UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നേതാജിയുടെ തിരോധാനത്തിന് പിന്നില്‍

അഴിമുഖം പ്രതിനിധി

വെള്ളിയാഴ്ച കൊല്‍ക്കത്തയിലെ പോലീസ് മ്യൂസിയത്തില്‍ നടന്ന ആര്‍ഭാടരഹിതമായ ഒരു ചടങ്ങില്‍ വച്ച്, അതീവരഹസ്യമായി സൂക്ഷിച്ചിരുന്ന നേതാജി സുഭാഷ് ചന്ദ്രബോസിനെ കുറിച്ചുള്ള 64 ഫയലുകള്‍ പശ്ചിമബംഗാള്‍ സര്‍ക്കാര്‍ പരസ്യമാക്കി.

ഇതുവരെ കരുതപ്പെട്ടതില്‍ നിന്നും വ്യത്യസ്ഥമായി ഈ തീപ്പൊരി സ്വതന്ത്ര്യസമര സേനാനി 1945ലെ വിമാനദുരന്തത്തെ അതിജീവിച്ചിരിക്കാമെന്നും സ്വാതന്ത്ര്യത്തിന് ശേഷം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ കര്‍ക്കശമായ നിരീക്ഷണത്തിലായിരുന്നുവെന്നും തൃണമൂല്‍ കോണ്‍ഗ്രസ് പരസ്യപ്പെടുത്തിയ ഫയലുകളില്‍ സൂചനകളുണ്ട്.

1945 ഓഗസ്റ്റ് 18ന് തായ് വാനിലെ തായ്‌ഹോകുവിലുണ്ടായ വിമാനാപകടത്തില്‍ ആസാദ് ഹിന്ദ് ഫൌജിന്റെ (ഇന്ത്യന്‍ നാഷണല്‍ ആര്‍മി) നേതാവായ ബോസ് കൊല്ലപ്പെട്ടുവെന്നായിരുന്നു ഇതുവരെയുളള വിശ്വാസം.

ബോസ് ജീവിച്ചിരുന്നതായി തങ്ങള്‍ക്കറിയാമെന്ന് നിരവധിപ്പേര്‍ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ക്കെഴുതിയ നിരവധി കത്തുകള്‍ 112,744 പേജുകള്‍ വരുന്ന ഫയലില്‍ ഉണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനായി കൊല്‍ക്കത്ത പോലീസ് മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന രേഖകളില്‍ ഇതുസംബന്ധിച്ച അഖണ്ഡിതമായ തെളിവുകളില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.

നേതാജി 1946ല്‍ ജീവിച്ചിരുന്നതായി ചില ജാപ്പനീസ് വൃത്തങ്ങള്‍ തന്നോട് പറഞ്ഞതായി വെളിപ്പെടുത്തിക്കൊണ്ട് സ്വിസ് മാധ്യമ പ്രവര്‍ത്തക ലില്ലി അബെഗ് 1949 ഡിസംബര്‍ ഒമ്പതിന് നേതാജിയുടെ സഹോദരന്‍ ശരത് ബോസിനയച്ച കത്ത് പരസ്യപ്പെടുത്തിയ രേഖകളുടെ കൂട്ടത്തിലുണ്ട്.

യൂണിയന്‍ ഇന്‍ഫൊര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിലെ പ്രസിദ്ധീകരണ വിഭാഗത്തിലെ ഒരു ഉദ്യോഗസ്ഥനായ ചൗ ഹരിയാങ്ക്വാങ് നേതാജിയുടെ മരുമകന്‍ അമിയ നാഥ് ബോസിന് 1948 മാര്‍ച്ച് അഞ്ചിന് അയച്ച കത്തില്‍, ‘അദ്ദേഹം ജീവിച്ചിരിക്കുന്നതായി ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു,’ എന്ന് എഴുതിയിരിക്കുന്നു.

അഭ്യൂഹങ്ങള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട്, 1945ലെ വിമാനാപകടത്തില്‍ ബോസ് മരിച്ചതായി വിശ്വസിക്കുന്നില്ലെന്ന് പറഞ്ഞ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, നേതാജിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പരസ്യപ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. ‘നേതാജി 1945ന് ശേഷവും ജീവിച്ചിരുന്നതായാണ് ഞാന്‍ ഓടിച്ചു നോക്കിയ ചില പേജുകള്‍ നല്‍കുന്ന സൂചന,’ എന്ന് അവര്‍ പറഞ്ഞു.

തീവ്രനിലാപാടുകള്‍ക്ക് പ്രസിദ്ധനായിരുന്ന ബോസ്, ഇന്ത്യന്‍ സ്വാതന്ത്ര്യ പ്രസ്ഥാനത്തിലെ തലമുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നെങ്കിലും മഹാത്മ ഗാന്ധിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്നും വിട്ടുപോയി. 1941ല്‍ ഇന്ത്യയില്‍ നിന്നും രക്ഷപ്പെട്ട അദ്ദേഹം, ജര്‍മ്മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങള്‍ സന്ദര്‍ശിക്കുകയും, അവിടെ വച്ച് ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യയെ സ്വതന്ത്രമാക്കുന്നതിന് വേണ്ടി ഇന്ത്യന്‍ നാഷണല്‍ ആര്‍മിയെ ശക്തിപ്പെടുത്തുകയും ചെയ്തു.

1945ല്‍ അദ്ദേഹത്തിന്റെ അപ്രതീക്ഷിത തിരോധാനം കാലാകാലങ്ങളായുള്ള നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കേന്ദ്രത്തിന്റെ വിദ്വേഷകരമെന്ന് വിശേഷിപ്പിക്കുന്ന നിലപാടിനോടുള്ള തിളയ്ക്കുന്ന രോഷം കൊണ്ടുനടക്കുകയും ബോസിനെ ആരാധ്യപുരുഷനായി കാണുകയും ചെയ്യുന്ന പശ്ചിമബംഗാളാണ് ഇത്തരം സിദ്ധാന്തങ്ങള്‍ക്ക് വളക്കൂറുള്ള മണ്ണായത്.

ഉറപ്പുള്ള ഒരു വസ്തുത ഇതാണ്: സുഭാഷ് ചന്ദ്രബോസുമായി എന്തെങ്കിലും തരത്തിലുള്ള ബന്ധമുണ്ടായിരുന്ന എല്ലാവരും 1947ന് ശേഷം കേന്ദ്ര, സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികളുടെ കര്‍ക്കശമായ നിരീക്ഷണത്തിലായിരുന്നു. ബോസിന്റെ കുടുംബാംഗങ്ങള്‍, നേതാജിയുടെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയിലെ മുന്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ മാത്രമല്ല കൊല്‍ക്കത്തയിലെ ചൈനീസ് സമൂഹം പോലും ഈ നിരീക്ഷണത്തിന്റെ പരിധിയിലായിരുന്നു.

1968 വരെ, അതായത് ബോസ് മരിച്ചു എന്ന് വിവക്ഷിക്കപ്പെടുന്ന 1945ന് ശേഷം നീണ്ട 23 വര്‍ഷവും സ്വതന്ത്ര്യാനന്തരം 21 വര്‍ഷവും, ഈ നിരീക്ഷണം തുടര്‍ന്നതിന്റെ തെളിവുകള്‍ വെള്ളിയാഴ്ച പുറത്തിറക്കിയ മിക്കവാറും എല്ലാ ഫയലുകളിലുമുണ്ട്.

ഡല്‍ഹി സിഐഡി എസ്ബിയിലെ പോലീസ് സൂപ്രണ്ട് 1968 മാര്‍ച്ച് 29ന് പശ്ചിമ ബംഗാള്‍ ഡപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ഓഫ് പോലീസിനയച്ച ചില വെളിപ്പെടുത്തലുകള്‍ ഒരു കത്തില്‍ ഇങ്ങനെ പറയുന്നു: ‘അദ്ദേഹത്തെ സംബന്ധിച്ച ഔദ്യോഗിക രേഖകള്‍ പൂര്‍ത്തിയാക്കുന്നതിനായി, ശ്രീ അമിയ നാഥ് ബോസിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിന്റെ വ്യക്തിപരമായ വിവരങ്ങളും എന്തെങ്കിലും രാഷ്ട്രീയ ചായ്വുകള്‍ ഉണ്ടെങ്കിലും അതുമടങ്ങുന്ന ഒരു കുറിപ്പ് അയച്ചുതരുന്നതിന് വേണ്ട നടപടികള്‍ ദയവായി സ്വീകരിക്കുക.’

സിദ്ധാര്‍ത്ഥ ശങ്കര്‍ റായ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന 1972, ബോസിന്റെ തിരോധാനത്തിലെ നിഗൂഢത വെളിച്ചകൊണ്ടുവരാന്‍ സഹായിക്കുമായിരുന്ന തരത്തില്‍ നിര്‍ണായകമാകുമായിരുന്ന ഒരു ഫയല്‍ നശിപ്പിച്ചു കളഞ്ഞതായി ചെറുമരുമകന്‍ പറയുന്നു.

‘സിദ്ധാര്‍ത്ഥ ശങ്കര്‍ റായ് മുഖ്യമന്ത്രിയായിരുന്ന 1972ല്‍ ഒരു ഫയല്‍ നശിപ്പിക്കപ്പെട്ടതായി ഞങ്ങള്‍ കണ്ടെത്തി. സുഭാഷ് ചന്ദ്ര ബോസ് അപ്രത്യക്ഷനായതുമായി ബന്ധപ്പെട്ടതാണ് ഈ ഫയലെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. അത് നശിപ്പിക്കപ്പെട്ടു,’ എന്ന് ചന്ദ്ര ബോസ് പറയുന്നു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍