UPDATES

ഇന്ത്യ

ബല്‍വന്ത് റായി മേത്ത: നാം മറന്നുപോയ യുദ്ധരക്തസാക്ഷി

രഞ്ജിത് ജി കാഞ്ഞിരത്തില്‍

സൈനികരുടെ യുദ്ധവീര്യമണയാതെ സൂക്ഷിക്കാന്‍ യുദ്ധവീരന്മാരുടേയും രക്തസാക്ഷികളുടേയും വീരകഥകള്‍ വ്യാപകമായി ഉപയോഗിക്കാറുണ്ട്. പലരാജ്യങ്ങള്‍ക്കും ഓരോ പ്രത്യേക സൈനിക ദളങ്ങള്‍ക്കും വെവ്വേറെ യുദ്ധവീരന്മാര്‍ പോലുമുണ്ട്. ഒരു രാഷ്ട്രനായകനോ, ഉയര്‍ന്ന പ്രോട്ടോകോള്‍ പദവിയിലുള്ള ഉദ്യോഗസ്ഥനോ യുദ്ധരംഗത്തോ അഭ്യന്തര, വിദേശ ആക്രമണങ്ങളിലോ കൊല്ലപ്പെട്ടിട്ടുണ്ടെങ്കില്‍ അദ്ദേഹം ദേശരാഷ്ട്രമൊന്നാകെ രക്തസാക്ഷിയായി ആഘോഷിക്കപ്പെടാറുണ്ട്. ഇന്ത്യയില്‍ അങ്ങനെ ആഘോഷിക്കപ്പെടുന്നവരാണ് ഗാന്ധിജിയും ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയും. എന്നാല്‍ ആഘോഷിക്കപ്പെടുക പോയിട്ട് അര്‍ഹമായ ബഹുമാനത്തോടെ ഒന്ന് ഓര്‍ക്കാന്‍ പോലും ഭരണകൂടം മടികാണിച്ച ഒരു യുദ്ധരക്തസാക്ഷി നമുക്കുണ്ട്. മുന്‍ ഗുജറാത്ത് മുഖ്യമന്ത്രിയും ഇന്ത്യയിലെ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ സൃഷ്ടാവുമായിരുന്ന ബല്‍വന്ത് റായി മേത്തയാണത്. ഒരുപക്ഷെ പ്രോട്ടോക്കോള്‍ പദവിയുടെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ സ്വതന്ത്ര ഇന്ത്യയില്‍ യുദ്ധ രംഗത്ത് വധിക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന പദവിയുള്ള ആള്‍ മേത്തയാണ്. അമ്പത് വര്‍ഷംമുമ്പ് 1965 സെപ്തംബര്‍ 19-നാണ് ഇന്‍ഡോ-പാക് യുദ്ധ സമയത്ത് ആദ്ദേഹം വധിക്കപ്പെടുന്നത്.

1900 ഫെബ്രുവരി 19-ന് അന്നത്തെ ഭവനഗര്‍ നാട്ടുരാജ്യത്തിലെ ഒരു മധ്യവര്‍ഗ കുടുംബത്തിലാണ് ബല്‍വന്ത് റായി ഗോപാല്‍ജി മേത്ത ജനിക്കുന്നത്. വിദേശത്തുനിന്ന് ബിരുദമെടുത്ത ശേഷം ജന്മനാട്ടിലേക്കു മടങ്ങിയ മേത്ത സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ നിസ്സഹകരണ പ്രസ്ഥാനത്തിന്റെ തീച്ചൂളയിലേക്ക് എടുത്തു ചാടി. നാട്ടുരാജ്യങ്ങളില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വന്തം പേരില്‍ പ്രവര്‍ത്തിക്കാത്ത കാലം. കോണ്‍ഗ്രസിന്റെ പ്രാദേശിക രൂപമായ ഭാവനഗര്‍ പ്രജാമണ്ഡലത്തിന് ബല്‍വന്ത് റായി മേത്ത രൂപം നല്‍കി (നമ്മുടെ കൊച്ചി രാജ്യപ്രജാ മണ്ഡലം, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് എന്നിവ പോലെ). സിവില്‍ നിയമ ലംഘന പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം, ബര്‍ദോളി സത്യാഗ്രഹം എന്നിവയില്‍ ഗുജറാത്തിലെ മുന്നണി പോരാളിയായിരുന്നു അദ്ദേഹം. ജവഹര്‍ലാല്‍ നെഹ്‌റു കോണ്‍ഗ്രസ് അധ്യക്ഷനായിരിക്കെ, ജനറല്‍ സെക്രട്ടറി സ്ഥാനത്ത് മേത്ത തിരഞ്ഞെടുക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ ഒന്നും രണ്ടും ലോക്‌സഭകളില്‍ അദ്ദേഹം അംഗമായിരുന്നു. കൂടാതെ ലാലാ ലജ്പത് റായി സ്ഥാപിച്ച ലോക്‌സേവാ മണ്ഡല്‍ എന്ന സന്നദ്ധ സംഘടനയുടെ അധ്യക്ഷനുമായിരുന്നു മേത്ത.

കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യ വികസന പദ്ധതികളുടെ പ്രവര്‍ത്തന വിജയത്തെക്കുറിച്ച് പഠിക്കുവാന്‍ 1957-ല്‍ മേത്തയുടെ അധ്യക്ഷതയില്‍ ഒരു കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു. പത്തുമാസത്തെ പഠനത്തിനു ശേഷം 1957 നവംബറില്‍ മേത്താ കമീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഇന്ന് ഇന്ത്യയില്‍ നില നില്‍ക്കുന്ന ത്രിതലപഞ്ചായത്ത് സംവിധാനം രൂപവല്‍ക്കരിക്കണമെന്നു ആദ്യമായി സര്‍ക്കാറിനോടാവശ്യപ്പെട്ടത് ഈ റിപ്പോര്‍ട്ടിലാണ്. വികസനം എളുപ്പമാക്കാന്‍, പദ്ധതി വിഹിതം യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ക്ക് ലഭിക്കാന്‍ അധികാരം വികേന്ദ്രീകരണം നടപ്പിലാകണം എന്നദ്ദേഹം തറപ്പിച്ചുപറഞ്ഞു.

1960-ല്‍ ബോംബെ പ്രവിശ്യയെ വിഭജിച്ച് ഗുജറാത്ത് രൂപീകരിക്കപ്പെട്ടു. മഹാഗുജറാത്ത് ജനപരിഷത്ത് ലക്ഷ്യം നേടിയപ്പോള്‍ കോണ്‍ഗ്രസ് നേതാവ് ഡോക്ടര്‍ ജീവരാജ് മേത്ത ആദ്യത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായി. എന്നാല്‍ ഏറെ കഴിയും മുന്‍പ് അദ്ദേഹത്തിനു സ്ഥാനം രാജിവെക്കേണ്ടിവന്നു. 1969 സെപ്തംബര്‍ 19 ന് ബല്‍വന്ത് റായി മേത്ത ഗുജറാത്ത് മുഖ്യമന്തിയായി. നെഹ്‌റുവിന്റെ ചരമവും ചൈനീസ് അധിനിവേശവും ഇന്ത്യയുടെ രാഷ്ട്രീയ സ്ഥിരതയെ ചോദ്യം ചെയ്യുന്ന ദശാസന്ധിയായിരുന്നു അപ്പോള്‍. അതിനിടെ പാകിസ്ഥാന്‍, ജമ്മു കാശ്മീര്‍ അതിര്‍ത്തിയില്‍ ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍ ആരംഭിച്ചു. തീവ്രവാദികളെ അതിര്‍ത്തി കടത്തിവിട്ട് കശ്മീരിലെ സ്വൈര്യ ജീവിതം താറുമാറാക്കിമാറ്റുന്നതിനു പാകിസ്ഥാന്‍ രൂപീകരിച്ച ബൃഹത്തായ പദ്ധതിയാണ് ഓപ്പറേഷന്‍ ജിബ്രാള്‍ട്ടര്‍. ആകാരത്തില്‍ കുറിയവനായ ലാല്‍ബഹാദൂര്‍ ശാസ്ത്രിയുടെ മനക്കരുത്തിനെ അളക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെട്ടു. ഇന്ത്യ പാകിസ്ഥാനെ പല്ലും നഖവുമുപയോഗിച്ച് നേരിട്ടു. പതിവുപോലെ പാകിസ്ഥാന്റെ രക്ഷക വേഷത്തില്‍ അമേരിക്കയും, തക്കം പാര്‍ത്ത് ചീനയും ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യാവിരുദ്ധപ്രമേയങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. സോവിയറ്റ് യൂണിയന്‍ ഒന്നുമറിയാത്തതുപോലെ മധ്യസ്ഥന്റെ റോള്‍ ഭംഗിയാക്കി. അങ്ങനെ ഇന്ത്യക്കു കൃത്യമായ മേല്‍ക്കൈയുള്ള അവസരത്തില്‍ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരായി.

ഗുജറാത്ത് ബീച്ച് ക്രാഫ്റ്റ് അപകടം
യുദ്ധം ഏകദേശം അവസാനിക്കാറായി. എന്നാല്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ ജനങ്ങള്‍ യുദ്ധത്തിന്റെ കെടുതിയില്‍ വലയുകയായിരുന്നു. അവര്‍ക്കും യുദ്ധം ചെയ്യുന്ന ജവാന്മാര്‍ക്കും മനോധൈര്യം പകരാന്‍ ഇന്ത്യയൊട്ടാകെ റാലികള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. അന്ന് 1965 സെപ്റ്റംബര്‍ 19. മുഖ്യമന്ത്രി ബല്‍വന്ത് റായി മേത്ത അലഹബാദിലെ എന്‍സിസി റാലിയില്‍ പങ്കെടുത്തുകൊണ്ട് യുവാക്കള്‍ രാഷ്ട്രത്തിന്റെ പ്രതിരോധത്തില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. അതിനു ശേഷം ഝടുതിയിലുള്ള ഉച്ചഭക്ഷണം. പിന്നീട് ഭാര്യയോടും ഒരു ചെറു സംഘത്തോടുമൊപ്പം അഹമ്മദാബാദ് വിമാനത്താവളത്തിലേക്ക്. യുദ്ധം തകര്‍ത്ത അതിര്‍ത്തി പ്രദേശത്ത് ഒരു വിഹഗ വീക്ഷണമാണ് ലക്ഷ്യം. ഉച്ചക്ക് ഒന്നരയോടെ ഇരട്ട എഞ്ചിനുള്ള എട്ടു പേര്‍ക്കിരിക്കാവുന്ന ആ ചെറുവിമാനം ആ സംഘത്തേയും വഹിച്ചുകൊണ്ട് ഭുജ് മേഖലയിലേക്ക് പുറപ്പെട്ടു. സിവിലിയന്‍ വിമാനങ്ങള്‍ ആക്രമിക്കപ്പെടില്ല എന്നും അവസാനിച്ചു കഴിഞ്ഞ യുദ്ധത്തില്‍ കൂടുതല്‍ പ്രകോപനത്തിന് എതിരാളി മുതിരില്ല എന്നുമുള്ള പ്രതീക്ഷകളാകാം അവരെ ആ സാഹസികതയ്ക്ക് പ്രേരിപ്പിച്ചത്.

മൂന്നരയോടെ പടിഞ്ഞാറന്‍ പാകിസ്ഥാനിലെ മൗരിപ്പൂര്‍ എയര്‍ബേസിലെ ഫ്‌ളൈയിംഗ് ഓഫീസര്‍ ഖ്വായിസ് ഹുസൈനും ഒരു കൂട്ടാളിക്കും ആക്രമണത്തിനു തയ്യറാകാനുള്ള നിര്‍ദേശം ലഭിച്ചു. ഒരു ചെറു വിമാനത്തെ നേരിടാന്‍ രണ്ടു യുദ്ധ വിമാനങ്ങള്‍. രണ്ടാമന്‍ പുറപ്പെടാന്‍ തയാറായി വന്നപോഴേക്കും ഖ്വായിസ് ഹുസൈന്‍ ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ 20 കിലോമീറ്റര്‍ കടന്നിരുന്നു. എതിരെയുള്ളത് ഒരു ചെറു യാത്രാവിമാനമാണെന്ന് അയാള്‍ തിരിച്ചറിഞ്ഞു. അതാകട്ടെ ആക്രമണകാരിയല്ല എന്നുള്ള മുദ്രകള്‍ കാട്ടുന്നുമുണ്ട്. ഹുസൈന്‍ സാഹചര്യം അധികാരികള്‍ക്ക് വിവരിച്ചു. വെടിവെക്കാനുള്ള കനത്ത മറുപടിയായിരുന്നു മറു തലക്കല്‍. ഹുസൈന്റെ യുദ്ധവിമാനം തീതുപ്പി.എട്ടുപേര്‍ കയറിയ ആ ചെറു യാത്രാ വിമാനം കൂപ്പുകുത്തി. വൈകുന്നേരം ഏഴുമണിയോടെ ആള്‍ ഇന്ത്യാ റേഡിയോ സംഭ്രമജനകമായ ആ വാര്‍ത്ത സ്ഥിരീകരിച്ചു. ‘ ഇന്ത്യയുടെ ഒരു ചെറു യാത്രാവിമാനത്തെ പാകിസ്ഥാന്‍ സൈന്യം ഇന്ത്യയുടെ അതിര്‍ത്തിക്കുള്ളില്‍ കയറി വെടിവെച്ചിട്ടിരിക്കുന്നു. വിമാനത്തിലുണ്ടായിരുന്നത് ഗുജറാത്ത് മുഖ്യമന്ത്രി ബല്‍വന്ത് റായി മേത്ത, പത്‌നി സരോജ ബെന്‍, ഗുജറാത്ത് സമാചാര്‍ പത്രത്തിന്റെ ലേഖകന്‍, മുഖ്യമന്ത്രിയുടെ മൂന്നു അസിസ്റ്റന്റുമാര്‍, മുഖ്യ പൈലറ്റ് ജഹാംഗീര്‍ എം എന്‍ജിനീയര്‍, ഒരു കോ പൈലറ്റ് എന്നിവരാണ്. വെടിയേറ്റ് ചിതറിയ ശരീരാവശിഷ്ടങ്ങള്‍ ഗുജറാത്തിലെ അതിര്‍ത്തി ഗ്രാമമായ സുതാലിയില്‍ നിന്നും കണ്ടെത്തി’.

ഇന്ത്യ ഞെട്ടി വിറങ്ങലിച്ചു നില്‍ക്കെ സെപ്തംബര്‍ 23 ന് അന്താരാഷ്ട്ര സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാക് ഏകാധിപതി അയൂബ് ഖാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു.

രണ്ടു മാസത്തിനു ശേഷം ഇന്ത്യന്‍ വായുസേനയുടെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. അപകടമേഖലയില്‍ വിമാനം പറത്താന്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ അനുമതി നല്‍കിയിരുന്നില്ല എന്നവര്‍ അസന്നിഗ്ദ്ധമായി പ്രസ്താവിച്ചു. സ്വന്തം ഉത്തരവാദിത്തത്തില്‍ വിമാനം പറത്തുകയായിരുന്നു ജഹാംഗീര്‍ എന്നവര്‍ കുറ്റപ്പെടുത്തി.

നാല്പത്തിയാറു വര്‍ഷങ്ങള്‍ക്ക് ശേഷം 2011-ല്‍ അന്നത്തെ പാകിസ്താന്‍ പൈലറ്റ് ഖ്വായിസ് ഹുസൈന്‍ തന്റെ തെറ്റായ ആക്രമണത്തില്‍ കൊല്ലപ്പെട്ട നിരപരാധികളുടെ പിന്‍ഗാമികള്‍ക്ക് ഒരു കത്തയച്ചു. മുഖ്യപൈലറ്റ് ജഹാംഗീറിന്റെ മകള്‍ ഫരീദാ സിങ്ങിനെയാണ് പ്രധാനമായും അഭിസംബോധന ചെയ്തിരുന്നത്. താന്‍ മുകളില്‍ നിന്നുള്ള ഉത്തരവനുസരിക്കുക മാത്രമാണ് ചെയ്തതെന്ന് ഹുസൈന്‍ കത്തില്‍ സമര്‍ഥിച്ചു. കേട്ടപാതി കേള്‍ക്കാത്ത പാതി ഇന്ത്യന്‍ മാധ്യമങ്ങള്‍ പാകിസ്ഥാന്‍ പൈലറ്റിന്റെ മാനുഷിക മുഖത്തെ വാഴ്ത്തിപ്പാടി. അത് പാക് മാധ്യമ ലോകത്ത് ചര്‍ച്ചയായപ്പോള്‍ താന്‍ എഴുതിയത് മാപ്പപേക്ഷയല്ലെന്നും അതൊരു അനുശോചനം മാത്രമാണെന്നും ഖ്വായിസ് ഹുസൈന്‍ പ്രസ്താവിച്ചു. ഇന്ത്യന്‍ മാധ്യമങ്ങള്‍ വിഷയത്തെ തെറ്റായി റിപ്പോര്‍ട്ട് ചെയ്‌തെന്നും അയാള്‍ കൂട്ടിച്ചേര്‍ത്തു.

രംഗമങ്ങനെ കൊഴുക്കുമ്പോള്‍ അന്നത്തെ ഭുജ് എയര്‍ഫോഴ്സ് യൂണിറ്റിന്റെ കമാണ്ടിംഗ് ഓഫീസര്‍ ആയിരുന്ന സ്‌ക്വാഡ്രണ്‍ ലീഡര്‍ ബിസി റോയ്, ആ വിമാനത്തെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമായിരുന്നു പാകിസ്ഥാന് ഉണ്ടായിരുന്നതെന്ന ആരോപണവുമായി രംഗത്തു വന്നു. മരണമടഞ്ഞ എല്ലാവര്‍ക്കും നിരവധി വെടിയുണ്ടകള്‍ ഏറ്റിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

യുദ്ധാനന്തരം സിന്ധു നദിയില്‍ ധാരാളം ജലമൊഴുകിപ്പോയി. താഷ്‌കെന്റില്‍ വച്ച് ശാസ്ത്രി മരിച്ചു. ഇന്ദിരാഗാന്ധി ഇന്ത്യയുടെ കിരീടവും ചെങ്കോലും ഏറ്റെടുത്തു. മറ്റു നിരവധി പോരാളികള്‍ക്കൊപ്പം ബല്‍വന്ത് റായി മേത്തയും വിസ്മൃതിയില്‍ മറഞ്ഞു. 2001ല്‍ മേത്തയുടെ ബഹുമാനാര്‍ത്ഥം ഇന്ത്യാ ഗവണ്‍മെന്‍റ് ഒരു സ്റ്റാമ്പ് പുറത്തിറക്കുകയുണ്ടായി.

(മുതുകുളം സ്വദേശിയായ പ്രവാസിയാണ് ലേഖകന്‍)
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍