UPDATES

വിദേശം

ഇസ്ലാമിക രാഷ്ട്രങ്ങളെ കാത്തിരിക്കുന്ന 10 യുദ്ധങ്ങള്‍

Avatar

ലിസ് സ്ലൈ
(വാഷിങ്ടണ്‍ പോസ്റ്റ്)

ഇസ്ലാമിക് സ്‌റ്റേറ്റ് ഖലീഫാത്തിന്റെ അതിര്‍ത്തികള്‍ അതിവേഗം ചുരുങ്ങുകയാണ്. സംഘത്തിന്റെ ശക്തികേന്ദ്രങ്ങളായ ഇറാഖും സിറിയയും ഒന്നിനു പിന്നാലെ മറ്റൊന്നെന്ന മട്ടില്‍ തകരുന്നു. അമേരിക്കയുടെ നേതൃത്വത്തിലുള്ള പോരാട്ടം ഇനി എന്ത് എന്ന ചോദ്യത്തിനടുത്തെത്തി നില്‍ക്കുന്നു. ഇതുവരെ ആ ചോദ്യത്തിന് ഉത്തരം ഒന്നേയുള്ളൂ; കൂടുതല്‍ യുദ്ധം.

ഐഎസിനെ തോല്‍പിക്കാനുള്ള യുഎസ് തന്ത്രം പല പ്രാദേശിക സഖ്യങ്ങളിലും സായുധ സംഘങ്ങളിലും ആശ്രയിച്ചുള്ളതായിരുന്നു എന്നതാണ് ഇതിന് ഒരു കാരണം. ഐഎസ് പൊതു ശത്രുവാണെങ്കിലും ഈ സംഘങ്ങള്‍ പലതും പരസ്പരം കടുത്ത ശത്രുത പുലര്‍ത്തുന്നവയാണ്. ഭീകരരില്‍നിന്നു പിടിച്ചെടുക്കുന്ന പ്രദേശങ്ങളുടെ അവകാശത്തെച്ചൊല്ലിയുള്ള തര്‍ക്കം മറ്റൊരു യുദ്ധമായി വളരാന്‍ പാകത്തിലാണ്. ഐഎസിനു ശേഷമുള്ള ഭരണത്തിനായി പുതിയ യുദ്ധങ്ങള്‍ ഒരുങ്ങുകയാണ്. അവയില്‍ പത്തെണ്ണത്തിന്റെ പട്ടികയാണ് താഴെ. പ്രത്യേക ക്രമമില്ലാതെ. ഇവ കൂടാതെ വേറെയുമുണ്ടെന്നതിനു സംശയമില്ല. ചിലതൊക്കെ തുടങ്ങിക്കഴിഞ്ഞു. ചിലത് ഒരിക്കലും ഉണ്ടായേക്കുകയില്ല. എന്നാല്‍ ഓരോന്നിനും ഐഎസിന്റെ അതിജീവനശേഷി കൂട്ടാനാകും. ഇതിനൊപ്പം മേഖലയിലെ യുഎസ് സാന്നിധ്യവും വര്‍ഷങ്ങളോളം നീണ്ടുപോകാം.

1.അമേരിക്കയുടെ പിന്തുണയുള്ള സിറിയന്‍ കുര്‍ദിഷ് സേനയും തുര്‍ക്കിയുടെ പിന്തുണയുള്ള അറബ് സേനയും തമ്മില്‍.

ആരംഭിച്ചു കഴിഞ്ഞ യുദ്ധങ്ങളിലൊന്നാണിത്. അതിസങ്കീര്‍ണമായതും. സ്വന്തം രാജ്യത്ത് വിഘടന വാദികളായ കുര്‍ദുകളോട് എതിരിടുന്ന തുര്‍ക്കി, യുഎസ് സഹായത്തോടെ സിറിയന്‍ കുര്‍ദുകള്‍ വടക്കുകിഴക്കന്‍ സിറിയയില്‍ പിടിമുറുക്കുന്നതില്‍ ഖിന്നരാണ്. അറബ് പ്രദേശങ്ങളില്‍ കടന്നു കയറുന്ന കുര്‍ദുകളെ തുര്‍ക്കിയുമായി സഖ്യത്തിലുള്ള സിറിയന്‍ അറബ് റിബലുകളും എതിര്‍ക്കുന്നു. അതിനാല്‍ രണ്ടാഴ്ച മുന്‍പ് സിറിയന്‍ റിബലുകളെ ഐഎസ് പ്രദേശം പിടിക്കാന്‍ സഹായിക്കാനെന്ന പേരില്‍ തുര്‍ക്കി സിറിയയില്‍ നടത്തിയ ഇടപെടല്‍ ഐഎസിനൊപ്പം കുര്‍ദുകളെയും ലക്ഷ്യമിട്ടാണ് എന്നതു വ്യക്തമായിരുന്നു. ഇരുചേരികളും തമ്മില്‍ പൊട്ടിപ്പുറപ്പെട്ട പോരാട്ടം അവസാനിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെട്ടെങ്കിലും ആഴമേറുന്ന സംഘര്‍ഷം അവസാനിപ്പിക്കാന്‍ മാത്രം ഇരുകക്ഷികളുടെയും മേല്‍ സ്വാധീനമുണ്ടായോ എന്ന് അറിവായിട്ടില്ല.

2. തുര്‍ക്കിയും സിറിയന്‍ കുര്‍ദുകളും തമ്മില്‍.

ഒന്നാമത്തെ യുദ്ധത്തോടു സമാനമെങ്കിലും വ്യാപ്തിയേറിയതാണ് ഈ പോരാട്ടം. ഇപ്പോള്‍ തുര്‍ക്കിയുടെ സിറിയയിലെ ഇടപെടല്‍ ഐഎസ് അധീനതയിലുള്ള അറബ് പ്രദേശങ്ങളില്‍ മാത്രമാണ്. എന്നാല്‍ കിഴക്കുമാറി അതിര്‍ത്തിയില്‍ രൂപം കൊള്ളുന്ന കുര്‍ദ് മേഖലയെപ്പറ്റി തുര്‍ക്കി ആശങ്കയിലാണ്. ഈ വര്‍ഷം ആദ്യം ആ മേഖലയെ കുര്‍ദുകള്‍ സ്വയംഭരണാവകാശമുള്ളതായി പ്രഖ്യാപിച്ചു. ഇത് തടയാന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടുകയാണ് തുര്‍ക്കി. സംഘര്‍ഷം മൂര്‍ഛിച്ചാല്‍ കുര്‍ദ് മേഖലയില്‍ തുര്‍ക്കി നേരിട്ട് ഇടപെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ഇവിടെ ചെറിയ അളവില്‍ യുഎസ് സേനാ സാന്നിധ്യവുമുണ്ട്.

3. സിറിയന്‍ കുര്‍ദുകളും സിറിയന്‍ സര്‍ക്കാരും തമ്മില്‍

സ്വന്തം മേഖലയുണ്ടാക്കാനുള്ള കുര്‍ദുകളുടെ ശ്രമം കൊണ്ട് സിറിയന്‍ സര്‍ക്കാരും ഭീഷണിയിലാണ്. അടുത്തിടെ വരെ ഇരുവരും തമ്മില്‍ സുഖകരമല്ലാത്ത സഖ്യമുണ്ടായിരുന്നു. കുര്‍ദുകള്‍ക്ക് ആയുധം നല്‍കുന്നത് അവരാണെന്ന് പല തവണ സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ കുര്‍ദുകളുടെ സ്വയംഭരണ പ്രഖ്യാപനത്തിനുശേഷം ഇരുവരും തമ്മിലുള്ള ബന്ധം വഷളായി. ഇരുപക്ഷത്തിനും സേനാബലമുള്ള പ്രദേശങ്ങളില്‍ ചെറു യുദ്ധങ്ങളുമുണ്ടായി. ഇപ്പോള്‍ വെടിനിര്‍ത്തലിലാണെങ്കിലും കുര്‍ദുകളുടെ സ്വയംഭരണമോഹം അസദിന്റെ സിറിയന്‍ അഖണ്ഡതയ്ക്കു നേര്‍ വിരുദ്ധമാണ്.

4. യുഎസും സിറിയയും തമ്മില്‍

അസദിനെ പുറത്താക്കണമെന്ന് ഒബാമ ആവശ്യപ്പെട്ടിട്ടുള്ളതിനാല്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ എന്നും നടക്കാമായിരുന്ന യുദ്ധമാണിത്. ഇതുവരെ അതുണ്ടായില്ല എന്നത് ഇരുപക്ഷവും എത്രമാത്രം സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിക്കുന്നു എന്നതിനു തെളിവാണ്. ഇപ്പോഴും സാധ്യത വിദൂരമാണ്. എങ്കിലും ഐഎസുമായുള്ള ചില യുദ്ധമുഖങ്ങള്‍ യുഎസ് സേനയും സിറിയന്‍ സേനയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടലിനു സാധ്യതയുള്ളവയാണ്. ഐഎസ് തലസ്ഥാനമായ റാഖ ഇതിലൊന്നാണ്. ജൂണില്‍ ഇവിടെ യുഎസും സിറിയയും എതിര്‍ദിശകളില്‍നിന്ന് എതിരാളികളെ സഹായിക്കുകയായിരുന്നു. കുര്‍ദുകളുടെ നേരെ ബോംബാ ക്രമണം നടത്തുന്നതില്‍ നിന്ന് സിറിയയെ പിന്തിരിപ്പിക്കാന്‍ യുഎസ് സേന ജെറ്റുകള്‍ തകര്‍ത്തിരുന്നു.

5. തുര്‍ക്കിയും സിറിയയും തമ്മില്‍

സിറിയയില്‍ തുര്‍ക്കിയുടെ ഇടപെടല്‍ ഇതുവരെ ഐഎസ്, കുര്‍ദ് സേനകളോട് എതിരിടുന്നതില്‍ ഒതുങ്ങുന്നു. അസദിന്റെ പ്രധാന സഖ്യരാജ്യങ്ങളായ റഷ്യയും ഇറാനുമായി ബന്ധം മെച്ചപ്പെടുത്താന്‍ തുര്‍ക്കി ശ്രമിച്ചു കഴിഞ്ഞു.  ഉത്തര സിറിയയില്‍ തുര്‍ക്കിയുടെ ഇടപെടലിന് ഇവര്‍ പച്ചക്കൊടി കാട്ടുന്നുവെന്നും സൂചനയുണ്ട്. ഐഎസിനെതിരെയുള്ള തുര്‍ക്കിയുടെ പോരാട്ടം വിജയിച്ചാല്‍ തര്‍ക്ക നഗരമായ അലെപ്പോയെ ചൊല്ലി സിറിയയുമായുള്ള പോരാട്ടമാകും അടുത്തത്.

6.  ഇറാഖി കുര്‍ദുകളും ഇറാഖ് സര്‍ക്കാരും തമ്മില്‍.

സിറിയയില്‍ നിന്ന് ഐഎസിന്റെ തകരുന്ന അതിര്‍ത്തികളിലൂടെ കിഴക്കോട്ടുനീങ്ങി ഇറാഖിലെത്തുമ്പോള്‍ സ്ഥിതി അല്‍പം ശാന്തമാണ്. എന്നാല്‍ സങ്കീര്‍ണതയ്ക്കും അപകടാവസ്ഥയ്ക്കും കുറവൊന്നുമില്ല. സിറിയന്‍ സര്‍ക്കാരിന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുംവിധം സിറിയന്‍ കുര്‍ദുകള്‍ അവരുടെ അധികാരം വ്യാപിപ്പിച്ചതുപോലെ ഇറാക്കി കുര്‍ദുകള്‍ ഒരിക്കല്‍ ഇറാക്ക് സര്‍ക്കാരിനു കീഴിലായിരുന്ന മേഖലകളിലേക്ക് കടന്നുകയറുന്നു. ഐഎസിനെ പൂര്‍ണമായി ഇല്ലാതാക്കിയ ശേഷം ഈ മേഖലകള്‍ കുര്‍ദുകളില്‍നിന്നു തിരിച്ചുപിടിക്കുമെന്ന് യുഎസ് പിന്തുണയുള്ള ഇറാക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ രക്തം ചിന്തി അധീനപ്പെടുത്തിയ മേഖലകളൊന്നും വിട്ടുകൊടുക്കില്ലെന്ന് യുഎസ് പിന്തുണയുള്ള കുര്‍ദുകളും വ്യക്തമാക്കിയിട്ടുണ്ട്. ഐഎസ് നിലവില്‍ വരുന്നതിനും മുന്‍പേ ഉണ്ടായിരുന്നവയാണ് ഈ തര്‍ക്കങ്ങള്‍. എന്നാല്‍ ഒരിക്കല്‍ ഐഎസ് പ്രശ്‌നം ഇല്ലാതായിക്കഴിഞ്ഞാല്‍ ഇവ കൂടുതല്‍ ശക്തിയോടെ തിരിച്ചുവരും.

7. ഇറാക്ക് കുര്‍ദുകളും ഷിയ ഭീകരരും തമ്മില്‍.

ആറാമത്തെ യുദ്ധത്തിനുള്ള അതേ കാരണങ്ങളാകും ഈ യുദ്ധത്തിലേക്കും നയിക്കുക. ഷിയ ഭീകരരില്‍ മിക്കവരും ഇറാന്റെ പിന്തുണയുള്ളവരാണ്. ബാഗ്ദാദില്‍നിന്നു വടക്കോട്ട് ഐഎസിനെ തുരത്തുന്നതില്‍ കാര്യമായ പങ്കു വഹിച്ച ഇവര്‍ യുഎസുമായി സഖ്യമുള്ള കുര്‍ദ് പോരാളികളെ എതിര്‍ക്കുന്നു. ടുസ് ഖുര്‍മടു എന്ന സ്ഥലത്ത് നേരിട്ടുള്ള പോരാട്ടവുമുണ്ടായി. എന്നാല്‍ കുര്‍ദുകള്‍ ഭിന്നിപ്പിലാണ്. സിറിയയിലായാലും ഇറാക്കിലായാലും. അതാണ് അടുത്ത യുദ്ധത്തിനു സാധ്യതയുണ്ടാക്കുന്നത്.

8. കുര്‍ദുകള്‍ കുര്‍ദുകള്‍ക്കെതിരെ 

സംഘര്‍ഷങ്ങളില്‍ ഏറ്റവും സങ്കീര്‍ണം ഈ യുദ്ധമാകും. എങ്കിലും ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കുര്‍ദുകളുടേതായ രാജ്യം ഉണ്ടാകണം എന്നതൊഴികെ മറ്റ് എല്ലാ കാര്യങ്ങളിലും കുര്‍ദുകള്‍ ഭിന്നാഭിപ്രായക്കാരാണ്. 1990ല്‍ രക്തരൂഷിതമായ പോരാട്ടം നടത്തിയ ഇരു ചേരികളാണ് ഇറാഖിലെ കുര്‍ദുകള്‍. ഉത്തര സിറിയ നിയന്ത്രിക്കുന്ന കുര്‍ദുകളുടെ ശത്രുക്കളാണ് ഇവരില്‍ ഒരു വിഭാഗം. മറുവിഭാഗം സിറിയന്‍ കുര്‍ദുകളുമായി സഖ്യത്തിലാണ്. അവര്‍ക്കിടയിലും പല വിഭാഗങ്ങളുണ്ടെന്നതു മറ്റൊരു കാര്യം. ഇറാക്കിലും സിറിയയിലും യുഎസും കുര്‍ദ് ഗ്രൂപ്പുകളും തമ്മിലുള്ള സംഘര്‍ഷത്തിനു സാധ്യതയുണ്ട്.

9. സുന്നി അറബികളും ഷിയകളും/കുര്‍ദുകളും തമ്മില്‍

ഐഎസിനെ തോല്‍പിക്കുക എന്ന ലക്ഷ്യം കൈവരിക്കാനായി സുന്നികള്‍ക്കു പ്രാമുഖ്യമുള്ള പട്ടണങ്ങളും ഗ്രാമങ്ങളും കുര്‍ദുകളും ഷിയകളും അടങ്ങുന്ന സേന പിടിച്ചടക്കുകയാണ്. പല സുന്നികളും ഭീകരരെ തോല്‍പിക്കാന്‍ ഈ നേനയ്‌ക്കൊപ്പം ചേരുന്നു. ഐഎസ് പുറത്താകുന്നത് ഇവര്‍ക്ക് അനല്‍പമായ ആശ്വാസം നല്‍കുകയും ചെയ്യുന്നു. എന്നാല്‍ സ്വതന്ത്രരാക്കപ്പെടുന്ന സുന്നി സമൂഹങ്ങളുടെ മേല്‍ ഷിയ, കുര്‍ദ് സേന അതിക്രമം നടത്തുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സുന്നികളെ അവരുടെ വീടുകളില്‍നിന്നു പുറത്താക്കുന്നതും പുരുഷന്മാരെ തടഞ്ഞുവയ്ക്കുന്നതും ഇതില്‍പ്പെടും. സുന്നികളുടെ ശാക്തീകരണം ഉറപ്പാക്കുന്ന രാഷ്ട്രീയ പരിഹാരങ്ങള്‍ ഉള്‍പ്പെടെ ഉണ്ടാകുന്നില്ലെങ്കില്‍ സുന്നി ഭീകരത പൊട്ടിപ്പുറപ്പെട്ടേക്കാം.

10. അവശേഷിക്കുന്ന ഐഎസും മറ്റുള്ളവരും

സിറിയയിലും ഇറാഖിലും ഇപ്പോഴും അത്ര ചെറുതല്ലാത്ത ഭൂപ്രദേശം ഐഎസിന്റെ കയ്യിലാണ്. അവരുടെ ഇരട്ട തലസ്ഥാനങ്ങളായ മൊസൂളും റാഖയും പിടിച്ചെടുക്കാനുള്ള നീക്കം തുടങ്ങിയിട്ടില്ല. ഈ നീക്കത്തില്‍ പങ്കെടുക്കേണ്ടവര്‍ പരസ്പരം പോരടിച്ചുതുടങ്ങിയാല്‍ ഐഎസിനെതിരെയുള്ള പോരാട്ടം വൈകാം. അങ്ങനെയുണ്ടായില്ലെങ്കില്‍പോലും മേഖലയിലെ പരിഹരിക്കപ്പെടാത്ത മറ്റു സംഘര്‍ഷങ്ങള്‍ ഇവിടെ ദീര്‍ഘകാല അസ്ഥിരതയുണ്ടാക്കും. സൈനിക നേട്ടങ്ങള്‍ക്കൊപ്പം രാഷ്ട്രീയ പരിഹാരങ്ങളുണ്ടാകാതിരിക്കുകയും അസ്വസ്ഥതയും കെടുകാര്യസ്ഥതയും ഉണ്ടാകുകയും ചെയ്തതാണ് ഐഎസിന് രൂപം കൊടുത്തത്. ഇപ്പോഴത്തെ യുദ്ധം മറ്റു യുദ്ധങ്ങള്‍ക്കു വഴി വച്ചാല്‍ ഐഎസ് ഇനിയും നിലനിന്നേക്കാം. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍