിയുടെ കയ്യിലാണ്. എല്ലാ കാബിനറ്റ് മീറ്റിങ്ങുകളും നേരത്തെ തീരുമാനിച്ചുവെച്ച ട്വന്റി-ട്വന്റി മാച്ചുകള്‍ പോലെയാണ്. അജണ്ട തീരുമാനിക്കപ്പെട്ടുകഴിഞ്ഞു, ചര്‍ച്ചകള്‍ ഒന്നും ഉണ്ടാകില്ല. ഒരു മന്ത്രിയും പാര്‍ട്ടി അംഗവും മോദിക്കെതിരെ സംസാരിക്കാന്‍ ധൈര്യപ്പെടില്ല. വ്യത്യസ്തതകള്‍ മോദി സഹിക്കില്ല, മോദിയുടെ ഔദ്യോഗിക-അനൌദ്യോഗിക ആരാധകര്‍ എല്ലാവരും ഈ രീതി സ്വീകരിക്കുകയും അത് പിന്തുടരുകയും ചെയ്യുന്നു. അവര്‍ ഒരുപക്ഷെ ബെഞ്ചമിന്‍ ഫ്രാങ്ക്ലിന്‍ പിന്നീട് പറഞ്ഞത് കേട്ടിരിക്കില്ല. “വിശ്വാസം കൊണ്ട് മാത്രം പിന്തുടരുക എന്നാല്‍ അന്ധമായി പിന്തുടരുകയാണ്.”

 

ഗുജറാത്തില്‍ ആകെയുള്ള ഒരു പ്രസ് ക്ലബിന് മോദി സ്ഥലം സംഭാവന ചെയ്യുമെന്ന് കരുതപ്പെട്ടിരുന്ന ഒരു മീറ്റിംഗ് ഞാന്‍ ഇന്നും ഓര്‍ക്കുന്നു. പ്രസ് ക്ലബിന് ഇപ്പോഴും സ്വന്തമായി ഒരിടമില്ല. മോദിയുടെ ഉദ്യോഗസ്ഥര്‍ സ്ഥലം കണ്ടെത്തുകയും അത് കൈമാറാനായുള്ള എല്ലാ നടപടികളും ചെയ്യുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ പ്രസംഗത്തിനു തൊട്ടു മുന്‍പ് ക്ലബ്ബിന്റെ പ്രസിഡന്റ്റ് പ്രസ് ക്ലബിന് രണ്ടേക്കര്‍ ഭൂമി സംഭാവന ചെയ്യാന്‍ കാണിച്ച മുഖ്യമന്ത്രിയുടെ മഹാമനസ്കതയെപ്പറ്റി വളരെ നീണ്ട ഒരു പ്രസംഗം നടത്തി. ഇത് അതിനുശേഷം വരേണ്ടിയിരുന്ന പ്രസംഗത്തിട്നെ പഞ്ച് നശിപ്പിച്ചു. മോദിയുടെ ഊഴമെത്തിയപ്പോള്‍ സംഭാവനക്കാര്യം മോദി പറഞ്ഞില്ല. പകരം ഭൂമി താന്‍ എപ്പോള്‍ വേണമെങ്കിലും സംഭാവന ചെയ്യാന്‍ തയ്യാറാണെന്നും എന്നാല്‍ പത്രപ്രവര്‍ത്തകര്‍ കൂട്ടുചേര്‍ന്ന് ഭൂമി സമ്പാദിക്കാന്‍ ശ്രമിക്കണമെന്നും മോദി പ്രസംഗത്തില്‍ പറഞ്ഞു. നാലുവര്‍ഷം കഴിഞ്ഞിട്ടും പ്രസ് ക്ലബിന് ഭൂമിയില്ല.

 

മോദിയുടെ പക്കല്‍ കൃത്യമായി തയ്യാറാക്കിയ കണക്കുകളുണ്ട്, കേള്‍വിക്കാരെ കയ്യിലെടുക്കാന്‍ വേണ്ട രേഖകളും മോദി സൃഷ്ടിച്ചിട്ടുണ്ട്. നാടകീയതയിലൂടെ മാത്രമേ ഉയര്‍ച്ച ആഗ്രഹിക്കുന്ന ഒരാള്‍ക്കൂട്ടത്തെ കയ്യിലെടുക്കാന്‍ കഴിയൂ എന്ന് മോദിക്കറിയാം. വെള്ളക്കോളര്‍ മോദി ആരാധകര്‍ക്ക് ടിവിയില്‍ വരുന്നതിനും ഏറെ മുന്പ് തന്നെ മോദിയുടെ പ്രസംഗങ്ങളും റെക്കോര്‍ഡിംഗ്കളും കിട്ടുന്നു. ബുദ്ധിജീവികള്‍ക്ക് മോദിയുടെ പ്രസംഗങ്ങള്‍ അര്‍ത്ഥമില്ലാത്ത ബോറടിപ്പിക്കുന്ന വാക്കുകളായി തോന്നാം. എന്നാല്‍ സാധാരണജനങ്ങള്‍ക്ക് മോദി അവരുടെ ഭാഷയില്‍ സംസാരിക്കുന്നതുപോലെ തോന്നുന്നതുകൊണ്ടാണ് മോദി വിജയിക്കുന്നത്. മഹാത്മാ ഗാന്ധിക്ക് തന്റെ ജീവിതകാലത്തോ മരണശേഷമോ ലഭിക്കാത്ത സ്ഥാനമാണ് ഗുജറാത്തിലെ സാധാരണക്കാരുടെയിടയില്‍ മോദിക്കുള്ളത്. മഹാത്മാ ഗാന്ധിയുടെ പേരില്‍ പ്രതിമകളും എയര്‍പോര്‍ട്ടുകളും റോഡുകളും ഇല്ലായിരുന്നെങ്കില്‍ ആ മഹാത്മാവ് പണ്ടേ വിസ്മൃതിയിലായേനെ.

 

ഒരു സംസ്ഥാനത്തിന് ജീവന്‍വയ്ക്കണമെങ്കില്‍ അതിനു ശക്തമായ ഒരു സേവനസമ്പദ്വ്യവസ്ഥ വേണം. ഗുജറാത്തിന്റെത് ഒരു നിര്‍മ്മാണ സമ്പദ്വ്യവസ്ഥയാണ്. ഒരു സേവനസമ്പദ്വ്യവസ്ഥ കൂടി ഉള്‍പ്പെടുത്താന്‍ മോദി ശ്രമിച്ചുവെങ്കിലും അത് ഇതേവരെ വിജയിച്ചിട്ടില്ല. ഗുജറാത്തില്‍ അതിനുള്ള സാധ്യതകളില്ല എന്നതാണ് സത്യം. ഗുജറാത്ത് വികസിച്ചത് മോദിയുടെ കീഴിലാണോ എന്നതാണ് ചോദ്യം. പണ്ട്രണ്ടു വര്‍ഷത്തെ മോദിഭരണം കൊണ്ട് വികസനം ഉണ്ടാകാന്‍ മാത്രം അത്ര അവികസിതമായിരുന്നോ ഗുജറാത്ത്? രാജ്യത്ത് എന്ത് മോഡല്‍ വികസനമാണ് മോദി കൊണ്ടുവരാന്‍ പോകുന്നത് എന്നറിയാന്‍ എല്ലാവര്ക്കും താല്‍പ്പര്യമുണ്ട്.

 

 

ഇതുതമ്മില്‍ വലിയ അന്തരമുണ്ട്. മോദിക്ക് ലഭിച്ച ഗുജറാത്ത് സമ്പദ്വ്യവസ്ഥയുടെ കാര്യത്തില്‍ മഹാരാഷ്ട്രയുടെ തൊട്ടുപിന്നില്‍ നിന്നിരുന്നതാണ്. മുംബൈ ഉള്ളതുകൊണ്ട് ഒന്നാം സ്ഥാനത്തെത്തിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ഐ പി ബേസ്ഡ് ഇ-ഭരണസമ്പ്രദായമുണ്ടായിരുന്ന സ്ഥലമാണ് ഗുജറാത്ത്. ചന്ദ്രബാബു നായിഡുവിന്റെ കൊട്ടിഘോഷിച്ച വികസിത ആന്ധ്രാ പ്രദേശില്‍ പോലും ഇല്ലായിരുന്ന ഒരു കാര്യമാണിത്. എന്നാല്‍ ഇതൊക്കെ സംഭവിച്ചത് മോദിയുടെ മുന്‍ഗാമിയായ കേശുഭായി പട്ടേലിന്റെ കാലത്താണ്. ഇതുള്‍പ്പെടെയുള്ള പലതിന്റെയും പേര് മോദി സ്വന്തമാക്കുന്നു എന്നത് മറ്റൊരു വിഷയമാണ്. മോദി കാബിനറ്റില്‍ അച്ചടക്കം കൊണ്ടുവന്നു, മോദിയുടെ സംസ്ഥാനത്തിലെ ഉദ്യോഗസ്ഥരെല്ലാം അച്ചടക്കത്തോടെ ജോലിചെയ്യാന്‍ തുടങ്ങി. സിഎംഓ എന്നതിനെ ഒരു ലോകോത്തരനിലവാരത്തിലേയ്ക്ക് മോദി ഉയര്‍ത്തി. 

 

ഗാന്ധിനഗറില്‍ ഒരു ലോകനിലവാരമുള്ള ബാന്‍ക്വെറ്റ് ഹാള്‍ വേണമെന്ന് തോന്നിയപ്പോള്‍ റെക്കോര്ഡ് സമയം കൊണ്ട് അത് നിര്‍മിച്ചു. ഇപ്പോള്‍ അതിന് മഹാത്മാ മന്ദിര്‍ എന്നാണ് പേര്. ഗുജറാത്തിലേയ്ക്ക് ലോകത്തില്‍നിന്നുള്ള സകലരെയും മുതല്‍മുടക്കാന്‍ ക്ഷണിച്ചു. ടാറ്റായെ അവരുടെ നാനോ പ്ലാന്റ് തുടങ്ങാന്‍ ഗുജറാത്തിലേയ്ക്ക് ക്ഷണിച്ചതോടെ ശക്തമായ അറിയിപ്പുകളാണ് വ്യവസായമേഖലയ്ക്ക്  മോദി നല്‍കിയത്. ഈ ഇന്‍വെസ്റ്റ്‌മെന്റ് ഒക്കെ നടന്നോ എന്നും ടാറ്റാ നാനോ വിജയിച്ചോ എന്നും ഒക്കെ ആര് അന്വേഷിക്കുന്നു? ഇത്തരം ചോദ്യങ്ങള്‍ അവഗണിക്കുന്നതാണ് നല്ലത് എന്ന് മുന്‍പേ പറഞ്ഞല്ലോ. ഒരു ശരാശരി ഗുജറാത്തിയുടെ നോട്ടത്തില്‍ ഒരു നേതാവാകാന്‍ വേണ്ട എല്ലാമുള്ള ഒരു മാച്ചോ മനുഷ്യനാണ് മോദി. ടെക് സാവി ആകുന്നതുമുതല്‍ കടന്നുകയറാന്‍ വന്ന മുസ്ലിമുകളെ അടിച്ചമര്‍ത്തിയതുവരെചെയ്ത, അമേരിക്കന്‍ പ്രസിഡന്ടുമാരുമായും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളോടും കിടപിടിക്കാന്‍ കഴിയുന്ന, ഗുജറാത്തിന് മറ്റാര്‍ക്കും നല്‍ക്കാത്ത അഭിമാനം നല്‍കിയ നേതാവാണ്‌ അവര്‍ക്ക് മോദി.

 

എന്നാല്‍ ഗുജറാത്തിന്റെ ഇത്തരം ഹാംഗ് ഓവറുകള്‍ ഒന്നുമില്ലാത്ത ഒരു രാജ്യമാണ് മോദിയുടെ കൈകളില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എത്തുക. ഏറ്റവും ചുരുങ്ങിയ സമയം കൊണ്ട് മോദിയുടെ സ്വപ്‌നങ്ങള്‍ യാഥാര്‍ഥ്യമായി മാറേണ്ടതുണ്ട്. രാജ്യത്തെ ഒരു ഉട്ടോപ്പിയന്‍ സ്വപ്നമാക്കി മാറ്റാന്‍ കഴിയുന്ന ഒരു മാന്ത്രികനായാണ്‌ ആളുകള്‍ മോദിയെ കാണുന്നത്. ഗുജറാത്തില്‍ ആരും മോദിയോടു വരവുചെലവുകണക്കുകള്‍ ചോദിച്ചില്ല, സംസ്ഥാനത്തെ കടങ്ങളെ പറ്റി ആരും ചിന്തിച്ചില്ല, മോദിയുടെ പറച്ചിലുകള്‍ സത്യമാണോ എന്ന് ആരും പരിശോധിച്ചില്ല. ഓരോ ബഡ്ജറ്റ്‌ കാലത്തും ഒതുങ്ങിയൊതുങ്ങി വന്ന ഒരു പ്രതിപക്ഷബെഞ്ച് മാത്രമാണ് ചില ചോദ്യങ്ങളെങ്കിലും ചോദിച്ചത്. സത്യത്തില്‍ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ മോദിയുടെ സ്വപ്നത്തിന്റെ മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിംഗ് സ്കീമിലെ ബ്രാന്‍ഡ്‌ അംബാസഡര്‍മാരായി ഈ ആളുകള്‍ എല്ലാവരും മാറിയിരുന്നു.

 

വരുംദിവസങ്ങളിലെ ചര്‍ച്ചകളിലെ ഏറ്റവും ചൂടേറിയ വിഷയം 2002 കലാപങ്ങളില്‍ മോദിക്കുള്ള പങ്കായിരിക്കും. വികസനമോഡലിനെ ഉയര്‍ത്തിക്കാട്ടി ഒരു ദശാബ്ദമായി ഈ ചോദ്യങ്ങള്‍ മോദി മാറ്റിവിട്ടുകൊണ്ടിരിക്കുകയാണ്. കോടിക്കണക്കിന് വോട്ടുകള്‍ നല്‍കിയ ആളുകളുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സാധിച്ചാല്‍ ഈ വേദനാജനകമായ എപ്പിസോഡ് ആവുന്നത്ര മാറ്റിവയ്ക്കാന്‍ മോദിക്ക് കഴിയും. ഈ ചോദ്യം ഉയര്‍ത്തുന്ന എന്‍ജിഓകളെയും മനുഷ്യാവകാശപ്രവര്‍ത്തകരെയും മോദി വലിയ കാര്യമായൊന്നുമല്ല കാണുന്നത്. അടുത്ത ദശാബ്ദത്തില്‍ കത്തിച്ചുകളയാന്‍ പോകുന്ന ഒരു ചരിത്രപുസ്തകത്തിലെ എല്ലാവരും മറന്ന ഒരു അദ്ധ്യായം മാത്രമാണ് 2002.

 

എന്നാല്‍ 2002-ലെ കലാപത്തെപ്പറ്റി എഴുതിയ ഒരാളെന്ന നിലയില്‍ മോദിക്ക് ഈ കലാപത്തിന്റെ ഉത്തരവാദിത്തം ഉണ്ട് എന്നെനിക്ക് തോന്നുന്നില്ല. അക്കാലത്ത് സംസ്ഥാനനേതാവായിരുന്ന മോദിയുടെ ഉത്തരവാദിത്തമല്ല ഞാന്‍ പറയുന്നത്. കലാപം നടന്നതിന്റെ സ്ട്രാറ്റജിക് പ്ലാനിങ്ങും മോദിയുടെ പ്രശസ്തമായ പ്ലാനിങ്ങും തമ്മില്‍ ഒരു പൊക്കിള്‍ക്കൊടി ബന്ധം ഉണ്ടായേക്കാം. എന്നാല്‍ ഇത് നിയമത്തിന്റെ കീഴില്‍ വരുന്ന വിഷയമാണ്, അതില്‍ ഞാന്‍ പറയുന്ന വിവരണങ്ങള്‍ക്ക് പ്രസക്തിയില്ല.

 

തീ കത്തിത്തുടങ്ങി രണ്ടുമണിക്കൂര്‍ കഴിഞ്ഞാണ് ആ നിര്‍ഭാഗ്യകരമായ ദിവസം ഞാന്‍ ഗോധ്ര സ്റ്റേഷനില്‍ എത്തുന്നത്. എന്റെ കയ്യില്‍ ഒരു റോള്‍ മാത്രമുള്ള ഒരു എസ്എല്‍ആര്‍ കാമറയാണ് ഉണ്ടായിരുന്നത്. കൂടുതല്‍ റോളുകള്‍ ശേഖരിക്കണമെന്നും ഇനിയുള്ള രണ്ടുദിവസങ്ങളില്‍ എന്തൊക്കെ സംഭവിക്കുമെന്നും എനിക്ക് അപ്പോള്‍ തീരെ ബോധ്യമുണ്ടായിരുന്നില്ല. വെപ്രാളപ്പെട്ട ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അവര്‍ക്ക് ഒരു ഫോട്ടോഗ്രാഫര്‍ ഇല്ലാത്തതിനാല്‍ എന്നോട് മൃതദേഹങ്ങളുടെ ഫോട്ടോ എടുക്കാമോ എന്ന് ആവശ്യപ്പെട്ടു. ഞാന്‍ അതനുസരിച്ച് ഫോട്ടോകള്‍ എടുത്ത് തുടങ്ങിയപ്പോഴാണ് ഒരു കോണ്‍സ്റ്റബിള്‍ ഒരു ലോക്കല്‍ ഫോട്ടോഗ്രാഫറെയുമായി സ്ഥലത്തെത്തിയത്. പൂര്‍ത്തിയാകാത്ത ആ ഫോട്ടോഗ്രാഫി സെഷന്റെ ചിത്രങ്ങള്‍ ഇപ്പോഴും എന്റെ കൈവശമുണ്ട്.

 

ഗോധ്ര സ്റ്റേഷനിലെ ആര്‍പിഎഫ് ഇന്‍-ചാര്‍ജ് ഒരു മലയാളിയായിരുന്നു. ഞങ്ങള്‍ മൂന്നുപേരെ അദ്ദേഹത്തിന്റെ മുറിയില്‍ താമസിപ്പിക്കുകയും പകല്‍ സംഭവിച്ചതിന്റെ വിശദമായ റിപ്പോര്‍ട്ട് തരുകയും ചെയ്തിരുന്നു അദ്ദേഹം. പിന്നീട് ആ കോച്ചിനുള്ളില്‍ വെച്ച് ഭാര്യ കത്തിക്കരിഞ്ഞുപോയ ഒരു യാത്രികനേയും ഞാന്‍ കണ്ടു. എന്തുസംഭവിച്ചുവന്നതിന്റെ വ്യത്യസ്തവീക്ഷണങ്ങള്‍ എനിക്ക് കിട്ടിയിരുന്നു.

 

എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ നോയല്‍ പര്‍മാര്‍ തയ്യാറാക്കിയ അന്വേഷണറിപ്പോര്‍ട്ട് വായിച്ചപ്പോള്‍ അത് തികച്ചും വ്യത്യസ്തമായ ഒരു കഥയായാണ് എനിക്ക് തോന്നിയത്. ആളുകളെ പിടിച്ചതിന്‍റെയും ജയിലിലടച്ചതിന്‍റെയും അടിസ്ഥാനത്തിലായിരുന്നു ആ റിപ്പോര്‍ട്ട്. ആഭ്യന്തരമന്ത്രി ഗോര്‍ഡന്‍ സഡാഫിയ അന്ന് രാവിലെ കലക്ടറുടെ ഒഫീസിലെത്തിയപ്പോള്‍ ചില സ്റ്റോറികളുമായി ബന്ധപ്പെട്ട് ഞാന്‍ അവിടെ ഉണ്ടായിരുന്നു. പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്തതുപോലെ ഉല്ലാസവനായിരുന്ന അദ്ദേഹം മോദി, കത്തിക്കരിഞ്ഞ ശരീരങ്ങള്‍ സൂക്ഷിച്ചിരുന്ന മുറ്റത്തെത്തിയപ്പോള്‍ പരിഭ്രാന്തനായി. ആ മീറ്റിങ്ങിലും (അങ്ങനെയൊന്നു നടന്നില്ല എന്ന് അദ്ദേഹവും അദ്ദേഹത്തിന്റെ കാബിനറ്റും പറയുന്നുവെങ്കിലും) അദ്ദേഹം അസ്വസ്ഥനായിരുന്നു എന്നാണ് ഉള്ളറ വിവരങ്ങള്‍. ഈ പ്രശ്നത്തെ ഒരു നല്ല അവസരമായി അദ്ദേഹം കണ്ടുവെന്നാണ് എനിക്ക് തോന്നുന്നത്. നേരിട്ടല്ലെങ്കില്‍ പോലും സംഭവത്തിന്‍റെ ഉത്തരവാദിത്തം അദ്ദേഹം ഏറ്റെടുത്തതാവാം. എന്തായാലും ഗുജറാത്തിലെ 85 ശതമാനം ആളുകള്‍ക്കും കാര്യങ്ങള്‍ അറിയാമല്ലോ. പിന്നെ ബാക്കിയുള്ളവര്‍ എന്ത് ചിന്തിച്ചാലെന്ത്? ഇനിയുള്ളത് ചരിത്രം.

 

കുംഭകോണങ്ങളും അഴിമതികളും ഇല്ലാത്ത സംസ്ഥാനമൊന്നുമല്ല ഇത്. കേരള സര്‍ക്കാരിനെ ഒരു സോളാര്‍ കേസിന് ഒരുവര്‍ഷം ചുറ്റിപ്പറ്റിനില്‍ക്കാമെങ്കില്‍ ഗുജറാത്തില്‍ ഇത്തരം കേസുകള്‍ ദിവസേന സംഭവിക്കുന്ന, ശ്രദ്ധയില്‍ പെടാത്ത സംഭവങ്ങളാണ്. ആരും ഇതൊന്നും പ്രശ്നമാക്കുന്നില്ല. വളരെ ലളിതമായ ഒരു കണക്കുകൂട്ടലാണിത്. ഇത്തരം പ്രശ്നങ്ങളെപ്പറ്റി ചര്‍ച്ച ചെയ്തും അവ വെളിച്ചത്ത് കൊണ്ടുവന്നും ചെലവിടുന്ന സമയമുണ്ടെങ്കില്‍ അതിലും ഏറെ പണമുണ്ടാക്കാം. പത്തുകോടിയുടെ അഴിമതിയോ? പോയി പണിനോക്കൂ. നൂറുകോടിയുടെ കഥയുണ്ടെങ്കില്‍ പറയൂ. ഞാന്‍ കൂടെ ചേരാം. ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ശ്രമിച്ചാല്‍ ഇങ്ങനെയുള്ള മറുപടികളാകും കേള്‍ക്കേണ്ടിവരിക. ആളുകളെ വിടുക, പത്രങ്ങള്‍ക്ക് പോലും ഇത്തരം ചെറിയ കേസുകളില്‍ താല്‍പ്പര്യമില്ല.

 

 

എന്റെ ജീവിതകാലത്തെ നാല്‍പ്പതു വര്‍ഷം ഞാന്‍ ജീവിച്ചത് ഇവിടെയാണ്‌. അത് തന്നെയാണ് എന്റെ പ്രായവും. ഗുജറാത്തിലെ ഏത് നഗരം എടുത്താലും അത് ഗുജറാത്തിന് വെളിയിലുള്ള ഏതുനഗരവും പോലെ തന്നെയാണ്. എന്നാല്‍ പുറത്തുള്ളവര്‍ ഗുജറാത്ത് എന്നാല്‍ സിംഗപ്പൂര്‍ പോലെയാണ് എന്ന് ധരിക്കുന്ന നിലയിലേയ്ക്ക് പെരുപ്പിച്ചുപറയല്‍ എത്തിയിരിക്കുന്നു. ഈ സംസ്ഥാനത്തിന് ഒരു കോണ്‍ട്രാക്ടര്‍ സമ്പദ്വ്യവസ്ഥയുമുണ്ട് (ഇവിടെ കോണ്‍ട്രാക്ടര്‍മാര്‍ സദാ കാര്യത്തിനും അല്ലാതെയും ജോലികള്‍ ചെയ്യും). ഈ അണമുറിയാതെയുള്ള സിവില്‍ ജോലികളും വികസനമായി ആളുകള്‍ കാണാറുണ്ട്‌. ടൂറിസത്തെപ്പറ്റി ഇവിടെ ചര്‍ച്ച ചെയ്യാതിരിക്കുന്നതാണ് നല്ലത്. ഇവിടെ ഒരു ബോളിവുഡ് താരം എതെങ്കിലും പരസ്യത്തില്‍ അഭിനയിക്കുന്നതല്ലാതെ വേറെയൊന്നും ഉണ്ടാകില്ല.

 

1600 കിലോമീറ്റര്‍ തീരപ്രദേശമുണ്ടായിട്ടും ഗുജറാത്ത് ഒരു ഗോവയാകാത്തതെന്ത് എന്നെനിക്ക് ചോദിക്കാന്‍ കഴിയുമോ? ഇല്ല. എതിര്‍ചോദ്യമിതാണ്- നിങ്ങള്‍ ഇവിടെ സമാധാനത്തോടെ ജീവിക്കുന്നില്ലെ? പിന്നെന്താണ് പ്രശ്നം?

 

ഇവിടെ വിമര്‍ശിക്കുന്നവര്‍ സ്റ്റേറ്റിന്‍റെ എതിരാളിയാണ്. ഒരു പരിഷ്കൃതസമൂഹത്തില്‍ ഇത് നേരെ തിരിച്ചാണ് വരേണ്ടത്. ശരിയായ ചിത്രം കാണാന്‍ കഴിയുന്ന ഒരു കണ്ണാടിയാണ് ഒരു വിമര്‍ശകന്‍. നിങ്ങള്‍ അതിലെ യഥാര്‍ത്ഥപ്രശ്നങ്ങളില്‍ ഇടപെടുക, ബാക്കിയുള്ളവ മറന്നുകളയുക. എന്നാല്‍ ഒരു സുഹൃത്ത്‌ പറഞ്ഞതാണ് ഓര്‍മ്മ വരുന്നത്: ഒരാളെ ദൈവമാക്കാന്‍ നടക്കുന്ന അന്ധരായ ആളുകള്‍ക്ക് യാഥാര്‍ഥ്യങ്ങളുടെ ഗുണം മനസിലാക്കാന്‍ കഴിയില്ല.

 

അഹമ്മദാബാദിലെ ഒരു പ്രമുഖ പത്രത്തിന്റെ എഡിറ്റര്‍/റിപ്പോര്‍ട്ടര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പേടിപ്പിക്കാന്‍ ശ്രമിച്ചയാളാണ് മോദി. മോദി ആരാധകരും ദിനംപ്രതി ഇതു തന്നെയാണ് ചെയ്യുന്നത്.

 

ഞാന്‍ മോദിവിരുദ്ധനാണെന്ന് ഞാന്‍ താമസിക്കുന്നയിടത്ത് ഒരാള്‍ എനിക്കെഴുതി. ഇതില്‍ എനിക്ക് പ്രശ്നം തോന്നിയില്ല, എന്നാല്‍ അയാളതിന് പറഞ്ഞ കാരണം എന്നെ അമ്പരപ്പിച്ചു. എന്റെ മതം മാത്രം നോക്കിയാണ് അയാള്‍ ഇത് ഊഹിച്ചത്. അന്ധമായ വിശ്വാസത്തെ പത്രപ്രവര്‍ത്തനത്തിന്റെ മറവില്‍ കൊണ്ടുനടക്കുന്ന ചില മോദിഭക്തര്‍ക്കും ഇതുതന്നെ തോന്നി. പത്രപ്രവര്‍ത്തനം എന്നാല്‍ എന്താണെന്ന് മനസിലാക്കാത്തവര്‍ക്ക് മുന്നില്‍ എന്നെ ഞാന്‍ ന്യായീകരിക്കാറില്ല. കാരണം പത്രപ്രവര്‍ത്തകരും ചെയ്യുന്നത് ഇതൊക്കെത്തന്നെ.

 

മൂന്നു വര്‍ഷം മുന്‍പ് ഒരു പ്രസ് ക്ലബ് ചടങ്ങില്‍ മോദിയെ ക്ഷണിച്ച ഒരു ടീമിന്റെ ഭാഗമായിരുന്നു ഞാനും. ഞാന്‍ ക്ലബിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഈയടുത്ത് വൈസ് പ്രസിഡന്റ്റ് എന്ന നിലയില്‍ ഞാന്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ച ഒരു ടീമിന്റെ ഭാഗമായി. ഇവ തമ്മിലുള്ള വ്യത്യാസം വളരെ വലിയതാണ്. മോദിയെ ക്ഷണിച്ചപ്പോള്‍ ആരും എന്നെ ഒരു മോദി പക്ഷക്കാരന്‍ എന്ന് മുദ്രകുത്തിയില്ല. എന്നാല്‍ രാഹുല്‍ ഗാന്ധിയെ ക്ഷണിച്ചപ്പോള്‍ അനുഭവം മറിച്ചായിരുന്നു.

 

പലരും ചെയ്യുന്നതുപോലെ ഗുജറാത്ത് വികസനം മാത്രം കൊണ്ട് മോദിയെ അളക്കരുത്. അയാളുടെ ഊര്‍ജവും ഏകാധിപത്യ ശൈലിയും ഡല്‍ഹിയിലെ ഭരണചക്രത്തെ കുലുക്കും എന്ന് ഉറപ്പായും വിശ്വസിക്കാം. ജോലിയോടുള്ള ആത്മാര്‍ഥതയെയും തീരുമാനങ്ങളെടുക്കുന്ന, അവ നടപ്പിലാക്കുന്ന രീതിയും വിശ്വസിക്കാം. എല്ലാ കാര്യങ്ങളെയും പുച്ഛത്തോടെ കാണുന്ന ഒരു ഇന്ത്യ ജനാധിപത്യത്തിന് അര്‍ഹമല്ല എന്ന് ഈയിടെ ആരോ പറഞ്ഞു. അതിനു ഒരു ഏകാധിപതിയെയാണ് വേണ്ടത്. അങ്ങനെയൊരാളെയാണോ നമുക്ക് ലഭിച്ചിരിക്കുന്നത്? നിങ്ങള്‍ വിലയിരുത്തുക.

 

(Binu Alex is Co-Founder and Director of Commodity Online Group with more than two decades in print, web and Radio reporting socio economic, technology and finance. Follow his tweets on @badjourno or fb/binualex)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍