UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ഓണ്‍ലൈന്‍ അഡിക്ഷന് കാരണം ജീനുകളോ?

പതിനാറു വയസ് പ്രായമുള്ള എണ്ണായിരത്തിഞ്ഞൂറോളം ഇരട്ടകളുടെ ഓണ്‍ലൈന്‍ മാധ്യമ ഉപയോഗം പഠന വിധേയമാക്കി

സഹന ബിജു

സഹന ബിജു

സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ നേരം ചെലവഴിക്കുന്നവരെ കുറ്റപ്പെടുത്താന്‍ വരട്ടെ. ഫേസ്ബുക്കിലും വാട്‌സാപ്പിലും ഓണ്‍ലൈന്‍ ഗെയിമുകളിലും മുഴുകുന്നതിനു പിന്നില്‍ ജീനുകള്‍ ആണെന്നാണ് ലണ്ടനിലെ കിങ്സ് കോളേജ് ഗവേഷകര്‍ പറയുന്നത്. എല്ലാ പ്രായത്തിലുള്ളവരും ഇന്ന് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരാണ്. ഓരോരുത്തരുടെയും ഉപയോഗരീതി വ്യത്യസ്തവും ആണ്. ചിലര്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് ഇവ ഉപയോഗിക്കുമ്പോള്‍ മറ്റ് ചിലര്‍ മണിക്കൂറുകളോളം ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചെലവിടുന്നു. ഇത് എന്തുകൊണ്ട് എന്നറിയുകയായിരുന്നു ഗവേഷകരുടെ ഉദ്ദേശം.

ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചെലവിടുന്ന സമയവും ആളുകളിലെ ജനിതക വ്യത്യാസങ്ങളും തമ്മില്‍ ബന്ധമുണ്ടോ എന്നും പരിശോധിച്ചു. പതിനാറു വയസ് പ്രായമുള്ള എണ്ണായിരത്തിഞ്ഞൂറോളം ഇരട്ടകളുടെ ഓണ്‍ലൈന്‍ മാധ്യമ ഉപയോഗം പഠന വിധേയമാക്കി. ഇതില്‍ നൂറു ശതമാനവും ജീനുകള്‍ പങ്കു വയ്ക്കുന്ന സരൂപ ഇരട്ടകളെയും (Identical twins) അന്‍പത് ശതമാനം ജീനുകള്‍ പങ്കുവെക്കുന്ന നോണ്‍ ഐഡന്റിക്കല്‍ ട്വിന്‍സ്-നെയും താരതമ്യം ചെയ്തു. വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള ഗെയിമുകള്‍, ചാറ്റ് റൂമുകള്‍, ഇന്‍സ്റ്റന്റ് മെസ്സേജിങ്, ഫേസ്ബുക്ക് മുതലായ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചെലവിടുന്ന സമയവും ജീനുകളും ചുറ്റുപാടുകളും നല്‍കുന്ന സംഭാവനകളും പരിശോധിച്ചു.

ചുറ്റുപാടുകളെക്കാളധികം, പാരമ്പര്യമായി കിട്ടിയ ജനിതക ഘടകങ്ങള്‍ മാധ്യമ ഉപയോഗവുമായി ബന്ധപ്പെട്ടുകിടക്കുന്നു എന്ന് കണ്ടു. വിനോദം (37%), വിജ്ഞാനം (34%), ഓണ്‍ലൈന്‍ ഗെയിമുകള്‍ (39%), ഫേസ്ബുക്കും-വാട്‌സാപ്പും പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകള്‍ (24%) എന്നിങ്ങനെ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചെലവഴിക്കുന്ന സമയത്തെ പാരമ്പര്യം ഗണ്യമായി സ്വാധീനിക്കുന്നു. പാരിസ്ഥിതിക ഘടകങ്ങളും ഓണ്‍ലൈന്‍ മാധ്യമ ഉപയോഗത്തിന് കാരണമാകാം. കുടുംബത്തിനകത്ത് സഹോദരങ്ങളില്‍ ഒരാള്‍ക്ക് സ്വന്തമായി മൊബൈല്‍ ഫോണ്‍ ഉണ്ടായിരിക്കുകയും മറ്റേയാള്‍ക്ക് ഇല്ലാതിരിക്കുകയും ചെയ്യുക, രണ്ടുപേരില്‍ ഒരാളുടെ സാമൂഹ്യ മാധ്യമ ഉപയോഗം രക്ഷിതാക്കള്‍ ശ്രദ്ധയോടെ നിരീക്ഷിക്കുക ഇതൊക്കെ പാരിസ്ഥിതിക ഘടകങ്ങളില്‍ പെടും. ആളുകളുടെ പ്രത്യേക ജനിതക ചായ്വുകള്‍ ആണ് ഓണ്‍ലൈന്‍ മാധ്യമ ഉപയോഗത്തിന് കാരണം എന്ന് ഈ പഠനഫലം പറയുന്നത്.

നിസ്സഹായരായ ഉപഭോക്താക്കളുടെ മേല്‍ നല്ലതോ ചീത്തയോ ആയ സ്വാധീനം ചെലുത്താന്‍ പര്യാപ്തമായ ഒരു ബാഹ്യ സത്ത ആയി മാധ്യമങ്ങളെ കാണുന്ന നിലവിലുള്ള മാധ്യമ സിദ്ധാന്തങ്ങള്‍ക്ക് വിരുദ്ധമാണ് തങ്ങളുടെ കണ്ടെത്തല്‍ എന്ന് പഠനത്തിനു നേതൃത്വം നല്‍കിയ സിയാദാ അയോ റെക് പറയുന്നു. വ്യക്തികള്‍ ചുറ്റുപാടിനനുസരിച്ച് മാത്രമല്ല പെരുമാറുന്നത് എന്നും ജനിതക വാസനയുമായും ഇത് ബന്ധപ്പെട്ടിരിക്കുന്നു എന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

വ്യക്തിയുടെ താല്പര്യങ്ങളും പ്രധാനം ആണെന്നും ഒരാള്‍ തന്റെ ആശയങ്ങളെ പിന്തുണക്കുന്ന ഓണ്‍ലൈന്‍ മാധ്യമത്തെ മാത്രം ആശ്രയിക്കുമ്പോള്‍ മറ്റൊരാള്‍ അഭിപ്രായ വ്യത്യാസമുള്ള കാഴ്ചപ്പാടുകളെയും സൂക്ഷ്മനിരീക്ഷണം നടത്തുകയും അവയെ പിന്തുടരുകയും ചെയ്യും എന്നും പ്ളസ് വണ്‍ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

സഹന ബിജു

സഹന ബിജു

ജേണലിസത്തിൽ ബിരുദാനന്തര ബിരുദം, എം ഫിൽ. മനോരമ ഓൺലൈനിൽ വെബ്‌ അസോസിയേറ്റ് ആയിരുന്നു. ഇപ്പോൾ സ്വതന്ത്ര മാധ്യമപ്രവർത്തക.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍