UPDATES

ഇന്ത്യ

സംഖ്യകളെക്കുറിച്ച് സംസാരിച്ചാല്‍ ന്യൂനപക്ഷ പ്രീണനമാവുമോ?

Avatar

അഴിമുഖം

ടീം അഴിമുഖം

 

ഇപ്പോള്‍ പൂര്‍ത്തിയായ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംഭവിച്ചതെന്താണെന്ന് നന്നായി മനസിലാകണമെങ്കില്‍ കണക്കുകള്‍ കുറച്ചുകൂടി അടുത്തുപരിശോധിക്കണം. മുന്‍കാല ഇലക്ഷനുകളില്‍ നിന്ന് വ്യത്യസ്തമായി ഈ ഇലക്ഷനില്‍ അസ്വസ്ഥതയുണര്‍ത്തുന്ന ചില ചോദ്യങ്ങളുമുയരുന്നുണ്ട്. വിജയിയുടെ പരിപൂര്‍ണ്ണവിജയമാണ് ഉണ്ടായിരിക്കുന്നത്. അതായത്, ഇന്ത്യയുടെ നാനാത്വത്തിന് ലോകസഭയില്‍ ഒരു കൃത്യമായ പ്രതിനിധാനമുണ്ടാകുമെന്ന് ഉറപ്പുവരുത്താന്‍ യാതൊരു സംവിധാനവുമില്ല. 

 

17 കോടി വോട്ടുകള്‍ നേടിയ ബിജെപി ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ ഒറ്റപ്പാര്‍ട്ടിയാണെന്നതില്‍ തര്‍ക്കമില്ല. അവര്‍ക്ക് 282 സീറ്റുകളും ലഭിച്ചു. രണ്ടാംസ്ഥാനത്തെത്തിയ കോണ്‍ഗ്രസ് പാര്‍ട്ടിയേക്കാള്‍ അവര്‍ക്ക് 6.47 കോടി വോട്ടുകള്‍ ലഭിച്ചു. ബിജെപി അവരുടെ വോട്ടുകളുടെ എണ്ണം ഇരട്ടിയാക്കുകയും ഇന്ത്യയിലാകമാനം ഉള്ള വോട്ടുകളുടെ 31ശതമാനം നേടുകയും ചെയ്തിട്ടുണ്ട്. മൂന്നാം സ്ഥാനത്തെത്തിയ പാര്‍ട്ടി മായാവതിയുടെ ബിഎസ്പിയാണ്. അവര്‍ക്ക് മുഴുവന്‍ വോട്ടുകളുടെ 4.1 ശതമാനമായ 2.2 കോടി വോട്ടുകളാണ് ലഭിച്ചത്. 

 

എന്നാല്‍ എംപിമാരുടെ കണക്ക് നോക്കുക. ഇന്ത്യയിലെ മൂന്നാമത്തെ പാര്‍ട്ടിക്ക് പാര്‍ലമെന്റില്‍ ഒരൊറ്റ എംപി പോലുമില്ല. അതിലും കുറവുവോട്ടുകള്‍ നേടിയ ചെറിയ പാര്‍ട്ടികള്‍ക്ക് പോലും എംപിമാരുണ്ട്. ഡിഎംകെയുടെ കാര്യവും ഇതേപോലെയാണ്. അവര്‍ക്ക് 95 ലക്ഷം വോട്ടുകള്‍ കിട്ടിയെങ്കിലും ഒരു എംപി പോലുമില്ല. അതുമാത്രമല്ല ഇത്തവണത്തെ ഇലക്ഷന്റെ പിഴവ്. 1989-ല്‍ രാജീവ്ഗാന്ധിയുടെ കീഴിലുള്ള കോണ്‍ഗ്രസ് പാര്‍ട്ടി നാല്പതുശതമാനം വോട്ടുകള്‍ നേടി അമ്പരപ്പിച്ചുവെങ്കിലും അധികാരം നിലനിര്‍ത്താന്‍ കഴിയാതെ വന്ന അവസ്ഥയെയാണ് ഇതോര്‍മ്മിപ്പിക്കുന്നത്. 

 

 

‘കൂടുതല്‍ വോട്ട് നേടുന്നവര്‍ വിജയിക്കും’ എന്ന നമ്മുടെ ലളിതയുക്തി മൂലം 2004ലും 2009ലും കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ലഭിച്ച രീതിയിലുള്ള അനുകൂലസന്ദര്‍ഭങ്ങളാണ് ഇത്തവണ ബിജെപിക്ക് ലഭിച്ചിരിക്കുന്നത്. മറ്റേതുപാര്‍ട്ടിയെക്കാളും കാര്യക്ഷമമായി വോട്ടുകള്‍ സീറ്റുകളാക്കി മാറ്റാന്‍ അതുകൊണ്ടു ബിജെപിക്ക് കഴിഞ്ഞു. 

 

ബിജെപിക്കു ലഭിച്ച ഒരോ ആറുലക്ഷം വോട്ടിനും അവര്‍ക്ക് ഓരോ ലോകസഭാസീറ്റ് കിട്ടിയിട്ടുണ്ട്. എന്നാല്‍ ഓരോ 24 ലക്ഷം വോട്ടിനും മാത്രമാണ് കോണ്‍ഗ്രസിന് ഒരു ലോകസഭാസീറ്റ് കിട്ടിയത്. ഇത് നമ്മുടെ പാര്‍ലമെന്റിന്റെ മാത്രം കാര്യമല്ല. ജനതയുടെ ശരാശരി പ്രായം ഇരുപത്തിയഞ്ചിനടുത്താണെങ്കിലും ലോകത്തിലെ പ്രായംകുറഞ്ഞ രാജ്യങ്ങളിലൊന്നാണെന്ന് നാം പറയുന്നുവെങ്കിലും അതിന്റെ പുതിയ ലോകസഭ, ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയതായിരിക്കും. അതിലെ 53 ശതമാനത്തിലധികം പുതിയ അംഗങ്ങളും 55 വയസിലേറെയുള്ളവരായിരിക്കും. 

 

പുതിയ ലോകസഭയില്‍ ഏറ്റവും കൂടുതല്‍ വനിതാ എംപിമാരുണ്ടാകുമെങ്കിലും ന്യൂനപക്ഷവിഭാഗങ്ങളില്‍ നിന്നുള്ള അംഗങ്ങളുടെ നാടകീയമായ കുറവും ഇതിലുണ്ടാകും. പുതിയ ലോകസഭയില്‍ വെറും 23 മുസ്ലിം എംപിമാരാണ് ഉണ്ടാവുക, എന്നാല്‍ ഇന്ത്യയിലെ മുസ്ലിം ജനസംഖ്യ 14 ശതമാനമാണ്. 

 

നാടകീയവിജയത്തിലൂടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ബിജെപി മാറിയെങ്കിലും അവരുടെ കൂടെ ഒരൊറ്റ മുസ്ലിം എംപി പോലുമില്ല. ഇരുപതുശതമാനം മുസ്ലിമുകളുള്ള രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ നിന്ന് ഒരൊറ്റ മുസ്ലിം എംപി പോലുമില്ല. 

 

 

ലോകസഭയില്‍ സാധാരണയായി ശരാശരി 30 മുസ്ലിം എം.പിമാരാണ് ഉണ്ടാകാറുള്ളത്. 1980ല്‍ മുസ്ലിം എംപിമാര്‍ 51 പേരുണ്ടായിരുന്നു. 84-ല്‍ 48 മുസ്ലിം എംപിമാരും. എന്നാല്‍ ഇന്ത്യന്‍ നാനാത്വത്തെ സ്വീകരിക്കാന്‍ ബിജെപി സ്ഥിരമായി താല്പ്പര്യക്കുരവ് കാണിക്കുകയും വളരെ കൃത്യതയോടെ അവര്‍ ഹിന്ദു സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുകയും ചെയ്തിരുന്നു. ബിജെപി മത്സരിപ്പിച്ച 428 സ്ഥാനാര്‍ഥികളില്‍ വെറും ഏഴുപേര്‍ മാത്രമായിരുന്നു മുസ്ലിമുകള്‍. അവര്‍ ആരും ജയിച്ചതുമില്ല.

 

ബിജെപിയുടെ ഈ സ്വഭാവം നിമിത്തം മുസ്ലിമുകള്‍ ജനസംഖ്യയുടെ പത്തുശതമാനമുള്ള ഗുജറാത്തില്‍ ആകെ രണ്ടു മുസ്ലിം എംഎല്‍എമാരാണ് നിയമസഭയിലുള്ളത്. അവര്‍ രണ്ടുപേരും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നുള്ളവരാണ്. ബിജെപി ഭരിക്കുന്ന ഗുജറാത്ത്, രാജസ്ഥാന്‍, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഒരു മുസ്ലിം പോലും അടുത്തകാലത്തൊന്നും ലോകസഭയിലെത്തിയിട്ടില്ല. 

 

പതിനാലുശതമാനമുള്ള ഒരു ന്യൂനപക്ഷത്തിന് ലോകസഭയില്‍ വെറും നാലുശതമാനം പ്രാതിനിധ്യം മാത്രമേയുള്ളൂവെങ്കില്‍ അതില്‍ ആശങ്കപ്പെടെണ്ടതുണ്ടോ? സംഖ്യകളെപ്പറ്റി സംസാരിക്കുന്നത് ന്യൂനപക്ഷപ്രീണനമായി കാണുമോ? 

 

ന്യൂനപക്ഷങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ കൊടുത്തുകൊണ്ടുള്ള ഭൂരിപക്ഷഭരണമാണ് ഒരു പക്വതയുള്ള ജനാധിപത്യം ചെയ്യേണ്ടത്. എന്നാല്‍ ഗുജറാത്ത് പോലുള്ള സംസ്ഥാനങ്ങളില്‍ പരീക്ഷിച്ചുവിജയിക്കുകയും ഇന്ത്യയില്‍ ഉയര്‍ന്നുവരുകയും ചെയ്യുന്ന പുതിയ തരം ജനാധിപത്യത്തില്‍ ന്യൂനപക്ഷത്തിന് അനുകൂല്യങ്ങളൊന്നും ഇല്ലാത്ത ഭൂരിപക്ഷഭരണമാണ്. ന്യൂനപക്ഷങ്ങളെ ഭരണത്തില്‍ നിന്ന് ഒഴിവാക്കുന്നത് സമൂഹത്തിലെ ‘മജോരിറ്റെറിയനിസ’ത്തിന്‍റെ ലക്ഷണമാണ്. അങ്ങനെയുള്ള മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ വ്യക്തിസ്വാതന്ത്ര്യവും നിയമത്തിനുമുന്നിലെ തുല്യതയും അഭിപ്രായസ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവുമൊക്കെ ബലികൊടുക്കപ്പെടുകയാണ് ചെയ്യാറ്. ന്യൂനപക്ഷങ്ങളോട് അസഹിഷ്ണുതയുള്ള, (അത് മുസ്ലിമുകളായാലും ആദിവാസികളായാലും വടക്കുകിഴക്കന്‍ സംസ്ഥാനക്കാരായാലും) പല തരം സംഘടനകളുള്ള ഒരു രാജ്യമാണ് ഇന്ത്യ. ബഹുസ്വരവും പുരോഗമനപരവുമായ ഭരണം കാഴ്ച വയ്ക്കാന്‍ മുന്‍സംഘപരിവാര്‍ അംഗമായ മോദിക്കു കഴിയുമോ എന്ന ചോദ്യമാണ് ഇനി പ്രധാനം. 

 

 

പലര്‍ക്കും ഇപ്പോള്‍ തന്നെ ഉത്തരം അറിയാവുന്ന ഒരു ചോദ്യമാണിത്. ഭാവി എപ്പോഴും ഭൂതകാലത്തിന്റെ തടവിലായിരിക്കില്ല എന്ന് കരുതാം. അതുകൊണ്ട് മോദിക്ക് അല്‍പ്പം സമയം കൊടുക്കാം. 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍