UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആരാണ് ഇറോം ഷര്‍മിള? അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

പട്ടാള അതിക്രമങ്ങള്‍ക്കെതിരെ 16 വര്‍ഷമായി നടത്തിവന്ന നിരാഹാരസമരം ചൊവ്വാഴ്ച  ഇറോം ശര്‍മിള പിന്‍വലിച്ചു. സമരം അവസാനിപ്പിക്കാനും രാഷ്ട്രീയത്തിലിറങ്ങാനുമുള്ള തീരുമാനം പുറത്തുവന്നതോടെ അവര്‍ക്കെതിരെ വധഭീഷണികളും ഉയര്‍ന്നിട്ടുണ്ട്. ഉപവാസം തുടരണമെന്ന് നിരവധി അനുയായികളും ചില കുടുംബാംഗങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. 

ഇന്ത്യന്‍ സര്‍ക്കാരിനെതിരെ മണിപ്പൂരിലെ ചെറിയൊരു ഗ്രാമത്തില്‍നിന്ന് സമരം നയിച്ച ഇറോം ശര്‍മിള പിന്നിട്ട വഴികള്‍ ഇവയാണ്:

1. മണിപ്പൂരിലെ ഉരുക്കുവനിത എന്നു വിളിക്കപ്പെടാറുള്ള ഇറോം ചാനു ശര്‍മിള ഒന്‍പതു മക്കളില്‍ ഇളയവളാണ്. ഡോക്ടറാകാന്‍ ആഗ്രഹിച്ചെങ്കിലും പട്ടാളക്കാര്‍ക്ക് കൊല്ലാനുള്ള അധികാരം നല്‍കുന്ന ആംഡ് ഫോഴ്‌സസ് സ്‌പെഷ്യല്‍ പവേഴ്‌സ് ആക്ടി (എഎഫ്എസ്പിഎ) നെതിരെ പോരാടാന്‍ ഇറങ്ങുകയായിരുന്നു.

2. 1972ല്‍ ജനിച്ച ശര്‍മിള 2004 നവംബര്‍ നാലിന് തന്റെ 28ാം വയസിലാണ് നിരാഹാരം തുടങ്ങുന്നത്. മണിപ്പൂരിന്റെ തലസ്ഥാനമായ ഇംഫാലില്‍ മാലം എന്ന സ്ഥലത്ത് ട്യൂഷനു പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 10 പേരെ അസം റൈഫിള്‍സ് വെടിവച്ചുകൊന്നതിന്റെ രണ്ടാംദിവസമായിരുന്നു അത്.

3. ശര്‍മിള അന്നു മുതല്‍ മണിപ്പൂരിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും എഎഫ്എസ്പിഎയ്‌ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ മുഖമാണ്. അഴിച്ചിട്ട ചുരുണ്ട മുടിയും മൂക്കിനോട് ചേര്‍ന്ന ഭക്ഷണ ട്യൂബും അവരുടെ തിരിച്ചറിയല്‍ അടയാളങ്ങളായി.

4. ഇംഫാലിലെ സജിവ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ട ശര്‍മിള കഴിഞ്ഞിരുന്നത് ജവഹര്‍ലാല്‍ നെഹ്‌റു ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ്. അവര്‍ക്ക് മൂക്കിലെ ട്യൂബിലൂടെ പോഷകങ്ങള്‍ അടങ്ങിയ കുത്തിവയ്പുകള്‍ നല്‍കാന്‍ അഞ്ചു ഡോക്ടര്‍മാരും 12 നഴ്‌സുമാരും മൂന്ന് വനിതാപൊലീസുകാരും ഉള്‍പ്പെടെ 40 പേരടങ്ങുന്ന സംഘമാണ് പ്രവര്‍ത്തിച്ചത്.

5. രണ്ടായിരത്തില്‍ ആദ്യം അറസ്റ്റിലായതു മുതല്‍ ശര്‍മിള നിരവധി തവണ വിട്ടയയ്ക്കപ്പെടുകയും വീണ്ടും അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. ആത്മഹത്യാശ്രമം എന്ന കുറ്റമാണ് ശര്‍മിളയ്ക്കുമേലുള്ളത്. ഇത് കുറ്റകരമല്ലാതാക്കുന്ന ബില്‍ രാജ്യസഭ തിങ്കളാഴ്ച പാസാക്കി. ബില്‍ ഇനി ലോക്‌സഭ പരിഗണിക്കും.

6. മാതൃഭാഷയായ മെയ്‌റ്റെലോണില്‍ കവിയും എഴുത്തുകാരിയുമാണ് ശര്‍മിള. ഫ്രാഗ്രന്‍സ് ഓഫ് പീസ് എന്ന 12 കവിതകളുടെ സമാഹാരം പ്രസിദ്ധീകരിച്ചത് ഉപവാസസമരം തുടങ്ങുന്നതിനു മുന്‍പാണ്.

7. 2006ല്‍ ന്യൂഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നിരാഹാരസമരവുമായെത്തിയ ശര്‍മിള അറസ്റ്റിലായെങ്കിലും സമരത്തിന് രാജ്യാന്തര ശ്രദ്ധ ലഭിച്ചു. യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ എഎഫ്എസ്പിഎ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാരിനു കത്തെഴുതി.

8. നിരവധി പുരസ്‌കാരങ്ങളും ശര്‍മിളയ്ക്കു ലഭിച്ചിട്ടുണ്ട്. 2007ല്‍ മനുഷ്യാവകാശങ്ങള്‍ക്കുള്ള ഗ്വാന്‍ഗ്ജു പുരസ്‌കാരം, 2010ല്‍ ഏഷ്യന്‍ ഹ്യൂമന്‍ റൈറ്റ്‌സ് കമ്മിഷന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്, രബീന്ദ്രനാഥ് ടഗോര്‍ പീസ് പ്രൈസ് എന്നിവ ലഭിച്ചു. 2013ല്‍ ആംനസ്റ്റി ഇന്റര്‍നാഷനല്‍ അവരെ ‘മനഃസാക്ഷിയുടെ തടവുകാരി’ എന്നു വിശേഷിപ്പിച്ചു.

9. 2011 മാര്‍ച്ചില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ ഡെസ്മണ്ട് കുടിഞ്ഞോയെ കണ്ടുമുട്ടുന്നതു മുതലാണ് ശര്‍മിളയുടെ വ്യക്തിജീവിതം പൊതുജീവിതത്തെ ബാധിച്ചു തുടങ്ങിയത്. 2009 മുതല്‍ ഇരുവരും കത്തുകള്‍ കൈമാറിയിരുന്നു. കൂടിക്കാഴ്ചയ്ക്കുശേഷം കുടിഞ്ഞോ തന്നെ സ്‌നേഹിക്കുന്നതായി ഷര്‍മിള പറഞ്ഞു. ശര്‍മിളയെ സമരത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ അയച്ചതാണ് കുടിഞ്ഞോയെ എന്നു വിശ്വസിക്കുന്ന പലര്‍ക്കും ഇവരുടെ ബന്ധം ഇഷ്ടമായില്ല.

10. സമരം അവസാനിപ്പിക്കാനും രാഷ്ട്രീയത്തിലിറങ്ങാനും വിവാഹിതയാകാനുമുള്ള തീരുമാനം പ്രഖ്യാപിച്ച് ജൂലൈ 26ന് ശര്‍മിള അനുയായികളെ അമ്പരപ്പിച്ചു. ഇന്നലെ അവര്‍ സ്വതന്ത്രയായി. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍