UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയെ ചൊടിപ്പിച്ച രഘുറാം രാജന്റെ 10 പ്രസ്താവനകള്‍

അഴിമുഖം പ്രതിനിധി

രഘുറാം രാജന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി 2013ല്‍ സ്ഥാനമേല്‍ക്കുമ്പോള്‍ ഇന്ത്യന്‍ സാമ്പത്തീകരംഗം വലിയ പ്രതിസന്ധി നേരിടുകയായിരുന്നു. നാണയപ്പെരുപ്പം കുത്തനെ കൂടി, വിദേശനാണ്യ നിക്ഷേപത്തില്‍ ഇടിവ് രേഖപ്പെടുത്തിയും, തകരാന്‍ പോകുന്ന സാമ്പത്തികരംഗം എന്ന പ്രതീതി വരെ അന്നുണ്ടായി. അപ്പോഴാണ്‌ ചിക്കാഗോയിലെ യൂണിവേഴ്സിറ്റിയില്‍ പ്രൊഫസ്സര്‍ ആയിരുന്ന രഘുറാം രാജന്‍ റിസര്‍വ് ബാങ്കിന്‍റെ ഗവര്‍ണര്‍ ആയി വരുന്നത്.

“ലോകത്തിന്‍റെ സാമ്പത്തിക ഭാവി പ്രവചിച്ച മനുഷ്യന്‍ ഇന്ത്യയുടെ വര്‍ത്തമാനകാലം നന്നാക്കാന്‍ വരുന്നു”-എന്നായിരുന്നു പത്രങ്ങള്‍ തലക്കെട്ടെഴുതിയത്.

വലിയ മാറ്റങ്ങളാണ് രഘുറാം രാജന്‍ വന്നത് കൊണ്ട് ഇന്ത്യന്‍ സാമ്പത്തിക രംഗത്ത് ഉണ്ടായത്. രഘുറാം രാജന്‍റെ പല തീരുമാനങ്ങളും പലപ്പോഴും സാമ്പത്തിക വിദഗ്ദരും ബിസിനസ് ജേര്‍ണലിസ്റ്റുകളും അതിശയത്തോടെയാണ് കേട്ടിരുന്നത്. അത്ര അപ്രതീക്ഷിതമായിരുന്നു അത്. പക്ഷേ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ രഘുറാം രാജനും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ഇരിപ്പുവശം അത്ര പന്തിയല്ലാതായി. സര്‍ക്കാരിന്‍റെ പല തീരുമാനങ്ങളേയും രഘുറാം രാജന്‍ പരസ്യമായി എതിര്‍ത്ത് രംഗത്ത് വന്നു.

“ഭാവിയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള നാണയപ്പെരുപ്പം ഇപ്പോഴേ കാണാന്‍ ശ്രമിക്കുന്നത് ഒരു കലയാണ്, പക്ഷേ അത് സയന്‍സ് അല്ല” എന്ന വാക്കുകള്‍ ഒരുദാഹരണം മാത്രം.

മോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയെപ്പറ്റി രഘുറാം രാജന്‍ പറഞ്ഞത് “അത് സ്റ്റോപ്പ്‌ വിട്ടുപോയ ബസ്സാണ്.പിന്നെന്തിനാണ് നമ്മളിനിയും അതിന്‍റെ പുറകെ ഓടുന്നത്” എന്നാണ്.

“ നമ്മള്‍ ചൈനയെ കണ്ടിട്ട് കാര്യങ്ങള്‍ അതേപടി കോപ്പിയടിക്കാന്‍ ശ്രമിക്കുകയാണ്. ഞാന്‍ ഇപ്പോഴേ താക്കീത് ചെയ്യുകയാണ്. ചൈന നിര്‍മാണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതു കണ്ടിട്ട് നമ്മളും അത് ചെയ്യരുത്. അവിടെ അത് നന്നായി നടന്നു എന്നുവച്ച് ഇവിടെ അങ്ങനെ ആകണമെന്നില്ല. ഇന്ത്യയിലെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. നമുക്ക് ഇവിടെ എന്താണ് പ്രാവര്‍ത്തികമാക്കാന്‍ പറ്റുക എന്ന് അതുവേണം നടപ്പിലാക്കാന്‍” രഘുറാം രാജന്‍ ഒരിക്കല്‍ പറഞ്ഞു.

മോദി സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കിയ രഘുറാം രാജന്‍റെ ചില അഭിപ്രായങ്ങള്‍:

1. നിരക്കുകള്‍ കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട്:

“ഞാന്‍ രഘുറാം രാജനാണ്. ഞാനെന്ത് ചെയ്യുന്നോ അത് ഞാന്‍ ചെയ്യുകതന്നെ ചെയ്യും” എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് 50 ബേസിസ് പോയന്‍റുകള്‍ റിസര്‍വ് ബാങ്ക് കുറച്ചപ്പോള്‍ ഒരു ജേര്‍ണലിസ്റ്റ് ചോദിച്ച ചോദ്യത്തിന് മറുപടിയായി രഘുറാം രാജന്‍ പറഞ്ഞ മറുപടിയാണിത്.

2. മേക്ക് ഫോര്‍ ഇന്ത്യ:

2014ല്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുമായി സര്‍ക്കാര്‍ വന്നപ്പോള്‍ രഘുറാം രാജന്‍ അതിനെ എതിര്‍ത്തു. അത് നമുക്ക് നഷ്ടപ്പെട്ട ബസ്സാണ് എന്നായിരുന്നു രഘുറാം രാജന്‍റെ കമന്റ്. നമ്മള്‍ അങ്ങനെയൊരു കാര്യം ചെയ്യേണ്ട സമയം ഇപ്പോള്‍ അതിക്രമിച്ചിരിക്കുന്നു. ആഭ്യന്തര വിപണി ഇപ്പോള്‍ വളരെ വളര്‍ന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ മേക്ക് ഇന്‍ ഇന്ത്യ അല്ല പകരം മേക്ക് ഫോര്‍ ഇന്ത്യ ആയിരിക്കണം നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം മോഡിയെ തിരുത്തി.

രാജ്യം ആവശ്യപ്പെടുമ്പോള്‍ ഞാന്‍ തിരിച്ചു വരും; രഘുറാം രാജന്റെആ കത്തിന്റെ പൂര്ണpരൂപം

3. ജിഡിപിയും വളര്‍ച്ചാ നിരക്കും:

ഇന്ത്യന്‍ സാമ്പത്തികമേഖലയെന്നാല്‍ കണ്ണില്ലാത്തവരുടെ നാട്ടിലെ ഒറ്റക്കണ്ണനാണെന്ന രഘുറാം രാജന്‍റെ പ്രസ്താവന മോദിയെ മാത്രമല്ല ധനമന്ത്രി അരുണ്‍ ജെറ്റ്ലിയെയും സഹമന്ത്രി ജയന്ത് സിംഹയെയും കൊമേഴ്സ്‌ വകുപ്പ് മന്ത്രി നിര്‍മല സീതാരാമനെയും ഒരേപോലെ ചൊടിപ്പിച്ചു.

“ഇന്ത്യ ലോകത്തില്‍ ഏറ്റവും വേഗത്തില്‍ സാമ്പത്തികപുരോഗതി കൈവരിക്കുന്ന രാഷ്ട്രമാണ്. പക്ഷേ ഒരു പൊതുമേഖലാ ബാങ്കര്‍ എന്ന നിലയില്‍ ഈ വളര്‍ച്ചാനിരക്കില്‍ ഞാന്‍ ഒട്ടും സന്തോഷവാനല്ല”- അദ്ദേഹം ഒരിക്കല്‍ പറഞ്ഞു.

4. ആര്‍ബി ഐ എന്നാല്‍ ഉത്സാഹക്കമ്മറ്റിയല്ല:

താന്‍ പറയുന്ന ഓരോ കാര്യങ്ങളും അതുണ്ടാക്കുന്ന ചര്‍ച്ചകളെപ്പറ്റിയും എന്നും ശ്രദ്ധാലുവായിരുന്നു രഘുറാം രാജന്‍.

“ഉത്സാഹക്കമ്മറ്റിയുടെ ജോലിയല്ല റിസര്‍വ് ബാങ്കിന് ചെയ്യാനുള്ളത്”- രഘുറാം രാജന്‍ ഒരിക്കല്‍ പറഞ്ഞു.

“നമ്മുടെ ജോലി രൂപയുടെ മൂല്യത്തെക്കുറിച്ച് ആളുകള്‍ക്ക് ഒരുറപ്പ് നല്‍കുക എന്നതാണ്. പെട്ടെന്നുള്ള നാണയപ്പെരുപ്പത്തെപ്പറ്റി ആകുലപ്പെടാതെ അതിന്‍റെ പശ്ചാത്തലം ആലോചിച്ചു മനസ്സിലാക്കി നല്ലൊരു ഫ്രേം വര്‍ക്ക് ചെയ്യുകയാണ് നമ്മളിപ്പോള്‍ ചെയ്യേണ്ടത്”.

“കേന്ദ്ര ബാങ്കിന്‍റെ ജോലി സര്‍ക്കാരിന് വോട്ട് നേടിക്കൊടുക്കേണ്ടതോ ഫേസ്ബുക്കില്‍ ലൈക്ക് വാങ്ങിക്കൊടുക്കയോ അല്ല. വിമര്‍ശനങ്ങള്‍ ഉണ്ടാകുമെങ്കിലും നമ്മള്‍ ചെയ്യുന്നത് നല്ല കാര്യങ്ങള്‍ തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. വിമര്‍ശനങ്ങളില്‍ നിന്നുപോലും പഠിക്കുക എന്നതാണ് നമ്മള്‍ ലക്ഷ്യമാക്കേണ്ടത്”.

5. അസഹിഷ്ണുതയും സാമ്പത്തികരംഗവും:

അസഹിഷ്ണുതയെപ്പറ്റി രാജ്യത്താകമാനം ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സഹിഷ്ണുത ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി രഘുറാം രാജന്‍ അഭിപ്രായങ്ങള്‍ പറഞ്ഞു. മോദി സര്‍ക്കാര്‍ അസഹിഷ്ണുത ഇല്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുന്ന സാഹചര്യത്തിലാണ് രഘുറാം രാജന്‍ ഈ അഭിപ്രായം പറഞ്ഞത്.

6. ജിഡിപി കണക്കാക്കുന്നതിനെക്കുറിച്ചുള്ള സംശയം:

ജിഡിപി കണക്കാക്കാനുള്ള സര്‍ക്കാരിന്‍റെ പുതിയ സമവാക്യങ്ങളില്‍ സംശയം പ്രകടിപ്പിച്ച വ്യക്തിയാണ് രഘുറാം രാജന്‍. ഉപഭോക്താക്കളുടെ ആവശ്യകത വിപണിയില്‍ കുറഞ്ഞുവന്നതും കോര്‍പ്പറേറ്റുകളുടെ വരുമാനം കുറഞ്ഞതും ഒരു വശത്ത് നില്‍ക്കുമ്പോള്‍ വളര്‍ച്ചാനിരക്കില്‍ 7.9% രേഖപ്പെടുത്തിയത് സംശയം ഉണ്ടാക്കുന്നു എന്ന് അദ്ദേഹം ഒരിക്കല്‍ പറഞ്ഞു.

7. ചങ്ങാത്ത മുതലാളിത്തം:

2014 ല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തി അധിക നാളുകള്‍ കഴിയും മുന്‍പ് തന്നെ രഘുറാം രാജന്‍ പറഞ്ഞു-“വികസ്വര രാഷ്ട്രങ്ങളുടെ ഏറ്റവും വലിയ പ്രതിസന്ധി എന്നത് മധ്യവര്‍ഗം ഉണ്ടാക്കിയെടുക്കുന്ന കുരുക്കുകളാണ്. ചങ്ങാത്ത മുതലാളിത്തം കാര്യങ്ങള്‍ കുറച്ചുപേരുടെ കൈകളില്‍ മാത്രം ഒതുക്കുന്നു. ഇത് രാജ്യത്തിന്‍റെ പുരോഗതിയെ സാരമായി ബാധിക്കുന്ന കാര്യമാണ്.” 

അതേ, മിസ്റ്റര്‍ രഘുറാം രാജന്‍; മാറുന്ന ഈ ഇന്ത്യയില്‍ ജോലി ചെയ്യാന്‍ നിങ്ങള്‍ യോഗ്യനല്ല

8. ജന്‍ ധന്‍ യോജനയുമായുള്ള അഭിപ്രായ വ്യത്യാസം:

ജന്‍ ധന്‍ യോജന പദ്ധതി പ്രകാരം വളരെ വേഗത്തില്‍ രാജ്യത്തെ പാവപ്പെട്ടവര്‍ക്ക് പോലും ബാങ്ക് അക്കൌണ്ട് തുറപ്പിക്കാനുള്ള പദ്ധതിയായ ജന്‍ ധന്‍ യോജനയെ രഘുറാം രാജന്‍ ആദ്യമേ എതിര്‍ത്തിരുന്നു.

“പദ്ധതിയുടെ പ്രാധാന്യം എന്നത് എല്ലാവര്‍ക്കും ബാങ്ക് അക്കൌണ്ട് ലഭിക്കണം എന്നുള്ളതാണല്ലോ. അതുപക്ഷേ വേഗത്തിന്‍റെ കാര്യത്തിലോ എണ്ണത്തിന്റെ കാര്യത്തിലോ ഒതുക്കേണ്ട കാര്യമല്ല”.

9. മോദിയെ ഹിറ്റ്ലറുമായി താരതമ്യപ്പെടുത്തിയത്:

ശക്തമായ സര്‍ക്കാരുകളെല്ലാം രാജ്യത്ത് അഭിവൃദ്ധി കൊണ്ടുവന്നവരല്ല എന്ന് വ്യക്തമാക്കാന്‍ രഘുറാം രാജന്‍ ഹിറ്റ്ലറെ തന്നെ കൂട്ടുപിടിച്ചു. കൊല്‍ക്കത്തയില്‍ വച്ച അദ്ദേഹം പ്രസംഗിച്ചു: “ഹിറ്റ്ലറിന്റേത് വളരെ ശക്തമായ സര്‍ക്കാര്‍ ആയിരുന്നു. പക്ഷേ ഹിറ്റ്ലര്‍ ജര്‍മ്മനിയെ നയിച്ചത് പരാജയത്തിലേക്കും നാശത്തിലേക്കുമാണ്”. അദ്ദേഹം പറഞ്ഞുവച്ചു.

10. എന്നെ കുറ്റപ്പെടുത്തരുത്;

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ബി ബി സിയ്ക്ക് നല്കിയ അഭിമുഖത്തില്‍ രാജന്‍ ഇങ്ങനെ പറഞ്ഞു, “കേന്ദ്ര ബാങ്കുകളുടെ ചുമലില്‍ കുമിഞ്ഞു കൂടുന്ന നടപടികളുടെ ഭാരം എന്നെ വേവലാതിപ്പെടുത്തുന്നുണ്ട്. എന്റെ ഉറച്ച അഭിപ്രായം എല്ലാ ജോലികളും ഒറ്റയ്ക്ക് നിര്‍വ്വഹിക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്ന് കേന്ദ്ര ബാങ്കുകള്‍ പറയേണ്ടിയിരിക്കുന്നു.” 

രഘുറാം രാജന്‍റെ ഇത്തരം നിലപാടുകള്‍ മോദിയെയും അരുണ്‍ ജയ്റ്റ്ലിയെയും ചൊടിപ്പിച്ചിരുന്നു. ഇതു തന്നെയാണ് കാലാവധി നീട്ടി ക്കൊടുക്കാത്ത അപൂര്‍വ്വം  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍മാരില്‍  ഒരാളായി രഘുരാജനെ മാറ്റിയതും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍