UPDATES

പാര്‍ലമെന്റിനെ അട്ടിമറിക്കുകയല്ല; മോദി അവിടെ വരും എന്നുറപ്പാക്കുകയാണ് വേണ്ടത്

ഗുജറാത്തില്‍ പ്രസംഗിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അതിയായ ആത്മവിശ്വാസമാണ്. ശനിയാഴ്ച അവിടെ സംസാരിക്കുമ്പോള്‍ അദ്ദേഹം ഇങ്ങനെ ഗര്‍ജിച്ചു: “എന്നെ ലോക്‌സഭയില്‍ സംസാരിക്കാന്‍ അനുവദിക്കുന്നില്ല. അതിനാല്‍ ഞാന്‍ ജനസഭ (പൊതുയോഗം) യില്‍ സംസാരിക്കുന്നു. എനിക്ക് എപ്പോഴെങ്കിലും അവസരം ലഭിക്കുകയാണെങ്കില്‍ 125 കോടി ഇന്ത്യക്കാരുടേയും വികാരം ഞാന്‍ പാര്‍ലമെന്റിനെ അറിയിക്കും”. ഇന്നലെ യു.പിയിലെ ബഹ്‌റായ്ച്ചില്‍ പരിവര്‍ത്തന്‍ റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മൊബൈല്‍ ഫോണിലൂടെ നടത്തിയ പ്രസംഗത്തിലും സമാനമായ അവകാശവാദം മേദി ഉന്നയിച്ചു.

പച്ചക്കള്ളമായിരുന്നു അത്.

മോദി ഇപ്പോള്‍ ചെയ്യാന്‍ ശ്രമിച്ചത്, അതോടൊപ്പം നോട്ട് നിരോധനം മൂലമുണ്ടായ പ്രശ്‌നങ്ങളെ മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നതും, ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ കൂടുതല്‍ മോശമാകാനേ ഉപകരിക്കൂ. എന്നാല്‍ ഇത് മോദിയില്‍ നിന്ന് തുടങ്ങിയതല്ല എന്നു പറയുമ്പോഴും മോദിക്കു കീഴില്‍ സാഹചര്യങ്ങള്‍ കൂടുതല്‍ ആശങ്കാജനകമാണ്.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഇന്‍സ്റ്റിറ്റ്യൂഷനുകളിലൊന്നായ പാര്‍ലമെന്റില്‍ നടക്കേണ്ട ജനാധിപത്യപരമായ ചര്‍ച്ചകളെ അട്ടിമറിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും ഒരുപോലെ ശ്രമിച്ചുകൊണ്ടിരിക്കുന്നതാണ് ഇപ്പോള്‍ കാണുന്നത്. പ്രതിപക്ഷം ഉത്തരവാദിത്തമില്ലാതെ സഭ തടസപ്പെടുത്തുന്നതിനെ സര്‍ക്കാര്‍ അനുവദിച്ചു കൊടുക്കുകയും അതേ സമയം, പ്രതിപക്ഷമാകട്ടെ, ഗുജറാത്ത് മോഡല്‍ ഇറക്കുമതി ചെയ്യാന്‍ ശ്രമിക്കുന്ന മോദിയെ സഹായിക്കുകയുമാണ് ഇതുവഴി സംഭവിച്ചു കൊണ്ടിരിക്കുന്നത്. ജനങ്ങള്‍ തെരഞ്ഞെടുത്തുവിടുന്ന നിയമസഭയിലെ പ്രതിനിധികളോട് ഒരുവിധത്തിലും അക്കൗണ്ടബിള്‍ അല്ല എന്ന ഗുജറാത്ത് മോഡല്‍ ഭരണക്രമമല്ല രാജ്യത്തിന് വേണ്ടത്. രാജ്യത്ത് ഏറ്റവും കുറച്ച് ദിവസങ്ങള്‍ നിയമസഭ ചേര്‍ന്നിരുന്നതായിരുന്നു മോദി ഭരിക്കുന്ന സമയത്ത് ഗുജറാത്ത്.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം അവസാനിക്കാന്‍ ഒരാഴ്ച പോലും തികച്ചില്ലാത്ത സാഹചര്യത്തില്‍ വെള്ളിയാഴ്ച പ്രതിപക്ഷം സഭാ നടപടികള്‍ സ്തംഭിപ്പിപ്പിക്കുകയാണെന്ന് ആരോപിച്ച് ഭരണപക്ഷം രംഗത്തു വരികയായിരുന്നു. ഇതോടെ, ബലംപിടിച്ചിരുന്ന പ്രതിപക്ഷം അയയുകയും ലോക്‌സഭയില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയും ചെയ്തു. സഭാ നടപടികള്‍ 16 ദിവസം തടസപ്പെടുത്തിയതിന് പ്രതിപക്ഷം മാപ്പ് പറയുകയാണ് വേണ്ടതെന്ന് വ്യക്തമാക്കിയ സര്‍ക്കാര്‍, തങ്ങള്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് അറിയിച്ചിട്ടും പ്രതിപക്ഷം സഭ തടസപ്പെടുത്തലുമായി മുന്നോട്ടു പോവുകയായിരുന്നെന്നും കുറ്റപ്പെടുത്തി.

“കഴിഞ്ഞ 16 ദിവസവും പ്രതിപക്ഷം പാര്‍ലമെന്റിനെ ബന്ദിയാക്കുകയായിരുന്നു. ഭൂരിപക്ഷം അംഗങ്ങളും ചര്‍ച്ച നടത്തുന്നതിനെ അനുകൂലിച്ചിട്ടും കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും സഭ നടത്താന്‍ അനുവദിച്ചില്ല. സഭ ഈ വിധത്തില്‍ തടസപ്പെടുത്തുന്നതിനെതിരെ രാഷ്ട്രപതിക്ക് പോലും രംഗത്തു വരേണ്ടി വന്നു. അതുകൊണ്ട് തന്നെ പ്രതിപക്ഷം രാജ്യത്തോട് മാപ്പു പറയണം”- പാര്‍ലമെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ ലോക്‌സഭയില്‍ ആവശ്യപ്പെട്ടു. നോട്ട് നിരോധന വിഷയത്തില്‍ തങ്ങള്‍ ചര്‍ച്ചയ്ക്ക് തയാറാണെന്ന് സഭയിലെ കോണ്‍ഗ്രസിന്റെ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വ്യക്തമാക്കിയതിനോട് പ്രതികരിക്കുകയായിരുന്നു അനന്ത് കുമാര്‍.

സമ്മേളനത്തിന്റെ തുടക്കം മുതല്‍ സഭാ നടപടികള്‍ തുടര്‍ച്ചയായി തടസപ്പെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് വ്യാഴാഴ്ച രാഷ്ട്രപതി പ്രണബ് മുഖര്‍ജി വ്യക്തമാക്കിയിരുന്നു. നോട്ട് നിരോധന വിഷയത്തില്‍ സര്‍ക്കാര്‍ തന്നെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തിയിരുന്നു. “പ്രധാനമന്ത്രി രാജ്യമൊട്ടാകെ നടന്ന് പ്രസംഗങ്ങള്‍ നടത്തുന്നുണ്ട്. എന്നാല്‍ ലോക്‌സഭയില്‍ വരാനും അവിടെ ഇരിക്കാനും അദ്ദേഹം പേടിക്കുകയാണ്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണ് നോട്ട് നിരോധനത്തിലൂടെ നടന്നിരിക്കുന്നത്. എനിക്ക് ലോക്‌സഭയില്‍ സംസാരിക്കേണ്ടതുണ്ട്. എല്ലാക്കാര്യങ്ങളും ഞാന്‍ അവിടെ പറയും”- അദ്ദേഹം പറഞ്ഞു. രാജ്യസഭയിലും സ്ഥിതിഗതികള്‍ ഒട്ടും വ്യത്യസ്തമായിരുന്നില്ല.

പാര്‍ലമെന്റ് നടപടികള്‍ തടസപ്പെടുത്തുക എന്ന പരിപാടി കുറെയേറെ വര്‍ഷങ്ങളായി പ്രതിപക്ഷം തുടര്‍ന്നു പോരുന്നുണ്ട്. ഇപ്പോഴത്തെ ദുര്‍ബലമായ പ്രതിപക്ഷമാകട്ടെ, ആ പാരമ്പര്യം തന്നെ തുടര്‍ന്നു പോരുകയും ചെയ്യുന്നു.

ഇത് ഇന്ത്യന്‍ ജനാധിപത്യത്തില്‍ നയപരമായ തീരുമാനങ്ങള്‍ എടുക്കേണ്ട പാര്‍ലമെന്റിനെയും സമ്മേളനങ്ങളെയും ദുര്‍ബലപ്പെടുത്തുകയും അതേ സമയം, തന്റെ ഒട്ടും ജനാധിപത്യപരമല്ലാത്ത ഭരണരീതികളുമായി മുന്നോട്ടു പോകാന്‍ മോദിയെ സഹായിക്കുകയും ചെയ്യുന്നുണ്ട്. അദ്ദേഹം ട്വിറ്റര്‍ മുതല്‍ പൊതു സമ്മേളനം വരെ, എല്ലാ വേദികളും സംസാരിക്കുന്നുണ്ട്. എന്നാല്‍ പാര്‍ലമെന്റിലേക്ക് വരാന്‍ വിസമ്മതിക്കുകയും ചെയ്യുന്നു. ചിലപ്പോള്‍ പ്രതിപക്ഷത്തെ കേള്‍ക്കാന്‍ ആവശ്യമായ ആത്മവിശ്വാസം അദ്ദേഹത്തിനുണ്ടായിരിക്കില്ല. ഒപ്പം, നോട്ട് നിരോധന വിഷയത്തില്‍ മറുപടി നല്‍കാന്‍ ആവശ്യമായ വിശദീകരണങ്ങളും ഉണ്ടായിരിക്കില്ല.

എന്നാല്‍ ശ്രദ്ധിക്കേണ്ടത് മോദി എന്നത് മറ്റേതൊരു നേതാവിനെയും പോലെയല്ല. പൊതുവേദികളില്‍ ജനാധിപത്യത്തെ പ്രശംസിക്കുമെങ്കിലും ജനാധിപത്യത്തോടും ജനാധിപത്യ സ്ഥാപനങ്ങളോടും യാതൊരു ആദരവുമില്ലാത്തയാളാണ് എന്ന ട്രാക്ക് റിക്കോര്‍ഡുള്ള ആളാണ് അദ്ദേഹം. മോദിയുടെ ആ സ്വഭാവം അരക്കിട്ടുറപ്പിക്കാന്‍ കൂടുതല്‍ സഹായം ചെയ്യുകയാണ് പ്രതിപക്ഷം ഇപ്പോള്‍ ചെയ്തുകൊണ്ടിരുന്നത്.

മോദിയെ നേരിടാനുള്ള ഏറ്റവും പ്രായോഗിക വഴി അദ്ദേഹത്തെ പാര്‍ലമെന്റില്‍ കൊണ്ടുവരിക എന്നതാണ്. പ്രതിപക്ഷം ആ സഭയില്‍ നിന്നുകൊണ്ട് രാജ്യത്തോട് സംസാരിക്കണം. കാരണം, ഇന്ത്യന്‍ ജനത ഇവിടുത്തെ രാഷ്ട്രീയ നേതൃത്വം കരുതുന്നതു പോലെ അത്ര വിഡ്ഡികളല്ല, അതവര്‍ പലതവണ തെളിയിച്ചിട്ടുള്ളതുമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍