UPDATES

സയന്‍സ്/ടെക്നോളജി

1,500 വര്‍ഷം മുമ്പ് മനുഷ്യന്‍ കൃത്രിമാവയവം ഉപയോഗിച്ചതിന് തെളിവ്

അഴിമുഖം പ്രതിനിധി

ഇന്ന് കൃത്രിമാവയവങ്ങള്‍ സര്‍വ സാധാരണമാണ്. എന്നാല്‍ 1,500 വര്‍ഷങ്ങള്‍ക്ക് മുമ്പാണെങ്കിലോ. അക്കാലത്ത് കയ്യോ കാലോ നഷ്ടപ്പെട്ടാല്‍ ബുദ്ധിമുട്ടിലായി എന്ന് കരുതാന്‍ വരട്ടെ. കൃത്രിമകാലുള്ള ഒരു അസ്ഥികൂടം ഗവേഷകര്‍ 2013-ല്‍ കണ്ടെത്തിയിരുന്നു. അതിന് 1500 വര്‍ഷം പഴക്കമുണ്ട്. ആ അസ്ഥികൂടത്തിന്റെ ഉടമയേയും കൃത്രിമ കാലിനേയും കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോള്‍  പുറത്തുവന്നിട്ടുണ്ട്. തെക്കന്‍ ഓസ്ട്രിയയില്‍ നിന്ന് പുരാവസ്തു ഗവേഷകരാണ് ഈ അസ്ഥികൂടം കണ്ടെത്തിയത്. 

മനുഷ്യന്‍ കൃത്രിമ അവയവങ്ങള്‍ ഉപയോഗിച്ചിരുന്നതിന്റെ ഏറ്റവും പഴക്കമേറിയ ഉദാഹരണമാണ് ഈ കണ്ടെത്തലെന്ന് ഇതിനെ കുറിച്ച് ഗവേഷണം നടത്തിയവര്‍ പാലിയോപതോളജി ജേണലില്‍ എഴുതുന്നു.

മധ്യവയസ്‌കനായ ഇയാള്‍ നഷ്ടമായ ഇടംകാലിന് പകരം മരകക്ഷണങ്ങളും ഇരുമ്പ് വളയവും ഉപയോഗിച്ചിരിക്കുന്നു. ഗവേഷകര്‍ ഇയാളുടെ കാലിലെ പരിക്കിനെ റേഡിയോഗ്രാഫിയും സിടി സ്‌കാനിങും ഉപയോഗിച്ച് പഠിച്ചു.

കാല്‍ നഷ്ടമായശേഷം രണ്ട് വര്‍ഷം കൂടെ ഇയാള്‍ ജീവിച്ചിരുന്നുവെന്നും കൃത്രിമ കാല് ഉപയോഗിച്ച് തരക്കേടില്ലാതെ നടക്കുകയും ചെയ്തിരുന്നുവെന്ന് ഓസ്ട്രിയന്‍ ആര്‍കിയോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സബിന്‍ ലാഡ്‌സ്റ്റേറ്റര്‍ പറയുന്നു.

ആറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഇയാളുടെ കാല് എങ്ങനെയാണ് നഷ്ടമായതെന്ന് വ്യക്തമല്ല. എന്നാല്‍ ഇയാള്‍ സമൂഹത്തിലെ ഉയര്‍ന്ന ശ്രേണിയില്‍ ജീവിച്ചിരുന്ന ആളാണെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. ഇടവക പള്ളിയോട് ചേര്‍ന്നാണ് ഇയാളെ സംസ്‌കരിച്ചിരിക്കുന്നത്. മൃതദേഹത്തിനൊപ്പം ഒരു വാളും ഉണ്ടായിരുന്നുവെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബയോ ആര്‍ക്കിയോളജിസ്റ്റായ മൈക്കേല ബൈന്‍ഡര്‍ പറയുന്നു.

കാലിലെ അസ്ഥികള്‍ കൂടിച്ചേരുന്നിടത്തല്ല മുറിവ് ഉണ്ടായിരിക്കുന്നത്. അത് കാരണം കാലിലെ രക്തക്കുഴലുകള്‍ ഛിന്നഭിന്നമാകുകയും കടുത്ത രക്തസ്രാവം ഉണ്ടാകുകയും ചെയ്തിട്ടുണ്ടെന്ന് ഗവേഷകര്‍ പറയുന്നു.

അതുകൊണ്ട് തന്നെ മുറിവില്‍ അണുബാധ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ അക്കാലത്ത് അത്തരമൊരു മുറിവ് ഭേദമാകുകയും ആ വ്യക്തിക്ക് ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ കഴിഞ്ഞതും ഏറെ ചിന്തിപ്പിക്കുന്നുവെന്ന് ബൈന്‍ഡര്‍ പറയുന്നു.

ഇയാളുടെ കൃത്രിമ കാല് ഏറ്റവും പഴക്കം ചെന്ന കൃത്രിമ അയവയമായി കരുതാനാകില്ലെന്ന് ഗവേഷകര്‍ പറയുന്നു. പുരാതന ഈജിപ്തിലും ഗ്രീക്കോ-റോമന്‍ പ്രദേശത്തും കൃത്രിമ അയവയങ്ങള്‍ ഉപയോഗിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എന്നാല്‍ രണ്ടായിരം വര്‍ഷം മുമ്പുള്ള അവയുടെ തെളിവ് വളരെ അപര്യാപ്തമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍