UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇന്ത്യയിലെ കുട്ടികളില്‍ ആര്‍എസ്എസ് ‘ശാസ്ത്രാവബോധം’ വളര്‍ത്തുന്നത് ഇങ്ങനെയാണ്

Avatar

അഴിമുഖം പ്രതിനിധി

‘ആസ്‌ട്രോണമിയും മെറ്റാഫിസിക്‌സും ഋഗ്വേദത്തില്‍ വിശദമാക്കിയിട്ടുണ്ട്.’

‘ആറ്റത്തെക്കുറിച്ചുള്ള സങ്കല്‍പ്പം തെരഞ്ഞാല്‍ അതെത്തുക വേദകാലഘട്ടത്തിലാണ്.’

‘പരമാണു (ആറ്റത്തിലും ചെറുത്)വാണ് ഏറ്റവും ചെറിയ കണികയായി പരിഗണിക്കപ്പെടുന്നത്, അത് വീണ്ടും വിഭജിക്കുക സാധ്യമല്ല. ഇതിനെ വിഭജിക്കുമ്പോഴാണ് ന്യൂക്ലിയര്‍ എനര്‍ജി ഉണ്ടാവുന്നത്.

‘ശുശ്രുതനാണ്  ശസ്ത്രക്രിയയുടെ പിതാവ്. തുന്നിക്കെട്ടുന്നത് ഉള്‍പ്പെടെ300 വിധത്തിലുള്ള ശസ്ത്രക്രിയാ രീതികളെക്കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നുണ്ട്’… 

 

ഇതേതെങ്കിലും മതവിദ്യാഭ്യാസവുമായി ബന്ധപ്പെട്ടുള്ള പാഠഭാഗങ്ങളല്ല. ആര്‍എസ്എസിന്റെ ശാസ്ത്രവിഭാഗമായ വിജ്ഞാന ഭാരതി ഇന്ത്യയിലെ 2000 സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകളില്‍ ഈ മാസം 20-ന് നടത്താന്‍ പോകുന്ന പരീക്ഷയ്ക്കുള്ള പഠനസഹായികളാണ് ഇവ. ശാസ്ത്രത്തിന് ഇന്ത്യ നല്‍കിയ സംഭാവനകള്‍, മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുകള്‍ കലാമിന്റെ ജീവിതംം എന്നീ വിഷയങ്ങളില്‍ ഇന്ത്യയിലെ 6-11 ക്ലാസുകളിലെ കുട്ടികള്‍ മൂന്നു മണിക്കൂര്‍ നീണ്ട ഈ പരീക്ഷയില്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

പരീക്ഷയ്ക്ക് തയാറെക്കുന്നതിന് വിജ്ഞാന ഭാരതി തയാറാക്കിയ പഠന സഹായികള്‍ ഇതിനകം തന്നെ രണ്ട് ബുക്‌ലെറ്റുകളായി വിദ്യാര്‍ഥികള്‍ക്ക് വിതരണം ചെയ്തുകഴിഞ്ഞു. ഡല്‍ഹി പബ്ലിക് സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോയ വിദ്യാലയങ്ങള്‍, അമിറ്റി ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ അധ്യാപകരരോട് വിദ്യാര്‍ഥികള്‍ക്ക് ഈ വിഷയങ്ങളില്‍ സ്‌പെഷ്യല്‍ ക്ലാസുകള്‍ നല്‍കാനും നിര്‍ദേശമുണ്ട്.

 

ആദ്യമായാണ് ഒരു സ്വകാര്യ ഏജന്‍സി ഇത്രയധികം സ്‌കൂളുകളെ ഒരുമിപ്പിച്ച് ഒരു പരീക്ഷയില്‍ പങ്കെടുപ്പിക്കുന്നതെന്ന് പല സ്‌കൂളുകളും അംഗീകരിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതിന്റെ സിലബസ് ഈ സ്വകാര്യ ഏജന്‍സി തന്നെ തയാറാക്കുന്നതും ഉത്തരക്കടലാസും അവര്‍ തന്നെ പരിശോധിക്കുന്നതും തങ്ങള്‍ കാര്യമാക്കുന്നില്ലെന്നും മറിച്ച് ഈ പഠന സഹായികള്‍ വളരെ മികച്ചവയാണെന്നുമാണ് ഇവരുടെ അഭിപ്രായം.

 

ശാസ്ത്രലോകത്ത് ഇന്ത്യ നേടിയിട്ടുള്ള നേട്ടങ്ങളെക്കുറിച്ച് വിദ്യാര്‍ഥികളെ ബോധവത്ക്കരിക്കുക എന്നതും അവര്‍ക്ക് ശാസ്ത്രാഭിരുചി വളര്‍ത്തുക എന്നതുമാണ് പ്രസ്തുത പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വിജ്ഞാന ഭാരതി സെക്രട്ടറി ജനറലും ആര്‍എസ്എസ് പ്രചാരകനുമായ എ. ജയകുമാര്‍ പറയുന്നു. “ഈ പരീക്ഷയുടെ കാര്യത്തില്‍ വളരെയധികം അഭിനന്ദനങ്ങളും ശ്രദ്ധയും ഞങ്ങള്‍ക്ക് ലഭിച്ചു കഴിഞ്ഞു. നമ്മള്‍ ഒരു പൂജ്യം കണ്ടു പിടിച്ച രാജ്യം മാത്രമല്ല, അതിനുമപ്പുറമാണ്”- അയാള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് യാതൊരു സാമ്പത്തിക സഹായവും സ്വീകരിക്കുന്നില്ലെന്നും കലാമിനെ തങ്ങള്‍ ഉള്‍പ്പെടുത്തിയത് അദ്ദേഹം ഒരു പ്രചോദനമായതുകൊണ്ടാണെന്നും ജയകുമാര്‍ വ്യക്തമാക്കുന്നു.

 

സ്വദേശി ബോധമുള്ള ശാസ്ത്ര പ്രസ്ഥാനം എന്നാണ് വിജ്ഞാന ഭാരതി സ്വയം വിശേഷിപ്പിക്കുന്നത്. ജി മാധവന്‍ നായര്‍, അനില്‍ കാക്കോദ്ക്കര്‍ തുടങ്ങിയ പ്രമുഖരൊക്കെയാണ് ഇതിന്റെ ഗവേണിംഗ് കൗണ്‍സിലിലുള്ളതും.

 

 

യു.പി ഗാസിയാബാദിലെ അമിറ്റി ഇന്റര്‍നാഷണല്‍ സ്‌കൂളിന്‍െ.റ അക്കാദമിക് കോര്‍ഡിറ്റേര്‍  ഏക്താ സോണി പറയുന്നത് ഇങ്ങനെയാണെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു: “വിജ്ഞാന ഭാരതി തയാറാക്കിയ സ്റ്റഡി മെറ്റീരിയലുകള്‍ ലഭിച്ചു. പരീക്ഷ സംബന്ധിച്ച് കുട്ടികളുമായി ഇതിനകം തന്നെ മീറ്റിംഗ് നടത്തിക്കഴിഞ്ഞു. ആഴ്ചയില്‍ ഒരു ദിവസം സയന്‍സ് ടീച്ചര്‍മാര്‍ ഈ പരീക്ഷയ്ക്കുള്ള സ്‌പെഷ്യല്‍ ക്ലാസുകള്‍ നടത്തും. ഈ സ്റ്റഡി മെറ്റീരിയലുകള്‍ വളരെ നല്ലതാണ്”- അവര്‍ പറഞ്ഞു.

 

ഈ ഉത്തരപ്പേപ്പറുകള്‍ വിജ്ഞാനഭാരതി പരിശോധിച്ച ശേഷം ഇതിലെ വിജയികള്‍ക്ക് സംസ്ഥാന തലത്തിലും പിന്നീട് ദേശീയ തലത്തിലും പരീക്ഷ നടത്തും. ദേശീയ തലത്തില്‍ വിജയിക്കുന്നവര്‍ക്ക് രാഷ്ട്രപതിയില്‍ നിന്നാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

 

ആര്യഭട്ടന്‍, വരാഹമിത്ര, ബ്രഹ്മഗുപ്തന്‍, ലല്ല, ശ്രീപതി തുടങ്ങിയവരെക്കുറിച്ചുള്ള അധ്യായങ്ങള്‍ പഠനസഹായികളിലുണ്ട്. കണക്കിനെ അടിസ്ഥനമാക്കിയുള്ള ജ്യോതിശാസ്ത്രത്തെക്കുറിച്ചുള്ള ഇന്ത്യന്‍ രീതി അറബ് ലോകത്തിന് പരിചയപ്പെടുത്തിയത് ബ്രഹ്മഗുപ്തനാണെന്ന് ഇതിലൊരു ഭാഗത്ത് പറയുന്നു. പൊണ്ണത്തടി, പ്രമേഹം മൂലമുള്ള മുറിവുകള്‍ വിവിധ തരത്തിലുള്ള ഓയില്‍ മസാജുകള്‍ ഉള്‍പ്പെടെയുള്ള ആയുര്‍വേദ ചികിത്സ കൊണ്ട് മാറ്റാന്‍ കഴിയുമെന്ന് ഇതില്‍ പറയുന്നു. ഐഎസ്ആര്‍ഓയുടെ നേട്ടങ്ങളെക്കുറിച്ചും വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. അതിനൊപ്പം പ്രമുഖരായ വിക്രം സാരാഭായി, വര്‍ഗീസ് കുര്യന്‍, എം.എസ് സ്വാമിനാഥന്‍, അനില്‍ കാക്കോദ്ക്കര്‍, സാം പിട്രോഡ, സബീര്‍ ഭാട്യ തുടങ്ങിയവരെക്കുറിച്ചുള്ള പ്രത്യേക ഭാഗങ്ങളും ഈ പഠനസഹായികളിലുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍