UPDATES

ഇന്ത്യ

പാഠപുസ്തകങ്ങളില്‍ എത്ര ശതമാനം കാവിയാകാം?

Avatar

അഴിമുഖം

ടീം അഴിമുഖം

 

നിങ്ങള്‍ പുരോഗമനപരമായി ചിന്തിക്കുകയും നരേന്ദ്ര മോദിയുടെ മഹാവിജയത്തെ ആശങ്കയോടെ കാണുകയും ചെയ്യുന്ന ഒരാളാണെങ്കില്‍ മോദിയുടെ പദ്ധതികളെപ്പറ്റി നിങ്ങളോട് കൂടുതല്‍ പറയുന്ന ഒരു മന്ത്രാലയമുണ്ട്. അതാണ്‌ മാനവശേഷി വികസന വകുപ്പ്. അതിനാല്‍ ഇന്ത്യയുടെ വിദ്യാഭ്യാസരംഗത്തെ നയിക്കാന്‍ മോദി ആരെയാണ് നിയമിക്കാന്‍ പോകുന്നത് എന്ന് നിരീക്ഷിച്ചുകൊള്ളുക.

 

സംഘപരിവാറിനോട് വിധേയത്വമുള്ള ഒരാള്‍ക്കാണോ അതോ പുരോഗമനചിന്തയിലൂടെ വിദ്യാഭ്യാസമേഖലയില്‍ പരിഷ്കാരങ്ങള്‍ വരുത്താന്‍ കഴിവുള്ള ഒരാള്‍ക്കാണോ മനവശേഷി വകുപ്പ് നല്‍കുക എന്ന് നോക്കിയാണ് ഞങ്ങള്‍ മോദിയെ അളക്കാന്‍ പോകുന്നത്. സംഘപരിവാറിനു തന്ത്രപ്രധാനമായ കാഴ്ചപ്പാടും അല്‍പ്പം വളഞ്ഞ ആശയങ്ങളുമുള്ള ഒരു പ്രധാനമേഖലയാണ് വിദ്യാഭ്യാസം. അവര്‍ക്ക് ചരിത്രം തിരുത്തിയെഴുതണമെന്നും വിദ്യാഭ്യാസത്തെ ഉദാരവല്‍ക്കരിക്കാതെയിരിക്കണമെന്നും നമുക്കു ചുറ്റുമുള്ള ആഗോളവല്‍ക്കരണ യാഥാര്‍ഥ്യങ്ങളെ എതിര്‍ക്കാനുള്ള വിചിത്രാശയങ്ങള്‍ കൊണ്ടുവരണമെന്നും ഒക്കെയുണ്ടാകും.

 

ഉദാഹരണത്തിന് ഗുജറാത്തില്‍ ദരിദ്ര വിദ്യാര്‍ഥികള്‍ പഠിക്കുന്ന സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ അഞ്ചാം ക്ലാസ് വരെ കുട്ടികള്‍ ഇംഗ്ലീഷ് പഠിക്കുന്നില്ല. ഗുജറാത്തിലെ സമ്പന്നരുടെ കുത്തകയാണ് ഇംഗ്ലീഷ് വിദ്യാഭ്യാസം. അവര്‍ സ്വകാര്യ സ്കൂളുകളില്‍ പോകുന്നതും പഠിക്കുന്നതും ഒന്നും ബിജെപിയുടെ നിയന്ത്രണത്തിലുള്ള കാര്യമല്ല. ഞങ്ങള്‍ ഇംഗ്ലീഷ് പ്രചാരകരല്ല, എന്നാല്‍ ആഗോളവല്‍കൃത സമൂഹത്തില്‍ അത് നിങ്ങള്‍ക്ക് വേഗം പ്രവേശനം സാധ്യമാക്കും. ഇംഗ്ലീഷില്‍ സംസാരിക്കാന്‍ കഴിയുന്നതുകൊണ്ട് മാത്രം നിങ്ങള്‍ അര്‍ഹിക്കുന്നതും ചിലപ്പോള്‍ അതിലേറെയും കിട്ടും. ശാസ്ത്രവും അനുബന്ധ വിഷയങ്ങള്‍ വികസിക്കുകയും ഉന്നതവിദ്യാഭ്യാസം അഭ്യസിക്കപ്പെടുകയും ചെയ്യുന്നതും ഈ ഭാഷയിലാണ്.

 

 

1998-ല്‍ എന്‍ഡിഎ സര്‍ക്കാര്‍ അടല്‍ ബിഹാരി വാജ്പേയിയുടെ കീഴില്‍ അധികാരത്തില്‍ വന്നപ്പോള്‍ മാനവശേഷി മന്ത്രാലയം അന്നത്തെ ബിജെപിയിലെ മൂന്നാമത്തെ നേതാവും സംഘപരിവാര്‍ വിശ്വസ്തനുമായ മുരളി മനോഹര്‍ ജോഷിയെയാണ് ഏല്‍പ്പിച്ചത്.

 

ജോഷി എന്താണ് ചെയ്തത്? വിശദമായ ഒരു വിദ്യാഭ്യാസപരിഷ്കാരത്തിന് പദ്ധതിയിട്ടു. ഇന്ത്യയിലെ എല്ലാ സ്കൂളുകളിലും സംസ്കൃത വിദ്യാഭ്യാസം നിര്‍ബന്ധമാക്കുക, പെണ്‍കുട്ടികള്‍ക്ക് അടുക്കള ശീലങ്ങള്‍ പഠിപ്പിക്കുക എന്നിവയായിരുന്നു പരിഷ്ക്കാരങ്ങളില്‍ ചിലത്. ഒരു റിപ്പോര്‍ട്ടര്‍ അത് സ്കൂപ്പാക്കിയതുകൊണ്ടും കോണ്‍ഗ്രസും ഇടതുമൊക്കെ ഭരിക്കുന്ന കേരളവും പശ്ചിമ ബംഗാളും ബീഹാറും ഉള്‍പ്പെടുന്ന സംസ്ഥാന സര്‍ക്കാരുകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചതുകൊണ്ടും ഡോ. ജോഷിയുടെ പ്രാചീന ആശയങ്ങള്‍ നടപ്പില്‍ വന്നില്ല.

 

ഐസിഎച്ച്ആര്‍ (ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ ഹിസ്‌റ്റോറിക്കല്‍ റിസേര്‍ച്ച്), ഐസിഎസ്എസ്ആര്‍ (ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് സോഷ്യല്‍ സയന്‍സ് റിസേര്‍ച്ച്) എന്നീ സ്ഥാപങ്ങങ്ങളില്‍ ഡോ ജോഷി വലതുപക്ഷ അക്കാദമിക്കുകളെ കുത്തിനിറച്ചു. ഇവരില്‍ പലര്‍ക്കും കൃത്യമായ യോഗ്യതകള്‍ പോലും ഉണ്ടായിരുന്നില്ല. ഒരു അക്കാദമിക്കിന് വലതുപക്ഷ ചിന്താഗതിയുണ്ടാകുന്നതില്‍ തെറ്റില്ല, എന്നാല്‍ അവര്‍ തെറ്റ് പ്രചരിപ്പിക്കുന്നത് അസംബന്ധമാണ്.

 

 

ബിജെപിക്കു ഇത്തവണ പാര്‍ലമെന്റില്‍ ലഭിച്ച ഭീകര ഭൂരിപക്ഷം സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ക്ക് ഇന്ത്യന്‍ വിദ്യാഭ്യാസമേഖലയെ ഉടച്ചുവാര്‍ക്കാന്‍ പ്രേരണയായേക്കാം. മുഗള്‍ കാലം മാറ്റിവെച്ച് ചരിത്രമെഴുതാം, ആദിവാസികളെ ഹിന്ദുക്കളാക്കി ചിത്രീകരിക്കാം, വേദകാലഭക്ഷണത്തിന്‍റെ ഭാഗമായി ബീഫ് ഉണ്ടായിരുന്നു എന്ന ചരിത്രഭാഗങ്ങള്‍ ഒഴിവാക്കാം, സംസ്കൃതം പഠിപ്പിക്കാം, നമ്മുടെ പെണ്‍കുട്ടികളെ നല്ല വീട്ടമ്മമാരാക്കാന്‍ ഒരുക്കിയെടുക്കാം.

 

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയെ ശരിയായ ദിശയിലാക്കുക, അതിനുള്ള പ്രതിരോധ നടപടികളെടുക്കുക എന്ന പ്രഥമ ഉത്തരവാദിത്തത്തില്‍ നിന്ന് ഇത്തരം ഭോഷ്ക്കുകള്‍ നരേന്ദ്ര മോദിയെ വ്യതിചലിപ്പിക്കാതിരിക്കട്ടെ എന്ന് പ്രതീക്ഷിക്കാം. അല്ലാത്ത പക്ഷം ഉരുക്കുമനുഷ്യന്‍ എന്നതില്‍ നിന്ന് മോദിക്ക് കോമാളിയായി മാറേണ്ടിവരും. മാനവശേഷി മന്ത്രാലയത്തില്‍ ഇത്തരം മണ്ടത്തരങ്ങള്‍ പരീക്ഷിച്ചാല്‍ അതിനധികം താമസമുണ്ടാകില്ല. അതുകൊണ്ടാണ് പ്രധാനമായ ഈ മന്ത്രാലയം കൈകാര്യം ചെയ്യാന്‍ മോദി ആരെ തെരഞ്ഞെടുക്കും എന്ന് ശ്രദ്ധയോടെ കാത്തിരിക്കേണ്ടത്. ഗുജറാത്തിന്‍റെ മുന്‍മുഖ്യമന്ത്രി ന്യൂഡല്‍ഹിയിലെത്തിയതിന്റെ യഥാര്‍ത്ഥ ഉദ്ദേശം മോഡിയുടെ മാനവശേഷി മന്ത്രിക്ക് പറയാന്‍ കഴിയും.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍