UPDATES

വിദേശം

ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊല: ഏകദേശം 10,000 പേര്‍ കൊല്ലപ്പെട്ടെന്ന് കണക്കുകള്‍

പ്രതിവിപ്ലവത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ലോകത്തെമ്പാടും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ സംഭവത്തെ കുറിച്ച് അന്ന് ചൈനീസ് സര്‍ക്കാര്‍ വിശദീകരിച്ചത്

1989ല്‍ ചൈനയിലെ ടിയാനന്‍മെന്‍ സ്‌ക്വയറില്‍ നടന്ന കൂട്ടക്കൊലയില്‍ ഏകദേശം 10,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്ന പുതിയ കണക്കുകള്‍ പുറത്തുവരുന്നു. പ്രതിവിപ്ലവത്തില്‍ 250 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് ലോകത്തെമ്പാടും പ്രതിഷേധങ്ങള്‍ക്ക് ഇടയാക്കിയ സംഭവത്തെ കുറിച്ച് അന്ന് ചൈനീസ് സര്‍ക്കാര്‍ വിശദീകരിച്ചത്. സംഭവത്തെ വിശദമായി പിന്തുടരുന്ന ബ്രിട്ടീഷ് ഡിപ്ലൊമാറ്റിക് കേബിള്‍ ആണ് പുതിയ കണക്കുകള്‍ പുറത്തുവിട്ടത്. നിഷ്ഠൂരം എന്ന് ലോകം ഒരുമിച്ച് വിശേഷിപ്പിച്ച സംഭവം നടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞെട്ടിപ്പിക്കുന്ന കണക്കുകള്‍ പുറത്തുവരുന്നത്.

ഏറ്റവും കുറഞ്ഞത് 10,000 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടാവും എന്ന് അന്ന് ചൈനയിലെ ബ്രിട്ടീഷ് അംബാസിഡറായിരുന്ന അലന്‍ ഡൊണാള്‍ഡ് ലണ്ടനിലേക്കയച്ച രഹസ്യ ടെലിഗ്രാമില്‍ പറഞ്ഞിരുന്നു. ഇതിന്റെ പകര്‍പ്പ് ബ്രിട്ടണിലെ നാഷണല്‍ ആര്‍ക്കൈവില്‍ നിന്നും എഎഫ്പിയ്ക്ക് ലഭിച്ചിരുന്നു. സര്‍ക്കാര്‍ കണക്കനുസരിച്ചുള്ള മരണം 250 ആണെങ്കിലും ആയിരം പേരെങ്കിലും കൊല്ലപ്പെട്ടിരിക്കാം എന്നായിരുന്നു ലോകം എമ്പാടും വിശ്വസിക്കപ്പെട്ടിരുന്നത്. ജനക്കൂട്ടത്തിന് നേരെ വിവേചനരഹിതമായി വെടിവെക്കുകയായിരുന്നു എന്ന് തന്റെ രഹസ്യ കേബിളില്‍ ഡൊണാള്‍ഡ് പറയുന്നു.

ചൈനീസ് മന്ത്രിസഭയായ സ്റ്റേറ്റ് കൗണ്‍സിലിലെ ഒരു അംഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മരണം പതിനായിരം എന്ന് താന്‍ കണക്കാക്കുന്നതെന്നും അദ്ദേഹം പറയുന്നു. പട്ടാളം ടിയാനന്‍മെന്‍ സ്‌ക്വയറില്‍ എത്തിയതിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് പിരിഞ്ഞുപോകാന്‍ ഒരു മണിക്കൂര്‍ സമയം നല്‍കിയിരുന്നു. എന്നാല്‍ അഞ്ച് മിനിട്ട് കഴിഞ്ഞപ്പോള്‍ തന്നെ വെടിവെപ്പ് തുടങ്ങി എന്നാണ് പറയപ്പെടുന്നത്. ബയണറ്റ് കൊണ്ട് നിരവധി പേരെ കുത്തിക്കൊല്ലുകയും ചെയ്തതായി ഡൊണാള്‍ഡ് പറയുന്നു.

ടിയാനന്‍മെന്‍ വിപ്ലവകാരികള്‍ ഇപ്പോളെവിടെ?

ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍ യുക്തിസഹമാണെന്നാണ് പല ചൈനീസ് വിദഗ്ധരും പറയുന്നത്. ഇത് വിശ്വസനീയമാണെന്ന് വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ പങ്കെടുത്ത ആളും ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിര താമസക്കാരനുമായ സിയോംഗ് യാന്‍ പറയുന്നു.

സമീപകാലത്ത് വെളിയില്‍ വിട്ട യുഎസിന്റെ രഹസ്യ റിപ്പോര്‍ട്ടുകളും ഇത്തരം ഒരു കണക്കാണ് മുന്നോട്ട് വെക്കുന്നതെന്ന് ചൈനീസ് വിദഗ്ധനായ ഴാങ്-പിയറി കാബെസ്റ്റന്‍ ചൂണ്ടിക്കാട്ടുന്നു. സ്വതന്ത്ര ഏജന്‍സികളും ഇതേ കണക്കുകള്‍ തന്നെയാണ് പറയുന്നതെന്ന് ഹോംകോംഗ് ബാപിസ്റ്റ് സര്‍വകലാശാലയിലെ പ്രൊഫസറായ കാബെസ്റ്റന്‍ പറയുന്നു. മരണസംഖ്യ 2,700നും 3,400നും ഇടയിലായിരിക്കാമെന്ന് രണ്ട്, മൂന്ന് ആഴ്ചകള്‍ക്ക് ശേഷം ഡൊണാള്‍ഡ് അയച്ച മറ്റൊരു കേബിളില്‍ പറയുന്നുണ്ടെന്ന് വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന്റെ നേതാക്കളില്‍ ഒരാളും ഇപ്പോള്‍ അമേരിക്കയില്‍ സ്ഥിര താമസക്കാരനുമായ ഫെംഗ് കോംഗ്‌ഡെ ചൂണ്ടിക്കാട്ടുന്നു.

സംഭവം നടന്ന് മൂന്ന് ദശാബ്ദങ്ങള്‍ കഴിയുമ്പോള്‍ വിഷയത്തെ കുറിച്ച് ഒരു ചര്‍ച്ചയും ചൈനയില്‍ ഇപ്പോഴും അനുവദിച്ചിട്ടില്ല. പാഠപുസ്തകങ്ങളിലും മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും വിഷയം പരാമര്‍ശിച്ചിരിക്കുന്നത് നിരോധിച്ചിരിക്കുകയാണ്.

ടിയാനന്‍മെന്‍ സ്ക്വയറിലെ പാട്ടുകാരന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍